Monday, October 10, 2011

കഞ്ഞികുടി മുട്ടിപ്പോയി


ഇതെന്‍റെ പ്രിയ ജൂനിയര്‍സ് മൂപ്പര്‍ക്കും, നമ്പ്യാര്‍ക്കും സംഭവിച്ചത്... ഇവരെപ്പറ്റി ഇതിനുമുന്‍പ് തന്നെ പ്രതിപാദിച്ചിരുന്നു... നമ്മുടെ ചീറ്റിപ്പോയ വെടി  ഫെയിം...

അറാംപെറപ്പിന്‍റെ ആശാന്‍മാരായി അവര്‍ മാറിയ കാലം.

M. B. A ചെയ്യുന്നതു (കോഴ്സിനു ചേര്‍ന്നു എന്നു മാത്രം) കൊണ്ടു ടൈം മാനേജ്മെന്‍റ്, മണി മാനേജ്മെന്‍റ്, റിസോഴ്സ് മാനേജ്മെന്‍റ് എന്നിയവില്‍ അവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു...

സാമാന്യം നല്ല ബ്രാന്‍ഡ്‌ അടിച്ചുകൊണ്ടിരുന്നവര്‍ക്കിടയില്‍ കൂതറ ബ്രാന്‍ഡ്‌സ് ആയ 'അഗ്നി', 'മണവാട്ടി' മുതലായവ പരിചയപ്പെടുത്തിയതും... ആത്മാവിനു പുക കൊടുക്കാന്‍ വിഷമിക്കുന്നവര്‍ക്കായി ചിലവുകുറഞ്ഞ സാമി(കഞ്ചാവ് എന്നും പറയും) അവതരിപ്പിച്ചതും അവരുടെ ചില ഭരണപരിഷ്കാരങ്ങള്‍ മാത്രം.

ഇതൊക്കെയാണെങ്കിലും ഭക്ഷണം എന്നുമൊരു കീറാമുട്ടി തന്നെയായിരുന്നു. അടുത്ത റൂമില്‍ തെണ്ടി അന്നന്നത്തെ അന്നം ഒപ്പിക്കുമെങ്കിലും സ്ഥിരം കേള്‍ക്കാറുള്ള "ഇറങ്ങി പോകിനെടാ"... "വന്നല്ലോ തെണ്ടികള്‍ ഇന്നും"... "നിനക്കൊക്കെ വല്ലപ്പോഴും അടുപ്പു പുകച്ചുടെടെ"... മുതലായ  പുച്ഛങ്ങള്‍ അവരെ സ്ഥിരമായ ഒരു അന്നദാദാവിനെ തേടുവാന്‍ പ്രേരിപ്പിച്ചു.

അങ്ങനെയൊരു ദിവസം 'തേടിയ വള്ളി കാലില്‍ മുള്ളി' എന്നു പറയുന്നതു പോലെ അവര്‍ക്കൊരു ഇരയെക്കിട്ടി. കഥാപാത്രം ഞങ്ങളൊക്കെ സ്ഥിരം സ്ഥാവരജംഗമങ്ങള്‍ വാങ്ങുന്ന പലചരക്കു കടയിലെ അണ്ണന്‍റെ സഹായി. മിസ്റ്റര്‍ സെന്തില്‍.

ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി സമ്പാദിച്ചിട്ടും അവനു ജീവിതമാസ്വദിക്കാന്‍ കഴിയുന്നതിലും കൂടുതലായി ഒരു പണിയുമില്ലാത്ത ഞങ്ങള്‍ കൂതറകള്‍ ആര്‍മാതിക്കുന്നത് അത്ഭുതത്തോടും ആരാധനയോടുമാണ് അവന്‍ കണ്ടത്. കൂട്ടത്തില്‍ ഏറ്റവും ആരാധന മിക്കവാറും സമയങ്ങളില്‍ ഇഴഞ്ഞുപോകുന്ന മൂപ്പരോടും, നമ്പ്യാരോടും.

ഒരുദിവസം ലവന്‍ ലവന്‍റെ ആഗ്രഹം ഇഴജന്തുക്കളോട് പറഞ്ഞു. ലവനു മദ്യപാനം എന്ന കലയില്‍ അവര്‍ക്കു ശിഷ്യപ്പെടണം. അവര്‍ക്കപ്പോഴേ മനസ്സില്‍ ലഡ്ഡു പൊട്ടി. പല പ്രാവശ്യം. ദാസന്‍ വിജയനോടു ചോദിച്ചതു അവരും പരസ്പരം ചോദിച്ചു. "നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞതു???".

അങ്ങിനെയവര്‍ പരസ്പരധാരണയിലെത്തി. ദിവസവും സെന്തിലിന് 3 പെഗ് നല്‍കും (വിത്ത്‌ ടച്ചിംഗ്സ്). പ്രത്യുപകരമായി കടയില്‍നിന്നും ഫ്രീയായി പലചരക്കു ഐറ്റംസ്. എല്ലാ ദിവസവും.

