Wednesday, February 27, 2013

പണി വരുന്നയൊരു വഴിയേ!!!

എം.സി.എ പഠനകാലം... മുന്നെയൊരിക്കല്‍ പറഞ്ഞപോലെത്തന്നെ നന്നായിത്തീര്‍ക്കാന്‍ പറ്റുമെന്നോ, അതിന്റെയേഴയല്‍ വക്കത്തെത്തുമെന്നോ യാതൊരു പ്രതീക്ഷയുമില്ല... ഇടി വെട്ടിയവന്റെ കൂടെ രഞ്ജിനി ഹരിദാസ്‌ ഡാന്‍സ് ചെയ്തുവെന്ന പോലെയടുത്ത സെമസ്റ്റര്‍ എക്സാം!!! പോരാത്തതിനു ആ സെമസ്റ്ററിലെയൊരു പേപ്പര്‍ 'കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സ് ' (പഷ്ട് ...) 

ബാക്കിയൊക്കെ ബിറ്റ് എഴുതിയും, ഡസ്ക് ചുരണ്ടിയുമൊക്കെ പാസ്സാകാമെന്നു വെക്കാം... കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സ് അതും പറ്റൂല... ചുരണ്ടിയത് ആരു പേപ്പറില്‍ എഴുതും !!!കഷ്ടകാലത്തിനു ക്ലാസ്സിലെ പെണ്‍പടയുമായി ഉടക്കായതിനാല്‍ അവിടെനിന്നും സഹകരണം പ്രതീക്ഷിക്കേണ്ട. വെള്ളമില്ലാതെന്തു വള്ളം കളി?

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്സും, കമ്പ്യൂട്ടര്‍ ഭാവിയും ഇരുട്ടിലായിത്തുടങ്ങിയെന്നു മനസ്സിലായി...നെറ്റ് വര്‍ക്സ് പാസ്സാകാത്ത കമ്പ്യൂട്ടര്‍എഞ്ചിനീയര്‍ ആകാന്‍ തയാറെടുത്തു നില്‍ക്കവേ നേരത്തെ ഇടിവെട്ടിയവന്റെയടുത്തു നിന്നും രഞ്ജിനി ഡാന്‍സ് മതിയാക്കി പോയപോലെയൊരു സന്തോഷവാര്‍ത്തയുമായി മൂപ്പരും, നമ്പ്യാരും എത്തി... 

"ഡേയ് ... ക്വസ്റ്യന്‍ പേപ്പര്‍ മുരുകന്‍ സാറിന്റെ കയ്യിലുണ്ട് . കാശു കൊടുത്താല്‍ പൊക്കാം..."

മുരുകന്‍ സാറിന് പെണ്‍മക്കളില്ലാത്തത് കൊണ്ടു 3 idiots സ്റ്റൈല്‍ നടക്കൂല.  കാശു കൊടുത്തു തന്നെ വാങ്ങണം... അവസാനം മുരുകദര്‍ശനം നടത്തി... സാറുമാരുമായി നല്ല ബന്ധമായതു കൊണ്ടും, സാറിനു നമ്മളെപ്പറ്റി കട്ടക്കിടു ഇമേജ് ആയതുകൊണ്ടും എല്ലാവര്‍ക്കും 5000നു ഉറപ്പിച്ച ഡീല്‍ ഞങ്ങള്‍ക്ക് 7000നു സെറ്റപ്പായി... പൈന്റ്  വാങ്ങാന്‍ ഷെയര്‍ ഇടുന്നതൊഴിച്ചാല്‍ എല്ലാവരും സന്തോഷപൂര്‍വ്വം ഷെയര്‍ ഇട്ട ആദ്യ സംരംഭം...

എം.സി.എ സര്‍ടിഫികറ്റ് കയ്യില്‍ക്കിട്ടിയതിലും സന്തോഷത്തില്‍ എല്ലാവരുമൊത്തുകൂടി... പണി തുടങ്ങുന്നതിനു മുന്‍പു എല്ലാവരും ഒന്നുകൂടി  ഷെയര്‍ ഇട്ടു... ക്വസ്റ്യന്‍ ഇട്ടവന്റെ തന്തക്കു വിളിക്കാന്‍... ഇതു കിട്ടിയില്ലാരുന്നേല്‍ എട്ടു നിലയില്‍ പൊട്ടിയേനെ. അത്രക്കും കട്ട ക്വസ്റ്റൈന്‍ (ഇത് വിവരമുള്ളവര്‍ പറഞ്ഞതാ... എനിക്ക് വല്ല്യ കട്ടയായി തോന്നിയില്ല... ക്വസ്റ്റൈന്‍ വായിക്കാനൊക്കെ
 പറ്റുന്നുണ്ടായിരുന്നു...) 


