Saturday, August 6, 2011

കിങ്ങിണിക്കഥകള്‍



കഥ തുടങ്ങുമ്പോള്‍ തന്നെ ഈ കിങ്ങിണി ആരെന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. അതു ഞാന്‍ ആദ്യം പറയട്ടെ ...

ഞാനും ഭാര്യയും ഞങ്ങളുടെ 'ചോരയും, നീരും' ദാനം ചെയ്ത് പാതിരാത്രി വരെ ഉറക്കമിളച്ചു അധ്വാനിച്ചു, യഥേഷ്ടം വിയര്‍പ്പൊഴുക്കി ഉരുത്തിരിയിച്ചെടുത്ത ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷന്‍. ഞങ്ങളുടെ മകള്‍. പേര് 'തന്‍മയ'(പേര് അടിച്ചു മാറ്റരുത്). വിളിപ്പേര് 'കിങ്ങിണി'(അതു വേണമെങ്കില്‍ അടിച്ചു മാറ്റം. എന്തെന്നാല്‍ ഞാനും അടിച്ചു മാറ്റിയതാണ്).അപ്പോഴേക്കും ഞാന്‍ സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ വന്നത് കൊണ്ട് 'പ്രോടക്ടിവിറ്റി'യില്‍ യാതൊരു കോംപ്രമയിസിനും തയ്യാറല്ലായിരുന്നു. കല്യാണം കഴിഞ്ഞതു 2003 ഇല്‍. കിങ്ങിണി ജനിച്ചതു 2004 ല്‍. കണക്കും, കണക്കു കൂട്ടലുകളും കിറുകൃത്യം.

ഭാര്യയും അവളുടെ വീട്ടുകാരും പൊതുവേ അടങ്ങി ഒതുങ്ങിയ സ്വഭാവം ആയതിനാല്‍ കിങ്ങിണി എന്നെയും വീട്ടുകാരെയും യഥേഷ്ടം പേരുദോഷം കേള്‍പ്പിച്ചു കൊണ്ടിരുന്നു. മുട്ടില്‍ ഇഴയാന്‍ മെനക്കെടാതെ കമിഴ്ന്നു വീണതിനു ശേഷം അവള്‍ ഡയറക്റ്റ്‌ കയ്യും, കാലും കുത്തി നടക്കുക ആയിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയതു കൊണ്ടു സ്റ്റെപ്പ് കട്ട്‌ ചെയ്യല്‍ എന്‍റെ ശീലം ആയിരുന്നു. അപ്പോള്‍ അവള്‍ സ്റ്റെപ്പ് കട്ട്‌ ചെയ്തതിനും കുറ്റം എനിക്ക് തന്നെ. അങ്ങിനെ അവളു കാരണം സെന്‍സര്‍ ബോര്‍ഡ്‌ കത്തിവെച്ച ഷക്കീല പടം പോലെ എന്‍റെ റേറ്റിംഗ് കുറഞ്ഞു കൊണ്ടേയിരുന്നു. 'പാരമ്പര്യം ഇങ്ങനെയും കൈ മാറപ്പെടുമോ', 'ഇതു എങ്ങിനെ സാധിച്ചെടെ', 'മത്ത കുത്തിയാല്‍ കുമ്പളം മുളക്കുമോ' മുതലായവ കിങ്ങിണിയിലൂടെ എനിക്ക് കിട്ടിയ ചില അവാര്‍ഡുകള്‍ മാത്രം. 


എനിക്ക് പനിയുണ്ടോ അമ്മേ ? (കിങ്ങിണിക്ക്  പ്രായം - 3‍)

ഒരു സാധാരണ വീക്കെന്‍ഡ്. കിങ്ങിണിയെയും, അടുക്കളയേയും പാരല്ലെലി ഹാന്‍ടില്‍ ചെയ്തു കൊണ്ടു ഭാര്യയുടെ ദിവസം എന്നത്തേയും പോലെ ബിസി. കിങ്ങിണി അമ്മയോടു പെട്ടെന്നു അടുക്കളയിലേക്കു ഒരു കാര്യം പറയാന്‍ പോയി. ആ സംഭാഷണം ചുവടെ:

കിങ്ങിണി: "അമ്മേ.. എനിക്കു പനി ഉണ്ടോ? ഒന്നു തൊട്ടു നോക്കു"..

ഭാര്യ: (പൊതുവേ കിങ്ങിണിയുടെ ആരോഗ്യം അവളുടെ സ്ഥിരം ചിന്താവിഷയം ആണു. ആകേ പരിഭ്രാന്തയായി അവള്‍ കിങ്ങിണിയുടെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ചു നോക്കി). "ഇല്ലല്ലോ മോളേ... മോള്‍ക്ക് പനി ഒന്നും ഇല്ല".

കിങ്ങിണി: "അമ്മ ശരിക്കും ഒന്നു നോക്കിയേ".

ഭാര്യ: (വീണ്ടും പരിഭ്രാന്തയായി തെര്‍മോമീറ്റര്‍ ഒക്കെ വെച്ചു നോക്കിയ ശേഷം).. "ഇല്ല മോളേ.. കുഴപ്പം ഒന്നും ഇല്ല"

കിങ്ങിണി: "ഇപ്പോള്‍ കഭം ഉണ്ടോ അമ്മെ എനിക്കു ?"

ഭാര്യ: "ഇല്ല മോളേ"

കിങ്ങിണി: "എനിക്കു വല്ല ക്ഷീണവും ഉണ്ടോ അമ്മേ ?"

ഭാര്യ: "ഇല്ലല്ലോ മോളേ.. ഒരു കുഴപ്പവും ഇല്ല. എന്തേയ്?"

കിങ്ങിണി: "അപ്പൊ എനിക്കു പനിയും ഇല്ല, ക്ഷീണവും ഇല്ല, കഭവും ഇല്ല" .ഹും.. എനിക്കു ഐസ്ക്രീം മേടിച്ചു താ"!!!!!

ടമാര്‍!!! പഠാര്‍!! ഠിം!! ഠിം!!

പൊതുവേ വെളുത്ത ഭാര്യയുടെ മുഖം രക്ത ഓട്ടം ഒക്കെ നിലച്ചു വീണ്ടും വിളറി. കിങ്ങിണിക്കു ഐസ്ക്രീം വിലക്കിയ അവള്‍ക്കു ഒന്നും പറയാന്‍ ഇല്ലായിരുന്നു. പറയാന്‍ ഒരു പഴുതും കിങ്ങിണി ബാക്കി വെച്ചിട്ടില്ലായിരുന്നു എന്നതാണു സത്യം. TOTALLY CLOSED ATTACK !!! സമരം ചെയ്തു ആനുകൂല്യം നേടിയെടുത്ത നേതാവിനെ പോലെ കിങ്ങിണി പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് നെടുവീര്‍പ്പ് ഇട്ടു കൊണ്ട് ചോദിച്ചു. "ഇവള്‍ ഇപ്പോള്‍ ഇങ്ങനെ എങ്കില്‍ വലുതാകുമ്പോള്‍ എന്തായിരിക്കും. അതെങ്ങിനെ?.. അപ്പന്‍റെ അല്ലേ മോള്". എനിക്കു വീണ്ടും ഒരു പൊന്‍തൂവല്‍.

