Monday, January 9, 2012

കറക്കിക്കുത്ത്


ഇതിനു സമാനമായ കഥകള്‍ നിങ്ങള്‍ ചിലപ്പോള്‍ കേട്ടുകാണും... പക്ഷെ ഇതൊരു സംഭവകഥയായതു കൊണ്ട് ഇവിടെപ്പറയുന്നു... സംഭവിക്കാനുള്ള കാര്യങ്ങള്‍ മുന്നേ സംഭവിച്ചതാണെങ്കിലും സംഭവിച്ചു കൊണ്ടേയിരിക്കും... 'സംഭവാമി യുഗേ... യുഗേ....'

കണ്ണൂര്‍ S.N.  കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞുനില്‍ക്കുന്ന കാലം. വളരെ നല്ല രീതിയില്‍ പഠിച്ചു കഴിഞ്ഞതുകൊണ്ട് ഇനിയെന്ത്‌ എന്നതൊരു വല്യ ചോദ്യചിഹ്നമായി നിലനിന്നു. ഇതിനകം തന്നെ നല്ലപകുതിയെ (better half) കണ്ടെത്തിയതുകൊണ്ട് സാമാന്യം നല്ലരീതിയില്‍ പഠിക്കുന്ന അവളുമായി കിടപിടിക്കാന്‍ നല്ലയെന്തെങ്കിലും കോഴ്സ് ചെയ്യാന്‍ തീരുമാനിച്ചു. അവസാനം ചിന്തകള്‍ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്‌ എഴുതുന്നതിലെത്തി. അപേക്ഷഫോറമൊക്കെ ഒപ്പിച്ചു അപേക്ഷിച്ചു. സുഹൃത്തുക്കളെല്ലാം കോച്ചിംഗ്ക്യാമ്പ്‌, കംബൈണ്ട്സ്റ്റഡി എന്നൊക്കെപ്പറഞ്ഞു ബിസിയായി. ഒരു പരീക്ഷക്കുമത്തരം ദുശ്ശീലങ്ങളിലേര്‍പ്പെടാറില്ലാത്തതിനാല്‍ ഞാനായിട്ടോന്നും ചെയ്യാന്‍ പോയില്ല.

ഒടുവിലൊട്ടും തെറ്റിക്കാതെ പ്രതീക്ഷിച്ച ദിവസംതന്നെ പരീക്ഷ വന്നു. ടിപ്-ടോപ്‌ ആയി(ഭാവി എഞ്ചിനീയര്‍ അല്ലെ... ഇരിക്കട്ടെ...) കണ്ണൂര്‍ ടൌണിലെത്തി. ഇനി
പരീക്ഷാകേന്ദ്രമായ പള്ളിക്കുന്ന് സ്കൂളിലെത്തണം.

പള്ളിക്കുന്ന് ഭാഗത്തേക്കുള്ള ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നുമൊരു വിളികേട്ടു പരിചയമുള്ള വൃത്തികെട്ട ശബ്ദം...

"ഏടുത്തെക്കാടാ കുരിപ്പേ രാവിലെത്തന്നെ.... എതെങ്കും മംഗലത്തിന് (കല്യാണത്തിന്) പോകലാ???"

തിരിഞ്ഞുനോക്കിയ ഞാന്‍ ദുശ്ശകുനം കണ്ടപോലെ അറച്ചുനിന്നു. എന്‍റെ കോളേജിലെ സുമേഷ്‌.... കത്തി സുമേഷ്‌... പെണ്‍കുട്ടികളുടെ പേടിസ്വപ്നം... ആണ്‍കുട്ടികളുടെ ദുസ്വപ്നം... ടോട്ടല്ലി വെറുപ്പിക്കലിന്‍റെ ഉസ്താദ്‌...

കത്തി പൊതുവേ ആളൊരു വായാടിയും, ബടായിക്കാരനും ആയിരുന്നു. ചിരിക്കുമ്പോള്‍ കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ... 'ലീ' യുടെ ലേബല്‍ പതിപ്പിച്ച 'പുലി' ബ്രാന്‍ഡ്‌ ജീന്‍സ്‌... എവിടെചെന്നാലും അടിഇരന്നു മേടിക്കുകയെന്ന നിര്‍ബന്ധം... വെറുതെയിരിക്കുമ്പോള് ‍(മിക്കവാറും വേരുതെയിരിപ്പ് തന്നെ)  ഓമനയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഓമനിക്കുന്ന രീതി... ഇതൊക്കെയാണ് മാന്യദ്ദേഹത്തിന്‍റെ സവിശേഷതകള്‍...

ലവനെ കണികണ്ടപ്പോഴേ എന്‍റെ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന്‍റെ റിസള്‍ട്ട്‌ എനിക്കുകിട്ടി. ഉള്ളില്‍ തികട്ടിവന്ന ദേഷ്യം മറച്ചുവെച്ച് പറഞ്ഞു....

"എന്‍ട്രന്‍സ്‌ എക്സാമിനു പോകുന്നതാട... പള്ളിക്കുന്ന് സ്കൂളില്..."

"അടി സക്കെ... ഞാനും അങ്ങോട്ട്‌ തന്നെ..." കത്തിയുടെ പ്രതികരണം...

"എന്തിനു???" എത്ര പിടിച്ചുവെക്കാന്‍ ശ്രമിച്ചിട്ടും ആ ചോദ്യം പുറത്തുവന്നു...

"പള്ളിക്കുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രെസ്സിന്‍റെ കാലില്‍ കുരു ഉണ്ടോന്നു നോക്കാന്‍.... ഹല്ലാ പിന്നെ..... എടാ ഹമുക്കെ... ഞാനും എക്സാം എഴുതുന്നുണ്ട്.. അവിടെ തന്നെയാ സെന്‍റെര്‍..."

"ഓഹോ... ഈ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്‌ എന്നൊക്കെപ്പറഞ്ഞാല്‍ ഇത്രക്കു സ്റ്റാന്‍ഡേര്‍ഡ് മാത്രമേയുള്ളൂവല്ലേ??..." എന്‍റെ സ്വഗതം.

"അതിനു നീ വല്ലതും പഠിച്ചിട്ടുണ്ടോ?? ..." ചോദ്യം അനാവശ്യമാണെങ്കിലും വെറുതെ ചോദിച്ചു...

