Tuesday, October 18, 2011

ഓടയില്‍ നിന്ന്


ഇത് പി. കേശവദേവിന്‍റെ 'ഓടയില്‍ നിന്ന്' അല്ല. ഇതൊരു സാധാരണക്കാരന്‍റെ സാധാരണ ഓടയില്‍ നിന്ന്.

ഞാന്‍ നിങ്ങളെ ലൊക്കേഷനിലേക്ക് ക്ഷണിക്കുന്നു. 

ഹോസ്റ്റല്‍ നിവാസികളെല്ലാം പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി, അവരുടെ തിരിച്ചുവരവിനു വേണ്ടി, അവര്‍ വീണ്ടും തങ്ങളിലൊരാളാകാന്‍ വേണ്ടി. 

ഉദ്വേകജനകമായ മുഹൂര്‍ത്തങ്ങള്‍. പ്രാര്‍ത്ഥനാ നിര്‍ഭരരായ ഹോസ്റ്റല്‍ അന്തേവാസികള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷം.

തങ്ങളുടെ എല്ലാമെല്ലാമായവരെ കാത്തിരിക്കാനുണ്ടായ സാഹചര്യത്തിലേക്കൊരു നിമിഷമെല്ലാവരും യാത്രയായി. ഞങ്ങള്‍ക്കൊരാവശ്യം വന്നപ്പോള്‍ മുന്നിട്ടിറങ്ങിയവര്‍.

ശബരിചേട്ടന്‍ (ഞങ്ങളുടെ പ്രിയപ്പെട്ട സീനിയര്‍), അച്ഛന്‍ & സിദ്ദിക്ക്.

കാര്യം അത്യാവശ്യവും, പ്രശ്നം അതീവ ഗുരുതരവുമായതിനാല്‍ മൂന്നുപേരു പോയാല്‍ മൂ-- പിരിഞ്ഞുപോകും എന്ന യാഥാര്‍ത്യത്തെ മറികടക്കാന്‍  ഞങ്ങളൊരു സര്‍വമത കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിച്ചു.  

അങ്ങിനെ ഗുരുവയുരപ്പന്‍റെ അചഞ്ചല ഭക്തനെയും, പള്ളീലച്ചനെയും (എക്സ് അച്ഛന്‍), മലപ്പുറത്തിന്‍റെ മുത്തിനെയും ആ സംരംഭം ഏല്‍പ്പിച്ചു. ഇവരില്‍ അച്ഛനെയും, സിദ്ദിക്കിനെയും നിങ്ങളറിയും. ബാക്കി ശബരിചേട്ടന്‍.

ആദ്യ കാലങ്ങളില്‍ ഞങ്ങളെ ഏറ്റവുമധികം പീഡിപ്പിച്ചും, പേടിപ്പിച്ചും ഞങ്ങളുടെ ശത്രുപക്ഷത്തു സ്ഥാനം പിടിച്ചതും, പിന്നെ ഞങ്ങള്‍ക്കറിയാത്ത പലതും പഠിപ്പിച്ച് ഞങ്ങളുടെ മിത്രപക്ഷത്തു ചേര്‍ന്നതുമായ മഹാനുഭാവന്‍. പാലക്കാടിന്‍റെ മുത്ത്‌. നല്ല കലാകാരന്‍, കലാസ്വാദകന്‍. റാഗിങ്ങ് സമയത്തു സപ്തസ്വരങ്ങളും പലകുറി പാടിച്ചു. കൊടുങ്ങലൂരമ്മ കീര്‍ത്തനങ്ങള്‍ പലകുറി ഉരുവിടുവിച്ചു. എന്നിട്ടും ഞങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കൊണ്ട് (നന്നായി !!!) ആ ശ്രമം ഉപേക്ഷിച്ചു. എപ്പോള്‍ മൂഡ്‌ വന്നാലും(ഛെ!!! അതല്ല... സംഗീതത്തിന്‍റെ മൂഡ്‌) ഒന്നുകില്‍ തബല, അല്ലെങ്കില്‍ പാട്ട്. അതാണ് പുള്ളിയുടെ ഒരു ലൈന്‍. തബലയില്‍ തട്ടിപ്പൊളിക്കുന്നത് ഞങ്ങള്‍ നന്നായി ആസ്വദിച്ചു. പാട്ട് ഇതുവരെ കേള്‍ക്കാന്‍ പറ്റിയിട്ടില്ല. കാരണമതു ശ്രവണെന്ദ്രിയങ്ങള്‍ക്ക് അതീതമായിരുന്നു. വായ അനക്കുന്നതു മാത്രമേ കണ്ടിട്ടുള്ളൂ. ഒന്നാമതു പതിഞ്ഞയാ ശബ്ദം പുറത്തെത്തുമ്പോള്‍ത്തന്നെ അന്തരീക്ഷത്തിന്‍റെ അന്തരാളങ്ങളിലേക്ക് അലിഞ്ഞില്ലാതാകും. 20000 Hz ല്‍ കൂടുതല്‍ ആണെന്നുതോന്നുന്നു പുള്ളിയുടെ ശബ്ദത്തിന്‍റെ ഫ്രീക്വന്‍സി. മുഖം ചുവക്കുന്നതും, ഞരമ്പുകള്‍ വലിഞ്ഞു മുറുകുന്നതും കാണാം. പിന്നെ താളവും പിടിക്കും. അപ്പോള്‍ മനസിലാക്കണം... അയാള്‍ പാട്ടുപാടുകയാണ്...

