Wednesday, October 12, 2011

നെഹ്രുവും ഇംഗ്ലീഷും


നെഹ്രുക്കഥകള്‍ എന്നു പറയുമ്പോള്‍ ഇത് സാക്ഷാല്‍ ചാച്ചാ നെഹ്രു അല്ല. ഇതു ഞങ്ങള്‍ പി.ജി ക്കു തമിഴ്നാട്ടില്‍ പഠിച്ചപ്പോള്‍ കോളേജില്‍ ഉണ്ടായിരുന്ന നെഹ്രു. ഞങ്ങളുടെ അട്മിനിസ്ട്രെറ്റീവ് ഓഫീസര്‍. ആകെ ചാച്ചാജിയുമായുള്ള സാമ്യം വെളുത്ത കളര്‍ മാത്രം. 

അദ്ദേഹത്തെക്കുറിച്ചു പറയുകയാണെങ്കില്‍ "അതാ അങ്ങോട്ടു നോക്കു", "അല്ലെങ്കില്‍ വേണ്ട ഇങ്ങോട്ടു നോക്കു" ... അല്ലെങ്കില്‍ എങ്ങോട്ടും നോക്കേണ്ട... അതിനുള്ള കോപ്പില്ല... ഞാന്‍ തന്നെ പറയാം...

അഞ്ചടി  ഉയരം... വെളുത്ത നിറം... ഉണ്ടപ്പരുവം... നെറ്റിയില്‍ കുറി... വെളുത്ത വസ്ത്രധാരി... റൂമില്‍ എപ്പോഴും ഇംഗ്ലീഷ് പേപ്പര്‍ മാത്രം... 

പൊതുവേ തമിഴര്‍ക്ക് നമ്മള്‍ മലയാളികള്‍ അവരെക്കാളും സൗന്ദര്യവും, വിവരവും, വിദ്യാഭ്യാസവും കൂടുതല്‍ ഉണ്ടെന്നുള്ള ഒരു കോംപ്ലെക്സ് ഉണ്ട്... സംഗതി സത്യമായതു കൊണ്ട് ഞങ്ങളായിട്ടു തിരുത്താന്‍ പോകാറുമില്ല... അങ്ങിനെയുള്ള കോംപ്ലെക്സിന്‍റെ നൂറാം നിലയില്‍ താമസിക്കുന്നവനാണു നമ്മുടെ നായകന്‍...

ഞങ്ങളുടെ കോളേജില്‍ താരതമ്യേന മലയാളികള്‍ കൂടുതലായതു കൊണ്ട് താരതമ്യേന ഇംഗ്ലീഷ് കൂടുതല്‍ സംസാരിക്കുന്ന താരതമ്യേന തമിഴനായ (സോറി... ഇവിടെ താരതമ്യേനയുടെ കാര്യമില്ലല്ലോ.. അല്ലെ!!! ക്ഷമി...) നെഹ്രുവിനെ അട്മിനിസ്ട്രെറ്റീവ് ഓഫീസറാക്കി (ശവം...)!!! അല്‍പന് മൊബൈല്‍ കിട്ടിയാല്‍ അര്‍ത്ഥരാത്രിക്കും എസ്.എം.എസ് അയക്കും എന്നതു പോലെയായി നെഹ്രുവിന്‍റെ കാര്യം... വേണ്ടതിനും വേണ്ടാത്തതിനും അദ്ദേഹം ഇംഗ്ലീഷ് വാരി വിതറി... 

അദ്ദേഹത്തിന്‍റെ ചരിത്രപ്രസിദ്ധമായ ചില പ്രയോഗങ്ങള്‍ താഴെ...

ഐ സോ ഇറ്റ്‌ യെസ്റ്റേര്‍ ഡേ!!!

ക്ലാസ്സ്‌ടീച്ചര്‍ പറഞ്ഞതനുസരിച്ച്‌ ഞാന്‍ നെഹ്രുവിന്‍റെ റൂമിലേക്കു പോയി. അന്നത്തെ ന്യൂസ്‌പേപ്പര്‍ വാങ്ങുകയായിരുന്നു അവശ്യം... ഡോര്‍ തട്ടി പെര്‍മിഷന്‍ വാങ്ങിയതിനു ശേഷം. അകത്തു കയറി. നെഹ്രു തിരക്കിലാണു.