"പിന്നേ... നീ എന്ത് വേണമെങ്കിലും ചോദിച്ചോ..." എന്‍ട്രന്‍സ്‌ പാസ്സായവരെക്കാളും കോണ്‍ഫിഡന്‍സുമായി കത്തി....

മുത്തപ്പാ... കുടുങ്ങി... ചോദിക്കാന്‍ എനിക്കു വല്ലതും അറിയേണ്ടേ... അവസാനമൊരു കാച്ചുകാച്ചി...

"വെള്ളത്തില്‍ അലിയുന്ന പൂവേത്???"

"ഷാമ്പൂ...." ഒട്ടും അമാന്തിക്കാതെ കത്തി പറഞ്ഞു...

തള്ളേ... ഈ പന്നി എല്ലാം പഠിച്ചിരിക്കുന്നു... വെറുതെ ചോദിക്കെണ്ടായിരുന്നു... പിന്നെയൊന്നും ചോദിക്കാന്‍ നിന്നില്ല...

അങ്ങിനെ ഈനാംപേച്ചിയും, കൂട്ടിനെത്തിയ മരപ്പട്ടിയും കൂടെ പള്ളിക്കുന്ന് സ്കൂളിലെത്തി. എത്തിയപ്പോള്‍ സമയം പത്തുമണി. ഒമ്പതരക്ക്‌ എക്സാം തുടങ്ങിയിരുന്നു. എക്സാമിനര്‍ ഒരുമാതിരി അവിഞ്ഞ നോട്ടം നോക്കുന്നതു കണ്ടു. കത്തിയെ കണ്ടിട്ട് ഒരു ലുക്ക്‌ ഇല്ലാത്തതുകൊണ്ടോ എന്തോ അദ്ദേഹം ചോദിച്ചു...

"ഹും... വാട്ട്‌ യു വാണ്ട്‌???"

ദൈവമേ.... ഇംഗ്ലീഷ്.... എക്സാം നടക്കുന്നതു ബ്രിട്ടനില്‍ അല്ല എന്നുറപ്പിച്ചശേഷം ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചു....

"സര്‍... എക്സാം... സെന്‍റെര്‍... എന്‍ട്രന്‍സ്‌... കാന്‍ഡിഡേറ്റ്... "

അങ്ങേര്‍ക്കെല്ലാം മനസിലായിക്കാണുമെന്നു കരുതിയപ്പോള്‍ ദേ കിടക്കുന്നു അടുത്ത ചോദ്യം.

"ആര്‍ യൂ ദി ഫ്യുച്ചര്‍ എഞ്ചിനീയര്‍സ്??? നോ പ്രോപെര്‍ ടൈമിംഗ്??? നോ പങ്ക്ച്ചുവാലിറ്റി???"

ഞാന്‍ ഉത്തരത്തിനുവേണ്ടി ചിന്തിക്കുന്നതിനു മുന്‍പ് തന്നെ കത്തി ഉത്തരം പറഞ്ഞു...

"അമ്മോപ്പാ... ഞമ്മളല്ലേ... ഞമ്മള് ഇപ്പൊ ബന്നിറ്റെ ഉള്ളു..."

കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം പിടികിട്ടിയ എക്സാമിനര്‍ ഉത്തരവിട്ടു...

"ഹും... ഗെറ്റ് ഇന്‍..."

അങ്ങിനെ രജിസ്റ്റര്‍നമ്പറൊക്കെ തപ്പിപ്പിടിച്ചു സീറ്റ്‌ കണ്ടുപിടിച്ചു... സീറ്റുകള്‍ സമ്മാനിച്ചത് ഒരു ഞെട്ടല്‍ മാത്രം...

ഈനാംപേച്ചിയും, മരപ്പട്ടിയും ഒരേ ബെഞ്ചില്‍!!!

അടുത്തിരിക്കുന്നവന്‍റെ കോപ്പിയടിച്ചു പാസ്സാകാമെന്ന അവസാനത്തെ പ്രതീക്ഷയും പോയി... ഇന്നു കണികണ്ടവനെ നാട്ടിലെത്തിയിട്ട് വേണം ഓടിച്ചിട്ട്‌ തല്ലാന്‍. സ്ഥിരം കോളേജില്‍കാണുന്ന ഈ സവാളമോറനെ കാണാനാണല്ലോ ദൈവമേ എന്‍റെ എന്‍ട്രന്‍സ്‌ യോഗം...

പോക്കെറ്റില്‍ നിന്നും എച്ച്.ബി പെന്‍സില്‍, ഇറേസര്‍, ഹാള്‍ടിക്കറ്റ്‌ മുതലായ പണിസാധനങ്ങള്‍ ടേബിളില്‍ നിരത്തി... ചോദ്യപ്പേപ്പര്‍,ഉത്തരപ്പേപ്പര്‍ മുതാലയവ വാങ്ങി... ചോദ്യപ്പേപറിലെ നിര്‍ദേശങ്ങളും, ചോദ്യങ്ങളും വായിച്ചു... എല്ലാം മനസിലായി... ഒരു കാര്യമൊഴികെ...

'ഇതൊക്കെ ആര് എഴുതും'??? (എഴുതുകയെന്ന് പറഞ്ഞാല്‍ വട്ടം കറുപ്പിച്ചാല്‍ മതി...)

എവിടെത്തുടങ്ങണമെന്ന ആശങ്കയില്‍ ചുറ്റിലും നോക്കി... എല്ലായിടത്തും ചുവപ്പും, പച്ചയും കളറിലുള്ള ചോദ്യപ്പേപ്പറുകള്‍... പിന്നെ കത്തിയെ നോക്കി.

"എന്തെടെ... ആകെ 150 വട്ടം കറുപ്പിച്ചാല്‍ പോരെ??? വേഗം നോക്കെടെ... എത്രയാള്‍ക്കാരോട് മുഖം കറുപ്പിച്ചിരിക്കുന്നു... പിന്നെയല്ലേയിത്...."

അതല്ലെങ്കിലും അങ്ങിനെത്തന്നെ.... എന്ത് പ്രശ്നമാണെങ്കിലും അവന്‍ തുടങ്ങിവെച്ചോളും... തീര്‍ക്കേണ്ട പണി ഞങ്ങള്‍ക്കാ... തീര്‍ക്കുമ്പോളെക്കും അവന്‍ അടുത്ത പണി മേടിച്ചിട്ടുണ്ടാകും...