അത് എന്തരേലും ആകട്ടു... ഞാന്‍ മാറ്റെറില്‍നിന്നും വിട്ടു പോകുന്നു.

അങ്ങിനെ ഞങ്ങള്‍ക്ക് വേണ്ടിയാ ദൌത്യമേറ്റെടുത്ത വീരകേസരികള്‍ പോയിട്ടു നേരമേറെയായി. വരേണ്ട സമയം കഴിഞ്ഞിട്ടും കാണുന്നില്ല. ഞങ്ങളുടെ ആധി കൂട്ടാനായി ഏതോ റൂമില്‍ നിന്നും കലാഭവന്‍മണിയുടെ പാട്ട്. "വരാന്നു പറഞ്ഞിട്ട് ചേട്ടന്‍ വരാതിരിക്കല്ലേ..." അതോടെ ഞങ്ങളുടെ വിഭ്രാന്തിയും, വിജുംഭ്രിതത്വവും (ടെന്‍ഷന്‍ കുറക്കാന്‍ കുറച്ചു കട്ടിവാക്കുകള്‍ കിടക്കട്ടെ) കൂടി. 

അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനകള്‍ മുഴങ്ങി.

"ഈശ്വരാ... ഉദ്ദിഷ്ടകാര്യം നടത്തുമാറാകണേ..."
"ബദരീങ്ങളെ... കാത്തോളണേ..."
"കര്‍ത്താവേ... എല്ലാം നിന്‍കരങ്ങളില്‍"

ചിലര്‍ ഇങ്ങനെയും പറയുന്നത് കേട്ടു. "ചാത്തന്‍മാര്‍ അവരെ കൊണ്ടുവരും".

പ്രാര്‍ത്ഥനയുടെ ഉച്ചസ്ഥായിയില്‍ അവര്‍ ദര്‍ശനം തന്നു. ഈശ്വരന്‍മാരല്ല. നമ്മുടെ വീരകേസരികള്‍. പക്ഷെ ദൂരെ നിന്നുള്ള അവരുടെ അംഗഭാഷ്യം (ബോഡി ലാങ്ങുവേജ്) എല്ലാവരെയും ഉത്കണ്ടാകുലരാക്കി. ഒരു പരാജയമണം അവിടെങ്ങും പരന്നു.

പലരും മനസ്സില്‍ പ്രാകി. 'തൊലിച്ചു പിടിച്ചു പോയേക്കുന്നു!!! കോപ്പന്‍മാര്‍!!!'

മറ്റുള്ളവര്‍ വിഷമിച്ചു കാണുന്നതധികം ഇഷ്ടമില്ലാത്ത സിദ്ദിക്ക് വിജയചിഹ്നം കാട്ടി. ഓപറേഷന്‍ സക്സസ്. ഇന്ത്യ ക്രിക്കറ്റ്‌ ലോകകപ്പ് ജയിച്ചപോലെ ഹോസ്റ്റല്‍ ഇളകിമറിഞ്ഞു. വീരന്‍മാര്‍ അതു സാധിച്ചിരിക്കുന്നു. 

