Saturday, November 26, 2011

സൂത്രക്കാരന്‍


ആദ്യദിനം. വളരെ പ്രതീക്ഷയോടെ എല്ലാവരും ജോയിന്‍ ചെയ്ത M. B. A കോഴ്സിന്‍റെ ആദ്യദിനം. എല്ലാവരും വന്നു തുടങ്ങുന്നതേയുള്ളൂ. കഥാനായകന്‍ (അതു ഞാന്‍ തന്നെ... ഇവരുടെ സീനിയര്‍ ആണെങ്കിലും, കോഴ്സ് M.C.A ആണെങ്കിലും, അവിടെയെങ്ങും ഒന്നും നടക്കാഞ്ഞതുകൊണ്ട് ഇവിടെ പരിപ്പു വേവിക്കാന്‍ വന്നതാണ്‌) ചുറ്റുംനോക്കി.

സ്ത്രീ-പുരുഷ അനുപാതം 1:3.

പ്രൊഫഷണല്‍ കോഴ്സിന്‍റെ ഗോമ്പറ്റീഷന്‍ അവിടെത്തുടങ്ങുന്നു. ഏറ്റവും ഉചിതമായതു കൈക്കലാക്കാനുള്ള വ്യഗ്രത. 'രാഖി കാ സ്വയംവര്‍' പോലെ സ്വയംപര്യാപ്തത തെളിയിച്ച് ഒരു ചരക്കിനെയെങ്കിലും (ചിലപ്പോള്‍ ഒന്നില്‍ക്കൂടുതല്‍ കിട്ടിയാലോ !!!) സംവരണം ചെയ്യാനുള്ള ആഹ്വാനം.

കഴിവ്, സാമര്‍ത്ഥ്യം, വാക്ചാതുര്യം, സൗന്ദര്യം, ഹാസ്യം, ചതി, പരസ്പരം ചെളിവാരിയേറു ഇങ്ങനെയേതു ആയുധം വേണമെങ്കിലും ഉപയോഗിക്കാം. മാര്‍ഗ്ഗം ഏതായാലും ലക്‌ഷ്യമാണു പ്രധാനം. 'എ റിയല്‍ ടാലെന്‍റ് ഹണ്ട് !!! '...

ഇങ്ങനെയന്തരീക്ഷം കലുഷിതമായിയിരിക്കുമ്പോള്‍ ഒരു കറുപ്പുവസ്ത്രധാരി കടന്നുവന്നു. മണ്ഡലമാസം ആയില്ലല്ലോ.... പിന്നെ യെവന്‍ യാരപ്പ? ഇനി അധ്യാപകന്‍ ആകുമോ? ... ഇവിടെയൊക്കെ എന്തുമാകാമല്ലോ...

ഇത്തരം സംശയങ്ങള്‍ മനസ്സില്‍ ലഡ്ഡുപൊട്ടിച്ചു കളിക്കുമ്പോള്‍ കൂടെ വന്ന ശ്യാം മാന്യദ്ദേഹത്തെ പരിചയപ്പെടുത്തി... അഡ്വ. സുരേഷ്.

അഡ്വക്കേറ്റിനെന്താ ഈ വീട്ടില്‍ ... ഛെ... കോളേജില്‍ കാര്യം???  അഡ്വക്കേറ്റ്‌ ആണെങ്കിലെന്താ... ഇവന്‍ കറുപ്പുവസ്ത്രം മാത്രമേ ഇടാറുള്ളൂ??? കള്ളം പറയാന്‍ പഠിച്ചയിവന്‍ M. B. A ക്ക് എന്തിനു വന്നു??? കണ്ണൂരില്‍ ബന്ത് ദിനത്തില്‍ 'പടക്കം'  പൊട്ടിക്കുന്നപോലെ മനസിലെ ലഡ്ഡുക്കള്‍ കിടന്നു വീണ്ടും പൊട്ടിച്ചുകളിക്കാന്‍ തുടങ്ങി.