പൊതുവേ ഇവന്‍മാരുടെ തമിഴ്‌ ഇതര ഭാഷയിലുള്ള നൈപുണ്യം അറിയാവുന്നതു കൊണ്ടും , സമയം കളയാനില്ലാത്തതു കൊണ്ടും , ആ സമയം കൊണ്ടു ഞാനത്യാവശ്യം തമിഴ്‌ പഠിച്ചത് കൊണ്ടും വന്ന കാര്യം തമിഴില്‍ അവതരിപ്പിച്ചു.

"സര്‍... ന്യൂസ്‌പേപ്പര്‍ കെടക്കുമാ??? മാഡം കേക്കുത്"... 

തമിള്‍ കേട്ടതും നെഹ്രു തല പൊക്കിയെന്നെ നോക്കി... ആ മുഖത്തൊരു പുച്ഛം ഞാന്‍ വായിച്ചു... പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ ഒരു ഭാവം... "ഇംഗ്ലീഷ് തെരിയാത്??? എന്ന പണ്ണലാം... ഇംഗ്ലീഷ് ബെറ്റര്‍ ടു കമ്മ്യൂണികേറ്റ്... യു നോ ഇംഗ്ലീഷ്??? പുവര്‍ യു" എന്ന മമ്മൂട്ടി ഡയലോഗായിരുന്നു ആ നോട്ടത്തില്‍...

പക്ഷെ നെഹ്രു മൊഴിഞ്ഞതു ഇത്ര മാത്രം... "വാട്ട്‌???"

"സര്‍... ടുഡേസ് ന്യൂസ്‌പേപ്പര്‍ പ്ലീസ്‌... മാഡം നീഡ്സ് ഇറ്റ്‌ ..." ഞാന്‍ മറുമൊഴി കൊടുത്തു...

ഇംഗ്ലീഷ് കേട്ടപ്പോള്‍ മന്നവേന്ദ്രന്‍റെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങി. കുറച്ചു നേരം അവിടെയൊക്കെ ഒന്നു തപ്പിയ ശേഷം നെഹ്രുവിന്‍റെ മറുപടി...

"യാ... ഐ സോ ഇറ്റ്‌ യെസ്റ്റേര്‍ ഡേ ഹിയര്‍... നൌ നോട്ട് സീ..."

ഇന്നത്തെ പേപ്പര്‍ ഇന്നലെ കണ്ടത്രേ!!! ദിവ്യന്‍!!!

യെവന്‍ യാര്??? നിങ്ങളു ഞെട്ടിയാ?? പക്കേങ്ങി ഞാന്‍ ഞെട്ടിയില്ല... സ്ഥിരം ഇതുപോലെ ഞെട്ടല്‍ നെഹ്രു തരുന്നതു കൊണ്ടു ഞെട്ടാന്‍ തോന്നിയില്ല... മാത്രവുമല്ല... ഇത്തരം ശൂന്യതയില്‍ നിന്നും അര്‍ഥം വായിക്കാന്‍ ഞങ്ങള്‍ പഠിച്ചു കഴിഞ്ഞിരുന്നു...

നെഹ്രു ഉദ്ദേശിച്ചത് ഇത്ര മാത്രം... 

"യാ... ഐ സോ ഇറ്റ്‌ യെസ്റ്റേര്‍ ഡേ".... അതായതു ഉത്തമാ... "ഞാന്‍ അതു നേരത്തെ ഇവിടെ കണ്ടിരുന്നു" എന്ന്...

ഗെറ്റ് ഔട്ട്‌!!!

