Monday, January 27, 2014

kai po che


ഇതു kai po che എന്ന ഹിന്ദിപ്പടത്തിൻറെ റിവ്യൂ അല്ല...ഗുജ്ജൂസ് (ഗുജറാത്തികൾ) അവരുടെ പട്ടംപറത്തി കളിയിൽ അയൽക്കാരൻറെ പട്ടം നശിപ്പിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ആഹ്ലാദാരവവുമല്ല ... മറിച്ചു ദക്ഷിണേന്ത്യയിൽ നടന്നയൊരു സംഭവകഥ...

എൻറെ  സുഹൃത്ത് തൻറെ പ്രവാസജീവിതത്തിൽ നിന്നും വീണുകിട്ടിയ അവധിക്കാലമാഘോഷിച്ച്, വീണ്ടും പ്രയാസജീവിതത്തിലേക്കു പോകുന്ന വഴി. പാലക്കാട്ടു നിന്നുമുള്ള പ്രയാണം കോയമ്പത്തൂർ വിമാനത്താവളത്തിനെ ലക്ഷ്യമാക്കി 'അതിവേഗം ബഹുദൂരം' കുതിക്കുന്നു (നമ്മുടെ മുഖ്യൻ പറയുന്ന പോലെയല്ല... ശരിക്കും അതിവേഗം ആയിരുന്നു...)... രണ്ടു വശങ്ങളിലുമുള്ള കാഴ്ചകൾ തൻറെ അവധിക്കാലം പോലെത്തന്നെ പെട്ടെന്നു കടന്നുപോയിക്കൊണ്ടിരുന്നു... കേരളത്തിൻറെ പച്ചപ്പിൽ നിന്നും തമിഴ്‌നാടിൻറെ സെറ്റപ്പിലേക്ക് വണ്ടി നീങ്ങി.

പൊതുവെ മ്ലാനത മൂടിക്കെട്ടിയ അന്തരീക്ഷം മയപ്പെടുത്താൻ ടാക്സിഡ്രൈവർ ഇട്ട ഗാനം കൂനിന്മേൽക്കുരുവായി...

"തിരികെ ഞാൻ വരുമെന്ന
വാർത്ത കേൾക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും..."

'നിറുത്തെടാ നിൻറെ കോപ്പിലെ കൊതിക്കെറുവ്...' സുഹൃത്ത്‌ കണ്ണുരുട്ടിയപ്പോൾ ഡ്രൈവറുടെ കടി തീർന്നു...

എനിക്കു ഇന്നത്തെ ഫ്ലൈറ്റിനു പോകാനുള്ളതാ... ഒന്നു കത്തിച്ചു വിടെടോ...

'കത്തിക്കാൻ ഞാൻ വലി നിറുത്തിയതാ സാറേ..'

ഭും... പ്രവാസിയുടെയും കടി തീർന്നു...

'സാറൊന്നു ടെൻഷനടിക്കാതിരി... കണ്ണടച്ചു മയങ്ങിക്കോ... എയർപോർട്ട് എത്തുമ്പോൾ വിളിക്കാം...' ഇതുംപറഞ്ഞു യാത്രക്കാരനോടുള്ള ദേഷ്യം ഡ്രൈവർ ആക്സിലറെട്ടറിൽ ഞെരിച്ചമർത്തി. വണ്ടി ചീറിപ്പാഞ്ഞു. സുഹൃത്ത് ക്ഷീണവും, വേഗം പോകുന്നതിൻറെ പേടിയും കാരണം ചെറുതായൊന്നു മയങ്ങി.

കൂമ്പിയടഞ്ഞ കണ്ണുകളെ ഉണർത്തിയത് കീഴ്മേൽ മറിയുന്ന വണ്ടിയായിരുന്നു. എതിരെ വന്ന പാണ്ടിലോറിയും, സുഹൃത്തിൻറെ കാറും തമ്മിൽ നടുറോട്ടിൽ 'അവിഹിതം' സ്ഥാപിക്കാൻ ശ്രമിക്കുന്നു! സുഹൃത്തിൻറെ വണ്ടി പുതിയ 'പൊസിഷൻ' ശ്രമിച്ചതാണോ അതോ വികാരഭരിതനായതാണോയെന്തോ... അവർ അന്തരീക്ഷത്തിൽക്കിടന്നു പുളഞ്ഞു... മുട്ടിയുരുമ്മി ആലിംഗനം ചെയ്തു... പരസ്പരം കീഴ്മേൽ പൊസിഷൻ മാറ്റി രസിച്ചു... ഒടുക്കമൊരു ശീല്ക്കാരത്തോടു കൂടി രണ്ടു വശങ്ങളിലായി ചെരിഞ്ഞു...