അവസാനം അങ്കം തുടങ്ങി... വായിച്ചു നോക്കിയപ്പോള്‍ വല്യ കുഴപ്പമില്ല... മുഴുവന്‍ പ്രോബ്ലെംസ് (മാത്തമാറ്റിക്കല്‍ പ്രോബ്ലെംസ് ആണു ഉദ്ദേശിച്ചത്)... ഞാന്‍ പ്രീഡിഗ്രി ഫസ്റ്റ്ഗ്രൂപ്പ്‌(മാത്തമാറ്റിക്സ്‍) ആയത് കൊണ്ട് കുറച്ചു എളുപ്പമായി തോന്നി.

അങ്ങിനെ വട്ടം കറുപ്പിക്കല്‍ തകൃതിയായി നടക്കവേ ഒരു ശീല്‍ക്കാരം കേട്ടു.... ശ്ശ്ശ്ശ്ശ്ശ്.... ശ്ശ്ശ്ശ്ശ്ശ്....

'ദൈവമേ... പരീക്ഷാ ഹാളില്‍ പാമ്പോ???' .... ഞെട്ടലോടെ ഞാന്‍ ചുറ്റും നോക്കി...

അപ്പോഴാണ് കണ്ടത്, പാമ്പ് എന്‍റെ ബെഞ്ചില്‍ത്തന്നെ... ഒരു വട്ടം പോലും കറുപ്പിക്കാത്തയൊരു പാമ്പ്... ശീല്‍ക്കരിച്ച കത്തിപ്പാമ്പിനോട് ചോദിച്ചു...

"എന്താടാ???"

"കാണിച്ചു താടാ സുബറെ..." ... കത്തി അവശ്യമറിയിച്ചു...

പ്രീഡിഗ്രി സെക്കന്‍ഡ്‌ഗ്രൂപ്പെടുത്ത ലവനു ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് അറിയില്ലായിരുന്നു... മാത്തമാറ്റിക്സ്‍ പഠിക്കാത്തത് കൊണ്ട് എന്‍ട്രന്‍സ്‌ന്‍റെ പ്രവര്‍ത്തനമറിയാത്ത അവനു കാണത്തക്കവിധം ഞാനെന്‍റെ ഉത്തരക്കടലാസു വെച്ചു... ഞാന്‍ കറുപ്പിച്ചയിടമൊക്കെ അവനും കറുപ്പിച്ചു....

ഈ കറുപ്പീര് ഒരു സിമ്പിള്‍പണിയായതുകൊണ്ട് പതിനൊന്ന് മണിയായപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും 150 വട്ടവും കറുപ്പിച്ചു കഴിഞ്ഞിരുന്നു... ഉത്തരക്കടലാസൊക്കെ അടുക്കിവെച്ച്, പണിസാധനങ്ങളൊക്കെ തിരിച്ചുവെച്ച് വിനയപൂര്‍വ്വം വിളിച്ചു....

"സാര്‍....."

"എന്താടോ???" സാറിന്‍റെ ചോദ്യം...

അത് ശരി.. ലവനു മലയാളം അറിയാം...

"എഴുതിക്കഴിഞ്ഞു സര്‍.... ഞങ്ങള്‍ പോയ്‌ക്കോട്ടെ???" .. പച്ചമലയാളത്തില്‍ കാര്യം അവതരിപ്പിച്ചു...

"ഓഹോ... രണ്ടുപേരും എഴുതിക്കഴിഞ്ഞോ??? നല്ല ഒരുമയാണല്ലോ..."

'ഞാന്‍ എഴുതിക്കഴിഞ്ഞു പോയാല്‍ ഇവനിവിടെ എന്തു മലമറിക്കാനാ???' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു...

"9.30 മുതല്‍ 12.30 വരെയുള്ള എക്സാമിന് നീയൊക്കെ വന്നത് 10 മണിക്ക്... എന്നിട്ട് 11 മണിയായപ്പോള്‍ കഴിഞ്ഞെന്നോ??? 12 മണി ആയാലേ പോകാന്‍ പറ്റൂ... " അദ്ദേഹം നയം വ്യക്തമാക്കി...

ഉയര്‍ന്ന കോടതിയില്‍ ഒരപ്പീല്‍ കൊടുക്കാന്‍ സ്കോപ്പില്ലാത്തത് കൊണ്ട് ഒരു കൂട്ടമടുപ്പ് ആചരിച്ച് ഇരിക്കുമ്പോള്‍ അദ്ദേഹം മിടുക്കന്‍മാരായ ഞങ്ങളോടു വന്നു ചോദിച്ചു...

"എക്സാം നല്ല എളുപ്പമായിരുന്നു.... അല്ലെ???"

ഞാനൊട്ടും അമാന്തിക്കാതെ മറുപടി കൊടുത്തു...

"ചോദ്യങ്ങള്‍ വളരെ കുറവാണു സാര്‍... സമയം വളരെ കൂടുതലും...."

ഇതു പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കിയ മറ്റു കാന്‍ഡിഡേറ്റ്സിനെ പുച്ഛത്തോടെ നോക്കി ഞങ്ങള്‍ മനസ്സില്‍പ്പറഞ്ഞു.... 'ഒരു കോപ്പും അറിയാതെ വന്നേക്കുന്നു... എഞ്ചിനീയര്‍സ് ആകണംപോലും എഞ്ചിനീയര്‍സ്'...

എന്തായാലും 11.30 ആയപ്പോള്‍ ഞങ്ങള്‍ക്കു പരോള്‍ കിട്ടി... എക്സാം ആദ്യമെഴുതിയിറങ്ങിയ മിടുക്കന്‍മാരെ ആരാധനയോടെ നോക്കുന്നവരെ വകവെക്കാതെ ഞങ്ങള്‍ തിരിച്ചു യാത്രയായി....

ദിവസങ്ങള്‍ പോയിക്കഴിഞ്ഞു ആ ദിനവുമെത്തി... എന്‍ട്രന്‍സ്‌ റിസള്‍ട്ട് വരുന്ന ദിനം... കണ്ടകന്‍ കൊണ്ടേപോകൂയെന്നു പറഞ്ഞപോലെ തൊട്ടു മുന്നില്‍ വീണ്ടും കത്തി...

"വാടെ... നോക്കാം... ചെലപ്പോ ബിരിയാണി കൊടുത്താലോ... " കത്തിയുടെ ആഹ്വാനം...

"ഇത്ര രാവിലെ ബിരിയാണി വേണ്ടെടാ... ആദ്യം റിസള്‍ട്ട്‌ നോക്കാം" എന്നു ഞാനും...

