Wednesday, February 15, 2012

ചിറകൊടിഞ്ഞ കിനാവുകള്‍


'വിവാഹം സ്വര്‍ഗത്തില്‍വെച്ച് നടക്കും' എന്നുകേട്ടു കുറെക്കാലമായി സ്വര്‍ഗം എവിടെയെന്നു അന്വേഷിച്ചു നടക്കുന്നയൊരു സുഹൃത്തിന്‍റെ സംഭവകഥയാണു ഇത്...

മാന്യദ്ദേഹം 'പുരനിറഞ്ഞു' നില്‍ക്കാന്‍ തുടങ്ങിയിട്ടു കാലംകുറെയായി... കാലങ്ങളായി പെണ്ണുകാണലും, ചായകുടിയുമായി നടക്കുന്നു... ചായയും, പലഹാരങ്ങളും കഴിച്ചു ഗര്‍ഭിണിയെപ്പോലെ ആയതല്ലാതെ  മാംഗല്യഭാഗ്യം അകന്നുനിന്നു... ചെക്കന്‍റെ വിവരമില്ലായ്മ കൊണ്ടോ, പെണ്‍പിള്ളേരുടെ തന്തമാരുടെ വിവരം കൊണ്ടോയെന്തോ, ചെക്കനിന്നും അവിവാഹിതന്‍...

ഒരുവിധം പെണ്ണിനെയൊന്നും ചെക്കനു പിടിക്കൂല... പിടിച്ച പെണ്ണിന്‍റെ വീട്ടുകാര്‍ക്ക് ചെക്കനെയും പിടിക്കുല... അതുമല്ലെങ്കില്‍ പെണ്ണിനു ചൊവ്വദോഷം... അങ്ങിനെ വായ്പ്പുണ്ണ് കഴിഞ്ഞിട്ടു ആലിപ്പഴം കഴിക്കാനുള്ള പ്രതീക്ഷ കൈവിട്ട കാക്കയെപ്പോലെ ചെക്കന്‍ വിവാഹത്തിലുള്ള പ്രതീക്ഷ കൈവിട്ടതിനാലാണ് 'സ്വര്‍ഗം' തേടി നടക്കുന്നത്...

ഇങ്ങനെ സ്വര്‍ഗ്ഗത്തെത്തേടിയുള്ള നരകജീവിതത്തിനിടയില്‍ ലവനു 'സൂപ്പര്‍ലോട്ടോ' അടിച്ചു!!! അവനൊരിക്കലും പ്രതീക്ഷിക്കാത്തതു സംഭവിച്ചു!!! ഈ ജന്‍മത്തില്‍ തനിക്കു അപ്രാപ്യമെന്നു തോന്നിയത് ഈശ്വരന്‍ തന്നിരിക്കുന്നു!!! 'ഭഗവാന്‍ തേരി മായാ...'

ഒരുപെണ്ണു ഒത്തുവന്നിരിക്കുന്നു!!! സുന്ദരി... ഉദ്യോഗവതി... സമ്പന്നവതി... അവന്‍റെ വിദൂരസ്വപ്നത്തില്‍പ്പോലും കാണാന്‍ പറ്റാത്തത്ര ഉല്‍ക്രിഷ്ടവതി (ഇതിന്‍റെ അര്‍ഥം ചോദിക്കരുത്... ഒരു കട്ടിവാക്ക് കിടക്കട്ടെയെന്നു വെച്ചാ...)

ഇതിനായിരിക്കും ഭഗവാന്‍ ഇത്രയുംനാള്‍ താമസിപ്പിച്ചത്... ഭഗവാനെ മനസ്സാല്‍ പ്രാകിയതിനൊക്കെ സ്വയംപ്രാകി... എല്ലാ ദുര്‍ഘടങ്ങളും പടിപടിയായി തരണംചെയ്തു... സാധാരണ ശകുനം മുടക്കിയാകാറുള്ള ശനിദശയും ഇത്തവണ പച്ചക്കൊടി കാണിച്ചു... കിനാവുകള്‍ ചിറകടിച്ചുയരാന്‍ തുടങ്ങി....

കല്യാണമുറപ്പിക്കാനുള്ള തീരുമാനം രണ്ടുവീട്ടുകാരും എടുത്തു... ലവന്‍ വീണുകിട്ടിയ സൗഭാഗ്യം സതീര്‍ത്ഥ്യരുമായി പങ്കുവെച്ചു... വിത്ത്‌ ഫുള്‍ബോട്ടില്‍സ്...

