Monday, October 29, 2012

പൊട്ടിയ ജെട്ടി - എ ടെക്നിക്കല്‍ കൊലവെറി

സീന്‍ 1:

പുതിയതായി ജോയിന്‍ചെയ്ത കമ്പനിയിലെ ഡെയിലി സ്ക്രം (scrum) ...

ഞാനന്നു സ്ക്രമ്മാന്‍ കുറച്ചു ലേറ്റായി... ഓടിപ്പിടച്ചെത്തിയപ്പോള്‍  സ്ഥിരം സ്ക്രമ്മന്മാര്‍ വാശിക്കു സ്ക്രമ്മുന്നു.
ഞാനും 'സ്ക്രം, സ്ക്രമ്മോ, സ്ക്രമ്മായ നമഹ' എന്നും ചൊല്ലി  സ്ക്രം മുറിയിലേക്ക് കയറി. എന്നെ വരവേറ്റത് എന്റെ കൂടെ ജോയിന്‍ ചെയ്ത അബുവിനോട്‌ ദിനേശന്‍ ചോദിച്ചയാ ചോദ്യം!!!
 
ദിനേശന്‍: "അബൂ... തനിക്കു ജെട്ടി ഉപയോഗിച്ച് ശീലമുണ്ടോ??? "

എന്റെ കര്‍ത്താവേ!!! ഞാന്‍ ഞെട്ടി!!!...  ഞാന്‍ കയറിയ ഓഫീസും, മുറിയും ശരിയാണെന്നു ഉറപ്പു വരുത്തിയശേഷം കണ്ണ് തിരുമ്മി, ചെവി കൂര്‍പ്പിച്ചു എല്ലാവരെയും ശ്രദ്ധിച്ചു.

എല്ലാവരും നിഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നോ? അതോ സ്തബ്ദരാണോ? എന്നാല്‍ ഞാനും, ബാക്കിയെല്ലാവരും  ഞെട്ടിയത് അബുവിന്റെ അഭിമാനപൂര്‍വമുള്ള മറുപടി കേട്ടിട്ടാണ്... 

അബു: "ഇല്ല...ഇതുവരെ ഉപയോഗിച്ചിട്ടില്ല..."

ഇത്തരം കാര്യങ്ങളില്‍പ്പോലും അഭിമാനം കൊള്ളുന്നയൊരുവന്റെ ടീമംഗമായതില്‍  ഞാനുമൊന്നു ചുമ്മാ അഭിമാനിച്ചു...
മേല്ലെയെന്റെ ശ്രദ്ധ അബുവിലെക്കായി... വിദേശങ്ങളിലൊക്കെ  ജോലിചെയ്ത, വേഷവിധാനങ്ങളിലൊക്കെ ഉന്നതനിലവാരം പുലര്‍ത്തുന്ന അബു. ഒരു ബ്രാന്റഡ് ഉല്പന്നജന്മം...

ആഹാ!!! ലവന്‍ ജെട്ടി ഇടാറില്ലായിരുന്നോ ??? അഴകുള്ള ചക്കയില്‍ ചുളയില്ലേ??? ചിന്തകള്‍ കാടുകയറുന്നു...

ങ്ഹാ!!! വിദേശത്തൊക്കെ അങ്ങിനെയായിരിക്കും... ചൂടുള്ള ദേശങ്ങളിലെയോരോരോ ശീലങ്ങളേയ്!!! ഒരുകാലത്ത് ഞങ്ങളും അങ്ങിനെയായിരുന്നല്ലോ...

അതോ ഇപ്പൊഴുള്ളത്  തുള വീണതാണോ? പണി പാമ്പായും, പട്ടിയായും മറ്റു പലതായും പലവഴിക്കു ശരീരത്തില്‍ക്കയറുന്ന കമ്പനിയില്‍ തുളയുള്ള ചുമടുതാങ്ങിയുമായി അബുവെന്തിനു റിസ്ക്‌ എടുക്കുന്നു???