ഒരു ദിവസം കോളേജില്‍ കറന്‍റ് പോയി... ഉച്ചക്കുശേഷം ഞങ്ങള്‍ക്ക് ലാബ് ആയിരുന്നു.. കറന്‍റ് ഇല്ലാതെ പ്രൊഡക്ടിവ്‌ ആയി ചെയ്യാന്‍ പറ്റുന്ന ഏകകാര്യമായ പഞ്ചാരയടിയില്‍ എല്ലാവരും വ്യാപൃതരായപ്പോള്‍ എല്ലാവരും പെര്‍മിഷന്‍ വാങ്ങി വീട്ടില്‍ പോക്കോളാന്‍ മാഡം പറഞ്ഞു. ലവളുക്ക് കണ്ണുകടി. രക്തത്തില്‍ പഞ്ചാര കൂടിയ അസുഖം ലവള്‍ക്ക് വരാന്‍ മനസ്സില്‍ പ്രാര്‍ത്ഥിച്ചു. പോകാനുള്ള പെര്‍മിഷന്‍ തരണ്ടത് സാക്ഷാല്‍ നെഹ്രു. ചോദിക്കേണ്ട നറുക്കു വീണതു എനിക്ക് തന്നെ...

അങ്ങിനെ ഞാന്‍ വീണ്ടും നെഹ്രുവിന്‍റെ അങ്കത്തട്ടിലേക്ക്... 

ഒരു കാരണവശാലും കോളേജ് റെഗുലര്‍ ടൈമില്‍ ഗേറ്റിന്‍റെ അടുത്തുള്ള ഗൂര്‍ഖ ഭീംസിങ് കാ ബേട്ടാ രാംസിങ് ഞങ്ങളെ പുറത്തു വിടാറില്ല... ലവന്‍ വിടണമെങ്കില്‍ നെഹ്രു പെര്‍മിഷന്‍ എഴുതിയ ലെറ്റര്‍ വേണം.. ആ കുന്തം മേടിക്കാനാണു ഞാന്‍ നില്‍ക്കുന്നത്... കാര്യം അവതരിപ്പിച്ചപ്പോള്‍ നെഹ്രു ഒരു തുണ്ടുകടലാസില്‍ എഴുതി തന്നു... 

തിരിച്ചു ക്ലാസ്സില്‍ പോകുന്ന വഴി അതു വെറുതെയൊന്നു വായിച്ചു ഞാന്‍ വെറുതെയൊന്നു ഞെട്ടി... അതു ഇപ്രകാരമായിരുന്നു...

"ഓള്‍ എം.സി.എ സ്റ്റുഡന്‍റ്സ് ആഫ്ടര്‍ നൂണ്‍ ഗെറ്റ് ഔട്ട്‌ !!!"

സംഭവം ഞെട്ടിയെങ്കിലും അപ്പംസ്‌ തിന്നാല്‍ പോരേ... അതിലെ പിറ്റ്സ് എന്തിനാ കൌണ്ട് ചെയ്യുന്നത് എന്നോര്‍ത്ത് ഞങ്ങള്‍ ഗൂര്‍ഖയെ ലക്‌ഷ്യമാക്കി നടന്നു...


മൂപ്പരും, നമ്പ്യാരും പിന്നെ നെഹ്രുവും

സ്ഥിരമെന്ന പോലെ വളരെ ലേറ്റായി മൂപ്പരും, നമ്പ്യാരും കോളേജിലേക്ക്‌. ഇവരുടെ കണ്ണിലൂടെയാണ് ഇനി കഥയുടെ പോക്ക്.

സാധാരണയായിക്കിട്ടാറുള്ള ഗതാഗത സൌകര്യങ്ങളൊക്കെ (ലൂണ/കാര്‍/ജീപ്പ്/ട്രാക്ടര്‍) പോയിക്കഴിഞ്ഞിരുന്നു. ബസ്സിനു പോകാമെന്നുവെച്ചാല്‍ ധനസഹായത്തിനു ക്ലാസ്സിലെ പെണ്‍പിള്ളേരോ, ജൂനിയേര്‍സോ ഇല്ല. അങ്ങിനെ ഇതികര്‍ത്തവ്യാമൂഡ്‌രായി ഞങ്ങള്‍ നില്‍ക്കവേ തേടിയവള്ളി കാലില്‍ച്ചുറ്റി.