കള്ളു മൂക്കുമ്പോള്‍ സ്നേഹവും കൂടുമല്ലോ... കൂടാതെ കുടിച്ച കള്ളിന്‍റെ നന്ദിയും... അങ്ങിനെ സ്നേഹം മൂത്തപ്പോള്‍ നന്ദിയോടെയൊരു സതീര്‍ത്ഥ്യന്‍ വിലപ്പെട്ടയൊരു അഭിപ്രായം മുന്നോട്ടുവെച്ചു...

'നമുക്കു പെണ്ണിന്‍റെ ചാരിത്ര്യപ്പറ്റിയൊന്നു രഹസ്യമായി അന്വേഷിക്കെണ്ടേ???'

സംഭവം യുക്തിപരമായി മറ്റുള്ളവര്‍ക്കും തോന്നി...

'അതെയതെ... വക്കു പൊട്ടിയതോ വല്ലോമാണെങ്കിലോ....' സഹസതീര്‍ത്ഥ്യരുടെ സപ്പോര്‍ട്ട്...

തത്സമയം മറ്റൊരു സതീര്‍ത്ഥ്യന്‍ തന്‍റെ നന്ദി പ്രകടിപ്പിച്ചു... ഉടനടി പെണ്ണിന്‍റെ നാട്ടിലുള്ള തന്‍റെ ചങ്ങാതിയെ ഫോണില്‍ വിളിച്ചു... മറ്റൊരു വെള്ളമടി വൃത്തത്തിലുള്ള വിശിഷ്ടനെ... വിശിഷ്ടന്‍ പ്രിയസുഹൃത്തിന്‍റെ അഭ്യര്‍ത്ഥന വിരിമാറിലേറ്റി പെണ്ണിന്‍റെ വീടു ലക്ഷ്യമാക്കി കുതിച്ചു... അന്വേഷണത്തിനായി...

നേരെ പെണ്ണിന്‍റെ വീട്ടില്‍പ്പോയി കാര്യങ്ങള്‍ അന്വേഷിച്ചു... പെണ്ണിനു കുഴപ്പങ്ങളൊന്നുമില്ല... സ്പോട്ടില്‍ നിന്നുതന്നെ വിശിഷ്ടന്‍ കാര്യങ്ങള്‍ സതീര്‍ത്ഥ്യരെ ബോധിപ്പിച്ചു... അതുകഴിഞ്ഞു പെണ്ണിന്‍റെ അപ്പന്‍റെയടുത്തു...

'അപ്പൊ ശരി... ഇനി കല്യാണത്തിനു കാണാം... നമുക്കു പൊടിപൊടിക്കണം...'

"പൊടിയെ പൊടിക്കുകയോ കലക്കുകയോ എന്തു വേണമെങ്കിലുമാവാം... അതൊക്കെയിരിക്കട്ടെ.. നിങ്ങളാരാ???" വിശിഷ്ടന്‍റെ ക്രോസ്സ്‌വിസ്താരം അത്രക്കങ്ങു പിടിക്കാഞ്ഞ പെണ്ണിന്‍റ്പ്പന്‍ ചോദിച്ചു...

"ഞാന്‍ ഇവിടെയൊക്കെ അത്യാവശ്യം പേര് കേട്ട ആളാ..." വിശിഷ്ടന്‍ തന്നെയും, തന്‍റെ പോപ്പുലാരിറ്റിയെയും പരിചയപ്പെടുത്തി...

"ഉദ്ദേശം എത്ര പേര് കേട്ടു കാണും???" പെണ്ണിന്‍റ്പ്പന്‍റെ മറുചോദ്യം...

ഉത്തരമില്ലാതെ ബ്ലിങ്കി ഇരിക്കുന്ന  വിശിഷ്ടനോടു ചുരുക്കം എപ്പിസോഡില്‍ തീരാന്‍ പോകുന്ന പ്രോഗ്രാമിന്‍റെയോടുവില്‍ പെണ്ണുവീട്ടുകാര്‍  ചോദിച്ചു...

"നിങ്ങളും, പയ്യനും തമ്മിലെങ്ങിനെയാ പരിചയം???"

വിശിഷ്ടന്‍ ഒട്ടുംകുറയ്ക്കാതെ പറഞ്ഞു..

'ഞാനും, പയ്യനും മച്ചാന്‍ മച്ചാന്‍ ആണു... എന്‍റെ വളരേയടുത്ത സുഹൃത്ത്' !!!

