Wednesday, October 12, 2011

തിരുത്തല്‍വാദി


കഥാപാത്രം നമ്മുടെ സ്വന്തം മൂപ്പര്‍

പഠനത്തില്‍ അതീവതല്‍പരനായതിനാല്‍ വിലപ്പെട്ട ക്ലാസുകളൊന്നും മിസ്സാകാതെയിരിക്കാന്‍ മൂപ്പര്‍ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസില് ‍(റമ്മി,  28, കുലുക്കിക്കുത്ത്) അതിലേറെ തല്‍പരനായതിനാല്‍ ചിലയവസരങ്ങളില്‍ ക്ലാസുകള്‍ മിസ്സായിപ്പോയിരുന്നു (തന്‍റെതല്ലാത്ത കാരണത്താല്‍). 

അങ്ങിനെ അല്ലലില്ലാതെ പോകുമ്പോള്‍ ഓര്‍ക്കാപ്പുറത്തവന്‍ വന്നു. ഓരോ ആറുമാസത്തിലും ഉറക്കംകെടുത്താന്‍ വരാറുള്ളവന്‍. 'സെമസ്റ്റര്‍ എക്സാം'.

പഠിച്ചതിന്‍റെ എത്രയോമടങ്ങ്‌ പഠിക്കാന്‍ ബാക്കികിടക്കുന്നതു കൊണ്ട് തന്‍റെ D.T.P (Desk Top Printing - ഡസ്കിന്‍റെ മുകള്‍ഭാഗം ചുരണ്ടി അവശ്യമുള്ള കാര്യങ്ങള്‍ പ്രിന്‍റ്ചെയ്തു വെക്കല്‍) വര്‍ക്കിന്‍റെ കഴിവില്‍ വിശ്വാസമര്‍പ്പിച്ചു മൂപ്പര്‍ എക്സാമിനു തയ്യാറായി. 

പക്ഷെ കോളേജധികൃതര്‍ പറഞ്ഞയൊരു നിബന്ധന മൂപ്പരുടെ ആത്മവീര്യം കെടുത്തി. എക്സാം എഴുതണമെങ്കില്‍ 60% അറ്റന്‍റെസ് വേണംപോലും!!! ഇല്ലെങ്കില്‍ 2000 രൂപ ഫൈന്‍ പോലും!!! അതിന്‍റെ പകുതിയുണ്ടായിരുന്നെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്‍റ്ല്‍ എല്ലാവര്‍ക്കും മൂപ്പര്‍ പാഷാണം മേടിച്ചുകൊടുത്തേനെ.

ചതി!!! കൊടുംചതി!!! 

മൂപ്പര്‍ക്ക് കഷ്ടി 40% അറ്റന്‍റെസ്... മൂപ്പരുടെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസൊന്നും കോളേജ് റൂള്‍സുപ്രകാരം ഗ്രേസ്‌മാര്‍ക്കിനോ, അറ്റന്‍റെസിനോ പരിഗണിക്കില്ല പോലും. 

"കോണാത്തിലെ ഓരോ റൂള്‍സ്". 

ഇത്തവണ എക്സാമെഴുതാന്‍ പറ്റിയില്ലെങ്കില്‍ അടുത്ത തവണ ഉറക്കംകെടുത്തുന്നവന്‍ വരുമ്പോള്‍ ഒരു ഡസ്കില്‍ മാത്രം D.T.P ഒതുങ്ങില്ല എന്നുള്ളതുകൊണ്ട് ഏതുവിധേനയും ഇത്തവണത്തെ എക്സാം എഴുതണമെന്നു തീരുമാനിച്ചു. മൂപ്പരും, പരിവാരങ്ങളും കലുകുലുഷിതമായ ചര്‍ച്ചകള്‍ ആരംഭിച്ചു. 

സാധാരണ മറ്റുകോഴ്സുകാര് ചെയ്യുന്ന പോലെ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിക്ക്‌ മദ്യംമേടിച്ചു കൊടുത്തു പാട്ടിലാക്കാമെന്നു വെക്കാനും പറ്റില്ല. എന്തെന്നാല്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവി പെണ്ണാണ്. പെണ്ണുങ്ങളെ ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവിയാക്കരുതെന്ന് യുനിവേഴ്സിറ്റിക്കു നിവേദനം കൊടുത്തു പ്രാവര്‍ത്തികമാക്കാന്‍ സമയമില്ലാത്തത് കൊണ്ട് മറ്റു വഴികള്‍ ചിന്തിച്ചു.

അവസാനമെല്ലാവര്‍ക്കും സ്വീകാര്യവും, പ്രാവര്‍ത്തികവുമായ ഒരു ഉപായം പരിവാരങ്ങളിലൊരുവന്‍ മുന്നോട്ടുവെച്ചു. "അറ്റന്‍റെസ് രജിസ്റ്റര്‍ തിരുത്തുക". ചിലവുകുറഞ്ഞതും, പ്രതീക്ഷയുള്ളതുമായ ഈ ഓപറെഷന്‍ എങ്ങിനെ നടത്തുമെന്നായി ചിന്ത. അവസാനം ഉച്ചയൂണു സമയത്തു ഡിപ്പാര്‍ട്ട്‌മെന്റില്‍ ആരുമില്ലാത്ത നേരംനോക്കി പരിവാരസമേതം ഒരു കൂട്ടഓപറെഷന്‍. "മിഷന്‍ അറ്റന്‍റെസ്".