ഒരു കോണ്‍ടസ്സാ കാര്‍ വന്നുമുന്നില്‍ ചവിട്ടി. "തമ്പി... ഇന്ത സത്തി എപ്പടി പോവറത് (അനിയാ... സത്തിയിലേക്ക് എങ്ങിനെയാണു പോകേണ്ടത്‌) ???"... ഒരു കരിംഭൂതം തല പുറത്തിട്ടു ചോദിച്ചു.

ഈ സത്തിയെന്നു പറയുന്നത് സത്തിക്കാടുകളുടെയൊക്കെ (വീരപ്പന്‍റെ പഴയ താവളം) ഏരിയയാണ്. ഞങ്ങളുടെ കോളെജും ആ റൂട്ടില്‍ത്തന്നെ. ഞങ്ങള്‍ വഴികാണിച്ചു കൊടുത്തു. പ്രത്യുപകരമെന്നോണം കോളേജ് വരെ ലിഫ്റ്റ്‌ (ഇരന്നു മേടിച്ചതാണെന്ന് ശത്രുക്കള്‍ പറഞ്ഞുപരത്തിയിരുന്നു). എന്താണെങ്കിലും രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും ചിക്കന്‍ബിരിയാണി തന്നെ. കാലില്‍ ചുറ്റിയ വള്ളികളൊക്കെ വലിച്ചുപറിച്ചു കളഞ്ഞ് ഞങ്ങള്‍ കോണ്‍ടസ്സയില്‍.

കോളേജ് കവാടത്തില്‍ പോയി കോളേജ് വിലക്കുവാങ്ങിയ ഭാവത്തില്‍ ഇറങ്ങി. തൊട്ടുമുന്‍പില്‍ കോളേജിലെ പുതിയ ഗൂര്‍ഖ ഭീംസിംഗ് ക ബേട്ടാ രാംസിംഗ് കാ ഭായ് ക്രൂര്‍സിംഗ്.

അങ്ങേരു പുതിയതായതിനാലാണോ അതോ വന്നിറങ്ങിയവന്‍മാര്‍ കോളേജിലധികം മുഖം കാണിക്കാതവരായതിനാലാണോ എന്തോ ക്രൂര്‍സിംഗ് ക്രൂരമായൊന്നു നോക്കി.  വന്നിറങ്ങിയവന്‍മാര്‍ക്ക് അവിടെ പഠിക്കാനുള്ള ഒരു ലുക്ക്‌ ഇല്ലാത്തതു കൊണ്ടു ഉടന്‍ ചോദ്യം വന്നു.

"ക്യാ ചാഹിയേ??? കിസ്കോ ദേഖ്നാ ഹേ???"...

ഞങ്ങള്‍ക്ക് എന്തര് ഹും... ഹോ... ഹേ...

ഹം ഹിന്ദി മാലൂം ഇല്ല... ഹോ... ഞങ്ങള്‍ക്ക് ഹിന്ദി അറിഞ്ഞൂടാന്ന് ഈ മറുതായോട് ആരെങ്കിലും പറയെടെ എന്ന ആത്മഗതവുമായി നിന്നു. ഞങ്ങളുടെ ഹിന്ദിയിലെ അപാരപാണ്ഡിത്യം കണ്ട മി.ക്രൂര്‍ അവനറിയാവുന്ന തമിഴിലൊരു ശ്രമം നടത്തി.  "എന്ന പണ്ണരുതുക്കാകെ ഇങ്കേ വന്തേന്‍???"

ഞങ്ങള്‍ ഞെട്ടി പരസ്പരം നോക്കി. "ഇപ്പോഴോ!!! ഈ നട്ടുച്ചക്കോ!!! ഹേയ്... ഞങ്ങളാ ടൈപ്പല്ല... വൃത്തികെട്ടവന്‍... മ്ലേച്ചന്‍‍.." ഞങ്ങള്‍ ഒരേവിധം മനസ്സില്‍ ചിന്തിച്ചു. ഇതിലും ഭേദം ഹിന്ദിയായിരുന്നു. അതാകുമ്പോ മനസിലാകാതെയെങ്കിലുമിരിക്കും.