ലവ് എന്നു വെച്ചാ എന്താ കുട്ടിമാമാ? (കിങ്ങിണിക്ക്  പ്രായം - 4‍)

കിങ്ങിണി യു.കെ.ജി യില്‍ പഠിക്കുന്ന കാലം.കാക്കനാട്‌ ഭവന്‍സ്‌ വിദ്യാമന്ദിര്‍ന്‍റെ വിശേഷങ്ങള്‍ സ്ഥിരം വീട്ടില്‍ നിറഞ്ഞു. അതിനു തൊട്ടപ്പുറത്ത് ഇന്‍ഫോപാര്‍ക്കില്‍ ഉള്ള എനിക്ക് ഇത്രയും സംഭവങ്ങള്‍ പറയാന്‍ ഇല്ല.അങ്ങിനെയുള്ള ഒരു ദിവസത്തെ വിശേഷം ചുവടെ (കഥാപാത്രങ്ങളില്‍ മാറ്റം ഇല്ല):

കിങ്ങിണി: "അമ്മേ.. ഞാന്‍ ഇന്ന് കാര്‍ത്തികിനു ഒരു ലെറ്റര്‍ എഴുതി കൊടുത്തു. അവനു സ്വന്തമായി എഴുതാന്‍ അറിയില്ല പോലും"..

ഭാര്യ: "ആഹാ.. കൊള്ളാമല്ലോ..  എന്തു കത്താണ് മോള് എഴുതിയത്?".

കിങ്ങിണി: "ലവ് ലെറ്റര്‍... അവനു ദൃശ്യക്ക് കൊടുക്കാന്‍".

വീണ്ടും ടമാര്‍!!! പഠാര്‍!! ഠിം!! ഠിം!! .. 

ഭാര്യ എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് പിടികിട്ടി. "അപ്പന്‍റെ അല്ലേ മോള്"... വീണ്ടും ഒരു പൊന്‍തൂവല്‍!!!

ഭാര്യ: (അല്‍പം ശ്വാസം വീണ്ടെടുത്ത ശേഷം).. "ലവ്? അതെന്താ? നിനക്കെവിടെ നിന്നും അറിയാം അത് ?"

കിങ്ങിണി: "ഈ അമ്മക്ക് ഒരു കുന്തവും അറിയില്ല... ലവ് എന്നു പറഞ്ഞാല്‍ അറിയില്ലേ? ഈ strawberry പോലെ ഉള്ളത്"

ഭാര്യ: "strawberry പോലെയോ?"

കിങ്ങിണി: "ആ  അമ്മേ .. ടോം & ജെറി ഒന്നും കാണാറില്ലേ? അതില്‍ ടോം ആ പെണ്‍ പൂച്ചക്ക് കിസ്സ്‌ ആയിട്ട് ലവ് അയച്ചു കൊടുക്കൂലെ... അതന്നെ.."

ഭാര്യയുടെ മുഖം വീണ്ടും വിളറിക്കൊണ്ടേയിരുന്നു. എനിക്കു പൊന്‍തൂവലുകള്‍ കിട്ടിക്കോണ്ടേയിരുന്നു.

മണ്ണില്‍ കുഴച്ച ചോറ് (കിങ്ങിണിക്ക്  പ്രായം - 5)

ഫാമിലി എറണാകുളത്തു പാലാരിവട്ടത്ത്‌ ഒരു വാടക വീട്ടില്‍ താമസിക്കുന്നു. ഞാന്‍ onsite assigment നു വേണ്ടി അങ്ങു ദുഫായിലും. ഫാമിലി താമസിക്കുന്നതു ഒരു കോമ്പൌണ്ടില്‍ തന്നെ രണ്ടു വീട് ഉള്ള സ്ഥലത്ത് ആണ്. ഒന്നില്‍ ഹൌസ് ഓണര്‍ & വൈഫ്‌. രണ്ടാമത്തേതില്‍ എന്‍റെ ഫാമിലി. ഹൌസ് ഓണര്‍ പഴയ കോണ്‍ഗ്രസിന്‍റെ എന്തോ വല്യ കുണാണ്ട്രി  ആണ്. പട്ടാളക്കാരെ പോലെ സ്ഥിരം പഴയ കാല വെടികള്‍ തന്നെ. വൈഫ്‌ ഹൈ ഹൈക്കോര്‍ട്ടിലെ എന്തരോ കുണാന്ത്രച്ചി. രണ്ടും ജാഡ തെണ്ടികള്‍. മക്കള്‍ എല്ലാം പുറത്തായതിനാല്‍ കിങ്ങിണിയുമായി ഭയങ്കര കമ്പനി ആയിരുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് പറയും "ഇതിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്ന കൊച്ചു കുട്ടി വളരെ അടക്കവും ഒതുക്കവും ഉള്ളതായിരുന്നു". ഉദ്ദേശിച്ചത് വ്യക്തം. എനിക്ക് ഫ്രീ ആയിട്ട് കുറച്ചു പൊന്‍തൂവലുകളും.

ഒരു ദിവസം ചാറ്റില്‍ വന്നപ്പോള്‍ ഭാര്യ ആകെപ്പാടെ മൂഡ്‌ ഓഫ്‌. കാര്യം തിരക്കിയപ്പോള്‍ സംഭവം ഇങ്ങനെ...

കിങ്ങിണി ഓണറുടെ വീട്ടില്‍ അടുക്കളയില്‍ ആയിരുന്നു. അവിടെ കുക്കിംഗ്‌ കഴിഞ്ഞു ആന്‍റി പുറത്തു വന്നപ്പോള്‍ അവള്‍ ചോറില്‍ മണ്ണ് വാരി ഇട്ടു. അവര് ആകെ 2 പേര്‍ക്ക് ഉള്ള ചോറും കറിയും മാത്രം ആയിരുന്നു വെച്ചത്. അവരു വീണ്ടും ചോറ് വെക്കേണ്ടി വന്നു. 'രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പിച്ചതും ചില്ലി ചിക്കെന്‍' എന്ന രീതിയില്‍ അവരു വന്നു ഭാര്യയോടു കംപ്ലൈന്റ്റ്‌ പറഞ്ഞു. ഭാര്യ ആകെ ഡൌണ്‍ ആയി. എന്തുക ചെയ്യണം എന്നു അറിയാത്ത അവള്‍ കിങ്ങിണിയെ വിളിച്ചു കാര്യം തിരക്കി. അപ്പോഴേക്കും സംഭവത്തില്‍ എന്തോ പന്തികേട് മണത്ത കിങ്ങിണി ഒന്നും മിണ്ടിയില്ല (അവള്‍ പൊതുവേ അങ്ങിനെ ആണ്. എന്തോ തെറ്റ് പറ്റി എന്നു തോന്നിയാല്‍ പിന്നെ ചോദിച്ചാല്‍ മിണ്ടൂല). അങ്ങിനെ ഭാര്യ ഇത് എന്റെ അടുത്തു അവതരിപ്പിച്ചു. അവളോടു ചോദിയ്ക്കാന്‍ ഉള്ള ഡ്യൂട്ടി എനിക്ക് തന്നു.

ഞാന്‍ കിങ്ങിണിയെ ചാറ്റില്‍ വിളിച്ചു. സാധാരണ ഇത്തരം സമയത്ത് അവള്‍ ചാറ്റില്‍ വരില്ല. അല്ലെങ്കില്‍ വന്നിട്ട് വേഗം പോയിക്കളയും. പക്ഷെ അന്നു അവള്‍ കുറെ സമയം നിന്നു. അവള്‍ക്കു ആരോടെങ്കിലും പറയണം എന്നു തോന്നിക്കാനും. ചോദിച്ചപ്പോള്‍ അവള് നിഷ്കളങ്കമായി എന്നോട് ചോദിച്ചു. "പപ്പാ.. അത് പിന്നെ T.V ലെ സീരിയലില്‍ ശ്രീകൃഷ്ണന്‍ ചോറില്‍ മണ്ണു വാരി ഇട്ടപ്പോള്‍ ആരും ഒന്നും പറഞ്ഞില്ലലോ.. പിന്നെ എന്തിനാ എന്നെ പറയുന്നത്?"