അടുത്തദിവസം രാവിലെ 9 മണിവരെയേ സമയമുള്ളൂയെന്നതിനാല്‍ (9 നാ എക്സാം) ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ വിവരമുള്ളവരെ ഏല്‍പ്പിച്ചു...രാത്രി 11 മണിയോടെ ഉത്തരങ്ങളെല്ലാം റെഡിയായി... ഇനി പഠിക്കണം... 

തട്ട് പൊളിപ്പന്‍ പഠിത്തം... എല്ലാ ഉത്തരങ്ങളും കയ്യിലുണ്ടായിട്ടു പോലും ക്ഷ, ണ്ണ, ഞ്ഞ  മുതലായവ വരച്ചു...ആദ്യമായി ഒരെക്സാമിന്റെ തലേന്നു  മുഴുവന്‍ പഠിച്ച നിര്‍വൃതിയില്‍ എല്ലാവരും ഉറങ്ങാന്‍ പോകുമ്പോള്‍ സമയം രാവിലെ 3. 

അടുത്ത ദിവസം പൊളിച്ചടുക്കിയ ശേഷം പെണ്‍പടകളെ നോക്കി പുച്ചിക്കുന്നതോക്കെയോര്‍ത്തു വികാരതരളിതനായ മൂപ്പര്‍ നമ്പ്യാരോട് ...
"നമ്പ്യാരെ .. നീ ഉറങ്ങിയോ?"
"ഇല്ല... നീയോ?" നമ്പ്യാര്‍ തിരിച്ചും...
"എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാഞ്ഞേ.."
"എല്ലാത്തിനും അതിന്റേതായ സമയമുണ്ട് മൂപ്പരെ..."
"നമുക്കീപ്രാവശ്യം എല്ലാവരെയും ഞെട്ടിക്കണം മുഴുവന്‍ മാര്‍ക്കും വാങ്ങിയിട്ടു..."
"അതെയതെ.."
"നമ്മളെല്ലാം പഠിച്ചില്ലേ? ഒന്നും വിട്ടു പോയില്ലല്ലോ?" മൂപ്പരുടെ കണ്‍ഫര്‍മേഷന്‍...
"ഞാനുമതായിപ്പോ ആലോചിച്ചേ... ഒരു റൌണ്ട് കൂടെ നോക്കിയിട്ടു കിടന്നാലോ?"
വേണോയെന്ന് തിരിഞ്ഞു നോക്കുമ്പോള്‍ക്കണ്ടത് മൂപ്പര് പഠിത്തം തുടങ്ങിയതാ.... ഇതിന്റെ പകുതി പണ്ടോണ്ടാരുന്നേല്‍ എവിടെയെത്തിയേനെ!!!

അങ്ങിനെ മൂപ്പരും, നമ്പ്യാരും മറ്റുള്ളവരെക്കാളും ഒരു റൌണ്ട് കൂടെ കൂടുതല്‍ പിടിപ്പിച്ചു... മുടിഞ്ഞ കൊണ്‍ഫിടെന്‍സുമായി മച്ചാന്‍സ് കിടന്നു... 
രാവിലെ സ്വച്ഛമായ നിദ്ര തമിഴ്നാട്ടിലെ കൂതറ വെയില്‍ കളഞ്ഞതിന്റെ ആലസ്യത്തില്‍ മൂപ്പര്‍ എഴുന്നേറ്റു...
"വന്നുവന്ന് വെയിലിനും മര്യാദയില്ല... അതി രാവിലെ ഇത്ര പൊള്ളിക്കണോ... ഒരു മയത്തിലൊക്കെ അടിച്ചാല്‍പ്പോരെ ?" ആലസ്യത്തിനു കൂട്ടായി പിറുപിറുപ്പും...
"നമ്പ്യാരെ... എണീക്കെടെ... ഇന്ന് നമ്മുടെ ദിവസമല്ലേ..."

വിളികേള്‍ക്കാന്‍ കാത്തു നിന്നപോലെ നമ്പ്യാര്‍ എണീറ്റു... പതിവിനു വിപരീതമായി കുളിച്ചു, നല്ല രീതിയില്‍ ഡ്രെസ്സൊക്കെ ചെയ്തു രണ്ടുപേരും കോളേജിലേക്ക് കുതിച്ചു...കോളേജിലെത്തിയപ്പോള്‍ കൂടെയുള്ളവരെയാരെയും കാണുന്നില്ല... മടിയന്മാര്‍.... എല്ലാവന്മാരും കൃത്യ സമയത്തു  കെട്ടിയെടുക്കാന്‍ നിക്കുവാ... ഇന്നലെ ക്വസ്റ്റൈന്‍ കിട്ടിയിരുന്നില്ലെല്‍ കാണാരുന്നു...

