Tuesday, October 11, 2011

ഹും.. മൈക്കിളിനോടാ അവന്‍റെ കളി...


ഈ കഥയിലെ കഥാപാത്രങ്ങളെ ആദ്യംതന്നെ പരിചയപ്പെടുത്താം.

മൈക്കിള്‍: 6 അടി 4 ഇഞ്ച് ഉയരം. ശുദ്ധഹൃദയന്‍.

സിദ്ദീഖ്:    4 അടി 6 ഇഞ്ച് ഉയരം. കുരുട്ടുഹൃദയന്‍.

ഇനി ആമുഖം

മൈക്കിളിനു പന്തയം (bet) വെച്ചു ജയിക്കുക എന്നത് ഹരവും, അഭിമാനപ്രശ്നവുമായിരുന്നു. നിമിഷനേരം കൊണ്ടൊരു ഫുള്‍ തീര്‍ക്കുക, ഒന്നിച്ചു 10 സിഗരറ്റ് വലിക്കുക, 20 മിനിറ്റിനുള്ളില്‍ 5 ചിക്കന്‍ബിരിയാണി തീര്‍ക്കുക, റോഡ്‌റാഷ്, സ്നൂക്കര്‍ 147 മുതലായ കമ്പ്യൂട്ടര്‍ ഗെയിംസ് ടൂര്‍ണമെന്റില്‍ ജയിക്കുക മുതലായവ ലവന്‍റെ ചെറിയ വിക്രിയകള്‍ മാത്രം. 

എന്നാലും ഏറ്റെടുത്ത ഒരു പന്തയം തോല്‍ക്കുകയെന്നു പറയുന്നത് മൈക്കിളിനു ചിന്തിക്കാന്‍ പോലും പറ്റാത്തതായിരുന്നു. 'തോല്‍വി പന്തയന്‍മാര്‍ക്ക് മൃതിയെക്കാള്‍ ഭയാനകം'.

നേരെമറിച്ചു സിദ്ദീഖിന് ആള്‍ക്കാരെ വടിയാക്കുന്നതിലാണ് താല്‍പര്യം. എപ്പോഴും എന്തെങ്കിലും നമ്പര്‍ ഇറക്കികൊണ്ടിരിക്കും. വളരേ വിശ്വാസയോഗ്യമായ രീതിയില്‍ അതവരിപ്പിച്ചു 'മിസ്റ്റര്‍ വടിയാക്കന്‍' എന്ന സ്ഥാനപ്പേര് നിലനിര്‍ത്തിപ്പോന്നു. 

ഇനി കഥ:

ഒരു ഞായറാഴ്ച ഉച്ച. തലേദിവസത്തെ കെട്ടുംവിട്ട്, പള്ളിയില്‍പോയി പീസുകളെയെല്ലാം കവര്‍ ചെയ്തു എല്ലാവരും ഹോസ്റ്റലില്‍ എത്തിയ സമയം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതില്‍ എല്ലാവരും കൂടിയിരുന്നു ഒരു കൂട്ടമടുപ്പ് ആചരിക്കുമ്പോള്‍ അതാ വരുന്നു ഒരു പന്തയമണം.

"മൈക്കിളെ... നിനക്ക് ദാ അവിടെ തൊടാന്‍ പറ്റുമോ??". സിദ്ദീഖിന്‍റെ ചോദ്യം - മൈക്കിളിനോട്

സാമാന്യം ഉയരത്തിലാണു സാധാരണക്കാരന് ലകഷ്യമെങ്കിലും മൈക്കിളിനു കല്ലിവല്ലി(സിമ്പിള്‍).

"എന്നതാടാ ഊവേ... നീ ആളെ വടിയാക്കുവാണോ?". മൈക്കിളിന്‍റെ മറുപടി.

"ഇതു നിനക്ക് പറ്റില്ലെടെ.. വേണമെങ്കില്‍ നമുക്ക് പന്തയം വെക്കാം..." സിദ്ദീഖിന്‍റെ വക.

തന്‍റെ വീക്നെസ്സില്‍ പിടിച്ചു കുലുക്കിയപ്പോള്‍ (അയ്യേ!!! നിങ്ങളുദ്ദേശിച്ചയവിടെ അല്ല. സത്യം...) മൈക്കിള്‍ ചാര്‍ജായി. പന്തയദൈവങ്ങള്‍ മൈക്കിളിന്‍റെ ചെവിയിലോതി 'തോല്‍വി പന്തയന്‍മാര്‍ക്ക് മൃതിയെക്കാള്‍ ഭയാനകം - പന്തയമുഖത്ത് നിന്നും ഭീരുവിനെപ്പോലെ മുഖം തിരിക്കുന്നത് ആത്മഹത്യക്കു സമം'.

"ഞാന്‍ തയ്യാര്‍. എന്താണ് പന്തയം?" വെല്ലുവിളിയേറ്റ യോദ്ധാവിന്‍റെ ആക്രോശം.

"50 രൂപ. പക്ഷെ ഒരു കണ്ടീഷന്‍. പന്തയം കഴിഞ്ഞാല്‍ ആ പൈസക്കു എല്ലാവര്‍ക്കും പലഹാരം മേടിച്ചു തരണം. ഫുള്‍ പൈസക്കു."