റിസള്‍ട്ട് കണ്ട ഞാനും കത്തിയും ഞെട്ടി... ആഞ്ഞാഞ്ഞു ഞെട്ടി...

എനിക്കു റാങ്ക് 5200.... കത്തിക്ക് 2015 !!!

ഇതെന്തു മറിമായം??? എന്‍ട്രന്‍സ്‌ വാല്യൂവേഷനിലും തിരിമറിയോ???

റിസള്‍ട്ട് മാറിയതാണോയെന്നു അറിയാന്‍ ഞങ്ങള്‍ വീണ്ടും വീണ്ടും നോക്കി... നിമിഷനേരം കൊണ്ട് ഞാന്‍ അതീവദുഖിതനായി (ഈ അവസ്ഥ വര്‍ഷങ്ങള്‍ക്കു ശേഷം 3 Idiots എന്ന സിനിമയില്‍ കണ്ടിരുന്നു)...

എവിടെയാണ് പിഴച്ചതെന്നറിയാന്‍ മനസ്സിനെ എക്സാം ഹാളിലേക്ക് റീവൈന്‍ടു ചെയ്തു... പച്ചയും, ചുവപ്പും നിറങ്ങള്‍ മുന്നിലോടിക്കളിച്ചു... പിന്നെയൊരിക്കല്‍ ചോദിച്ചറിഞ്ഞയാ സത്യം ഓര്‍മ വന്നു... അന്ന് കണ്ട പച്ചയും, ചുവപ്പും ചോദ്യപ്പേപറുകള്‍ രണ്ടു വ്യത്യസ്ത സെറ്റുകള്‍ ആയിരുന്നു... എന്നുവെച്ചാല്‍ ഒരേ ബെഞ്ചില്‍ ഇരിക്കുന്നവരുടെ ചോദ്യങ്ങള്‍ വ്യത്യസ്തമായിരിക്കും... എന്‍റെ തെറ്റായ ഉത്തരങ്ങള്‍ അവന്‍റെ ശരിയായി...

ഇപ്പോള്‍ ലവന്‍ ലെവിടെയോ എഞ്ചിനീയര്‍ ആണത്രേ!!! കഴുതയ്ക്കും കസ്തൂരി !!!

അതില്‍പ്പിന്നെ 5000-ല്‍ താഴെ റാങ്ക് വാങ്ങിപ്പാസ്സായ എഞ്ചിനീയര്‍മാരെ കാണുമ്പോളോരു 'ലിത് ' ആണ്... യോഗ്യതയില്ലാത്തവര്‍!!! ഹല്ല പിന്നെ...

എന്നാലുമൊരു സ്മരണ വേണമെടാ കത്തി... സ്മരണ....

Sunday, January 1, 2012

അണ്ടി പോയ മച്ചാന്‍മാര്‍


മറ്റൊരു അനുഭവഗാഥ... എന്‍റെ ദുബായിലെ റൂംമേറ്റ്‌ ഷമീലിന്‍റെത്...

മലപ്പുറത്തെ അറാംപെറപ്പിന്‍റെ പ്രസിഡണ്ടായി ലവന്‍ വിലസുന്ന കാലം. വീട്ടില്‍ ലവനു ലവലേശം വിലയില്ലെങ്കിലും നാട്ടില്‍ പുല്ലുവിലയായിരുന്നു...... ഭക്ഷണകാര്യങ്ങള്‍ വീട്ടില്‍ത്തന്നെ നടക്കുമെങ്കിലും, 'ഇനി മുതല്‍ നിനക്കു 3 പേര്‍ കഴിക്കുന്നതില്‍ക്കൂടുതല്‍ ഭക്ഷണം തരില്ല' എന്ന ബാപ്പയുടെ ആഹ്വാനം വയറ്റില്‍ കൊക്കൊപ്പുഴുവിനെ വളര്‍ത്തിയിരുന്ന ഷമീലിന്‍റെ ചെവിയില്‍ ഇടിത്തീയായി വീണു.

'പടച്ചോനെ.... ദഹനപ്രക്രിയ കൃത്യമായി നടക്കുന്നത് ഇത്രവല്യ കുറ്റമാണോ??? ബാപ്പക്കങ്ങിനെ പലതും പറയാം, എന്‍റെ മനസിനെയാരു പറഞ്ഞു മനസിലാക്കും???'... ഷമീലിന്‍റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി... കുറെ കയറിക്കഴിഞ്ഞപ്പോള്‍ വഴിതെറ്റിയതു കൊണ്ടോയെന്തോ തിരിച്ചിറങ്ങി വന്നു...

മുട്ടില്ലാത്ത ഭക്ഷണത്തിന് സ്വന്തമായൊരു മാര്‍ഗം വേണമെന്ന ചിന്ത പുതിയ പദ്ധതികളാവിഷ്കരിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങിനെ ഭക്ഷണം കഴിക്കാന്‍വേണ്ടി മാത്രം ജീവിക്കുന്ന ഷമീലും, ജീവിക്കാന്‍വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്ന സുഹൃത്തുക്കളും ഒത്തുചേര്‍ന്നു... സുഹൃത്തുക്കളെന്ന് പറഞ്ഞാല്‍ അമ്മാവന്‍മാരുടെ മക്കള്‍ തന്നെ. സലാഹു, ഷിഹാബു... ഇങ്ങനെ 'ത്രീമെന്‍ ആര്‍മി‍' യോഗങ്ങളും, ചര്‍ച്ചകളും തകൃതിയായി നടന്നു.  സച്ചിന്‍ നൂറാമത്തെ സ്വെഞ്ചറിയടിക്കാന്‍ ആരാധകര്‍ കാത്തുനിക്കുന്ന പോലെ മൂവര്‍സംഘം ഒരവസരത്തിനു വേണ്ടി കാത്തുനിന്നു...

അങ്ങിനെ അണ്ടിക്കാലം സമാഗതമായി (തെറ്റിദ്ധരിക്കരുത്... കശുവണ്ടി പൂക്കുന്ന കാലമാണ് ഉദ്ദേശിച്ചത്... ഈ കഥയില്‍ മുഴുവന്‍ അണ്ടി... അണ്ടി... എന്നു പറഞ്ഞാല്‍ ആ ഉദ്ദേശം മാത്രമേയുള്ളൂ കേട്ടാ....) ... ബാപ്പ ബുദ്ധിപൂര്‍വം ഏക്കര്‍ കണക്കിനു ഭൂമിയില്‍ കശുമാവു വെച്ചത്കൊണ്ടു നല്ല വരുമാനമുണ്ടാകുന്ന കാലം. എല്ലാം ശേഖരിച്ചു ഗോഡൌണില്‍ സൂക്ഷിക്കും. ആഴ്ചയിലൊരിക്കല്‍ കോഴിക്കോട്ടങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കും...