ഈ സമയം കാര്യമറിയാഞ്ഞിട്ടു ഉത്കണ്ടാകുലനായ പയ്യന്‍ സതീര്‍ത്ഥ്യരിലൊരാളോട്... "നീയവനെയൊന്നു വിളിച്ചുനോക്ക്... "

സതീര്‍ത്ഥ്യരിലൊരാള്‍ വിളിക്കാന്‍ ശ്രമിച്ചു... എന്നാല്‍ കുറച്ചുകഴിഞ്ഞിട്ടും മറുപടിയൊന്നുമില്ല...

ആകാംക്ഷ മനസ്സില്‍ കാഹളം മുഴക്കിയ ചെക്കന്‍റെ ചോദ്യം... "നീ വിളിച്ചിട്ടെന്തായി?"

സതീര്‍ത്ഥ്യന്‍റെ മറുപടി... "മൊബൈല്‍ സ്വിച്ച് ഓഫ്‌ ആണു..."

കോപാകുലനായി ചെക്കന്‍... "എന്നാ സ്വിച്ച്ഓണ്‍ ചെയ്യടാ..."

നിഷ്കളങ്കനായി സതീര്‍ത്ഥ്യന്‍... "അവന്‍റെ മൊബൈല്‍ ആണെടെ സ്വിച്ച് ഓഫ് !!!"

അപ്പോഴേക്കും വിശിഷ്ടന്‍ പെണ്‍വീട്ടില്‍നിന്നും യാത്രപറഞ്ഞു ഇറങ്ങിയശേഷം ഒന്നുകൂടെ സതീര്‍ത്ഥ്യര്‍ക്കു ലേറ്റസ്റ്റ് അപ്ഡേറ്റ്സ് കൊടുത്തു... "ഓപറേഷന്‍ സക്സസ്!!!... ടോട്ടല്ലി മെയിഡ് ഫോര്‍ ഈച്ച താര്‍!!!"......

"ഈച്ചയും, താറും പോലുള്ള ചേര്‍ച്ചയോ??? എന്തോന്നെടെയിതു???" സതീര്‍ത്ഥ്യര്‍ക്കു സംശയം...

"അതല്ലെടാ... മെയിഡ് ഫോര്‍ ഈച്ച് അതര്‍ എന്നു... രണ്ടുപേരും നല്ല ചേര്‍ച്ചയാണ്"... വിശിഷ്ടന്‍ വ്യക്തമാക്കി...

ചെക്കനു സന്തോഷം അണപൊട്ടിയൊഴുകി... അതിനൊപ്പം കുപ്പികളും പൊട്ടിയൊഴുകി...

ആര്‍മാദനം അതിന്‍റെ ഉന്മാദാവസ്ഥയില്‍ എത്തിയപ്പോള്‍ ചെക്കന്‍റെ മൊബൈല്‍ ശബ്ദിച്ചു...

'നിന്‍റെ ചരക്കു ആയിരിക്കുമെടെ... ' സതീര്‍ത്ഥ്യരുടെ വാക്കുകള്‍ അവന്‍റെ തരളിതനാക്കി...

പക്ഷെ മൊബൈലില്‍ നോക്കിയപ്പോള്‍ വീട്ടില്‍നിന്നും അച്ഛന്‍... കുടിയന്മാര്‍ മൂകരായി... അതിലേറെ മൂകനായി അച്ഛന്‍ പറയുന്നതു കേള്‍ക്കുന്ന ചെക്കന്‍...... കുറച്ചു കഴിഞ്ഞു ഫോണ്‍ വെച്ചപ്പോഴേക്കും എല്ലായിടവും ശ്മശാനമൂകത... ബാക്കിയുണ്ടായിരുന്ന മദ്യം ചെക്കന്‍ ഒറ്റക്കു സേവിച്ചു... ഒരു ഭ്രാന്തമായ ആവേശത്തോടെ...

കാര്യം മനസ്സിലാകാഞ്ഞ സതീര്‍ത്ഥ്യര്‍ അച്ഛന്‍ പറഞ്ഞതെന്തെന്നു ചോദിച്ചു...

'ആ കല്യാണവും മുടങ്ങിയെടെ....'

'എങ്ങിനെ??? എന്താണ് അച്ഛന്‍ പറഞ്ഞത്???' നിമിഷങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതു മനസിലാകാതെ സതീര്‍ത്ഥ്യര്‍ ചോദിച്ചു...

'അച്ഛന്‍ പറഞ്ഞത് ഇത്രമാത്രം...'