അങ്ങിനെ ചിന്തകള്‍ കാടും, മലയുമൊക്കെ കയറി ദിവസം മുഴുവന്‍ പോയി... വിഷാദനായ അബുവിനെ വിഷണ്ണനായി പലവട്ടം നോക്കി നിന്നു ഞാന്‍...

സീന്‍ 2:

കഴിഞ്ഞ ദിവസത്തിന്റെ ബാക്കിപത്രമായ ഇന്നത്തെ സ്ക്രം... തുടക്കത്തിലേ കാടും, മലയും കയറാന്‍ പോയയെന്നെ വളരെ വ്യക്തമായ ചിലചോദ്യോത്തരങ്ങള്‍ സ്ക്രമ്മിലേക്ക്  തിരിച്ചു കൊണ്ടുവന്നു.

ദിനേശന്‍: "അബൂ... ജെട്ടി ഇട്ടോ ???"

അബു ചെറുതായൊന്നു കുനിഞ്ഞു നോക്കിയോ എന്നൊരു സംശയം !!!

അതുശരി  !!! അപ്പൊ ലവന്‍ ജെട്ടി തയ്പ്പിക്കുവാ... ബ്രാന്റഡ്  ജെട്ടീസിന്റെ ഫിറ്റിങ്ങ്സ് ശരിയാകുന്നില്ലായിരിക്കും...

എന്നാലും പുതിയ ജെട്ടിയെന്തിനാ??? കമ്പനിയില്‍ വല്ല ആഘോഷവുമുണ്ടോ??? അബുവിന്റെ ജെട്ടിക്കഥ ഇവരൊക്കെയെങ്ങിനെയറിഞ്ഞു??? ഞാന്‍ വീണ്ടും  കാട്, മല......

ഇനിയിവന്‍ ശരിക്കും 'സ്വതന്ത്രന്‍' ആണോ? സ്വാതന്ത്ര്യമെനിക്കു നിര്‍ബന്ധമാണെന്നും, സ്വതന്ത്രമായി വിഹരിക്കുന്നയൊരു ജീവിതമാണു ഞാന്‍ ഇഷ്ടപെടുന്നതെന്നും ഒരിക്കലവനെന്നോടു പറഞ്ഞത് കൂട്ടി വായിച്ചപ്പോള്‍ കാര്യമങ്ങിനെയാകനാണ്  സാധ്യത...

പൊടുന്നനെ അബുവിന്റെയുത്തരമെന്നെ കളത്തിലേക്ക്‌ വീണ്ടും ആവാഹിച്ചു. 

അബു: ഇന്നലെയിട്ടാരുന്നു... വല്ല്യ കുഴപ്പമില്ലാതെ പോയി... പക്ഷേയിന്നു രാവിലെ നോക്കിയപ്പോള്‍ ജെട്ടി പൊട്ടിക്കിടക്കുന്നു... 

ദിനേശന്‍: അതെന്താ??? ഇടുന്നതിനുമുന്‍പ് ശരിക്കു നോക്കീലെ???

അബു: ഓഹ്... ഞാനധികം നോക്കിയില്ല... ആദ്യം കണ്ടത് എടുത്തിട്ടു... 

ദിനേശന്‍: എന്‍വയര്‍മെന്റുമായി ഫിറ്റാകുമോന്നു നോക്കിയാരുന്നോ???

അബു: ഞാന്‍ ഫിറ്റാക്കിയാരുന്നു... 

ദിനേശന്‍: ഇപ്പോഴത്തെയവസ്ഥയെന്താണ്??? ജെട്ടിയടുത്തെങ്ങാനും ശരിയാക്കുമോ??? 

അബു:  ശരിയാക്കാം... 

(എന്തോന്നെടെയിത് !!!! )

സീന്‍ 3:

മീറ്റിംഗ് കഴിഞ്ഞു വീണ്ടും വിഷാദനായിരിക്കുന്ന അബുവിനെ ഞാന്‍ സമീപിച്ചു... അബുവിന്റെ ദയനീയമായ ചോദ്യമെന്നോട്...