ഈ കാലങ്ങളില്‍ മൂവര്‍സംഘത്തിനു ബാപ്പയൊരു ഓഫര്‍ കൊടുക്കാറുണ്ടായിരുന്നു.

'പറമ്പിലെ പണിക്കാരെക്കൂടാതെ നിങ്ങള്‍ക്കും കശുവണ്ടികള്‍ പെറുക്കിയെടുത്തു ഗോഡൌണില്‍ ഏല്‍പ്പിക്കാം. അങ്ങാടിയില്‍ കിട്ടുന്നതിനടുപ്പിച്ചു ന്യായമായ വിലയും തരും... തയ്യാറെങ്കില്‍ നിങ്ങള്‍ക്കൊരൊരുത്തര്‍ക്കും ഓരോ ഏരിയ തരാം... അവിടെനിന്നും മാത്രമേ പെറുക്കാവൂ...'

3 പേരും നിമിഷനേരം കൊണ്ടു മനസ്സില്‍ 10 ലഡ്ഡു വീതം 30 ലഡ്ഡു പൊട്ടിച്ചു തീര്‍ത്തു...

കാലകത്തിയാല്‍ കശുവണ്ടിത്തോട്ടം അടിച്ചുമാറ്റുന്ന നമ്മള്‍ക്ക് പറ്റിയ പണി...
ഗോഡൌണ്‍ ഇച്ഛീച്ചതും ബാപ്പ കല്‍പ്പിച്ചതും അണ്ടി !!!

ഇത്തരത്തില്‍ ഒരുവിധം പ്രശ്നങ്ങള്‍ തരണംചെയ്തു പോകുമ്പോള്‍ വീണ്ടും ദുര്‍ഘടങ്ങള്‍... ഇപ്പോഴുള്ള വരുമാനം കഷ്ടി അന്നന്നത്തെ വട്ടച്ചെലവിനു മാത്രം... വല്ലപ്പോഴുമൊരു ബിരിയാണി കഴിക്കാനും, ടൌണില്‍പ്പോയി അടിച്ചുപൊളിക്കാനുമുള്ള അണ്ടി വാരിയിട്ടു കിട്ടുന്നില്ല...

ഇനിയെന്ത് എന്നചിന്ത കൊടുമ്പിരികൊണ്ടു...

'പറമ്പിലെ പണിക്കാര്‍ക്കിട്ടു പണികൊടുത്താലോ???...'

'അതുവേണ്ട... ബാപ്പയറിഞ്ഞാല്‍ നമുക്കുതന്നെ പണികിട്ടും...'

ഇങ്ങനെ ചിന്തകളും, മറുചിന്തകളും എവിടെയുമെത്താതെ വിഹരിച്ചു...

പൊടുന്നനെ ഷമീല്‍ തുള്ളിച്ചാടി... "യൂറേകാകാകാകാകാകാ"...

"ആ കാ കൊണ്ട് എന്ത് കാര്യം??? കശുമാവിന്‍റെ കാ തന്നെ വേണ്ടേ???"... സലാഹുവിന്‍റെ സംശയം... (ഇതെന്താ ഇങ്ങനെയൊരു സംശയം എന്നല്ലേ നിങ്ങള്‍ ഇപ്പൊ ചിന്തിച്ചേ??? ഇതൊക്കെയെന്തു??? സംശയങ്ങള്‍ വരാന്‍ പോകുന്നതേയുള്ളൂ...)

വന്‍പ്രതീക്ഷയോടെയെത്തിയിട്ടു എട്ടുനിലയില്‍ പൊട്ടിയ സിനിമയുടെ സംവിധായകനെപ്പോലെ ഒരു ഭ്രാന്താവേശത്തോടെ ഷമീല്‍ സലാഹുവിനെ ‘ക’യും ‘മ’യും കൂട്ടി പ്രാകി. അവസാനമൊരു ചോദ്യവും... " ഇപ്പൊ മനസിലായോടാ കോപ്പേ കാ കൊണ്ട് എന്ത് കാര്യമെന്ന്???"...

"അതല്ലെടെ... അവനെന്തോ ഐഡിയ കിട്ടിയെന്ന്.... പറയെടാ ഷമീലെ..." കാര്യം മനസ്സിലായ ഷിഹാബുവിന്‍റെ വിശദീകരണം...

"ഗോഡൌണില്‍ അങ്ങാടിയില്‍ കൊണ്ടുപോകേണ്ട അണ്ടിച്ചാക്കുകള്‍ വെച്ചിട്ടുണ്ടാകും...  എല്ലാ ചാക്കില്‍നിന്നും കുറേശ്ശെയെടുത്താല്‍ ആര്‍ക്കും മനസ്സിലാകില്ല..." ഷമീല്‍ തന്‍റെ പദ്ധതി വെളിപ്പെടുത്തി.

'വാട്ട് ആന്‍ ഐഡിയ സര്‍ജീ....' ... എല്ലാവരും സമ്മതിച്ചു...

ഇനി ഐഡിയ പ്രവര്‍ത്തികമാക്കാനുള്ള പദ്ധതികളുടെ രൂപരേഖ തയ്യാറാക്കണം...

അവസാനം ഓപ്പറേഷന്‍ ലീഡര്‍ ഷമീല്‍ വിശദമായ പദ്ധതി സംഘാംഗങ്ങള്‍ക്ക് വിശദീകരിച്ചു കൊടുത്തു.

"ബാപ്പയുടെ കയ്യില്‍നിന്നും രാത്രി ഗോഡൌണിന്‍റെ താക്കോല്‍ അടിച്ചുമാറ്റുന്നു... ഗോഡൌണില്‍ക്കയറി എല്ലാ ചാക്കില്‍നിന്നും കുറേശ്ശെ അണ്ടി അടിച്ചുമാറ്റുന്നു... താക്കോല്‍ തിരിച്ചു വെക്കുന്നു... അടുത്തദിവസം ഇതേ അണ്ടി ബാപ്പയ്ക്കു തിരിച്ചു വില്‍ക്കുന്നു... എങ്ങിനെയുണ്ട്???"