ഡ്രൈ ഡേ (മദ്യം കിട്ടാത്ത ദിവസം)!!! ഒരു ദേശത്തിന്‍റെ വികാരം ഉള്‍ക്കൊണ്ടു അവരൊരു XXX  ഫുള്‍ബോട്ടില്‍ റം ഒപ്പിച്ചിരിക്കുന്നു. വീരന്‍മാര്‍!!!

അവരെ പ്രാകിയ മനസിനെ പ്രാകി. ഹോസ്റ്റല്‍പ്പടിയില്‍ നിന്നും ഭയഭക്തി ബഹുമാനങ്ങളോടെ അവനെ (XXX നെ) പൂജാമുറിയിലേക്ക് ആനയിച്ചു. അപ്പോളാണു മറ്റൊരു സത്യം ശ്രദ്ധിക്കപ്പെട്ടത്.

വീരന്‍മാരാകാന്‍ പോയ XXX ല്‍ തിരിച്ചുവന്നത് XX മാത്രം. ഒരു X മിസ്സിംഗ്‌ !!!

അച്ചനെവിടെ??? 

പണ്ടു പറഞ്ഞത് പോലെയായോ???

3 പേരു ഒരു സ്ഥലംവരെ പോയിട്ടു തിരിച്ചു വന്നപ്പോള്‍ വഴി മറന്നുപോയി. ഒടുവില്‍ 2 പേരു മൂന്നാമനെ അടിച്ചു ഒരു വഴിക്കാക്കി. എന്നിട്ട് ആ വഴിക്കു പോയി (നിങ്ങള്‍ പറയാന്‍ വന്നത് ഞാനിവിടെ പറയുന്നു... #@&#*@!&^$). ദൈവമേ!!! അച്ഛനെ ലവന്‍മാര് അടിച്ചോരു വഴിക്കാക്കിയോ???

കാര്യമന്വേഷിച്ചപ്പോള്‍ അച്ഛന്‍ അടിച്ചോരു വഴിക്കായി പോലും. ഡ്രൈ ഡേ ആണെന്നു പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മദ്യവിതരണശാലയില്‍ എത്തിയപ്പോള്‍ അച്ഛന്‍ നയത്തില്‍ പറഞ്ഞുപോലും "ആകെയിതു കൊണ്ട്പോയാല്‍ മണപ്പിക്കാന്‍ പോലും തികയൂല. നമുക്ക് രണ്ടെണ്ണം ഇട്ടേച്ചും പോകാം". 

പഷ്ട് പാര്‍ട്ടികളോടാ പറഞ്ഞേ... പണ്ടു അപ്രതീക്ഷിതമായി ഞാനും, എന്‍റെ റൂംമേറ്റും ഒരേദിവസം വെള്ളമുണ്ട് ഉടുക്കാനായി കയ്യിലെടുത്തപ്പോള്‍ അറിയാതെ പറഞ്ഞുപോയി... "എന്‍റെ കയ്യിലും അവന്‍റെ കയ്യിലും വെള്ളമുണ്ട്"... അപ്പോള്‍ ഈക്കൂട്ടത്തില്‍ ഒരു വിദ്വാന്‍റെ മറുപടി "ആഹാ... വെള്ളം നോക്കിയിരിക്കുവാരുന്നു... എന്‍റെ കയ്യിലൊരു പൈന്‍റ്മുണ്ട്... വാ തുടങ്ങാം..."  ഇതാ ഇനം...

ക്ഷണനേരം കൊണ്ട് വീരന്‍മാര്‍ സ്വല്‍പം മിനുങ്ങി. മിനിമം കപ്പാസിറ്റി പോലുമില്ലാത്ത അച്ഛന്‍ മിക്കവാറും അയ്യപ്പവിളക്ക് നടത്തിക്കാണണം. അതുകൊണ്ട് തന്നെ ഹോസ്റ്റലിലെത്തിയ മിനുങ്ങന്‍മാര്‍ കൂടെയുള്ള മിന്നാമിനുങ്ങ് മിസ്സായതു ശ്രദ്ധിച്ചതപ്പോള്‍ മാത്രം. 

ഉടന്‍ത്തന്നെ മുഴുവന്‍ ഹോസ്റ്റല്‍ 'ഓപറേഷന്‍ അച്ഛന്‍ മിസ്സിംഗില്‍' ഏര്‍പ്പെട്ടു. വന്നവഴിയൊക്കെ തപ്പി. കണ്ട പൊത്തില്‍വരെ നോക്കി വിളിച്ചു. 