അവസാനം സഹികെട്ട മൂപ്പര്‍ തന്‍റെ അവസാനശ്രമമെന്ന രീതിയില്‍ ഒരു മുറിഹിന്ദി എടുത്തങ്ങ് വീശി. എത്ര വാളും, ഉറുമിയും വീശിയിരിക്കുന്നു. പിന്നെയാ ഇത്...

"ദോ M. B. A". കൂടെയൊരു സപ്പോര്‍ട്ടിനു വിക്ടറി സിംബലും (V)  കാണിച്ചു.  മൂപ്പര്‍ ഉദ്ദേശിച്ചത് സെക്കന്‍റ് M. B. A എന്നാണ്.

ക്രൂര്‍സിംഗ് കേട്ടത് "ദോ M. P". ഉടന്‍ വിളിച്ചു നെഹ്രുവിന്. "സാബ്. ദോ M. P ലോഗ് ആപ്സേ മില്‍നേ കേലിയെ ആയേ ഹേ (സര്‍. രണ്ടു M. P മാര്‍ താങ്കളെക്കാണാന്‍ വന്നിട്ടുണ്ട്)".

കേട്ടപാതി കേള്‍ക്കാത്ത പാതി നമ്മുടെ കഥാനായകന്‍ നെഹ്രു ഞങ്ങളെ അകത്തേക്ക് ആനയിക്കാന്‍ പറഞ്ഞു.

ഞങ്ങള്‍ അറച്ചറച്ചു നെഹ്രുമന്ദിരത്തില്‍ എത്തി. 'അല്ലെങ്കിലേ ദുര്‍ബല... ഇപ്പോള്‍ ഗര്‍ഭിണിയും' എന്നതായി ഞങ്ങളുടെ അവസ്ഥ. ഞങ്ങളേ കാണുന്നതേ നെഹ്രുവിനു ചതുര്‍ഥിയാണ്. നെഹ്രു പ്രതീക്ഷിച്ചത് M. P. എത്തിയത് മണിയമ്പറ പുരുഷുവും, കൊണ്ടോട്ടി വാസുവും.

ദൈവമേ... M. P എന്നുദേശിച്ചത് മരപ്പൊട്ടന്‍മാര്‍ എന്നായിരുന്നോ? നെഹ്രു മനസിലോര്‍ത്തു. അതോ മകാരവും പകാരവും കൂട്ടി വല്ല കട്ടി വാക്കുകളുമാണോ ഓര്‍ത്തത്‌??

എന്തായാലും വിശിഷ്ടവ്യക്തികള്‍ വന്നതല്ലേ... ഞങ്ങളെയും കൂട്ടി നെഹ്രു പ്രിന്‍സിപ്പാളിന്‍റെ കാബിനിലേക്ക്. പിന്നെ ആംഗലേയ ഭാഷയില്‍ തെറിയഭിഷേകം. ഞങ്ങള്‍ക്കാണെങ്കില്‍ ചിരിയഭിഷേകം. ചിരി കണ്ട നെഹ്രു ലാസ്റ്റ്‌ വാര്‍ണിംഗ് (ഇതു കൂടെക്കൂടെ തരുന്നതാ) തന്നതിങ്ങനെ...

"ടുമോറോ മോര്‍ണിംഗ് ഷാര്‍പ്പ് 9 യു ആര്‍ നോട്ട് കമിംഗ് ആന്‍ഡ്‌ ഷിട്ടിംഗ് ഇന്‍ യുവര്‍ സീറ്റ്‌ ഐ വില്‍ കം ആന്‍ഡ്‌ ഷിറ്റ്‌ ദേര്‍ ആന്‍ഡ്‌ യുവര്‍ ക്ലാസ്സ്‌ വില്‍ സ്പോയില്‍ട്".

അതായത് നാളെ രാവിലെ കൃത്യം 9 മണിക്ക് ക്ലാസ്സില്‍ വന്നു ഇരുന്നില്ലെകില്‍ ഞാന്‍ വരും. പിന്നെ നിങ്ങളുടെ കാര്യം കട്ടപൊക.