"നിന്‍റെയടുത്ത കൂട്ടുകാരന്‍ എന്നും പറഞ്ഞു ഏതോയൊരു അലവലാതി പെണ്ണുവീട്ടില്‍ പോയിട്ടുണ്ടായിരുന്നു... ആ നാട്ടിലെയൊരു മൊബൈല്‍ ബിവറേജസ് കോര്‍പറേഷന്‍ ആണദ്ദേഹം... കൂടാതെ മൂന്നു പെണ്ണുകേസില്‍ പ്രതിയും...അവര്‍ക്കീ ബന്ധം വേണ്ടായെന്ന്..."

(((((ഠേ)))))

ചെക്കന്‍ ഇപ്പോഴും മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ സ്വര്‍ഗ്ഗം തേടി നടക്കുന്നു... അവന്‍റെയവസാന പ്രതീക്ഷ....

Wednesday, February 1, 2012

വിട ജോ...


ജോ... എന്‍റെ വ്യക്തിജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ എന്‍റെ സീനിയര്‍...

കോളേജില്‍ ചേരുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തെ വീക്ഷിക്കാന്‍ തുടങ്ങി... അദേഹത്തിന്‍റെ രീതികളും, പ്രവര്‍ത്തികളും എന്നെ അത്യന്തമാകര്‍ഷിച്ചു... അന്നുമുതല്‍ അദ്ദേഹമായി എന്‍റെ 'ഗോഡ്‌ഫാദര്‍'...

വിവര സാങ്കേതിക മേഖലയിലെക്കെത്താന്‍ അങ്ങെനിക്കു പ്രേരണ തന്നു... വെറുമൊരു ജീവിതം നയിക്കേണ്ടയെനിക്ക് വ്യക്തമായ ജീവിതലക്‌ഷ്യം തന്നു... വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ തന്നു... വ്യക്തമായ ദിശാബോധം തന്നു... നന്ദി ജോ!!!

പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ള അങ്ങയുടെ വ്യഗ്രത എന്നെയുമൊരു അന്വേഷിയാക്കി... പുതുമയോടും, വ്യത്യസ്തതയോടുമുള്ള ആവേശമിന്നുമെന്നില്‍ നിലനിര്‍ത്തുന്നു... എന്‍റെ മേഘലയില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു... നന്ദി ജോ!!!

അങ്ങയുടെയോരോ പരീക്ഷണങ്ങളിലുമുള്ള പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമവും, ദീര്‍ഘവീക്ഷണവും എന്നില്‍ വല്ലാത്തയൊരു സ്വാധീനം ചെലുത്തി... ഞാനെന്‍റെയോരോ പരീക്ഷണങ്ങളിലും പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുന്നു... നന്ദി ജോ!!!

അങ്ങയുടെ ഓരോ കണ്ടുപിടുത്തവും ലോകത്തെ മാറ്റിമറിച്ചത് അങ്ങയെ ഗോഡ്‌ഫാദറായി സ്വീകരിച്ചയെന്‍റെ തീരുമാനത്തെ സാധൂകരിച്ചു... സുഹൃത്തുക്കളുടെയിടയില്‍ അങ്ങയുടെ പേരിനാല്‍ ഇന്നും ഞാന്‍ ഊറ്റംകൊള്ളുന്നു... നന്ദി ജോ!!!

ലോകത്തിന്‍റെ നെറുകയില്‍ വിരാജിക്കുമ്പോഴും സാധാരണ മനുഷ്യനായി ജീവിക്കുന്നതെങ്ങിനെയെന്നും, അതിന്‍റെ ആവശ്യകതയും അങ്ങെനിക്കു കാണിച്ചു തന്നു... അനുഭവങ്ങളില്‍ നിന്നുള്ള ഉപദേശങ്ങള്‍ പങ്കുവെക്കുവാനും, ഞങ്ങളെ പോലെയുള്ള വരും തലമുറകള്‍ക്ക് വഴികാട്ടിയാകാനും അങ്ങേന്നും ശ്രമിച്ചിരുന്നു... നന്ദി ജോ!!!

ഏതൊരു പ്രതിസന്ധിയിലും സുസ്മേരവദനനായി മാത്രമെ താങ്കളെ കാണാറുള്ളൂ... നമ്മുടെ ദുഖങ്ങളും, വിഷമങ്ങളും നമ്മുടെതു മാത്രമാണെന്നും, അതു മറ്റുള്ളവരിലേക്ക് പകരുന്നത് ഔചിത്യമില്ലായ്മയാണെന്നും ഇതെന്നെ പഠിപ്പിച്ചുതന്നു... നന്ദി ജോ!!!