വിജയ്മല്യ, അയ്യപ്പ ബൈജു മുതലായ മദ്യദൈവങ്ങളെ മനസില്‍ ധ്യാനിച്ചുകൊണ്ട് ശിഷ്യന്‍ ഗുരുക്കന്‍മാര്‍ക്ക് തല വെച്ചുകൊടുത്തു. മുന്‍പ് മദ്യപാനം ശീലമില്ലാത്തത് കൊണ്ടും, അതീവ ഗുരുഭക്തിയുളളതുകൊണ്ടും ശിഷ്യന്‍ ഹാപ്പി.

മദ്യം സേവിച്ചാല്‍ ഫിറ്റാകണം എന്നുള്ള പ്രപഞ്ചസത്യം അറിയാവുന്നതു കൊണ്ടു 3 പെഗില്‍ സെന്തില്‍ ഫിറ്റ്‌!!! സേവയും കഴിഞ്ഞ് അത്യാവശ്യം കരകാട്ടവും, കാവടിയാട്ടവും കാഴ്ചവെച്ച് കൃതാര്‍ഥനായി ലവന്‍ പോകും.!!! ഇതായി പതിവ്.

ഗുരുക്കന്‍മാരോട് ആരാധന കൂടിയപ്പോള്‍ ആദ്യം ഓഫര്‍ ചെയ്ത പലവ്യഞ്ജനങ്ങള്‍ കൂടാതെ ഒരു ഓഫര്‍ കൂടി. ഡെയിലി ഒരു പൈന്‍റ്. ഗുരുക്കന്‍മാരുടെ മനസ്സ് പൊട്ടിച്ച ലഡ്ഡുവിനു ഒരു കയ്യുംകണക്കുമില്ല.

അവരുടെ റൂമില്‍മാത്രം എല്ലാം സുലഭമായത് കണ്ടു ഞങ്ങളെല്ലാവരും ഞെട്ടി. അവന്‍മാരാണെങ്കില്‍ അഹങ്കാരത്തിന് കയ്യും, കാലും വെച്ച് ടൈയും ബെല്‍റ്റും കെട്ടിയവരായി. ബാക്കി ആരെക്കണ്ടാലും മണപ്പുറം ചിട്ടിക്കമ്പനിയില്‍ കണ്ട പരിചയം പോലുമില്ലാത്ത അവസ്ഥ!!!

അങ്ങിനെയുള്ള ഒരു ദിവസം പതിവു കലാപരിപാടികള്‍ക്കിടയിലെ ഒരു ദുര്‍ബലനിമിഷത്തില്‍ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടു സെന്തില്‍ മോന്തി ... 4 പെഗ് !!! സ്ഥിരം കരകാട്ടവും, കാവടിയാട്ടവും കൂടാതെ ഒരു സ്പെഷല്‍ സിനിമാറ്റിക് ഡാന്‍സ് കൂടെ  കാഴ്ചവെച്ചിട്ടു ശിഷ്യന്‍ യാത്രയായി.

ഫിറ്റ്‌ കൂടിപ്പോയ സെന്തില്‍ മൊതലാളിയുടെ വീട്ടില്‍പ്പോയി സംഭവിച്ചതെല്ലാം കൊട്ടി. വിനാശകാലേ വിപരീതബുദ്ധി എന്നാണല്ലോ!!!

മൊതലാളി കാര്യമറിയാന്‍ ഗുരുക്കന്‍മാരെ പൊക്കി. ഗുരുക്കന്‍മാര്‍ അറാംപെറപ്പുകളാണെന്നു നേരത്തേ പറഞ്ഞല്ലോ. അപ്പോഴാണ് സത്യം പുറത്തുവന്നത്. അവന്‍മാര്‍ വിസ്കിയാണെന്ന് പറഞ്ഞ് ശിഷ്യനു ഇത്രയുംകാലം കൊടുത്തത് കട്ടന്‍ചായയില്‍ എസ്സെന്‍സ് കലക്കിയത്.

പിന്നെന്തരു പറയാന്‍!!! ലവന്‍റെ ജ്വാലി പോയി...  ഗുരുക്കന്‍മാരുടെ കഞ്ഞികുടി മുട്ടി!!!

ഗുരുക്കന്‍മാരുടെ റേറ്റിംഗ് ഞങ്ങളുടെയിടയില്‍ പതിവുപോലെ കുത്തനെ ഇടിഞ്ഞു. പഴയതിലും  കൂടുതല്‍ പുച്ഛവും ഏറ്റുവാങ്ങി മറ്റുള്ളവരുടെ റൂമില്‍ ഭക്ഷണത്തിനു വേണ്ടി തെണ്ടാന്‍ മൂപ്പരും, നമ്പ്യാരും  വീണ്ടും...

അവര്‍ ക്യൂവിലാണ് ...


No comments:

Post a Comment