"ബലെ ഭേഷ്‌" ... സ്വന്തം പത്തായം കാലിയാക്കാനുള്ള പദ്ധതിക്ക് മച്ചുനിയന്‍മാരുടെ അകമഴിഞ്ഞ സപ്പോര്‍ട്ട്...

ഇത്തരം കുരുട്ടു കാര്യങ്ങള്‍ ചെയ്യാന്‍മാത്രം അതീവതാല്‍പ്പര്യവും അര്‍പ്പണബോധവുമുള്ള മൂവര്‍സംഘം അന്നു രാത്രിയില്‍ത്തന്നെ 'ഓപറേഷന്‍ അണ്ടിപൊക്കല്‍' വിജയകരമായി പൂര്‍ത്തിയാക്കി...

അടുത്ത ദിവസംതന്നെ സംഘം തൊണ്ടിമുതലും, അല്ലാതെയുള്ള ഡെയിലി ക്വോട്ടയും ചേര്‍ത്തു ബാപ്പയുടെ സമക്ഷം ഹാജരാക്കി... സാധാരണയുള്ളതിലും കൂടുതലളവു കണ്ട ബാപ്പ കാര്യമന്വേഷിച്ചു...

"ഇന്നു കുറെസമയം പറമ്പിലായിരുന്നു... കൂടുതല്‍ പണിയെടുത്തു... അല്ലേടാ???" സലാഹു വിശദീകരണം കൊടുത്തിട്ട് സപ്പോര്‍ട്ടിനായി സംഘാംഗങ്ങളോട്...

"തന്നെ... തന്നെ..." എന്നു സംഘാംഗങ്ങള്‍.

ബാപ്പ അണ്ടിയുടെ ഗുണനിലവാരം നോക്കി വിലയിരുത്തി... അതിനുശേഷം പണിക്കാരോട്...

"എല്ലാമെടുത്തു  ഗോഡൌണില്‍ വെക്കൂ... പൈസ പിന്നെക്കൊടുത്താല്‍ മതി..."

"അല്ല ബാപ്പാ... ഇന്നു രൊക്കം, നാളെ കടം എന്നല്ലേ പ്രമാണം???" സലാഹുവിന്‍റെ സംശയം...

"പൈസ നാളെ രാവിലെ വീട്ടില്‍നിന്നും തരാം..." ബാപ്പയുടെ ഉറപ്പ്...

ഷമീലിനു എന്തോ പന്തികേടു മണത്തു... സാധാരണ അന്നന്നുതന്നെ പൈസ തരുന്ന ബാപ്പ എന്തിനു മാറ്റിവെക്കണം???

"എടാ... ബാപ്പയ്ക്കു കാര്യം പിടികിട്ടിയെന്നു തോന്നുന്നു.. കേട്ടാ..." ഷമീലിന്‍റെ അങ്കലാപ്പ്...

"ഇല്ലെടെ... ബാപ്പയെന്നല്ല, ഒരു കുഞ്ഞുപോലും അറിയില്ല..." ഷിഹാബുവിന്‍റെ ഉറച്ചവിശ്വാസം പുറത്തുവന്നു...

"അതിനവിടെ കുഞ്ഞുങ്ങളൊന്നും ഉണ്ടായിരുന്നില്ലല്ലോ..." അതിനിടയില്‍ സലാഹുവിന്‍റെ   ഉറച്ചവിശ്വാസവും പുറത്തുവന്നു!!!

ഇന്‍ ഹരിഹര്‍നഗറിലെ അപ്പുക്കുട്ടനെ ബാക്കിയുള്ളവര്‍ നോക്കുന്നതുപോലെ സലാഹുവിനെ ബാക്കിയുള്ളവര്‍ നോക്കി...

ഷമീല്‍ വീണ്ടും തിരിഞ്ഞു ഷിഹാബുവിനോട്...

"നീ കുറെകാലം നാട്ടിലില്ലാത്തതിനാലാണ് അറിയാത്തതു മോനേ... ഇത്തരം കാര്യങ്ങളില്‍ ബാപ്പ ഭയങ്കര 'കണ്ണിംഗ്' ആണ്...

"അവിടെയുള്ള ബാപ്പയുടെ കണ്ണ് എങ്ങിനെയെടാ ഇങ്ങാവുന്നതു???" സലാഹുവിന്‍റെ സംശയങ്ങള്‍ തീരുന്നില്ല....

"യെടെ.. യെടെ... കണ്ണിംഗ് എന്നു വെച്ചാല്‍ സാമര്‍ത്ഥ്യം..."

"ഓഹ്.. ലത്.... ശരി ശരി..." തല്‍ക്കാലം സംശയങ്ങളോതുക്കി സലാഹു...

"ബാപ്പ ഒരിക്കലും അറിയൂല... നമ്മള്‍ 3 പേര്‍ക്കു മാത്രമേ ഇതു അറിയാവുള്ളൂ... അതുകൊണ്ട് പേടിക്കേണ്ട..." ഷിഹാബുവിന്‍റെ വിശ്വാസം ഒന്നുകൂടെ ഉറച്ചു...

"ഹെന്‍റെ മോനേ... ഞമ്മളു മനസ്സില്‍ക്കാണുന്ന കാര്യം അപ്പോള്‍ത്തന്നെ മഴവില്‍മനോരമയില്‍ സ്പോണ്‍സര്‍ഡു പ്രോഗ്രാമായി കാണുന്നയാളാണ് ബാപ്പ... " ഷമീല്‍ തന്‍റെയറിവു വെളിപ്പെടുത്തി.

"ആ പ്രോഗ്രാമിന്‍റെ സമയത്ത് നമ്മള്‍ക്ക് പവര്‍ ഓഫ്‌ ആക്കിയാലോ???" ഒരു കിടിലന്‍ ഉപായം പറഞ്ഞ ഗമയില്‍ സലാഹു...

"ഏതു പ്രോഗ്രാം???" ഷമീലും, ഷിഹാബുവും ഒരുമിച്ചു ചോദിച്ചു...

"അല്ല... മഴവില്‍മനോരമയില്‍ വരുന്ന സ്പോണ്‍സര്‍ഡു പ്രോഗ്രാം..." സലാഹു വ്യക്തമാക്കി...