"അളിയാ... നീ ജെട്ടി ഉപയോഗിച്ചിട്ടുണ്ടോ??? എന്റെ ജെട്ടിയൊന്നു ശരിയാക്കാമോ???"

അവഞ്ജയോടെ ഞാന്‍ രണ്ടടി പിന്നോക്കം മാറി...

"പോടേ.... ഞാന്‍ നിന്നെപ്പോലെയല്ല... ഡെയിലി ജെട്ടി ഉപയോഗിക്കുന്നവനാ...
പിന്നെ ഒന്നാന്തരം തറവാടിയാ... മറ്റുള്ളവരുടെ ജെട്ടി തൊടാറെയില്ല..."

പൊടുന്നനെ അബുവിന്റെ മുഖത്ത് നിരാശയുടെ കാര്‍മേഘം നിഴലിച്ചത്‌ കണ്ട് ഞാന്‍ ചോദിച്ചു...

"അളിയാ... എനിക്കു 'ജോക്കി' ഒരേ കളര്‍ രണ്ടെണ്ണമുണ്ട് ... ഈഫ് യു ഡോണ്ട് മൈന്‍ഡ്......."

ആശ്ചര്യത്തോടെ അബു ഒരു നിമിഷമെന്നെ തിരിഞ്ഞു നോക്കി...

കൊല്ലത്ത് കിടക്കുന്ന ലവനറിയില്ലല്ലോ ഞങ്ങള്‍ മലബാറുകാരു ഭയങ്കര സഹായമനസ്കരാണെന്ന്...

മലബാറുകാരനായതില്‍ അഭിമാനപുളകിതനായി നില്‍ക്കുന്നയെന്നെ നോക്കി അബുവിന്റെ ചോദ്യം...

"എന്ത്??? എന്തിനു??"

"അല്ല... അളിയന്റെ ജെട്ടി... കളസം... കിഴുത്ത... പഴക്കം... മീറ്റിംഗ് ..." ഞാന്‍ ആരും കേള്‍ക്കാതെയുത്തരം നല്‍കി...

"എന്തോന്നെടെ!!! ആ ജെട്ടി വേ... ഈ ജെട്ടി റെ... അതുമിതും വേറെ... ഇത് ജെട്ടിയല്ല... ജെറ്റി... ജെറ്റി സര്‍വര്‍... എന്നു വെച്ചാല്‍ Apache Jetty Server. നമ്മള്‍ ചെയ്യുന്ന അപ്ലിക്കേഷന്‍ ആ സെര്‍വറില്‍ ടെസ്റ്റ്‌ ചെയ്യാന്‍ വേണ്ടി പറഞ്ഞതാ... അല്ലാതെ ജോക്കിയോ, വീ.ഐ.പി യോ, ആയിഷയോ ഒന്നുമല്ല..." അബു കാര്യം വ്യക്തമാക്കി...

അവനുവേണ്ടി രണ്ടു ദിവസം ടെന്‍ഷനടിച്ചതു വെറുതയാല്ലോയെന്ന നഷ്ടബോധത്തില്‍ ഞാനെന്റെ  ജോലിയിലേക്കും, അബു ജെട്ടിയിലേക്കും തിരിഞ്ഞു...

ഒടുക്കത്തെ സീന്‍ :

എന്നാലും തുടര്‍ദിനങ്ങളില്‍ ഞങ്ങളുടെ കാബിനില്‍ അബുവിന്റെയീ ഗാനശകലം നിറഞ്ഞു കേട്ടു...

ഹേയ്... കൊച്ചമ്മായീ...
പൊന്നമ്മായീ...
ജെട്ടി പൊട്ടീ...
പൊട്ടീ ജെട്ടി...
വട്ടായിപ്പോയീ... 
വട്ടായിപ്പോയീ...

d(^_^)b