ഇതു കൂടെ കേട്ടപ്പോള്‍ ഞങ്ങളുടെ ചിരിപൊട്ടി. മൂപ്പര്‍ 'ഫ്രണ്ട്സ്' ഫിലിമില്‍ ശ്രീനിവാസന്‍ ചിരിക്കുന്ന പോലെയായി. ഇതു നെഹ്രുവിനെ വീണ്ടും ഉത്തേജിതനാക്കി. അടുത്ത ഗര്‍ജനം (പ്രിന്‍സിപ്പാളിനെ നോക്കിക്കൊണ്ട്).

"അയാം സെടടിംഗ് സീരിയസ് മാറ്റര്‍. സീ ദീസ് ആസ്ഹോള്‍സ് ലാഫിംഗ്".

ഉദ്ദേശിച്ചത് ഇത്രമാത്രം.

നോക്കിയേ... ഞാനിവിടെ കാര്യമായി പറയുമ്പോളാണു ഈ കഴുതകള്‍ മുഴുവന്‍(whole) സമയവും ചിരിക്കുന്നത്...

മി ഡിസ്മിസ് കോളേജ്!!!

ബൈ ദ ബൈ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഈ മഹാന്‍ താമസിക്കുന്നത് ഞങ്ങള്‍ താമസിക്കുന്ന കോംപ്ലെക്സില്‍ത്തന്നെയാണ്. അദ്ദേഹം വല്യപുള്ളി ആയതുകൊണ്ടു മുകളിലത്തെ നിലയിലും, ഞങ്ങള്‍ പാവപ്പെട്ടവരായതുകൊണ്ട് താഴത്തെ നിലയിലും.

മിക്കവാറും മദ്യപാന ആഘോഷദിനങ്ങളില്‍ അദ്ദേഹത്തിന്‍റെ തീഷ്ണമായ നോട്ടവും, സാമാന്യം ഭേദപ്പെട്ട തെറികളും ഞങ്ങള്‍ മേടിച്ചുകെട്ടാറുണ്ട്.

അങ്ങിനെയൊരു ആഘോഷദിനത്തില്‍ ഉന്‍മാദാവസ്ഥയിലുള്ള ഞങ്ങള്‍ എത്ര മോശം അവസ്ഥയിലും ദൈവവിശ്വാസം കൈവിടാത്തവരായത്‌ കൊണ്ട് കൊടുങ്ങല്ലൂര്‍ അമ്മയെ പ്രകീര്‍ത്തിക്കുന്ന ശ്ലോകങ്ങള്‍ ഉച്ചത്തിലും, താളത്തിലും ചൊല്ലിക്കൊണ്ട് വാസസ്ഥലത്തു എത്തി. എന്നാല്‍ ഞങ്ങളെ വരവേറ്റത് സാക്ഷാല്‍ നെഹ്രു.

താഴത്തെ നിലയില്‍ വന്ന അദ്ദേഹം തമിഴില്‍ എന്തോ ഞങ്ങളോടു മൊഴിഞ്ഞു. ഞങ്ങള്‍ പാടിയതിന്‍റെ ശ്രുതി ശരിയായില്ല എന്നാണെന്നു തോന്നുന്നു. തമിഴ്‌ മനസിലാകാഞ്ഞ ഞങ്ങള്‍ കേട്ടഭാവം നടിച്ചില്ല.

പിന്നേ... ഉന്‍മാദാവസ്ഥയിലല്ലേ ശ്രുതി. അവളല്ല, അവളുടെ തള്ളയെ പോലും നമ്മളു മൈന്‍ടൂല...

എന്നാലും ശ്രുതി കറക്റ്റ് ചെയ്യാനെന്തിനാണു മുഖഭാവമിത്ര കലിപ്പിച്ചത് എന്നൊരു സംശയം ന്യായമായും ഞങ്ങള്‍ക്കുണ്ടായി. യേശുദാസ്‌ മാത്രം പാടിയാല്‍ മതിയോ ഇവിടെ???

