Sunday, December 18, 2011

എ കളര്‍ഫുള്‍ കാക്ക


നായകന്‍ എന്‍റെ സഹമുറിയന്‍.
M. C. A പഠനത്തിനു ചേര്‍ന്ന സമയം.
സ്ഥലം ഈറോഡ് എന്ന വസ്ത്രവ്യാപാര നഗരം.

ടിയാന്‍ കണ്ണൂരിലെ ഒരു പ്രശസ്തമായ (വല്യ പ്രശസ്തിയൊന്നുമില്ലയെങ്കിലും ടിയാന്‍ അവകാശപ്പെടുന്നത് അങ്ങിനെയെന്നാണ്) വസ്ത്രവ്യാപാരിയുടെ മകന്‍. തന്‍റെ പിതാവിന്‍റെ കച്ചവടപരസ്യത്തിനു ലഭിച്ച ഒരേയൊരു മോഡല്‍ എന്നരീതിയില്‍ അവിടെ ലഭ്യമായ ഏറ്റവും കൂതറ വസ്ത്രങ്ങള്‍ ധരിച്ചാണ് പൊതുവേ ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടാറു. ഒരു കുപ്പായത്തില്‍ത്തന്നെ പല വര്‍ണ്ണങ്ങള്‍ (അവിടെ ബാക്കിവന്ന തുണികള്‍) തുന്നിപ്പിടിപ്പിച്ചു ഞങ്ങളുടെ മുന്നില്‍വന്നു എല്ല് പിടിച്ചു (പിടിക്കാന്‍ മസില്‍ ഇല്ല) നില്‍ക്കും. എന്നിട്ടൊരു ചോദ്യവും.

"എങ്ങിനെയുണ്ട്??? സൂപ്പര്‍ അല്ലെ??? എടാ... എപ്പോഴും ബ്രാന്‍ഡഡ് ഡ്രസ്സ്‌ ധരിക്കണം...എന്നാലെ ആളുകള്‍ക്കു നമ്മളെപ്പറ്റിയൊരു മതിപ്പ് വരൂ... "

നടുവിനു രണ്ടു കയ്യും കൊടുത്തു ഒരു ഉറപ്പിക്കല്‍ കൂടി... "യേത്... "
ഒരു മാതിരി 'ഇങ്ങനെ സിമ്പിളായി ഡ്രസ്സ്‌ ധരിക്കുന്ന ആണ്‍പിള്ളേരെ പെണ്‍കുട്ടികള്‍ക്ക്‌ ഇഷ്ടമല്ല??? ഡോണ്ട് ദേ ലൈക്‌???' എന്ന ലൈന്‍.

ചുരുക്കം പറഞ്ഞാല്‍ ടേസ്റ്റ് പൊതുവേ ചീപ്പ് ആണ്.

വീണ്ടും ശ്രദ്ധ ഈറോഡിലേക്ക്. അവിടെയങ്ങിനെ ടിയാന്‍ പല വര്‍ണങ്ങളില്‍, പല ഭാവങ്ങളിലുള്ള വസ്ത്രങ്ങള്‍ ഇറക്കിക്കൊണ്ടിരുന്നു. ഓരോ സെമസ്റര്‍ ലീവിനു പോകുമ്പോഴും ലേറ്റസ്റ്റ് ചവറുകള്‍ യഥേഷ്ടമെത്തിക്കൊണ്ടിരുന്നു. ഇതൊക്കെയാണെങ്കിലും വസ്ത്രങ്ങള്‍ക്ക് പൈസ ചിലവാക്കെണ്ടാത്ത ഭാഗ്യവാന്‍ എന്നൊരസൂയ ഞങ്ങള്‍ക്കവനോടു തോന്നിയിരുന്നു.

എന്നിരുന്നാലും കളസം/അണ്ടര്‍വെയര്‍/ജട്ടി എന്നൊക്കെ അറിയപ്പെടുന്ന പ്രോഡക്റ്റ് ലവന്‍റെ കടയില്‍ ലഭ്യമല്ലാത്തതിനാല്‍ പുറത്തുനിന്നു വാങ്ങാന്‍ നിര്‍ബന്ധിതനായിരുന്നു.