"എന്തോന്നെടെ ഇതു??? കേള്‍ക്കുന്ന ഞങ്ങളുടേത് പോട്ടെ... പറയുന്ന നിനക്കെങ്കിലും മടുക്കെണ്ടേ??? ഇന്നിനി വേറെ പോഴത്തരങ്ങള്‍ കേള്‍ക്കാന്‍ വയ്യ... നമുക്കു പിരിയാം... നാളെ വരുന്നിടത്ത് വെച്ച് കാണാം..." ത്രിമൂര്‍ത്തികള്‍ പിരിഞ്ഞു...

"അതിപ്പോ വരുന്നത്...." സലാഹു പകുതിയാക്കിയപ്പോഴേക്കും ഷമീല്‍ ഇടപെട്ടു...

"വേണ്ടാടാടാടാടാ... മതീതീതീതീതീ.... വരുന്നിടത്ത് വെച്ച് കാണാം എന്നു ഞാന്‍ പറഞ്ഞതിന്, എവിടുത്തെക്കാ വരുന്നത് എന്നു ചോദിക്കാനല്ലേ??? ഇന്നീ കളിയിനി കളിക്കാന്‍ വയ്യ.... നാളെ തുടരാം.."

അടുത്തദിവസം രാവിലെ ത്രിമൂര്‍ത്തികള്‍ ബാപ്പയുടെ മുന്‍പിലെത്തി...

"ബാപ്പാ... പൈസാ..." തലചൊറിഞ്ഞു കൊണ്ടു കാര്യം അവതരിപ്പിച്ചു...

"നിങ്ങളു ഭക്ഷണം കഴിച്ചോ? ഇല്ലെങ്കില്‍ കഴിച്ചിട്ടു വാ"...

സമയം വീണ്ടുംപോയി... ഭക്ഷണം മേശപ്പുറത്തുവച്ചു ഉമ്മ വിളിച്ചു... "ബ്രേക്ക്‌ ഫാസ്റ്റ്..."

എല്ലാവരുടെയും മുന്നേ അകത്തെത്തിയ സലാഹു "എവിടെ ഉമ്മാ??? ഞാന്‍ പൊട്ടിക്കാം..."

"പൊട്ടിക്കാനോ??? എന്തു???" ഞങ്ങള്‍ ചോദിക്കാന്‍വന്നത് ഉമ്മ ചോദിച്ചു...

"ഉമ്മയല്ലേ പറഞ്ഞത് എന്തോ ഫാസ്റ്റ് ആയിട്ട് ബ്രേക്ക്‌ ചെയ്യാന്‍???"

ലവന്‍ രാവിലെത്തന്നെ തുടങ്ങിയതു കണ്ടു അവനിട്ടൊരെണ്ണം പൊട്ടിച്ചാലോയെന്നു പോലും തോന്നി മറ്റു രണ്ടുപേരും... "യെവന്‍ കൊളമാക്കുമോടെ???"

ഭക്ഷണമേള കഴിഞ്ഞു വീണ്ടും ബാപ്പയുടെ സമക്ഷത്തിലേക്ക്...

"ബാപ്പാ... പൈസ..." ഷിഹാബുവിന്‍റെ ചോദ്യം...

"ഹും... അതിനുമുമ്പു പറയു... അതെല്ലാം നിങ്ങള്‍ പെറുക്കിയത് തന്നെയാണോ???"  ബാപ്പയുടെ മറുചോദ്യം...

"പണിപാളി മോനേ... ബാപ്പക്കെന്തോ സംശയമുണ്ട്‌... നമുക്കു സത്യം പറയാം..." ഷമീലിന്‍റെ ഉപദേശം...

"ഇല്ല ബാപ്പാ.... ഞങ്ങള്‍ തന്നെയാ പെറുക്കികള്‍ ...." സലാഹു പണിതുടങ്ങി...

"എന്ത്???" സലാഹു ഒഴികെയെല്ലാവരും ഞെട്ടി...

"ഞങ്ങള്‍ തന്നെ പെറുക്കിയതാണെന്ന്..." സലാഹു വ്യക്തമാക്കി... എന്നിട്ടു പതുക്കെ... "ഈ ബാപ്പയ്ക്കു ശുദ്ധമലയാളം ശരിക്കു അറിയൂലെ !!!"

"സത്യമാണോ???" വീണ്ടും ബാപ്പ...

പന്തികേടു തോന്നിയ ഷമീല്‍ മിണ്ടാതെയിരുന്നെങ്കിലും ഷിഹാബു പിന്താങ്ങി....

"അതെ ബാപ്പ... എല്ലാം ഞങ്ങള്‍ കൂടുതല്‍ സമയം ചെലവിട്ടു പെറുക്കിയതാ... എല്ലാ ദിവസവും ഇനിയിങ്ങനെയാ..."

"അതെയതെ.... നാളെയും ഞങ്ങള്‍ പെറുക്കികളാകും.." വീണ്ടും സലാഹു രംഗത്ത്...

ബാപ്പയ്ക്കു കാര്യം മനസ്സിലായെന്നു ഉറപ്പായ പരിഭ്രാന്തിയില്‍ ഷമീല്‍ വിറക്കാന്‍ തുടങ്ങി. ഹൃദയമിടിപ്പുകള്‍ കൂടുന്നു... ശരീരം വിയര്‍ക്കുന്നു...

ഈയവസരത്തില്‍ ഷമീലിനോടു ചേര്‍ന്നുനിന്നു കൊണ്ടു സലാഹുവിന്‍റെ വായില്‍നിന്നും സ്ഥിരമെന്നപോലെ സന്ദര്‍ഭവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവന...

"എടാ... ദേ റോഡില്‍ ജംബോ സര്‍ക്കസ്സിന്‍റെ ചെണ്ടകൊട്ട്... നമ്മള്‍ക്കും കാണാന്‍ പോകണം കേട്ടാ..."

"തന്നേ ??? എന്തായാലും പോകണം..." ഷിഹാബുവിന്‍റെ സപ്പോര്‍ട്ട്...

"ജംബോ സര്‍ക്കസ്സിന്‍റെ ചെണ്ടകൊട്ടല്ലെടാ പട്ടികളെ... എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടുന്ന ശബ്ദമാ..." ഷമീല്‍ വിളറിയ മുഖത്തോടെ പറഞ്ഞു....

"സത്യം പറയണം... അതു പറയാന്‍വേണ്ടി മാത്രമാ നിങ്ങള്‍ക്ക് ഞാന്‍ രാവിലെവരെ സമയം തന്നത്... നിങ്ങളായിട്ടു പറയാന്‍വേണ്ടി മാത്രം..." ബാപ്പയുടെ അന്ത്യശാസനം...