സംഗതി വഷളാകുന്നതു കണ്ടയൊരു ഭക്തന്‍ ദേവിയെ പ്രസാദിപ്പിക്കാന്‍ ഉച്ചത്തിലൊരു ദേവീകീര്‍ത്തനം ചൊല്ലി.

"താനാരോ... താനാരോ..."

അതും പ്രതീക്ഷിച്ച ഫലം കണ്ടില്ല. മുഖത്തു നോക്കി താനാരാണെന്ന് ചോദിക്കുന്നതു കേട്ട നെഹ്രുവിന്‍റെ മുഖം 'ഇത്ര പോപുലറായ എന്നെക്കണ്ടിട്ടു മനസിലായില്ലെടാ ജാഡതെണ്ടികളെ' എന്ന രീതിയില്‍ വലിഞ്ഞു മുറുകി.

സംഗീതത്തിന്‍റെ സംഗതികളെക്കുറിച്ചോ,കൊടുങ്ങല്ലൂരമ്മയുടെ ഇഷ്ടങ്ങളെക്കുറിച്ചോ അറിയാത്ത പരട്ട ലോക്കല്‍സ് ലവനോടു കംപ്ലൈന്‍റ് പറഞ്ഞ് പോലും. അത്യാവശ്യം തമിഴ്‌ മനസിലായ ഒരു ഭക്തന്‍ ബാക്കി ഭക്തക്കൂട്ടത്തോടു പറഞ്ഞു.

ഞങ്ങളുടെ പ്രശ്നം(അണ്ടര്‍സ്റ്റാന്‍ഡിംഗ് തമിഴ്‌ ഡിഫിക്കല്‍റ്റി സിന്‍ഡ്രോം) മനസിലാക്കിയ നെഹ്രു ഉടന്‍ അതിന്‍റെ ഇംഗ്ലീഷ് വേര്‍ഷന്‍ റിലീസ് ചെയ്തു.

നെക്സ്റ്റ് ടൈം നുയിസ്സന്‍സ്‌ ലോക്കല്‍ കംപ്ലൈന്‍റ് മി ഡിസ്മിസ് കോളേജ് !!!

എന്നുവെച്ചാല്‍ അടുത്തപ്രാവശ്യം ലോക്കല്‍സ് കംപ്ലൈന്‍റ് ചെയ്താല്‍ നിന്നെയൊക്കെ കോളേജില്‍ നിന്നും പറഞ്ഞുവിടും എന്ന്.

ഒടുവില്‍ അറിഞ്ഞത്!!!

ഞങ്ങളുടെ വീട്ടിനടുത്തൊരു സ്വാമി ഉണ്ടായിരുന്നു. നെഹ്രുവിന്‍റെ ഭാര്യ അങ്ങേരുടെ കട്ട ഫാനായതില്‍പ്പിന്നെ നെഹ്രു അവിടം വിട്ടുപോയി. സ്വാമിക്കു ഇംഗ്ലീഷ് അറിയാഞ്ഞിട്ടോ അതോ ഭാര്യക്കു തമിഴ്‌ ശരിക്കും അറിഞ്ഞിട്ടോ എന്തോ...

ആവോ.. ഞങ്ങളായിട്ട് ചോദിക്കാന്‍ പോയില്ല. അല്ലെങ്കിലും മറ്റുളളവരെ ബുദ്ധിമുട്ടിക്കുന്നതു പണ്ടേ ഞങ്ങള്‍ക്ക് ഇഷ്ടമല്ലല്ലോ!!!

വാല്‍ക്കഷ്ണം: നെഹ്രുവിന്‍റെ ഇംഗ്ലീഷ് മനസിലാക്കി ശീലിച്ചതുകൊണ്ട് ഇപ്പോഴും കള്ളകൂതറ മിസരികളുടെയും(Egyptians), പീലുക്കളുടെയും(Philippinese) സൊകോള്‍ഡ്‌ ഇംഗ്ലീഷ് അഡ്ജസ്റ്റ് ചെയ്തു പോകുന്നു.