ഈറോഡില്‍ ചൊവ്വാഴ്ച ചന്ത ദിവസമാണ്. അന്നു തുണിത്തരങ്ങള്‍ വളരെ തുച്ഛമായ വിലയ്ക്കു കിട്ടും. ഒരു വൈകുന്നേരം ടിയാന്‍ ചന്തയില്‍ മേഞ്ഞതിനുശേഷം ഒരു കവര്‍ ഞങ്ങളുടെ മുന്നിലേക്ക്‌ ഇട്ടു. തുറന്നു നോക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്സിന്‍റെ നിറം തിരഞ്ഞെടുക്കാന്‍ വെച്ചതുപോലെ വിവിധ നിറങ്ങള്‍. സിമ്പിള്‍ മുതല്‍ അക്രമ ഫ്ലൂറസന്‍റ് നിറങ്ങള്‍ വരെ. ഞങ്ങള്‍ ദയനീയമായി ലവനെ നോക്കി.

നോട്ടത്തിന്‍റെ അര്‍ഥം മനസിലായ ലവന്‍ വിശദീകരണം തന്നു. ചന്തയില്‍ ആദായവില്‍പ്പന. പത്തു രൂപയ്ക്ക് ഒരു ഡസന്‍.

"ഭാഗ്യം!!! 12 എണ്ണം. ഒരു വര്‍ഷത്തേക്കിനി കളസമേ വേണ്ട !!!"... കൂടെയോരുത്തന്‍റെ ആത്മഗതം.

പെട്ടെന്നൊരു ചോദ്യമുയര്‍ന്നു. "അല്ലെടെ... ഇതു ബ്രാന്‍ഡഡ് അല്ലല്ലോ..."

ടിയാന്‍റെ ഉത്തരമിങ്ങനെ... "ബ്രാന്‍ഡഡ് പുറത്തിടുന്ന വസ്‌ത്രങ്ങള്‍ക്കു മാത്രമാണെടാ... കൂട്ടിലെ കിളിക്കെന്തിനാ സ്വര്‍ണ്ണചങ്ങല???"

'ബ്രാന്‍ഡഡ്' എന്നതിന്‍റെയര്‍ഥം സാഹചര്യത്തിനനുസരിച്ചു മാറുന്നത് ഞങ്ങള്‍ തത്സമയം കണ്ടു.

ദിവസേന ക്ലാസ്സില്‍ പോകാനും, പഠിക്കാനും ആര്‍ക്കുമൊരു ശുഷ്കാന്തിയില്ലെങ്കിലും ഭവാനി സംഗമേശ്വരക്ഷേത്രത്തില്‍ പോകാന്‍ എല്ലാവര്‍ക്കും അതീവതാല്‍പര്യമായിരുന്നു. അവിടെ മൂന്നു നദികളുടെ സംഗമസ്ഥാനത്തുള്ള നീരാട്ടും, അമ്പലത്തിലെ മൃഷ്ടാനമായ നിവേദ്യവും, തരുണിമണികളുടെ ദര്‍ശനവും ഒരുദിവസം പോലും ഒഴിവാക്കാനാരും തയ്യാറല്ലായിരുന്നു. കുറ്റം പറയരുതല്ലോ... പരീക്ഷക്കാലത്തും, റിസല്‍റ്റ് വരാറാകുമ്പോഴും ഞങ്ങള്‍ പ്രാര്‍ഥിക്കാറുമുണ്ടായിരുന്നു.

നീരാട്ടു സമയം മിക്കവാറും 'കാക്ക' (ഇതു ഞങ്ങള്‍ കണ്ണൂരുകാരു പറയുന്ന പേരാ... നിങ്ങള്‍ സൌകര്യത്തിനു മാറ്റിക്കോളൂ...) കളിയില്‍ ആര്‍മാദിക്കും. കാക്ക കളി അറിയാത്തവര്‍ക്കായി സംഭവം ചുവടെ.