ഞാന്‍ ഞെട്ടി. ഭാര്യയോടു കാര്യം പറഞ്ഞു. അവളെ ഇതിന്‍റെ പേരില്‍ ചീത്ത പറയരുത് എന്നും പറഞ്ഞു. ഞാന്‍ ചിന്തിച്ചു നോക്കി. ആരെ കുറ്റം പറയണം!!! കിങ്ങിണിയെയോ? അതോ ഭാര്യയെയോ? അതോ എന്നെത്തന്നെയോ? അതോ T.V എന്ന വിഡ്ഢിപ്പെട്ടിയെയോ? അതോ അടുക്കളയില്‍ വാ പൊളിച്ചു നിന്ന ആ തള്ളയെയോ? അതിനു പകരം ഞാന്‍ എന്റെ മകളുടെ creativity യില്‍ ഊറ്റം കൊണ്ടു.


ക്ലാസ്സില്‍ നിന്നും പുറത്താക്കും (കിങ്ങിണിക്ക്  പ്രായം - 7).

കിങ്ങിണി സെകന്‍ട് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു. ഒരു ദിവസം സ്കൂള്‍ വിട്ടു വന്നവള്‍ ഭയങ്കര മൂഡ്‌ ഓഫ്‌.. കൂടാതെ അമ്മയെ കാണുമ്പോഴൊക്കെ ഒരു പേടി കൂടിയ പരുങ്ങല്‍. ഇതു കണ്ടു ഭാര്യ കിങ്ങിണിയെ വിളിച്ചു കാര്യം തിരക്കി. ആ സംഭാഷണം ചുവടെ,

ഭാര്യ: "എന്താ മോളേ നീ വല്ലാതെ ഇരിക്കുന്നത്? സ്കൂളില്‍ ആരെങ്കിലും വഴക്കു പറഞ്ഞോ?"

കിങ്ങിണി അപ്പോഴേക്കും കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു... അവള്‍ തിരിച്ച് ഭാര്യയോട്‌...

കിങ്ങിണി: "അമ്മ എന്നെ വഴക്കു പറയരുത്? നാളെ എന്നെ ചിലപ്പോള്‍ ടീച്ചര്‍ ക്ലാസിനു പുറത്താക്കും"

ഭാര്യ: "അതെന്തിനാ???"

കിങ്ങിണി: "എനിക്കറിയില്ലമ്മേ? ഞാനൊന്നും ചെയ്തില്ല... പക്ഷെ ഡയറിയില്‍ അങ്ങിനെ എഴുതിയിട്ടുണ്ട്"

ഭാര്യ: "ടീച്ചര്‍ ക്ലാസിനു പുറത്താക്കുമെന്നു ഡയറിയില്‍ എഴുതുകയോ??? എവിടെ നിന്‍റെ ഡയറി??? "

പേടിച്ചുകൊണ്ടു കിങ്ങിണി ഡയറി കൊണ്ടു വന്നു...

ഭാര്യ ആ പേജ് എടുത്തു വായിച്ചു ചിരിയോചിരി... അതില്‍ ഇങ്ങനെ എഴുതിയിരുന്നു...

"OUTSTANDING" :)


സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറി  (കിങ്ങിണിക്ക്  പ്രായം - 7).

എന്നത്തേയും പോലെ ഒരു സംഭാഷണം. കഥാപാത്രങ്ങള്‍ ഭാര്യയും, കിങ്ങിണിയും.

കിങ്ങിണി: "അമ്മേ... നാളെ എനിക്കു സ്കൂളില്‍ പോകേണ്ട. ലീവ് ആണ്"

ഭാര്യ: "അതെന്താ മോളേ പ്രത്യേകത???"

കിങ്ങിണി: "നാളെ സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറിയാണമ്മേ"

ഭാര്യ: "സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറിയൊ? അതെങ്ങിനെ?"

കിങ്ങിണി: "ഈ അമ്മക്കു ഒന്നുമറിയില്ലേ? നാളെയല്ലെ ഓഗസ്റ്റ്‌ 15?? എല്ലാ കൊല്ലവും ഉള്ളതല്ലേ? അമ്മ പഠിച്ചപ്പോള്‍ സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറിയില്ലായിരുന്നോ?"

എല്ലാം മനസിലായ ഭാര്യ മിണ്ടാതെ ഇരുന്നു. അന്തരീക്ഷതിലെവിടെയോ ടമാര്‍!!! പടാര്‍!!! ശബ്ദങ്ങള്‍ മുഴങ്ങി. പഠിക്കുന്ന കാലത്ത് ഒരു സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറി പോലും കിട്ടാഞ്ഞ അമ്മയേ നോക്കി കിങ്ങിണിയും മിണ്ടാതെ ഇരുന്നു.



ഇങ്ങനെയൊക്കെ ആണെങ്കിലും അവളുടെ ഓരോ വിക്രിയകളും ഞങ്ങള്‍ ആസ്വദിക്കുന്നു. അതിലേറെ അവളുടെ analysis power and creativity ല്‍ അഭിമാനം കൊള്ളുന്നു :) .
ഒരു സിനിമ ഹിറ്റ്‌ ആകുമ്പോള്‍ ഉള്ള സംവിധായകന്‍റെ സംതൃപ്തിയോടെ ഞാന്‍ സമാശ്വസിക്കുന്നു "എന്‍റെ ഏറ്റവും വല്യ വിക്രിയ ഇപ്പോഴും കിങ്ങിണി തന്നെ".



Thursday, August 4, 2011

സമാധാനം കൊ(കെ)ടുക്കല്‍


തമിഴ്നാട്ടിലെ ഈറോഡ്‌ എന്ന ദേശത്ത് എം.സി.എ പഠനം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. തമിഴരുടെ ഇംഗ്ലീഷ് ഉച്ച്ചാരണശുദ്ധി കൊണ്ടോ അതോ ഞങ്ങളുടെ ഇംഗ്ലീഷ് വിജ്ഞാനക്കുറവു കോണ്ടോ എന്തോ, ഇതുവരെ ടീച്ചേര്‍സ് പഠിപ്പിക്കുന്നതു ഞങ്ങള്‍ക്കോ മറിച്ച് ഞങ്ങള്‍ പറയുന്നത് അവര്‍ക്കോ മനസിലായി തുടങ്ങിയിട്ടില്ല... ഇത്തരം ഒരവസ്ഥയില്‍ കൊടുംചൂടത്ത് ക്ലാസിനു അകത്തായാലും, പുറത്തായാലും ജീവിതം സ്വാഹ!!!