തളർന്നു കിടക്കുന്ന വാഹനങ്ങളുടെ ചുറ്റും 'അക്സിഡന്റ്റ്... അക്സിഡന്റ്റ്'' എന്നലറിക്കൂവി നാട്ടുകാരെത്തി. റോഡിനിരുവശങ്ങളിലുമായി രണ്ടു വണ്ടികൾ! എല്ലവരുമെന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്നു. പോലീസിനും, അംബുലൻസിനും വിളി പോയി. അവരിലൊരു കൂട്ടർ വരുന്നതും കാത്തിരുന്ന നാട്ടുകാർക്ക് ദർശിക്കാനായത് ഇത്തരം അവസരങ്ങളിൽ പോലീസിനെയും, അംബുലൻസിനെയും മുമ്പ് സ്പോട്ടിലെത്തുന്ന വർഗ്ഗം... ടി.വി. റിപ്പോർട്ടേർസ് ഫ്രം എ മലയാളം ചാനൽ!!!

വന്നിറങ്ങിയതും ഒരു ലോക്കലിനോട് ലവൻ പണിതുടങ്ങി.

റി:എന്താണു സംഭവിച്ചത്?

ലോ:(കൈ കൊണ്ടു 'അറിയില്ല' എന്ന അക്ഷൻ കാട്ടിക്കൊണ്ട്) തെരിയാതയ്യാ...

റി:(കൈ മുന്നോട്ടു നീട്ടി) ഐയാം റിപ്പോർട്ടർ തിമ്മയ്യ... ദെൻ മിസ്റ്റർ തെരിയാതയ്യ... എപ്പോഴാണ് സംഭവം നടന്നത്?

ലോ:(കൈ തലയിൽ വെച്ചിട്ട്) എന്ന കൊടുമൈ സാർ !!! (ഏതാട ഈ അലവലാതി എന്നു മലയാളത്തിൽ സിമ്പിൾ പരിഭാഷ).

റി:ഇവിടെ കൊടും സംഭവം നടന്നെന്നാണ് മി. തെരിയാതയ്യ പറയുന്നത്. എത്രത്തോളം നാശനഷ്ടം സംഭവിച്ചെന്നറിയില്ല. അത്യാഹിതത്തിൻറെ  വ്യാപ്തി മനസ്സിലാക്കാൻ ഇനിയും വിവരങ്ങൾ വേണ്ടി വരുമെന്നാണ് നമുക്കറിയാൻ കഴിയുന്നത്‌. രണ്ടു വണ്ടികളും റോഡിനിരുവശത്തും കിടക്കുന്ന ദയനീയ കാഴ്ച മനം മടുപ്പിക്കുന്നത് തന്നെ. നമുക്ക് തിരിച്ചു വരാം...

മി. തെരിയാതയ്യ ... സത്യത്തിൽ എന്താണു സംഭവിച്ചത്???

ലോ:അത് വന്ത് സാർ... ലോറിയും, കാറും രണ്ടു സൈഡിൽ നിന്തും സ്പീഡിൽ വന്താച്ച്... ഇങ്കെ എത്തുംപോത് അടിച്ചു പിരിഞ്ച്...

റി:യു മീൻ ഝഗഡാ... ഝഗഡാ...???

ലോ:എന്നത്???

റി:ഒന്നൂല്ല... രണ്ടു വണ്ടികളും ഓവർസ്പീഡിൽ ആയിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്...

ലോ:എപ്പാ ???

റി:അമിതവേഗത അത്യാഹിതങ്ങൾ വിതക്കുന്ന കഥയിലേക്ക് ഒരേട്‌ കൂടി. അധികാരികളുടെ കണ്ണുകൾ ഇനിയെങ്കിലും തുറക്കട്ടെ...
തെരിയാതയ്യ സാർ... ആരൊക്കെയാണ് വണ്ടിയിൽ ഉണ്ടായിരുന്നത്?

ലോ:കാറിൽ കേരളാവിലെ ഇരുന്ത് ഒരു സാർ. അപ്പുറം ഡ്രൈവർ. ലോറിയിലെ യാര്... കറക്ടാ തെരിയാതയ്യ..

റി:കേരളത്തിൽ നിന്നുമുള്ള ഒരു മാന്യദ്ദേഹത്തിൻറെ കാറാണ് അപകടത്തിൽ പെട്ടിരിക്കുന്നത്. ലോറിയിൽ നമ്മുടെ പ്രിയസുഹൃത്ത്‌ തെരിയാതയ്യയുടെ ബന്ധുക്കളായ 'കറക്ടാ തെരിയാതയ്യ' യും കൂട്ടരുമാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
ദെൻ മി. തെറി...

ലോ:ങ്ഹെ!!!