പൊടുന്നനെയൊരു അശരീരി അന്തരീക്ഷത്തില്‍ മുഴങ്ങി.

"ആരൊക്കെയാണ് ഏജന്‍റ് മുഖേന വന്നത്???"

എല്ലാവരും അശരീരിയുടെ പ്രഭവസ്ഥാനത്തേക്കു നോക്കി.  ക്ലാ...ക്ലാ...ക്ലീ...ക്ലീ...ക്ലൂ...ക്ലൂ... ശബ്ദംകേട്ട സുരേഷും തിരിഞ്ഞു നോക്കി.

പല കൈകളും പൊങ്ങി. കൂട്ടത്തില്‍ സുരേഷിന്‍റെയും. അവരുടെ കയ്യില്‍നിന്നും ഫീസ്‌ ശേഖരിച്ചു അശരീരി പോയി.

പൊങ്ങാഞ്ഞ കൈകള്‍നോക്കി സുരേഷിന്‍റെ വെളിപ്പെടുത്തല്‍. "നിങ്ങള്‍ക്കൊക്കെ അബദ്ധംപറ്റി. ഏജന്‍റ് മുഖേന വന്നവര്‍ക്ക് ഡോനെഷന്‍ കൊടുക്കേണ്ട... ഫീസ്‌ മാത്രം കൊടുത്താല്‍മതി".

വെറുതെ കാശുനഷ്ടമാക്കിയ വ്യാകുലതയില്‍ എല്ലാവരും വിഷമിച്ചു.

വെളിപ്പെടുത്തലിന്‍റെ ചൂടാറുംമുമ്പേ വാര്‍ത്തയുടെ വിശദാംശങ്ങളുമായി പ്രശാന്ത്‌ രഘുവംശം.

"അവന്‍ പറഞ്ഞതു ശരിയാ... ഏജന്‍റ് മുഖേന വന്നവര്‍ക്ക് ഡോനെഷന്‍ കൊടുക്കേണ്ട... ഫീസ്‌ മാത്രം കൊടുത്താല്‍മതി... പക്ഷേ..."

"എന്താ പക്ഷേ???"... വ്യാകുലന്‍മാര്‍ എല്ലാവരും ചോദിച്ചു.

വക്കീലിനെ നോക്കി പ്രശാന്ത്‌ വീണ്ടും.

"നേരിട്ടു വന്നവര്‍ക്ക് ഡോനെഷന്‍ 40000 രൂപ, ഫീസ്‌ 20000 രൂപ. ആകെമൊത്തം 60000 രൂപ .... ഏജന്‍റ് മുഖേന വന്നവര്‍ക്ക് എല്ലാംകൂടി ഫീസ്‌ 80000 രൂപ... (ഒരു നിശ്വാസത്തിനു ശേഷം)... പക്ഷെ ഡോനെഷന്‍ കൊടുക്കേണ്ട..."

വക്കീല്‍ ആകെ 'ഊ........................................... ഞ്ഞാല... ഊഞ്ഞാലാ...' പാടിപ്പോയി.

ഉടനെ വക്കീലിന്‍റെ അടുത്ത വെളിപ്പെടുത്തല്‍ (ഇപ്രാവശ്യം എല്ലാവരോടുമായി ആഹ്വാനം ചെയ്തില്ല... എന്‍റെ ചെവിയില്‍ മാത്രം).

"എന്നോടാ ഇവന്‍മാര് അഭ്യാസം കാണിക്കുന്നേ... ഞാന്‍ 80000 രൂപയുടെ വണ്ടിചെക്കാ കൊടുത്തെ... എങ്ങിനെയുണ്ട് എന്‍റെ സൂത്രം???"

ഞാന്‍ അത്ഭുതത്തോടെ ആ സൂത്രക്കാരന്‍റെ മുഖത്തേക്ക് നോക്കി. എന്തായാലും അന്നുമുതല്‍ ലവനെ നാമകരണം ചെയ്തു.

'സൂത്രക്കാരന്‍' !!!