"അച്ചോ... ആച്..." 

പാമ്പല്ലേ... വല്ല പൊത്തിലും ഇഴഞ്ഞു പോയെങ്കിലോ?

കുറച്ചുകൂടി പോയപ്പോള്‍ അവിടുത്തെ മെയിന്‍ ഓട കം കാനയില്‍ പരിസരവാസികള്‍ നോക്കി നില്‍ക്കുന്നു. എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഒരേസ്ഥലത്തേക്ക് നോക്കുന്നു. പരസ്പരം അടക്കം പറയുന്നു.

ഞങ്ങള്‍ അതിവേഗം ബഹുദൂരത്തുള്ള ഓടയ്ക്കടുത്തെക്ക്.

ഇനി ഓടയെയും, നാട്ടുകാരുടെ ബഹുമാനത്തെയും പറ്റി കുറച്ചുവാക്ക്.

തമിഴ്നാട്ടില്‍ കേരളത്തിലെപ്പോലെയല്ല രീതികള്‍. പൊതുമുതല്‍ തങ്ങളുടെ സ്വത്താണെന്നുള്ള പൂര്‍ണ്ണബോധ്യം അവര്‍ക്കുണ്ട്. പൊതുമുതല്‍ നശിപ്പിക്കുകയോ, വൃത്തികേടാക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ സ്ഥാപിച്ചുകൊടുത്ത പബ്ലിക്‌ മൂത്രപ്പുര കം അപ്പിപ്പുര അവര് ഉപയോഗിക്കാറെയില്ല. അതിനു ചുറ്റും മൂത്രിക്കും, അപ്പിക്കും. എന്നാലും അകത്തു സാധിച്ച് പൊതുമുതല്‍ വൃത്തികേടാക്കല്‍... ങേ ഹെ !!! 

നമ്മുടെ ഇപ്പോഴത്തെ ലൊക്കേഷനിലെ പബ്ലിക്‌ മൂത്രപ്പുര കം അപ്പിപ്പുരയുടെ തൊട്ടടുത്തായൊരു ഓട ആണ്. നല്ല നീളമുള്ള രണ്ടറ്റത്തും സിമന്‍റ്ഇട്ടു കെട്ടിപ്പൊക്കിയ കൈവരികളുള്ള ഓട. നമ്മുടെ നാട്ടിലെ വായനശാല പോലെ ഈ ഓടയുടെ കൈവരികള്‍ വൈകുന്നേരത്തെ നാട്ടുവര്‍ത്തമാനതിനുള്ള വേദികളാണ്. ആണും, പെണ്ണും, ചെറുതും, വലുതുമൊക്കെ ഇവിടെ സന്നിഹിതരാകും. കൊച്ചുവര്‍ത്തമാനമൊക്കെപ്പറഞ്ഞു ആത്മാവിനു പുകയോക്കെക്കൊടുത്തു അവരങ്ങിനെ സമയം കളയും. അതിന്‍റെയിടക്കു വല്ലപ്പോഴുമൊരു രസത്തിനു 'ട്ടോ!!!! പ്ര്‍ര്‍!!!' എന്നൊക്കെ ശബ്ദമുണ്ടാക്കിയും, പ്സ്സ്!!!  ശൂ!!! എന്നൊക്കെ ശീല്‍ക്കാരമുണ്ടാക്കിയും കളിക്കും. 

ഇങ്ങനെയൊക്കെയാണെങ്കിലും ഞങ്ങളെയവര്‍ക്ക് ഭയങ്കര ബഹുമാനമാ കേട്ടോ!!! ഇവരുടെ കൊച്ചുവര്‍ത്തമാനത്തിന്‍റെയിടയില്‍ ഞങ്ങളാരെങ്കിലും അതുവഴി പോയാല്‍ സ്വാതന്ത്ര്യസമര ദിനത്തില്‍ പട്ടാളക്കാര്‍ പ്രസിഡന്റിനെ അഭിസംബോധന ചെയ്യുന്നപോലെ അറ്റന്‍ഷനായി എണീറ്റുനില്‍ക്കും. ഞങ്ങള്‍ പോയിക്കഴിഞ്ഞേ വീണ്ടും 'ചര്‍ച്ച' തുടരൂ. 