ഓപറെഷന്‍റെ വിശദാമംശങ്ങള്‍ അടുത്തദിവസം മലയാളമനോരമയില്‍ വന്നതിങ്ങനെ:

രാവിലെ 08:30: പതിവില്ലാതെ മൂപ്പര്‍ നേരത്തെ എണീക്കുന്നു.
രാവിലെ 08:45: ഒട്ടും പതിവില്ലാതെ കുളിക്കുന്നു.
രാവിലെ09.00: പതിവിനു വിപരീതമായി തന്‍റെ ആരാധനാ മൂര്‍ത്തിയായ 'ജാക്കി' ഷെറോഫിനെ മനസിലാവാഹിക്കാതെ കോളേജ്ബസ്സിന്‍റെ പിന്നില്‍ കയറുന്നു. പരിവാരങ്ങള്‍ പതിവ്തെറ്റിക്കാതെ 'ജാക്കി' ഷെറോഫിനെ മനസിലാവാഹിച്ചു മുന്നില്‍ത്തന്നെ കയറി.
രാവിലെ 09:15: സ്ഥിരമെന്ന പോലെ ക്ലാസ്സില്‍ക്കയറി ഉറക്കം തുടങ്ങി.
ഉച്ച12.30: ഞെട്ടിയെഴുന്നേറ്റു ഡിപ്പാര്‍ട്ട്‌മെന്റിനെ ലക്ഷ്യമാക്കി നീങ്ങി.
ഉച്ച12.45: പരിവാരങ്ങളെ സമര്‍ത്ഥമായി വിന്യസിച്ചു. എല്ലാവരും പരിസര നിരീക്ഷണത്തില്‍
ഉച്ച01:00: ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്ലാവരും ഉച്ചയൂണിനു കാന്റീനീലേക്ക്.
ഉച്ച01:05: "മിഷന്‍ അറ്റന്‍റെസ്" സ്റ്റാര്‍ട്ട്‌. അലെര്‍ട്ട് സിഗ്നല്‍ ടു പരിവാരംസ്.
ഉച്ച01:10: മൂപ്പര്‍ അറ്റന്‍റെസ് രജിസ്റ്റര്‍ തപ്പുന്നു.
ഉച്ച01:15: മൂപ്പര്‍ക്ക് അറ്റന്‍റെസ് രജിസ്റ്റര്‍ കിട്ടുന്നു.
ഉച്ച01:20: മൂപ്പര്‍ ഒരു തിരുത്തല്‍വാദിയാകുന്നു.
ഉച്ച01:30: എല്ലാ A യും (Absent) P ആക്കുന്നു (Present) .
ഉച്ച01:32: ഓപറെഷന്‍ പൂര്‍ത്തിയാക്കിയ മൂപ്പര്‍ പുറത്തേക്ക്.
ഉച്ച01:35: മൂപ്പരും പരിവാരങ്ങളും ആഹ്ലാദം പങ്കുവെക്കുന്നു.
ഉച്ച01:40: മിഷന്‍ അറ്റന്‍റെസ് ഗംഭീരവിജയമായി പ്രഖ്യാപിക്കുന്നു.
ഉച്ച02:00: ഈ മഹത്തായ കൂട്ടായ്മയുടെ വിജയമാഘോഷിക്കാന്‍ എല്ലാവരും ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വീട്ടിലേക്ക്. ഇത്തവണ എല്ലാവരും 'ജാക്കി'ഷെറോഫിനെ മനസിലാവാഹിച്ചു.

അടുത്ത ദിവസം ക്ലാസ്സ്‌ടൈമിനിടയില്‍ മൂപ്പര്‍ക്കൊരു നോട്ടീസ്. ഡിപ്പാര്‍ട്ട്‌മെന്റില്‍ ചെല്ലാന്‍. എക്സാം ഹാള്‍ടിക്കറ്റ്‌ ഇത്രവേഗമെത്തിയോ എന്നു ചിന്തിച്ചുകൊണ്ടു ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ മൂപ്പര്‍ക്ക് ട്രിപ്പിള്‍ ധമാക്കാ!!!

അറ്റന്‍റെസ് ഷോര്‍ട്ടേജിനു ഫൈന്‍ 2000 രൂപ, അറ്റന്‍റെസ് തിരുത്തിയതിനു ഫൈന്‍ 3000 രൂപ, കൂടാതെ ബോണസ്സായി ഇന്‍റെര്‍ണല്‍ മാര്‍ക്ക്‌സ് സ്വാഹ!!!

ഒറ്റദിവസം കൊണ്ടു ഫൈന്‍ ഇത്രക്കും കൂടിയതു മനസിലാകാതെ നിന്ന മൂപ്പര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് മേധാവി വിശദീകരണം കൊടുത്തു.


ആ സെമസ്റ്ററില്‍ ആകെ അധ്യയന ദിവസങ്ങള്‍    : 96
മൂപ്പര്‍ പ്രസന്‍റ് ആയ ദിവസങ്ങള്‍    : 104

അധികമായാല്‍ അമൃതും വിഷം!!!

എല്ലാ കണക്കുകൂട്ടലുകളും പിഴച്ചു. മിഷന്‍ അറ്റന്‍റെസ് ഊ-- .. അല്ലെങ്കില്‍ വേണ്ട, ചീറ്റിപ്പോയി. 

ഈക്കഥയിനി മലയാളമനോരമയില്‍ എങ്ങിനെ വരുമോ എന്തോ...

No comments:

Post a Comment