ആകെയുണ്ടായിരുന്ന ഒരു എന്‍റര്‍ടെയ്‌ന്‍മെന്‍റ് 'പഞ്ചാരയടി' അഥവാ 'കടല പോടല്‍' ആയിരുന്നു. അതിനു ഗപ്പ് ഒന്നുമില്ലെങ്കിലും പലരും അതൊരു ഗോംബറ്റീഷന്‍ ഐറ്റമായി എടുത്തിരുന്നു. ഞാന്‍ പണ്ടേ 'സ്വന്തം ചുറ്റിക്കളി' ഉള്ളവനാണെന്ന് എല്ലാവളുമാരുക്കും അറിയാവുന്നത് കൊണ്ട് അതിനുള്ള സ്കോപും എനിക്കില്ലാതെ പോയി. എന്നാലും നല്ല 3 പെണ്സുഹൃതുക്കള്‍ എനിക്കും ഉണ്ടായിരുന്നു (ആശ, ദീപ, പ്രീതി). സംശയം ഒട്ടുംവേണ്ട. ക്ലാസ്സിലുണ്ടായിരുന്ന നല്ല ചരക്കുകള്‍ അവരു മാത്രം (അവളുമാരും ഇത് വായിക്കുന്നതാ... അപ്പൊ കുറച്ചു സോപ്പിംഗ് ഒക്കെ കിടക്കട്ടെ)... ഞാനിങ്ങനെ പഞ്ചാര കിട്ടാതെ മുരടിച്ചു പോകുന്നത് കണ്ടു ലവളുമാര്‍ ലവരുടെ ഷെഡ്യൂള്‍ അല്‍പമൊക്കെ അഡ്ജസ്റ്റ് ചെയ്തു എനിക്കും എന്‍റര്‍ടെയ്‌ന്‍മെന്‍റ് തന്നു. 

ഈ മുകളില്‍ പറഞ്ഞ മാന്യമഹിളകള്‍ 'അടങ്ങി ഒതുങ്ങിയ' പ്രകൃതം ആയതിനാലും, മറ്റുള്ളവര്‍ ചെയ്യാത്ത 'അലമ്പുകള്‍' ചെയ്യാന്‍ അതീവ താല്‍പര്യം ഉള്ളവരായതിനാലും, അത്തരം വിക്രിയകള്‍ ഒപ്പിക്കാന്‍ ഏറ്റവും നല്ല കമ്പനിയായി എന്നെ കണ്ടതിനാലും ഞങ്ങളുടെ കൂട്ടുകെട്ട് ദിവസേന ശക്തി പ്രാപിച്ചു. കൂട്ടത്തില്‍ ക്രിമിനലിസം കൂടുതലുള്ള ആശ ആയിരുന്നു എന്‍റെ അലമ്പു പങ്കാളി.

അവര്‍ ഹോസ്റ്റലിലായത് കൊണ്ട് സ്വാതന്ത്ര്യം താരതമ്യേന കുറവായിരുന്നു. ആകെ പരോള്‍ കിട്ടുന്നത് സണ്‍ഡേ മാത്രം. അതും പള്ളിയില്‍ (Christain church) പോകാന്‍. പള്ളി ഈറോഡ്‌  ടൌണിലാണ്. ഒരു ദിവസം മാത്രമേ പള്ളി അനുവദിച്ചിട്ടുള്ളൂ എന്നതിനാല്‍ അത് കഴിഞ്ഞൊരു ഹിന്ദി സിനിമയും പ്രാര്‍ത്ഥനയുടെ ഭാഗം ആയിരുന്നു. 

ഒരു ദിവസം ആശ ഒരു ഐഡിയ ഇട്ടു. "നീയും വാടാ ഈ സണ്‍ഡേ പള്ളിയില്‍. അത് കഴിഞ്ഞു സിനിമയും കാണാം". എല്ലാ ദിവസവും 'ക്വാര്‍ട്ടര്‍' മേടിക്കാന്‍ ടൌണില്‍ പോകുന്ന നമുക്കെന്ത് പുതുമ? ഞാനത് സ്നേഹപൂര്‍വ്വം നിഷേധിച്ചു. അപ്പോളവള്‍ സ്കഡ് മിസൈല്‍ തൊടുത്തു. "ഡേ.. എല്ലാ കോളേജിലെയും ചരക്കുകള്‍ വരുമെടെ.."

സീനിയര്‍സ് പറഞ്ഞു കേട്ടിടുണ്ട് പള്ളിയില്‍ നഴ്സിംഗ് കോളേജിലെ പെണ്‍പിള്ളേര് വരുന്നത്. അവരാകുമ്പോള്‍ കാണാന്‍ നല്ല ലുക്കും കാണും, നമ്മളു എം.സി.എ കാരന്‍ ഒക്കെ ആകുമ്പോള്‍ നമ്മളുടെ ലുക്ക്‌ ഒരു പ്രശ്നവും ആകില്ല. എന്‍റെ കണ്ണുകള്‍ ഈറോഡ്‌ പള്ളിയുടെ ഭിത്തിയില്‍ പോയി ഇടിച്ചു തിരിച്ചു വന്നു. വായില്‍ നിറഞ്ഞ വെള്ളം ഇറക്കിയപ്പോള്‍ മനസ്സില്‍ വിചാരിച്ചു. എല്ലാ ദിവസവും സാദാ ചോറ് വെക്കുന്ന പാത്രം കാണുന്നതല്ലേ. ഒരു ദിവസം ബിരിയാണി  ചെമ്പ് കാണാം.. അങ്ങിനെ സംഭവം ഫിക്സ് ആക്കി കൈ കൊടുത്തു പിരിഞ്ഞു. 

അടുത്ത ദിവസം പള്ളിയില്‍ ചെന്നാല്‍ ചെയ്യേണ്ട ബാലപാഠങ്ങള്‍ ആശ പഠിപ്പിച്ചു തന്നു. കുരിശു വര, മുട്ടേല്‍ കുത്തി ഇരിക്കല്‍, മുകളില്‍ നോക്കി പ്രാര്‍ത്ഥിക്കല്‍ ഇത്യാതി. എന്നാലും സമയം കുറച്ചേയുള്ളു എന്നതിനാല്‍ സിലബസ്‌ കവര്‍ ചെയ്യാന്‍ പറ്റിയില്ല. അപ്പോളെന്‍റെ ഗുരു ധൈര്യം തന്നു. "നിനക്കു വല്ല സംശയവും ഉണ്ടെങ്കില്‍ എന്നെ നോക്കിയാല്‍ മതി. ഞാന്‍ ചെയ്യുന്ന പോലെ അങ്ങ് ചെയ്തെക്കണം. സിമ്പിള്‍". ഇതൊക്കെ കേട്ടു തല കുലുക്കി ഏതൊരു സൊ കാള്‍ഡ് അച്ചയനെക്കാളും കോണ്‍ഫിടെന്സുമായി ഞാന്‍ വീട്ടിലേക്കു പോയി.

വീട്ടിലെത്തിയിട്ടു ഉറക്കം വരുന്നില്ല. സണ്‍ഡേ എന്തിനാ ആഴ്ചയില്‍ ഇത്രദൂരെ കൊണ്ടു വെച്ചത്?.. അങ്ങിനെ കുറേ 'രാത്രി ശുഭരാത്രി' കഴിഞ്ഞു. ഒടുവില്‍ സണ്‍ഡേ വന്താച്ച്.. അതിരാവിലെ എഴുന്നേറ്റു (പള്ളിയില്‍ രാവിലെ തന്നെ 'ചരക്കുപ്രവാഹം' തുടങ്ങുമത്രേ), റൂം മേറ്റ്‌ ഇസ്തിരിയിട്ടുവെച്ച ഡ്രസ്സ്‌ ഒക്കെ അടിച്ചു മാറ്റി, എന്നെക്കൊണ്ട് ആവുന്ന പോലെയൊക്കെ സുന്ദരന്‍ ആയി (കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണാടി പറഞ്ഞു.. എനിക്ക് തന്നെ മതിയായി .. ഇതില്‍കൂടുതല്‍ രക്ഷയില്ല. നിറുത്തിയിട്ടു പോടേ..) പള്ളിയിലേക്ക് പറന്നു. 'ഈ ബാചിലേര്‍സിന്‍റെ ഓരോരോ പ്രോബ്ലംസേ'.. 