ലവനെക്കാണാന്‍ പൂമ്പാറ്റയിലെ സൂത്രക്കാരന്‍ 'സിഗാള്‍' ന്‍റെ ഒരു ലുക്കും ഉണ്ടായിരുന്നു.

സിഗാളിനെ അത്രക്കങ്ങു പിടിക്കാഞ്ഞ ഞാനെന്‍റെ ക്ലാസ്സിലെ സ്ത്രീകേസരികളോട് ലവനെ പൊക്കാന്‍ പറഞ്ഞു. ആദ്യദിനം തന്നെ കറുത്ത ഷര്‍ട്ട്, മങ്ങിയ കളര്‍ പാന്‍റ്സ് മുതലായ വേഷഭൂഷാദികളോട്കൂടി വന്നയവനെ കണ്ടപ്പോഴേ അവളുമാര് കലിപ്പായി.

"ഇവിടെ വാടാ സൂത്രക്കാരന്‍ വക്കീലേ..." അവനു പെണ്‍കോടതിയുടെ സമന്‍സ്‌.

എന്നാല്‍ അതീവ ധൈര്യശാലിയായ സൂത്രക്കാരന്‍ എതിര്‍ദിശയിലേക്ക് പറക്കുന്നതാണ് കണ്ടത്... ബലേ ഭേഷ്‌ !!!

ആരോ പറഞ്ഞു അവന്‍ പ്രിന്‍സിപ്പാളിനു കംപ്ലൈന്‍റ് കൊടുക്കാന്‍ പോയതാണെന്ന്. കേട്ടതും അതിലേറെ ധൈര്യശാലികളായ ഞങ്ങള്‍ എതിര്‍ദിശയിലേക്ക് പറന്നു.

സ്തീജന്‍മങ്ങളെ കണ്ടിട്ടോടിയ സൂത്രക്കാരന്‍ അറിയാതെ എത്തിയതു നെഹ്രുവിന്‍റെ മുന്‍പില്‍. നെഹ്രു തനതായ ശൈലിയില്‍ ചോദിച്ചു.

"വാട്ട് പ്രോബ്ലം?? ഫീ പ്രോബ്ലം??"

സൂത്രക്കാരന്‍റെ മനസുമന്ത്രിച്ചു... 'ദൈവമേ... ഫീ പ്രോബ്ലെമോ? വണ്ടിച്ചെക്ക്‌ പ്രശ്നം ഇദ്ദേഹം അറിഞ്ഞിരിക്കുന്നു'...

തന്‍റെ സൂത്രങ്ങള്‍ പുറത്തായതും, തന്‍റെ M.B.A ഭാവി തുലാസിലായതും കണ്ട സൂത്രക്കാരന്‍ അവസാനഅടവ് എടുത്തു. 'നിലവിളിയും, കാലുപിടിത്തവും'...

നെഹ്രുവിനെന്തോ പന്തികേടു മണത്തു. 'ഓമനയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഓമനിക്കണം' എന്നു വിശ്വസിക്കുന്ന നെഹ്രു സൂത്രക്കാരനെ നന്നായോമനിച്ചു കാര്യങ്ങള്‍ മുഴുവന്‍ മനസിലാക്കി.

അന്നുതന്നെ സൂത്രക്കാരന്‍ കേരളത്തിലേക്കു വിട്ടു. ഏജെന്‍റ്നെ കണ്ടു മാപ്പുപറഞ്ഞു കാശുകൊടുത്തു. പിന്നെ റാഗിംഗ് കഴിയുന്നതുവരെ കോളജില്‍ വന്നിട്ടില്ല.

തന്‍റെ കയ്യിലുള്ളതു വണ്ടിച്ചെക്കാണെന്ന് അതുവരെ അറിഞ്ഞിട്ടില്ലായിരുന്ന ഏജെന്‍റ് ലവന്‍ എന്തിനാണ് പിന്നെയും ഫീസ്‌ തന്നതെന്നറിയാതെ മിഴിച്ചുനിന്നു.

No comments:

Post a Comment