റി:സോറി... തെരിയാതയ്യ.. അവർക്കൊക്കെ എന്തുപറ്റി???

ലോ:ലോറി ഡ്രൈവറും, ടാക്സി ഡ്രൈവറും അങ്കെയിരുക്ക്...

റി:രണ്ടു ഡ്രൈവർമാരും ഇപ്പോഴും അങ്കത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്‌. രണ്ടു പേരും പരസ്പരം കുറ്റം ചാർത്തുന്നു. അപ്പോൾ കാർ യാത്രക്കാരൻ???

ലോ:(കൈ മലർത്തിയിട്ടു)... പോച്ച്.. സാർ പോച്ച്...

റി:ഹെന്ത്!!! അങ്ങേയറ്റം സങ്കടകരമായ വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്. പ്രവാസിയായ ആ മാന്യദ്ദേഹം, മലയാളത്തിന്റെ മുത്ത്‌ നമ്മോടു വിടപറഞ്ഞുവെന്ന അത്യന്തം ഖേദകരമായ വാർത്ത‍ ഇതാ വന്നുകഴിഞ്ഞു. ആദ്ദേഹത്തിൻറെ കുടുംബവും, നാട്ടുകാരും ഇതെങ്ങിനെ ഉൾക്കൊള്ളൂമെന്നു പറയാൻ വയ്യതന്നെ...

എന്നിട്ടെങ്ങൊട്ടാണ് അദ്ദേഹത്തിൻറെ ബോഡി കൊണ്ടുപോയത്? ആശുപത്രിയിലേക്കോ അതോ കേരളത്തിലെ വീട്ടിലേക്കോ?

ലോ:ബാടിയാ? എതുക്ക്‌?

റി:(ക്യാമെറയെ നോക്കി)... ഒന്ന് ഓഫ് ചെയ്യടെ... എന്നിട്ട്...
കള്ളത്തമിഴാ... നീയുദ്ദേശിച്ച ബാടീസ് അല്ല... ഇതു ഡെഡ് ബോഡി. ശവം...ശവം...
(ക്യാമെറ ഓണ്‍ ചെയ്യടെ)...
അപ്പോൾ ബോഡി എങ്കെപോച്ച്?

ലോ:ശവം... യാരുമേ സവം ആകലിയെ  സാർ..

റി:ഹെന്ത്! ആരും ശവം ആയില്ലേ? ശവമാകാതെ എങ്ങിനെ മരിക്കും?
കേരള രാഷ്ട്രീയത്തിലെപ്പോലെ അടിക്കടി പ്രസ്താവനകൾ മാറ്റുന്നയൊരു വ്യക്തിയാണു നമ്മുടെ മുൻപിൽ നിൽക്കുന്നത്...

ലോ:ആമാ സാർ... ആരുമേ സാകലെ...

റി:പിന്നെ? സാർ പോച്ച് എന്നു താൻ പറഞ്ഞതോ?

ലോ:ആമാ... സാർ പോച്ച്... ഇങ്കെ അക്സിഡന്റ്റ് ആയതക്കപ്പുറം ഫ്ലൈറ്റ് കെടക്കാത് എന്ന് സൊല്ലി സാർ വേറെയൊരു കാറിലെ എയർപോർട്ട്ലെ  പോച്ച്...

നീങ്ക എന്നങ്ക സാർ എല്ലാമേ ഉങ്കളുക്കു തോന്നിയമാതിരി സോല്ലിയിട്ടിരിക്കു? കേരളാവിലെ എല്ലാ റിപ്പോർട്ടേർസും ഇന്ത മാതിരി താനാ ?
റി:നല്ല കാര്യങ്ങളാണ്‌ ഇപ്പോളറിയാൻ കഴിയുന്നത്‌... നമ്മുടെ പ്രിയസുഹൃത്ത് കുഴപ്പമൊന്നുമില്ലാതെ എയർപോർട്ടിൽ എത്തിയ വിശേഷമാണ് ഞങ്ങൾക്കു പങ്കു വെക്കാനുള്ളത്... ഈ സന്തോഷവാർത്ത തത്സമയം നിങ്ങളിലേക്കെത്തിച്ചത് ക്യാമറാമാൻ നീലാണ്ടനോടൊപ്പം  റിപ്പോർട്ടർ തിമ്മയ്യ...

വാൽക്കഷ്ണം:
              100 സെന്റി'മീറ്റർ' = 1 മീറ്റർ
              അപ്പോൾ 100 സെന്റി'മെന്റൽ' ആയ റിപ്പോർട്ടർ ആരായി?

----------------------------------------------------------------------------------------------------

കടപ്പാട്:
              സംഭവകഥ പറഞ്ഞു തന്ന മുംബൈയിൽ ഉള്ള സുഹൃത്തിന്.