അവിടെ എത്തിയപ്പോള്‍ത്തന്നെ എന്‍റെ കണ്ണു മഞ്ഞളിച്ചു,  പച്ചളിച്ചു, ചോപ്പളിച്ചു. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും, അവിടൊക്കെ പീസോടു പീസു മാത്രം'.. എല്ലാവരും പള്ളിയിലേക്ക് കയറി. അതിനകത്ത് വായനോട്ടം നിഷിദ്ധമായതിനാല്‍ ഞാന്‍ ആശ പഠിപ്പിച്ച പോയിന്‍റ് ഒക്കെ ഒന്നുകൂടി മനസ്സില്‍ റീവൈസ് ചെയ്തു.

പള്ളിയിലെ അച്ഛന്‍ മുന്‍പില്‍ വന്നു കലാപരിപാടികള്‍ തുടങ്ങി. പാട്ടും, പ്രാര്‍ത്ഥനയുമൊക്കെയായി സംഭവം ജോര്‍.

"ഒരു സമൂഹ പരിഷ്കാരത്തിന്റെ ഉജ്വലവും വിജുംഭ്രിതവമായ ആനുകാലിക സംമോഹനങ്ങളില്‍ പകച്ച വിധ്വംസകനെ പ്രതിഭലിപ്പിക്കുമാറു ഇതികര്‍തവ്യാമൂഡനായി അന്തരാത്മാവിന്‍റെ വിഹല്വതകില്‍ തേജോവധം ഉരുത്തിരിഞ്ഞു ഞാന്‍ നില കൊണ്ടു"... നിങ്ങള്‍ക്ക് വല്ലതും മനസ്സിലായോ? ഇല്ല അല്ലെ? എനിക്കും അങ്ങിനെ തന്നെ.. അച്ഛന്‍ പറഞ്ഞ ഒരു ചുക്കും മനസിലായില്ല.

അച്ഛന്‍ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല, എന്തെന്നാല്‍ അദ്ദേഹത്തിന്‍റെ രീതിയും എന്റെതും തമ്മിലൊത്തു പോകുല. നമ്മള്‍ ജീവിതത്തില്‍ ഡീസന്റ് ആകണം പോലും. ഹും!! നെട്ടൂരാനോടാ അച്ഛന്‍റെ കളി!! എല്ലാവരും തലതാഴ്ത്തി പ്രാര്‍ത്ഥനയില്‍ ആഴുമ്പോള്‍ ഞാന്‍ ഒരു മുഴുനീള 'പീസ്‌ സ്കാന്നിംഗ്' നടത്തുകയായിരുന്നു. ഇത് കണ്ടിട്ടാണോ എന്തോ ആശ നോക്കി പേടിപ്പിക്കുന്നു. 'അടങ്ങെടാ ശവമേ...' ഇതായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം. 

പതുക്കെ സിലബസ്‌ കട്ടിയായി തുടങ്ങി. ഇടക്കിടക്ക് മുട്ട് കുത്തിയിരിക്കണം. ചിലപ്പോള്‍ മുട്ട് കുത്താതെ ഇരിക്കണം, ചിലപ്പോള്‍ നിക്കണം. ഒന്നിനും ഒരു ഓര്‍ഡര്‍ ഇല്ല. മിക്കവാറും എല്ലാവരും ഇരിക്കുമ്പോള്‍ ഞാന്‍ നില്‍ക്കും. എല്ലാവരും മുട്ടില്‍ നിന്നാല്‍ ഞാന്‍ തറയില്‍ ഇരിക്കും. അവര്‍ തറയിലിരുന്നാലോ, ഞാന്‍ മുട്ടിലും. ചുരുക്കം പറഞ്ഞാല്‍ എല്ലാവര്‍ക്കും കാര്യം മനസിലായി. ഇത് അഹിന്ദു ഗുരുവായൂര്‍ അമ്പലത്തില്‍ വന്നതു പോലെയാണെന്ന്. എന്നാലും ഒരു യഥാര്‍ത്ഥ സത്യക്രിസ്ത്യാനിയെപ്പോലെ മുടിഞ്ഞ ഓവര്‍ കോണ്‍ഫിടെന്‍സുമായി ഞാന്‍ നിന്നു.

ഇതൊക്കെ കണ്ടു നിന്ന കര്‍ത്താവു എനിക്ക് പണിതന്നു. പുതിയ ഒരു ഐറ്റം പെട്ടെന്നു വന്നു. 'സമാധാനം കൊടുക്കല്‍'. ടോട്ടല്ലി ഔട്ട്‌ഓഫ് സിലബസ്‌!!!

ഞാന്‍ ആശയെ നോക്കി. അവള്‍ക്കു കാര്യം മനസിലായി. 'ഇത് പഠിപ്പിക്കാന്‍ വിട്ടു പോയി'. സ്റ്റുഡന്‍റ് എക്സാമിനു തോല്‍ക്കുമെന്നു ഉറപ്പാക്കുന്ന ടീച്ചറുടെ മുഖഭാവം അവളില്‍ ഞാന്‍ ദര്‍ശിച്ചു. നീ മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കിച്ചെയ് എന്നവള്‍ കണ്ണുകള്‍ കൊണ്ടും മുഖം കൊണ്ടു ഗോഷ്ടി കാണിച്ചു പറഞ്ഞു തന്നു.

എം.സി.എ യുടെ പല പേപ്പര്‍സും ഫസ്റ്റ് ചാന്‍സില്‍ത്തന്നെ പാസ്സായിരിക്കുന്നു, പിന്നെയാ ഇത്. വരുന്നിടത്ത് വച്ചു കാണാമെന്നുള്ള രീതിയില്‍ ഞാനും. എന്‍റെ സമാധാനം കളയാന്‍ അച്ഛന്‍ സമാധാനം കൊടുത്തു തുടങ്ങി. 


ഇതിന്‍റെയൊരു കിടപ്പുവശമെന്നു പറയുന്നത്, അച്ഛന്‍ സമാധാനം ഏറ്റവും മുന്നിലുള്ളയാളുടെ കയ്യില്‍ക്കൊടുക്കും. വാങ്ങുന്നയാള്‍ കൈ കുമ്പിള്‍ പോലെയാക്കി മറച്ചു ഇത് വാങ്ങുക. അതു വാങ്ങി മറച്ചുപിടിച്ചു തന്നെ തൊട്ടടുത്തുള്ളയാള്‍ക്ക് കൈ മാറുക. അയാള്‍ നമ്മുടെ കയ്യില്‍ നിന്നും മുട്ടിച്ചു അതു ഏറ്റുവാങ്ങും. അങ്ങിനെ പാസ്സ് ചെയ്തു എല്ലാവര്‍ക്കും സമാധാനം കിട്ടും എന്നാണ് വെപ്പ്. എന്നെ ശരിക്കും അറിയാവുന്നതു കൊണ്ടും, എനിക്കിത് പറഞ്ഞു തരാത്തത് കൊണ്ടും എന്നെക്കാളും ആശയുടെ സമാധാനം പോയിരുന്നു. 

അങ്ങിനെ സമാധാനം സാവധാനം എന്‍റെയടുത്ത് എത്തി. തൊട്ടടുത്തുള്ള അമ്മാവന്‍ സമാധാനം എനിക്ക് തന്നു. പക്ഷെ സമാധാനം വാങ്ങിച്ച ഞാന്‍ ഒരു സംശയത്തിന്‍റെ പേരില്‍ കൈ തുറന്നു നോക്കി.