ഒരാളെ കാക്ക ആയി നറുക്കെടുക്കും. ബാക്കി എല്ലാവരും നീന്തി അകലെ പോകും. നമ്മള്‍ വെള്ളത്തില്‍ ഉള്ളപ്പോള്‍ കാക്ക വന്നു ആരെയെങ്കിലും തൊട്ടാല്‍പിന്നെ ആയാളായി കാക്ക.  വെള്ളത്തില്‍ ഉള്ളപ്പോള്‍ മാത്രമേ തൊടാന്‍ പറ്റൂ. കരയില്‍ കയറിയാല്‍ തൊടരുത്. കൂടുതല്‍ സമയം കരയില്‍ നില്‍ക്കുകയുമരുത്. കാക്ക ആയിക്കഴിഞ്ഞു എത്രവേഗം അടുത്തയാളെ കാക്ക ആക്കുന്നുവോ, ലവനാണ് മിടുക്കന്‍. നല്ല നീന്തല്‍വിദഗ്ദരും, മുങ്ങല്‍ വിദഗ്ദരും ഈ വിധത്തില്‍ മിടുക്കന്‍മാരായി കൊണ്ടിരുന്നു. മുങ്ങല്‍വിടഗ്ദാര്‍ക്കാണ്‌ മിടുക്കു കൂടുതല്‍. ലവന്‍മാര്‍ മുങ്ങിയാല്‍ പൊങ്ങുന്നതു നമ്മുടെ അടുത്തായിരിക്കും. അടുത്ത കാക്ക നമ്മള്‍തന്നെ. ഉറപ്പിക്കാം.

ടിയാന്‍ ഇപ്രകാരമുള്ള ഒരു മിടുക്കന്‍ മുങ്ങല്‍ വിദഗ്ദന്‍ ആയിരുന്നു.

അന്നത്തെ ദിവസവും എല്ലാവരും നീരാട്ടു കേന്ദ്രത്തിലെത്തി. നിമിഷനേരം കൊണ്ട് എല്ലാ സോഫ്റ്റ്‌വെയര്‍ കാരും അണ്ടര്‍വെയര്‍ കാരായി. കാക്കക്കുളിയും, കാക്ക കളിയും തുടങ്ങാനുള്ള ആഹ്വാനംചെയ്തു. ആദ്യത്തെ കാക്കയെ മിക്കവാറും നറുക്കിട്ടാണു തീരുമാനിക്കുന്നത്‌. നറുക്കു വീണത്‌ ടിയാന്.

മുതുലക്കുഞ്ഞുങ്ങള്‍ കണക്കെ എല്ലാവരും വെള്ളത്തില്‍ മുങ്ങിപ്പൊങ്ങാന്‍ തുടങ്ങി. ലവന്‍ ഫയങ്കര മുങ്ങിസ്റ്റ്‌ ആയതിന്‍റെ അഹങ്കാരത്തോടെ വെള്ളത്തിലേക്കു ചാടി. എല്ലാവരും ലവനില്‍ നിന്നും കാതങ്ങള്‍ അകലെ നിന്നു. കാണാതായപ്പോള്‍ എല്ലാവനും കരക്ക് കയറി. ഫയങ്കരന്‍ എവിടെ പൊങ്ങുമെന്നു പറയാന്‍ പറ്റില്ല.

പക്ഷെ അന്നുമാത്രം എല്ലാവനും കൂടുതല്‍ സമയവും കരയില്‍ത്തന്നെയിരുന്നു. അടുത്ത കാലത്ത് നീന്തല്‍ പഠിച്ച കൊച്ചു മുതലക്കുഞ്ഞുങ്ങള്‍ വരെ ടിയാനെ വെല്ലുവിളിച്ചു. കാക്ക മുങ്ങുമ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ കരയിലേക്കു പൊങ്ങും. കാക്ക പൊങ്ങുമ്പോള്‍ മുതലക്കുഞ്ഞുങ്ങള്‍ വെള്ളത്തിലേക്കു മുങ്ങും.

ടിയാന് ഒരു പിടിയും കിട്ടുന്നില്ല. 'എന്‍റെ നീന്തല്‍ ദൈവങ്ങളേ...  ഇതെന്തു പറ്റി??? ഇവന്മാരെല്ലാം കണ്ണുകൊണ്ടതാണോ???'... ടിയാന്‍ മനസ്സില്‍ ചിന്തിച്ചു.