വെറുതെ കിട്ടുന്ന കാശല്ലേ. "തയ്യാര്‍..." മൈക്കിള്‍ വീണ്ടും ആക്രോശ്കുമാര്‍ ആയി. 

എന്നാലും ഇത്തവണ സിദ്ദീഖിനു സ്വബോധംപോയോ എന്നുപോലും ഞങ്ങള്‍ ശങ്കിച്ചു. തൊട്ടിട്ടുവരാന്‍ പറഞ്ഞാല്‍ ആ സ്ഥലം മൈക്കിള്‍ നക്കിയിട്ടു വരുമെന്നു ഞങ്ങള്‍ക്കു ഉറപ്പാണ്. 

പാലായില്‍ ഇലക്ഷന് നിന്ന മാണിസാറിനെപ്പോലെ മല്‍സരത്തിനുമുന്‍പേ വിജയം ഉറപ്പാക്കി മൈക്കിള്‍. 

ഫ്രീയായി പലഹാരങ്ങള്‍ ഉറപ്പാക്കി ഞങ്ങള്‍.

ഓണ്‍ യുവര്‍ മാര്‍ക്ക്‌... സെറ്റ്‌... ഷു...

അങ്കം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ മൈക്കിള്‍ നാക്കുകൊണ്ട് തൊട്ടിട്ടു വന്നു. പന്തയം ജയിച്ച മൈക്കിളിനെക്കാള്‍ പലഹാരം ജയിച്ച ഞങ്ങള്‍ ആഹ്ലാദിച്ചു.  

അഭിമാനപൂരിതമായി അന്തരംഗം.

മത്സരം ജയിച്ച മൈക്കിള്‍ പന്തയപ്പണത്തിനായി ചാടി. അതവന്‍ നേടി. പിന്നെ പലഹാരക്കടയിലേക്ക് ഓടി. അതിനിടയില്‍ സിദ്ദീഖിനോടായി ഒരു അവസാന റൗണ്ട് ആക്രോശവും. 

"ഹും.. മൈക്കിളിനോടാ അവന്‍റെ കളി..."

പക്ഷെ സിദ്ദീഖിന്‍റെ മുഖഭാവം എല്ലാവരെയും അമ്പരിപ്പിച്ചു. മിഥുനം സിനിമയില്‍ ജഗതി തേങ്ങായുടക്കാന്‍ പോകുമ്പോള്‍ ഇന്നസെന്‍റ് നില്‍ക്കുന്ന അക്ഷോഭ്യനായ അതേഭാവം. ബേസിക്കലി മലപ്പുറത്തെ ബിസിനസ്‌ ഫാമിലിയില്‍ ജനിച്ചതായതുകൊണ്ട് ജയപരാജയങ്ങള്‍ പുത്തരിയല്ലായിരിക്കും.

എന്നാ കൊപ്പെങ്കിലുമാകട്ടെ. ഞങ്ങള്‍ പലഹാരത്തിലേക്ക് മനസിനെ തിരിച്ചു വിട്ടു.

മൈക്കിള്‍ നിമിഷനേരം കൊണ്ട് പലഹാരപാക്കറ്റുമായി തിരിച്ചെത്തി. വളരെ നിഷ്കളങ്കമായ ചിരിയോടുകൂടെ സോമാലിയയില്‍ പലഹാരം വിതരണം ചെയ്യുന്ന ലാഖവത്തില്‍ ഞങ്ങളുമായി പങ്കിട്ടു. 

പക്ഷെ ബാക്കിയെല്ലാവര്‍ക്കും മൈക്കിളിന്‍റെ പലഹാരം കഴിക്കുമ്പോള്‍ ഒരു മ്ലാനതയുണ്ടായിരുന്നു. എന്തെന്നാല്‍ മൈക്കിള്‍ പലഹാരം വാങ്ങാന്‍പോയ സമയത്തു സിദ്ദീഖ് പറഞ്ഞുതന്നിരുന്നു എന്തുകൊണ്ടാണ് പന്തയം തോറ്റിട്ടും അവന്‍ അജന്ച്ചലനായി നിന്നതെന്ന്...

എല്ലാവരും കൂടിയിരുന്നു കൂട്ടമടുപ്പ് ആചരിക്കുമ്പോള്‍ അവിടെ ഊരിയിട്ടിരുന്ന മൈക്കിളിന്‍റെ ഷര്‍ട്ട്‌പോക്കെറ്റില്‍ നിന്നും തന്നെയാണ് ആ 50 രൂപ എടുത്തതു പോലും !!!

"ഹും.. സിദ്ദീഖിനോടാ അവന്‍റെ കളി..."

3 comments:

  1. siddique eppozhum weakness nokki nadukkua dubaiyil.... avanu cheriya weakness matrame ulooo

    ReplyDelete
  2. aliyaaa polichu expecting more

    ReplyDelete
  3. Kalakkiyeda Anoope. Siddiquinum Michaelnum ente aashamsakal.

    ReplyDelete