കള്ള ബടുവ... അമ്മാവന്‍ പറ്റിച്ചു. ഈ മലയാളികള്‍ എവിടെച്ചെന്നാലും ഇങ്ങിനെ തന്നെയാണല്ലോയെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു (ഇത് ഒരു സാങ്കല്പിക വാങ്ങല്‍ മാത്രമാണ്. ഒന്നും കയ്യില്‍ കാണില്ലയെന്ന സത്യം ആശ പിന്നീടു പറഞ്ഞുതന്നതാണു‌).

അപ്പോളേക്കും ഇടതുവശത്തെ അമ്മാവന്‍ എന്‍റെ നേരെ കൈ നീട്ടി, സമാധാനം മേടിക്കാന്‍. ഞാന്‍ ആകെ അങ്കലാപ്പിലായി. അങ്ങേരുക്ക് കൊടുക്കാന്‍ എന്‍റെ കയ്യില്‍ സമാധാനം ഇല്ല. കോട്ടയം അച്ചായനാണ്. പള്ളി ആണെന്നൊന്നും നോക്കുല. ചിലപ്പോ പറ തെറി പറഞ്ഞെന്നു വരും. 

ഞാന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞു അങ്കിള്‍-എ യുടെ നേരെ കൈ നീട്ടി. ചിലപ്പോള്‍ അങ്കിള്‍ അറിയാതെ മുക്കിയത് ആണെങ്കിലോ? ഏതു കള്ളനും ഒരു അവസരം കൂടെ കൊടുക്കണം. അപ്പോഴേ എല്ലാവരുമെന്നെ വിചിത്രമായി നോക്കിത്തുടങ്ങി (സമാധാനം ഒരു direction ഇല്‍ കൊടുത്തു തുടങ്ങിയാല്‍ പിന്നെ മാറ്റരുത് പോലും. ഇതും പിന്നീടു ആശ പറഞ്ഞു തന്നതാ). പക്ഷെ അങ്കിള്‍-എ ക്ക് ഒരു കൂസലുമില്ല. 'നിനക്ക് എത്ര പ്രാവശ്യം സമാധാനം തരണമെടെ?' എന്ന മുഖഭാവം മാത്രം. അപ്പോഴേക്കും അങ്കിള്‍-ബി സുരേഷ് ഗോപി ആയിത്തുടങ്ങിയിരുന്നു. 'ഇങ്ങോട്ട് എടെടാ കൊച്ചനേ' എന്നുള്ള ലൈന്‍. പക്ഷെ പണ്ട് മുതലേ പിച്ചക്കാര് വന്നാല്‍ പോലും ഒന്നും കൊടുക്കാതെ വിടുന്ന ശീലം ഇല്ലാത്ത തറവാടി ആയതുകൊണ്ട് ഞാന്‍ കൊടുത്തില്ല.

അപ്പോഴേക്കും എനിക്കെന്‍റെ 'ലൈഫ് ലൈന്‍' ഓര്‍മ വന്നു. ഞാന്‍ തിരിഞ്ഞു ആശയെ നോക്കി. 'ഇതാണോടി നിന്‍റെ പള്ളിക്കാര്‍?.. എച്ചികള്‍' എന്നതാണു ഞാനുദ്ദേശിച്ചതെന്നു അവള്‍ക്കു മനസിലായി. 


നീയത് അപ്പുറം കൊടുക്ക്‌. അവള്‍ ശബ്ദം ഉണ്ടാക്കാതെ പറഞ്ഞു. 'എന്നാ കോപ്പു കൊടുക്കാനാ? ഇങ്ങേരോന്നും തന്നില്ല'. ഞാന്‍ ശബ്ദം ഉണ്ടാക്കി പറഞ്ഞു. 'നീ കൈ അപ്പുറത്തേക്ക് കാണിച്ചാല്‍ മതി'. അവള്‍ വീണ്ടും. മനസില്ലാമനസോടെ ആണെങ്കിലും ഞാന്‍ അങ്ങിനെ ചെയ്തു. 


ദേന്ടെടാ... സോമാലിയയില്‍ ഭക്ഷണം  വിതരണം ചെയ്തപോലെ  ബാക്കിയെല്ലാവരും  നിമിഷനേരം കൊണ്ടു സമാധാനം വീതിച്ചു. ഞാന്‍ അത്ഭുതം കൂറി. അല്ലേലും  കുറച്ചു വീഞ്ഞും റൊട്ടിയും മാത്രമെത്രയോ പേര് പങ്കിട്ടു അടിച്ച പാര്‍ടീസാ... പിന്നെയാ ഇതു..

അങ്ങിനെ സമാധാന ചടങ്ങ് തീര്‍ന്നെങ്കിലും എല്ലാവരും അക്സിടന്‍റ് നടന്ന വണ്ടിയെ നോക്കുന്നതു പോലെ എന്നെ കുറെ സമയം നോക്കി. ആശ അവളുടെ തനതായ രീതിയല്‍ മൊഴിഞ്ഞു. 'എന്‍റെ ഈശോയേ... ഈ കോന്തനെയും കൊണ്ട് ഞാനല്ലാതെ വരുമോ... വിനാശകാലെ വിപരീത ബുദ്ധി'... എന്നാലും അവളുടെ കയ്യിലും തെറ്റുള്ളത് കൊണ്ട് അധികം പറഞ്ഞില്ല.

അങ്ങിനെ കുറേപ്പേര്‍ക്ക് സമാധാനം കൊടുത്ത സമാധാനത്തില്‍ ഞാന്‍ മടങ്ങി.


പിന്നെയിതു വരെ സമാധാനം വെറുതേ തരാമെന്ന് പറഞ്ഞാല്‍ പോലും ഞാന്‍ നോക്കാറില്ല.
സ്തോത്രം !!!

Monday, August 1, 2011

എന്‍റെ ഡ്രൈവിംഗ് അനുഭവങ്ങള്‍


ഒരു അധ്യാപികയുടെ പൊതുവേ അടിച്ചമര്‍ത്തി വളര്‍ത്തപ്പെട്ട മകനെന്ന നിലയില്‍ സ്വാതന്ത്ര്യം എനിക്കെനും ഹരവും കിട്ടാക്കനിയുമായിരുന്നു. അതുകൊണ്ട് തന്നെ മലയാളം പഠിക്കാതെ ഹിന്ദി പഠിക്കുക(അമ്മ മലയാളം അദ്ധ്യാപികയായിരുന്നു), കൂട്ടുകാരോടൊത്തു സിനിമക്ക് പോകുക, പാതിരാത്രിയായാലും വീട്ടില്‍ കയറാതെയിരിക്കുക, അധ്യാപകരുടെ മക്കളൊക്കെ ഒരു പരിധിക്ക് മുകളിലുള്ളവരുമായി മാത്രം ചങ്ങാത്തം കൂടുമ്പോള്‍ ദരിദ്രരും, വെറുക്കപ്പെട്ടവരും (അമ്മയുടെ ഭാഷയില്‍ കള്ളു കുടിയന്മാരും ജോലിയില്ലാത്തവരും)  ആയവരുമായി മാത്രം ചങ്ങാത്തം കൂടുക  ഇത്യാതികളില്‍ ഹരം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു.

"ടീച്ചറുടെ മക്കള്‍ക്കെന്താ കൊമ്പുണ്ടോ" എന്ന അപ്തവാക്യത്തില്‍ വിശ്വസിച്ചു ഞാന്‍ ജീവിതം തള്ളി നീക്കി...