കാന്റീനില്‍ നിന്നുമുള്ള മത്തി  പൊരിച്ചതിന്റെ മണം !!!! എന്റെ സാറെ... പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂലാ... എന്ന പതിവു ലാസ്യഭാവം വിട്ടു മണത്തിനെ പാടെ അവഗണിച്ച്  നേരെ എക്സാം ഹാളിലേക്ക് .... ബെല്‍ മുഴങ്ങി... എക്സാമിനര്‍ എത്തി... ഓരോരുത്തരുടെയും ഹാള്‍ടിക്കറ്റ്‌ വാങ്ങി നോക്കി...കാണാനൊരു ലുക്ക് ഇല്ലെന്നേയുള്ളൂ, ഭയങ്കര ബുദ്ധിയാ എന്ന രീതിയില്‍ മച്ചാന്‍സ് ...

"നിങ്ങളെന്തിനാ വന്നെ?" 

എക്സാമിനറുടെ ചോദ്യംകേട്ടു ചൊറിഞ്ഞ  മൂപ്പരുടെ വക... "ഇവിടെ സങ്കരയിനം പരുത്തിക്കുരുവിന്റെ വിത്തുകള്‍ കൊടുക്കുന്നുണ്ടെന്നറിഞ്ഞു വന്നതാ... എന്തേയ് ..."
എക്സാമിനര്‍ ഉടക്കു മോഡിലേക്ക് പോകുന്നതിനു മുന്‍പ്  നമ്പ്യാര്‍ ഇടപെട്ടു... "എന്റെ പോന്നു സാറെ... എക്സാം ഹാളില്‍ എല്ലാവരുമെന്തിനാ വരുന്നേ?"
"അതാ ഞാനും ചോദിച്ചേ... എല്ലാവരും വരുന്നത് എക്സാം എഴുതാനാ... നിങ്ങളെന്തിനാ വന്നതെന്നാ ചോദിച്ചേ..."
'ഇങ്ങാരു  പരുത്തിക്കുരു വാങ്ങിപ്പിച്ചേ അടങ്ങൂ... അതോയിനി ക്വസ്റ്റൈന്‍സ് ചോര്‍ന്നത്‌ ഇങ്ങേരു അറിഞ്ഞാ!!!'
"സാറെ .. സമയം കളയാതെ ക്വസ്റ്റൈന്‍സ് തന്നേ ..." മൂപ്പരു  വിറളി  പിടിച്ചു തുടങ്ങി...
"എടോ ... ബി.സി.എ ക്വസ്റ്റൈന്‍സ് കിട്ടിയിട്ട് നിങ്ങക്കെന്തിനാ? നിങ്ങളു എം.സി.എ ക്കാരല്ലേ...  പോയെ സമയം മെനക്കെടുത്താതെ..."എക്സാമിനറും  വിറളി  പിടിച്ചു തുടങ്ങി...
"അപ്പോ എം.സി.എ ക്വസ്റ്റൈന്‍സ് എവിടെയാ കിട്ടുകാ?" മച്ചാന്മാര് രണ്ടും ഡീസന്റ്  ആയി...
"അത് എക്സാം എഴുതിയിട്ട് പോയ ആരോട് ചോദിച്ചാലും കിട്ടും..."
"ഹെന്ത് !!! എക്സാം എഴുതിയിട്ട് പോയതോ? വാട്ട്‌ യു മീന്‍?"
"ഇനി മീന്‍ വാട്ടിയിട്ടു എന്ത് കാര്യം? നിങ്ങളുടെ എക്സാം രാവിലെയല്ലേ?"
"അതേ..." മൂപ്പരും, നമ്പ്യാരും ഒരേ സ്വരത്തില്‍...
"ഇപ്പൊ സമയമെത്രയായെന്നു ചോദിച്ചേ..."
അപ്പുറത്തവന്റെ കയ്യിലെ വാച്ചു തിരിച്ചു സമയം നോക്കിയ മൂപ്പരുടെ തലയും ചെറുതായി തിരിയുന്നതായി തോന്നി.... 

സമയം ഉച്ച 1.30 !!! കാന്റീനിലെ മത്തി  പൊരിമണം വീണ്ടുമടിച്ചു...

(((((ഠേ)))))  

രണ്ടുപേരും കാര്യങ്ങള്‍ മനസ്സില്‍ റീവൈന്റ് ചെയ്തു നോക്കി... സൂര്യന്‍ പോലും ചതിച്ചു... പരീക്ഷാ തയ്യാറെടുപ്പു കഴിഞ്ഞുള്ളയുറക്കം കുറച്ചു കൂടിപ്പോയി...

പണി വരുന്നയൊരു വഴിയേ!!!

മുന്‍ഷി: ഹും... നിങ്ങള്‍ക്ക് ചിരിക്കാം... മുട്ടയിട്ട കോഴിക്കല്ലേ മൂലത്തിന്റെ വേദനയറിയൂ  :(