ടിയാന്‍ പൊങ്ങുന്നതിന്‍റെ എതിര്‍വശത്താണ് മിക്കവാറും കൂട്ടം. ചുരുക്കം പറഞ്ഞാല്‍ അന്നുമുഴുവന്‍ ടിയാന്‍ തന്നെ കാക്ക.

തന്‍റെ മുങ്ങല്‍ പെര്‍ഫോര്‍മന്‍സ് റൌണ്ടില്‍ തോറ്റ ടിയാന്‍ എസ്.എം.എസിന് ചോദിക്കുന്നത് പോലെ എന്നോടു ചോദിച്ചു. 'എന്തെന്നാന്നെടെ... ഇന്നു നീയെല്ലം ഭയങ്കര മുങ്ങലും, നീന്തലും ആയിരുന്നല്ലാ... നീയെല്ലം എന്തെങ്കിലും ഉത്തേജനമരുന്നും അടിച്ചിട്ടാ വന്നീന്???'

ഞാന്‍ ശാന്തനായി ടിയാനോടു കാര്യം പറഞ്ഞു.

"മച്ചൂ... ഇന്നാണു ഞങ്ങള്‍ ഏറ്റവും കുറച്ചു മുങ്ങിയതും, നീന്തിയതും... നീ മുങ്ങിപ്പോയപ്പോഴെല്ലാം നീ പോകുന്ന വഴിയേ ഒരു ചുവന്ന കളറും പോയി. നിന്‍റെ കളസത്തിന്‍റെ കളര്‍ ഇളകിയതു കൊണ്ടു മന്ത്രിക്കു എസ്കോര്‍ട്ട് പോകുന്ന വാഹനങ്ങള്‍പോലെ നീ പോയ വഴിയെല്ലാം  അതും പിന്തുടര്‍ന്നു".

ഉടനെ കൂടെയുള്ള മറ്റൊരുത്തന്‍. " പിന്നെ എന്തരിനെടെ ഞങ്ങള് ചാടണത്???  എസ്കോര്‍ട്ട് നിറുത്തുമ്പ ഞങ്ങള് ചാടിയാ പോരെടെയ്‌???"

ടിയാന്‍ ഞെട്ടലോടെ അതുവീക്ഷിച്ചു... ഇറങ്ങിയപ്പോള്‍ ചെമ്പരത്തിപ്പൂവിന്‍റെ കളര്‍ ഉണ്ടായിരുന്ന കളസമിപ്പൊ മുല്ലപ്പൂവിന്‍റെ കളര്‍ !!!

അന്നാദ്യമായി ബ്രാന്‍ഡഡ് ജട്ടിയുടെ പ്രാധാന്യം ടിയാന്‍ മനസിലാക്കി. ലവന്‍റെ മനസു മന്ത്രിച്ചു.... 'കൂട്ടിലെ കിളിക്കും ചിലപ്പോള്‍ സ്വര്‍ണ്ണചങ്ങല വേണ്ടിവരും'.

Thursday, December 1, 2011

എന്‍റെ അനാമിക



ഇന്ന് 15-അം തീയതി. എല്ലാ മാസങ്ങളിലും വ്യഗ്രതയോടെ കാത്തിരിക്കുന്നയാ നാള്‍. ഇതെന്‍റെ മനസ്സില്‍ സന്തോഷമാണോ, അതോ നീറ്റലാണോ കൊണ്ടു വരുന്നതെന്നു അവ്യക്തം.

ഓര്‍മ്മകള്‍ നല്ല നാളൂകളിലേക്ക് ഊളിയിട്ടു. അര്‍ച്ചനയുമൊത്തുള്ള സുന്ദരമായ ദാമ്പത്യജീവിതവും, ഞങ്ങളുടെ പൊന്നുമകള്‍ അനാമികയുടെ കളിചിരികളുള്ള സന്തുഷ്ടഭരിതമായ ദിനങ്ങളും മനസ്സിലേക്ക് ഓടിയെത്തി. സന്തോഷത്തിനുമേല്‍ ചെകുത്താന്‍റെ കയ്യൊപ്പെന്ന പോലെയെത്തിയ കറുത്തദിനവും, ഞങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടുണ്ടായ ആപത്തും, അര്‍ച്ചനയുടെ വേര്‍പാടും, അനാമികയുടെ ഭയന്നു വിറങ്ങലിച്ച മുഖവുമൊക്കെ ഇന്നലെയെന്ന പോലെ മിന്നിമറഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞതു ഞാനറിഞ്ഞു.