അങ്ങിനെ സ്കൂളില്‍ നിന്നും കോളേജിലെക്ക് കയറിയപ്പോള്‍ സ്വാതന്ത്ര്യത്തിന്‍റെ അടുത്ത തലമായ ഡ്രൈവിംഗ് (2-വീലെര്‍, 4-വീലെര്‍) ആഗ്രഹമായി തുടങ്ങി. സ്വതന്ത്രപറവയെ പോലെ പാറി നടക്കാനുള്ള ആഗ്രമുള്ളതിനാലും, പെണ്‍കുട്ടികളെ വശീകരിക്കാന്‍ തക്കവണ്ണം മറ്റൊരു ഗുണവും ദൈവം തന്നിട്ടില്ലാത്തതിനാലും, ഇതിലെങ്കിലും ഒരു പിടിവള്ളി കണ്ടെത്താനുള്ള ആവേശം എന്‍റെ ഡ്രൈവിംഗ് പഠിക്കാനുള്ള ആഗ്രഹത്തിനു കൂടുതല്‍ ചിറകുകള്‍ മുളപ്പിച്ചു.

പക്ഷേ ഏതോയൊരു കൈനോട്ടക്കാരന്‍ (അവനെ കിട്ടിയിരുന്നെങ്കില്‍ അവന്‍റെ തത്തയുടെ ചിറക് ഞാന്‍ വെട്ടിയേനെ...) അമ്മയോട് പറഞ്ഞത്രേ "മകനെപ്പോള്‍ വണ്ടിയോടിച്ചാലും അത്യാഹിതം  സുനിശ്ചിതം". അന്നുമുതല്‍ സൈക്കിള്‍ വരെ വര്‍ജ്യം... സാധാരണയിത്തരം അവസരങ്ങളില്‍ സപ്പോര്‍ട്ട് തരാറുള്ള പിതാശ്രീ വരെ നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാനെന്‍റെ ഡ്രൈവിംഗ് പഠനത്തിനു ചുവപ്പ് കൊടികാട്ടി.

അനുഭവം - "നാന്‍ ഒരു ത്ടവൈ സൊന്നാല്‍ അത് നൂറു ത്ടവൈ സൊന്ന മാതിരി"...

ഒടുവില്‍ പി.ജി പഠനത്തിനു തമിഴ്നാട്ടില്‍ ചേര്‍ന്നപ്പോള്‍ വീണ്ടും ഡ്രൈവിംഗ് ആഗ്രഹം തലപൊക്കി. അവിടെവെച്ച് സുഹൃത്തുക്കളുടെ 2-വീലെറില്‍ പഠിക്കാനവസരം ലഭിച്ചതും, പി.ജി നല്ല രീതിയില്‍ തീരുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാത്തതും നല്ലയൊരു ഡ്രൈവറാകാനെന്നെ പ്രേരിപ്പിച്ചു. കൂടാതെ തമിഴ്നാട്ടില്‍ ലൈസെന്‍സ് കിട്ടാനെളുപ്പമാണ്. കേരളത്തില്‍ നടപ്പിലായിത്തുടങ്ങിയ പല ടെസ്റ്റുകളും അവിടെയാരും കേട്ടിട്ട് കൂടിയില്ലായിരുന്നു. ടെസ്ടിനു ചിരിച്ചു കാണിച്ചാല്‍ത്തന്നെ ധാരാളം.

അങ്ങിനെ ഈറോട് 'സത്തി (ശക്തി) മോട്ടോര്‍സ്' ല്‍ പൈസയടച്ചു രജിസ്റ്റര്‍ ചെയ്തു. 2000 രൂപ ഫീസ്‌ പറഞ്ഞതില്‍ 1500 കൊടുത്തു. ടെസ്ടിനു പോയില്ലെങ്കില്‍ 1000 തിരിച്ചു തരും. പൈസയടച്ചു ഫ്ലുറസെന്‍റ് റോസ് കളറിലുള്ള സ്ലിപ് വാങ്ങി വെച്ചു.

എല്ലാ ദിവസവും കോളേജ് വിട്ട് വൈകിട്ട് 4.30 മുതല്‍ 6.30 വരെ പഠനം. കൂടെ കണ്ണൂരാന്മാരായ അനീഷും, സുകേഷും.  കൃത്യം 4.30 ആയപ്പോള്‍ ഞങ്ങളുടെ ഗുരു 'ശ്രീ കന്തസാമി' എത്തി. ചിരിച്ചാല്‍ പല്ലിനിടയില്‍ക്കൂടി നടന്നു പോകാം. പണ്ടു ശ്രീനിവാസനെ പഠിപ്പിക്കാന്‍ വന്ന മാമുക്കോയയുടെ ഒരു ഫീല്‍ കിട്ടി. ഞങ്ങളെല്ലാം പോളിടെക്നിക് പാസായത് കൊണ്ട് ആത്മവിശ്വാസത്തോടെ നിന്നു.

പഠനം തുടങ്ങി. ക്ലച്ചും, ബ്രേക്കും, അക്സിലറട്ടരും ഒക്കെക്കാണിച്ചു തന്നു (തൊടാന്‍ തന്നില്ല !!!). ഇപ്പോഴും എനിക്കുള്ളയൊരു സംശയം 'എന്തിനാണു ക്ലെച്ച് ഒരറ്റത്ത് വെച്ച് ആകെയുള്ള ഇടത്തെ കാല്‍ വേസ്റ്റാക്കിയത്‌' എന്നതാണ്‌.

അപ്പോള്‍ കാര്യത്തിലേക്ക് വരാം. തുടക്കത്തിലേ ഗുരുവിനു ഞങ്ങളോടെന്തോ പൊരുത്തക്കേടുള്ളത് പോലെ തോന്നിയിരുന്നു. 'മുല്ലപ്പെരിയാര്‍' സംഭവം പുകയുന്ന സമയമായിരുന്നു അത്. ക്രമേണ ഡ്രൈവിംഗ് പഠനസമയം തമിഴ്നാട് - കേരള അങ്കത്തിനുള്ള സമയമായിത്തുടങ്ങി. ഞങ്ങള്‍ യഥേഷ്ടം 'കേന പുണ്ടേ', 'കേന കൂതി', 'എങ്ക പാത്തിട്ടെടാ ഓട്ടിയിട്ടിരുക്കേന്‍ അയോക്കി കേരള പസങ്ങളാ' ഇത്യാദികളിലൂടെ തമിഴ് ഭാഷയുടെ അഗാധമായ സാഹിത്യ മേഘലകളില്‍ ഊളിയിടാന്‍ തുടങ്ങി.

ഉള്ളിലെ 'കണ്ണൂരാന്‍'പലപ്രാവശ്യം ഉണര്‍ന്നെങ്കിലും വീണ്ടും 2 വര്‍ഷം അവിടെ കഴിച്ചുകൂട്ടേണ്ടത് കൊണ്ടും, ഗുരുവാണെങ്കിലും അദ്ദേഹമൊരു കൂതറ തമിഴനായതു കൊണ്ടും ഞങ്ങള്‍ കലിതുള്ളുന്ന ഭാര്യയുടെ മുന്‍പില്‍ ഭര്‍ത്താവു നില്‍ക്കുന്ന പോലെ മിണ്ടാപ്രാണികളായി. പക്ഷെ ലൈസെന്‍സ് ടെസ്റ്റ്‌ കഴിയുന്നതും ഗുരുവിനെ പൊളിക്കണമെന്നതു മനസ്സില്‍ ഉറപ്പിച്ചിരുന്നു.