ജീവിതത്തില്‍ വീഴ്ചകളുണ്ടാകുമ്പോള്‍ തളരാതെ തിരിച്ചുവരാറുള്ള അങ്ങയുടെ ഇച്ഛാശക്തി എന്നെ തളര്‍ച്ചകളില്‍ നിന്നുമുണരാന്‍ സഹായിച്ചു... പരാജയങ്ങളില്‍ നിന്നും പഠിക്കുവാനും, ഭാവിജീവിതത്തെ പതറാതെ അഭിമുഖീകരിക്കാനും, അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അവയെന്നെ സഹായിച്ചുകൊണ്ടിരുന്നു... നന്ദി ജോ!!!

നഷ്ടങ്ങളെക്കുറിച്ചു ചിന്തിച്ചു വ്യകുലപ്പെടാതെ, നേടാനുള്ളത് മാത്രം ചിന്തിക്കുവാനങ്ങു പ്രേരിപ്പിച്ചു... ജീവിതത്തിലുടനീളം അദൃശ്യസാന്നിധ്യമായ വ്യക്തിത്വമായി അങ്ങെന്നെ സ്വാധീനിച്ചുകൊണ്ടിരുന്നു... നന്ദി ജോ!!!

അങ്ങയെ ഗ്രസിച്ചിരിക്കുന്ന മാറാരോഗത്തിന്‍റെ വാര്‍ത്ത‍ എന്നിലൊരു നടുക്കമുളവാക്കിയെങ്കിലും, അതിനെ ധൈര്യസമേതം മറ്റേതൊരു പ്രതിസന്ധിയെയും പോലെ ലാഘവത്തോടെ നേരിട്ടത് എന്നില്‍ വീണ്ടും പ്രത്യാശ വളര്‍ത്തിയിരുന്നു... എല്ലാ നല്ലവരെയും പോലെ ദൈവത്തിനുമങ്ങു വേഗംതന്നെ പ്രിയങ്കരനായെങ്കിലും, പ്രിയപ്പെട്ട ജോ... അങ്ങയുടെ വേര്‍പാട്‌ എന്നെ എന്തെന്നില്ലാതെ വേദനിപ്പിക്കുന്നു... ഇന്നും താങ്കള്‍ തന്നെയെന്‍റെ പ്രചോദനമായി നിലകൊള്ളുന്നു... നന്ദി ജോ!!!

വിവര സാങ്കേതിക മേഖലയുടെ കുലപതിയേ... പൂര്‍ണതയുടെ പര്യായമേ... വ്യത്യസ്തതയുടെ അവസാന വാക്കേ...  ജീവിതാനുഭവങ്ങളുടെ മഹാനുഭാവാ... ലാളിത്യത്തിന്‍റെ രാജാവേ... വിജയങ്ങളുടെ തോഴാ... ദീര്‍ഘവീക്ഷണങ്ങളുടെ നേതാവേ... അങ്ങയെ ഞാന്‍ നമിക്കുന്നു...

എന്‍റെ സ്വന്തം വഴികാട്ടി!!! എന്‍റെ സ്വന്തം സീനിയര്‍!!! എന്‍റെ സ്വന്തം ജോ!!! ലോകത്തിന്‍റെ സ്വന്തം സ്റ്റീവ് ജോബ്സ്!!! (അടുത്തയിടക്ക് അന്തരിച്ച ബഹുമുഖപ്രതിഭ... അപ്പിള്‍ കമ്പ്യൂട്ടര്‍സിന്‍റെയും, പിക്സാര്‍ന്‍റെ യും സ്ഥാപകന്‍... ഐ ഫോണ്‍, ഐ പാഡ്, ഐ പോഡ്, മാക് സിസ്റ്റം മുതലായവയുടെ നിര്‍മാതാവ്).

അങ്ങേക്ക് താങ്കളുടെ മേഘലയിലെവിടെയുമെത്തിയിട്ടില്ലാത്ത ഒരു ജൂനിയര്‍ന്‍റെ പ്രണാമം!!!

അങ്ങയുടെ ഒരേയൊരു കാഴ്ചപ്പാട് മാത്രം ഞാനിന്നും ജീവിതത്തില്‍ തുടരുന്നു (അങ്ങു ഉദ്ദേശിച്ച രീതിയിലല്ലാതെ) ...

പട്ടിണി കിടക്കുക... വിഡ്ഢിയായിരിക്കുക... (Stay Hungry... Stay Foolish...) !!!