ദിനചര്യകളൊക്കെ യാന്ത്രികമായി നടത്തിക്കഴിഞ്ഞു ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെയും മനസ്സൊരിടത്തും നില്‍ക്കാതെ യാന്ത്രികത തുടര്‍ന്നു. സമയം നീങ്ങുന്നതേയില്ല. ഉച്ചക്കുശേഷം അവധി അനുവദിക്കപ്പെട്ടെങ്കിലും, ഉച്ചയെന്നത് യുഗങ്ങള്‍ അകലെയാണെന്ന് തോന്നി.

ഉച്ചഭക്ഷണവേളയില്‍ ശീഖ്രം പുറത്തേക്കിറങ്ങി. കുറച്ചു മധുരപലഹാരങ്ങള്‍ വാങ്ങി അതിവേഗം നടന്നു. പൊടുന്നനെ ഉരുണ്ടുകൂടിയ മഴക്കാറ്‌ എന്‍റെ മനസ്സിന്‍റെ വിങ്ങലുകളെ കൂടുതല്‍ കലുഷിതമാക്കുന്നുണ്ടെന്നു തോന്നി..

യാത്ര പെട്ടെന്നു നിന്നു. ഞാന്‍ ലക്ഷ്യാ സ്ഥാനത്തെത്തി. അകത്തേക്കു കയറുംമുന്‍പ് എന്നെ വരവേറ്റ ഫലകം ഒന്നുകൂടെ വായിച്ചു.

'കുട്ടികളുടെ മനോരോഗ കേന്ദ്രം'.

"ആരെ കാണണം ???"

ഇതികര്‍ത്തവ്യാമൂധനായി നിന്ന ഞാനൊരു ഞെട്ടലിലെന്നോണം ചോദ്യം കേട്ടയിടത്തെക്കു നോക്കി. നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ടു പറഞ്ഞു.

"അനാമിക... എന്‍റെ മകള്‍..."

അന്നു സംഭവിച്ച വിപത്തില്‍നിന്നും എന്‍റെ പൊന്നുമോള്‍ മുക്തയായില്ല. അവളുടെ മാനസിക നിലയാകെ തെറ്റി. അവളുടെ എല്ലാമെല്ലാമായ അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആ കുഞ്ഞുമനസ്സിനു ഇനിയും കഴിഞ്ഞിട്ടില്ല.

അവളെ പരിചരിക്കാന്‍ സാഹചര്യം അനുവദിക്കാത്തതിനാലും, അവളുടെ ഒറ്റപ്പെട്ട ജീവിതത്തില്‍ എനിക്ക് യാതൊരു സുഖവും നല്‍കാന്‍ കഴിയത്തതിനാലും ഞാനീ കേന്ദ്രത്തെ ആശ്രയിച്ചു. ഇവിടെയവള്‍ക്ക് കളിക്കൂട്ടുകാരുണ്ട്... അമ്മമാരുണ്ട്... ചേച്ചിമാരുണ്ട്...

എല്ലാ മാസവും 15- അം തീയ്യതി. എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. സ്വയം ജീവനൊടുക്കാന്‍ പലവട്ടം തുനിഞ്ഞപ്പോഴും മനസിനെപിടിച്ചു നിറുത്തിയ നാള്‍. എന്നാലിത്തവണത്തേത് അവസാനത്തെ വരവായി ഞാന്‍ മനസിലുറപ്പിച്ചിരുന്നു. ഈ ജീവിതം എനിക്കു വേണ്ടതന്നെ. ഒരര്‍ഥവും, ലക്ഷ്യവും ഇല്ലാത്തയീ ജീവിതം ആര്‍ക്കുവേണ്ടി?..

എന്‍റെ കുഞ്ഞിനെയൊന്നു വാരിപുണരണം. തെരുതെരെ ഉമ്മവെക്കണം. മധുരപലഹാരങ്ങള്‍ അവളെയൂട്ടണം. അധികൃതര്‍ സമ്മതിക്കുന്നതു വരെ അവളുടെയടുത്തു ഇരിക്കണം..... എന്‍റെയവസാന നാള്‍.