4 comments:

  1. നെഹ്രുവിന്റെ (തമിഴന്മാര്‍ നെഹ്‌റു എന്ന് പറയില്ല നേരു എന്നെ പറയൂ.) മറ്റൊരു ഇംഗ്ലീഷ് പ്രയോഗം :-
    ഞാന്‍ BSc Interior Design ഫസ്റ്റ് യിയര്‍ പഠിക്കുമ്പോള്‍ ഹോസ്റ്റലില്‍ ഞാന്‍ മാത്രമേ മലയാളി ഉള്ളു. അതുകൊണ്ട് പൊങ്കലും തൈര്സാദവും എല്ലാം കഷ്ടപ്പെട്ട് കഴിച്ചു കഴിച്ചു അവയെല്ലാം എന്റെ ഇഷ്ട വിഭവങ്ങളായി മാറിയപ്പോഴാണ് പുതിയ ഫസ്റ്റ് MCA ക്കാരുടെയും MBA ക്കാരുടെയും വരവ്. അവര്‍ക്ക് മെസ്സ് കണ്ടാല്‍ അറപ്പ്, നാട്ടില്‍ നിന്ന് കൊണ്ടുവന്ന അച്ചാര്‍ കൂട്ടിയേഇവരുടെ വരവോടെ ഭക്ഷണം കഴിക്കൂ ഇത്യാദി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അമ്മനിലെ മെസ്സ് കണ്ടാല്‍ പട്ടി വെള്ളം കുടിക്കില്ലെന്ന് ആരോ താന്‍ മുന്‍പ് പഠിച്ച നക്ഷത്ര കോളേജായ പാര്‍ക്ക് കോളേജില്‍ പറഞ്ഞിട്ടുണ്ടെന്നു ജിസ്മിചേച്ചി അനുസ്മരിക്കുകയും ചെയ്തു. ഇവരുടെ വരവോടെ ഞാന്‍ ചെകുത്താനും നടുക്കടളിനും ഇടയിലായി. ഒരു വര്ഷം എന്നെ പോന്നു പോലെ നോക്കിയ തമിഴത്തികളെ തള്ളിപ്പറയാനും വയ്യ വംശീയമായി മലയാളികളെക്കാള്‍ വളരെ താഴ്ന്നവരാണ് തമിഴത്തികള്‍ എന്നാ മട്ടിലുള്ള മലയാളികലോറൊപ്പം കൂടാനും വയ്യ എന്ന അവസ്ഥയായി. മെസ്സിലെ ഭക്ഷണമായിരുന്നു പ്രധാന പ്രശ്നം. അവസാനം നേരുവിനോട് കംപ്ലൈന്റ്റ്‌ പണ്ണരുതുക്കാക (തെറ്റിദ്ധരിക്കല്ലേ തമിഴാണ് ) മലയാളികള്‍ എന്നെയും കൂട്ട് വിളിച്ചു. ഒരുവര്‍ഷത്തിനിടയില്‍ തമിഴ് നന്നായി സംസാരിക്കുന്ന എന്നെക്കൊണ്ട് അവരുടെ കരളലിയിക്കുന്ന പ്രശ്നം അവതരിപ്പിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു. പക്ഷെ നേരുവിന്റെ മറുപടിയായിരുന്നു മറുപടി.
    "ഓക്കേ മാ .I WILL ARRANGE A COOKER FROM KERALA SOON."

    ReplyDelete
  2. Anoope, kalakkiyeda.
    Laughing that too really seriously after a long time.
    You have taken me back to those old golden moments.
    None other than u cud hv written like this.
    Hats off to you. Really miss u man.
    Keep writing.
    Sabari

    ReplyDelete
  3. @Savitha: അതു പൊളിച്ചുട്ടാ... also ur writing is superb. Start a blog from your side yaar.

    @Sabari: Chettai. Thanks...Miss u too. More Stories on the way...

    ReplyDelete
  4. Anoop...athu kalakki....I still remember his dialogues and that chiri...as we (ADP) were frequent visitors to the office I can understand all these dialoges :)))

    ReplyDelete