അങ്ങിനെ പഠനം പുരോഗമിച്ചു. ഡ്രൈവിംഗ് കാര്യമായി നടന്നില്ലെങ്കിലും തമിഴിലെ 'നല്ല പദപ്രയോഗങ്ങള്‍' ഒരു വിധം പഠിച്ചു. കൂട്ടത്തില്‍ പ്രതികരിക്കാത്തതും, നോക്കി പേടിപ്പിക്കാത്തതും ഞാനായതു കൊണ്ട് പദപ്രയോഗത്തില്‍ എന്നോടൊരു പ്രത്യക വാല്‍സല്യം ഉണ്ടായിരുന്നു. വീട്ടില്‍ ഇരിക്കുന്ന അച്ഛനെയും അദ്ദേഹം വായുമാര്‍ഗം ഫ്ഡ്രവിംഗ് പഠിപ്പിച്ചു.

ടോട്ടല്ലി ഫ്രീ. ഞങ്ങളുടെ മനസ്സില്‍ തമിഴനും, തമിഴ്നാടും അങ്ങേയറ്റം വെറുക്കപ്പെട്ടു തുടങ്ങി.

ക്രമേണ ക്ലച്, ബ്രേക്ക്‌ മുതലായ അത്യാവശ്യ സാധനങ്ങള്‍ ഞങ്ങളെ ഏല്‍പിച്ചു അദ്ദേഹം സില്ലബ്ബസ് കട്ടിയാക്കി. ഒരു ദിവസം ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍. സാമാന്യം ഭേദപ്പെട്ട സ്പീഡില്‍ ഓടിച്ചു പോകുമ്പോള്‍ എതിരേയൊരു പാണ്ടിലോറി. അവന്‍ നിയന്ത്രണം വിട്ട രീതിയില്‍ വരുന്നു. അതോ അവനെക്കണ്ട ഞാനാണോ എന്ന ശങ്കയും ഇല്ലാതില്ല.

അടുത്തെത്താറായപ്പോള്‍ ഞാനിടത്തോട്ട് വളച്ചു. ഗുരു അലറി. 'ബ്രേക്ക്‌ പോടടാ കേനെ'. ഞാന്‍ ശ്രീനിവാസന്‍റെ നിഷ്കളങ്കതയോടു കൂടെ ചോദിച്ചു 'ബ്രേക്ക്‌ എങ്കെസാര്‍?'... പിന്നെ കിട്ടിയത് ഏതോ തമിഴ്‌ചന്തയില്‍ പോയാലുള്ള ഫീല്‍ ആയിരുന്നു. ഇതൊക്കെയാണെങ്കിലും ഇടതു വശം ചേര്‍ത്ത് വല്യ പരുക്കുകളില്ലാതെ വണ്ടി നിറുത്തുന്നതില്‍ ഞാന്‍ വിജയിച്ചു.

തമിഴ്നാടിനു മേല്‍ വിജയം നേടിയ കേരളീയനെന്ന നിലയില്‍ ഞാന്‍ അഭിമാനപുളകിതനായി. വണ്ടിയിലുള്ള അനീഷും, സുകേഷും ജീവന്‍ തിരിച്ചുകിട്ടിയത് വിശ്വസിക്കാന്‍ പറ്റാതെ നിന്നു.

'മച്ചു.. എങ്ങിനെ ഉണ്ടെടെയ്‌'... ഞാന്‍ തലതിരിച്ചു ചോദിച്ചു... '

ഫ്ആ... നായിന്റെ മോനേ'...

തനി കണ്ണൂര് രീതിയില്‍ അവര്‍ സിമ്പിളായി അഭിപ്രായം രേഖപ്പെടുത്തി. ഞങ്ങള്‍ കണ്ണൂര്‍കാര്‍ ഇങ്ങനെയാ... സിമ്പിളായിട്ടു പറയുക, സിമ്പിളായിട്ടു പണിയുക ... അതാണ് ഞങ്ങളുടെയൊരു ലൈന്‍...

അപ്പോളാണു പ്രധാന ശത്രുവിനെ ഓര്‍മ വന്നത്. പതുക്കെ മമ്മൂട്ടിയുടെയും, സുരേഷ് ഗോപിയുടെയും ഒരു മിശ്രിതം എന്നില്‍ തികട്ടിവന്നു. അഹംഭാവമൊട്ടും ചോര്‍ന്നു പോകാതെ ഞാന്‍ സുരേഷ് ഗോപി സ്റ്റൈലില്‍ കന്തസാമിയെ നോക്കി മമ്മൂട്ടി സ്റ്റൈലില്‍ ഒരു ഡയലോഗ് ഡെലിവര്‍ ചെയ്തു.

'പാത്താച്ചാ??.. എപ്പടി ഇരുക്ക്?..'

നമ്മുടെ രണ്ടു സൂപ്പര്‍സ്ടാറുകള്‍ വന്നിട്ടും പതറാഞ്ഞ എതിരാളിയുടെ മുഖഭാവമെന്നെ ഞെട്ടിച്ചു. രണ്ടു സൂപ്പര്‍സ്ടാറുകളെക്കാളും പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ മെഗാസ്റ്റാര്‍ സ്റ്റൈല്‍മന്നന്‍ രജനികാന്ത് മറുഭാഗത്ത്‌ വന്ന പ്രതീതി. 100 പേര് തല്ലാന്‍ വരുമ്പോഴും ഒറ്റയ്ക്ക് തീര്‍ക്കാമെന്നുള്ള രജനിയുടെ അഹങ്കാരമില്ലായ്മയും, ആത്മവിശ്വാസവും, പുച്ഛവും ആ മരമോന്തയില്‍ ഞാന്‍ ദര്‍ശിച്ചു.

ആ പല്ലിന്‍വിടവില്‍ കൂടി കാറ്റിന്‍റെയകമ്പടിയോടെ ഒരു ഗര്‍ജനം.

'എന്ന നെനച്ചേ? നീയാണ്ട വണ്ടി നിപ്പാട്ടിനത്?.. ഇങ്ക പാര്ടാ...'...

ലവന്‍ ചൂണ്ടിക്കാണിചോടത്തെക്ക് ഞങ്ങള്‍ മൂവരും നോക്കി. കര്‍ത്താവേ... ബ്രേക്ക്‌ ലവന്‍റെ കാലിന്‍റെ കീഴിലും !! ലവനാണ്‌ പോലും ചവുട്ടിയത്!!

എല്ലാ സൂപ്പര്‍സ്റ്റാര്‍സും പോയി. സന്തോഷ്‌ പാണ്ടിറ്റ്‌ തിരികെയെത്തി. മനസ്സിലൊരു പെരുമ്പറ കൊട്ടി വിളംബരം പുറത്തു വന്നു.

'മുല്ലപ്പെരിയാര്‍ തമിഴ്‌നാടിന്‍ടെത് തന്നെ'...

"എന്നാലും  ലവനിപ്പോഴും 1000 രൂപയെനിക്ക് കടമാണ്. എന്നിട്ടാണ് തമിഴന്‍റെയൊരു അഹങ്കാരം."


വാല്‍ക്കഷണം: എന്തായാലും തിരികെ വരുന്നതിനു മുന്‍പ് ഗുരുവിനെ ഒരു വിജയനമായ സ്ഥലത്തു കൊണ്ട് പോയി പഞ്ഞിക്കിട്ടത്തിന്‍റെ ഗുരുത്വദോഷമാണോ എന്തോ...ഇതുവരെ ശരിക്കും ഓടിക്കാന്‍ പറ്റിയിട്ടില്ല..