ഓടയില്‍ ഇഷ്ടവിഭവം യഥേഷ്ടം കിട്ടുന്നതുകൊണ്ട് ധാരാളം പന്നികളും (ശരിക്കും പന്നികള്‍) ഇവര്‍ക്കു കമ്പനികൊടുക്കുമായിരുന്നു. 

ഇനി വീണ്ടും കഥയിലേക്ക്.

ഞങ്ങള്‍ ഓടി വരുന്നകണ്ടിട്ടോ എന്തോ, എല്ലാവരും അറ്റന്‍ഷനായി ബഹുമാനിച്ചുകൊണ്ട് നില്‍ക്കുന്നു. അടുത്തെത്തിയപ്പോള്‍ കണ്ട കാഴ്ച ഞങ്ങളെ പരിഭ്രാന്തരാക്കി.


പണ്ടത്തെ മഹാരാജാക്കന്‍മാരെ ഓര്‍മിപ്പിക്കുമാറു അച്ഛന്‍ ഓടയില്‍ സാമാന്യം അഴുക്ക് കൂടിയ ഒരു സ്ഥലം സിംഹാസനമാക്കി വിരാജിക്കുന്നു.

മഹാരാജാവ് അപ്പിഹിപ്പി!!!

രണ്ടു സൈഡിലും ആബാലവൃദ്ധം പ്രജകള്‍. എന്താവശ്യവും സാധിച്ചു കൊടുക്കാനെന്നോണം ചുറ്റിനും പരിവാരങ്ങളായി പന്നികള്‍. കൊട്ടാരം ഗായകരെ കാണാഞ്ഞത് കൊണ്ടു തന്‍റെ രാജകീയഭാവത്തിനു അകമ്പടിയെന്നോണം സ്വയമൊരു ഗാനവും... "ഇവിടേ കാറ്റിനു സുഗന്ധം"...

അച്ചോ സ്തുതി!!!

ഞങ്ങള്‍ വിളിച്ചു. "അച്ചോച്ചോച്ചോച്ചോച്ചോച്ചോ...."

പരിവാരങ്ങളായ പന്നികളെന്തോ അവശ്യമുണര്‍ത്തിച്ചതാണെന്ന് വെച്ചു മഹാരാജാവിന്‍റെ ആക്രോശം. "പോയിനെടാ പന്നികളെ..."

ഞങ്ങള്‍ അറിയാവുന്ന മകുടിയൂതലൊക്കെ നടത്തിയിട്ടും പാമ്പുമഹാരാജാവ്‌ പുറത്തേക്കു എഴുന്നള്ളുന്നില്ല. മഹാരാജാവിനെ എങ്ങിനെപുറത്തെടുക്കണം എന്നുള്ള അസയിന്‍മെന്‍റ് ഈ വിധത്തിലാക്കിയ മിനുങ്ങന്‍മാരെ ഏല്‍പ്പിച്ചു. എങ്ങിനെയൊക്കെയോ അവര് ആ അസയിന്‍മെന്‍റ് സബ്മിറ്റ് ചെയ്തു. പലകുറി കുളിപ്പിച്ചിട്ടും പോകാഞ്ഞ നാറ്റമടിച്ചു മദ്യം സേവിക്കാതെതന്നെ ഞങ്ങളെല്ലാവരും വാള്വെച്ചു. എന്നെന്നും ഓര്‍മിക്കുന്ന ഒരു ഡ്രൈ ഡേ!!!

അടുത്തദിവസം കോളേജിലേക്ക് അതേ ഓടയുടെ ചാരത്തുകൂടെ പോകുമ്പോള്‍ അച്ഛന്‍റെ ആത്മഗതം. 

"ഈ നാറ്റം സഹിച്ചു ജീവിക്കുന്നയിവന്‍മാരെ സമ്മതിക്കണം... വല്ലവനും അബദ്ധത്തിലൊന്നു കാലുതെറ്റിയെങ്ങാനും വീണാലോ???"...  "വൃത്തികെട്ടവന്‍മാര്‍...അല്ലേടാ ഊവേ..."

ഞങ്ങളെല്ലാം പരസ്പരം നോക്കി ഒരേ സമയം ഒരേ ശബ്ദത്തില്‍...

"ആ സ്മരണ വേണമച്ചോ സ്മരണ" ...

No comments:

Post a Comment