അവരെന്നെ മകളുടെയടുത്തെക്ക് ആനയിച്ചു. എന്‍റെ അനുമോള്‍ പുറംതിരിഞ്ഞിരുന്നു അവളുടെതായ ലോകത്തെ കളികളില്‍ മുഴുകിയിരിക്കുന്നു. അവളെ ചെന്നു വാരിപ്പുണര്‍ന്നു. ഭ്രാന്തമായ സ്നേഹത്തോടെ ഉമ്മകള്‍ വെച്ചു. എന്നാല്‍ അപരിചിതമായ ഒരു പരിഭ്രാന്തി അവളില്‍ കണ്ടത് എന്നെ തളര്‍ത്തി. എന്നില്‍ നിന്നുമവള്‍ കുതറിമാറി. ഞാന്‍ നീട്ടിയ മധുരപലഹാരങ്ങളിലൊരു താല്‍പര്യമോ, ശ്രദ്ധയോ അവള്‍ കാണിച്ചില്ല. പുറംതിരിഞ്ഞു നിന്നയവളുടെ രീതി എന്‍റെ കണ്ണുകളെ അശ്രുസാഗരമാക്കി. എന്‍റെയവസാന ദിനത്തില്‍പ്പോലും തെല്ലാശ്വാസം നല്‍കാത്തതില്‍ ഈശ്വരനെ മനസാശപിച്ചു.

പൊടുന്നനെയത് സംഭവിച്ചു. കണ്ണീര്‍ക്കയത്താല്‍ മങ്ങിയ കാഴ്ചയിലൂടെ ഞാനതു കണ്ടു. എന്‍റെ അനുക്കുട്ടി എന്നെ നോക്കി ചിരിക്കുന്നു!!!. നല്ല നാളുകളില്‍ അവള്‍ നല്‍കാറുള്ള നിഷ്കളങ്കമായ സുന്ദരസ്മിതം. എല്ലാ വിഷമങ്ങളും ശമിപ്പിക്കാറുള്ളയാ പാല്‍പുഞ്ചിരി.

ഞാന്‍ സന്തോഷത്താല്‍ മതിമറന്നു. എന്‍റെ കുഞ്ഞിന്‍റെയടുത്തെക്കു നീങ്ങി. കുറച്ചുനേരം ആ സുന്ദരമുഖം, ആ നഷ്ടപ്പെട്ട പുഞ്ചിരി, ആ നിഷ്കളങ്കത നോക്കി നിന്നു. അത്യധികം ആവേശത്തോടെ ഞാന്‍ ചോദിച്ചു.

"അച്ഛന്‍റെ പോന്നുമോള്‍ക്ക്‌ അച്ഛനെ മനസ്സിലായോ?"

ഹൃദയത്തിലേക്ക് ആണിയടിക്കുമാറൊരു വേദന ജനിപ്പിച്ചുകൊണ്ടു ചിരി അവളുടെ മുഖത്തു നിന്നും മാഞ്ഞു. വീണ്ടുമൊരു അപരിചതത്വം പടര്‍ന്നു. അവള്‍ വീണ്ടും അവളുടെ ലോകത്തേക്കു മടങ്ങിപ്പോയി. സ്ഥബ്ദനായി കുറച്ചുനേരം നിന്നതിനുശേഷം നിറമിഴികളോടെ ഞാന്‍ തിരിച്ചു നടന്നു.

മടങ്ങിവരവില്‍ എന്‍റെ ചിന്തകളും, തീരുമാനങ്ങളും പാടെമാറി. ഞാന്‍ മനസിലുറപ്പിച്ചു... ഞാന്‍ ജീവിക്കും... പറ്റാവുത്രയും എന്‍റെ കുഞ്ഞിനുവേണ്ടി ഞാന്‍ ജീവിക്കും... അവളുടെ ഒരു ചിരിക്കായി... അവളുടെ ഒരു നോട്ടത്തിനായി... ഓരോ 15-അം തീയതികള്‍ക്കുമായി....