"എന്ത് പറയാന്‍ ബാപ്പ???" ഷിഹാബുവിന്‍റെ അവസാനറൗണ്ട് പൊട്ടന്‍കളി...

"സാധാരണ കൊണ്ടുവരാറുള്ളതിന്‍റെ നാലിരട്ടി അണ്ടി നിങ്ങളെങ്ങിനെയൊപ്പിച്ചുവെന്നു??? സാധാരണ ഉണ്ടാകുന്നതിലും  കൂടുതല്‍ നേരം നിങ്ങള്‍ പറമ്പിലുണ്ടായിരുന്നില്ലെന്നു പണിക്കാര്‍ പറഞ്ഞിരുന്നു..."

'പണിക്കാര്‍ അവരെക്കൊണ്ടു പറ്റുന്നപോലെ പണി തന്നിരിക്കുന്നു...'

"ഞങ്ങള്‍ രാത്രിയിലും പെറുക്കിയിരുന്നു ബാപ്പാ..." ബാലന്‍സ് വന്ന 'പെറുക്കിസമയം' ഫില്‍ ചെയ്യാന്‍ സലാഹു ശ്രമിച്ചു...

"രാത്രിയിലോ... എവിടെനിന്ന്???" ബാപ്പ 'സേതുരാമയ്യര്‍' ക്ക് പഠിക്കാന്‍ തുടങ്ങി...

"അതുപിന്നെ... രാത്രിയില്‍... പറമ്പില്‍... " സലാഹുവിന്‍റെ എവിടെയുമെത്താതെയുള്ള വിശദീകരണം...

മിണ്ടാതെയിരിക്കാന്‍ സലാഹുവിനോട് ഷമീല്‍ കണ്ണടച്ചു കാണിച്ചു...

"എന്താടാ കണ്ണടച്ചു കാണിക്കുന്നേ??? ഞാന്‍ പറയണമായിരുന്നോ രാത്രിയില്‍ ഗോഡൌണില്‍ ആയിരുന്നെന്നു??? ബുദ്ധി വേണമെടാ ബുദ്ധി..."  സലാഹുവിനു ദേഷ്യം വന്നു...

ഈ ഉരുണ്ടുകളി കണ്ടു ബാപ്പയുടെ മുഖം ദേഷ്യത്താല്‍ ചുവക്കാന്‍ തുടങ്ങി...

അപ്പോഴേക്കും പിടിമുറുങ്ങിയതറിഞ്ഞ ഷമീല്‍ പിടികൊടുത്തു...

"ഞങ്ങള്‍ മറ്റു ചാക്കില്‍നിന്നും എടുത്തതാണ് ബാപ്പ... ക്ഷമിക്കണം..."

"ഞാനുമുണ്ടായിരുന്നു ബാപ്പാ..." ഒട്ടും സമയം പാഴാക്കാതെ സലാഹു കൂട്ടുപ്രതിയായി...

"നീയോടാ???" ഷിഹാബുവിനോട് ബാപ്പ...

"ഹും..." ഷിഹാബു തലയാട്ടി...

"ഇനി മേലാല്‍ ആവര്‍ത്തിക്കരുത്... ഇനി നിങ്ങള്‍ പെറുക്കുകയും വേണ്ടാ... നാലുപേരു കണ്ടാല്‍ എന്താവുമെന്ന വിചാമില്ലാത്തവന്‍മാര്‍... പൊയ്ക്കോ എന്‍റെ മുമ്പീന്നു..." ബാപ്പ അന്തിമവിധി പറഞ്ഞു...

"ഹുംഹുംഹും...." മൂന്നുപേരും അമര്‍ത്തിമൂളി...

എന്നാലുമൊരു സംശയം ബാക്കിയായ ഷിഹാബു ബാപ്പയോട്...

"അല്ല ബാപ്പാ... നിങ്ങള്‍ക്കതെങ്ങിനെ മനസിലായി ???"

"ഏതു കശുവണ്ടി മരത്തിലാടാ പഹയന്‍മാരെ ഒരേസമയം വ്യത്യസ്ത വലുപ്പത്തിലും,നിറത്തിലും, തരത്തിലുമുള്ള അണ്ടിയുണ്ടാകുക???" ബാപ്പ അന്വേഷണത്തിന്‍റെ തുമ്പ്‌ പറഞ്ഞുതന്നു...

'ശരിയാ... പലചാക്കില്‍ നിന്നും മിക്സ്‌ ചെയ്തപ്പോള്‍ അതങ്ങോട്ടു ഓര്‍ത്തില്ല... ഹും...'

"എന്താണല്ലേയീ രാസവളങ്ങളുടെയൊരു കാര്യം... ഒരേ മാവ്‌ വ്യത്യസ്തമായ അണ്ടി തരുന്നു... ഇനിയതുകാരണം ആണ്‍മാവ് പെന്‍മാവിന്‍റെ ചാരിത്ര്യം സംശയിക്കുമോ?"

"അതൊക്കെപ്പോട്ടെ... ആ നാലുപേര്‍ ആരെടെ???" ചോദ്യങ്ങള്‍ സലാഹുവിന്‍റെത്...

"ഏതു നാലുപേര്‍???" ഇത്തവണ ഷിഹാബു...

"ബാപ്പ പറഞ്ഞില്ലേ നാലുപേരു കണ്ടാല്‍ എന്താവുമെന്ന വിചാരമുണ്ടോയെന്നു... നമ്മളെക്കാണാനായി നടക്കുന്ന ആ നാലുപേര്‍ !!! " സലാഹുവിന്‍റെ അവസാന റൗണ്ട് വെടി...

എന്തായാലും അന്നുമുതല്‍ അണ്ടിക്കാലത്തെ ഓഫര്‍ പിന്‍വലിക്കപ്പെട്ടു...

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് !!!


വാല്‍ക്കഷണം: ഈ കഥയ്ക്കോ, കഥാപാത്രങ്ങള്‍ക്കോ ജീവിക്കുന്നവരുമായോ, അല്ലാത്തവരുമായോ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല... അഥവാ ബന്ധം തോന്നിയാല്‍ അതൊട്ടും യാദൃശ്ചികമല്ല, മറിച്ച് ഷമീല്‍ പറഞ്ഞു എഴുതിപ്പിച്ചതാണ്...