Thursday, December 1, 2011

എന്‍റെ അനാമിക



ഇന്ന് 15-അം തീയതി. എല്ലാ മാസങ്ങളിലും വ്യഗ്രതയോടെ കാത്തിരിക്കുന്നയാ നാള്‍. ഇതെന്‍റെ മനസ്സില്‍ സന്തോഷമാണോ, അതോ നീറ്റലാണോ കൊണ്ടു വരുന്നതെന്നു അവ്യക്തം.

ഓര്‍മ്മകള്‍ നല്ല നാളൂകളിലേക്ക് ഊളിയിട്ടു. അര്‍ച്ചനയുമൊത്തുള്ള സുന്ദരമായ ദാമ്പത്യജീവിതവും, ഞങ്ങളുടെ പൊന്നുമകള്‍ അനാമികയുടെ കളിചിരികളുള്ള സന്തുഷ്ടഭരിതമായ ദിനങ്ങളും മനസ്സിലേക്ക് ഓടിയെത്തി. സന്തോഷത്തിനുമേല്‍ ചെകുത്താന്‍റെ കയ്യൊപ്പെന്ന പോലെയെത്തിയ കറുത്തദിനവും, ഞങ്ങളുടേതല്ലാത്ത കുറ്റം കൊണ്ടുണ്ടായ ആപത്തും, അര്‍ച്ചനയുടെ വേര്‍പാടും, അനാമികയുടെ ഭയന്നു വിറങ്ങലിച്ച മുഖവുമൊക്കെ ഇന്നലെയെന്ന പോലെ മിന്നിമറഞ്ഞപ്പോള്‍ കണ്ണുകള്‍ ഈറനണിഞ്ഞതു ഞാനറിഞ്ഞു.

ദിനചര്യകളൊക്കെ യാന്ത്രികമായി നടത്തിക്കഴിഞ്ഞു ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെയും മനസ്സൊരിടത്തും നില്‍ക്കാതെ യാന്ത്രികത തുടര്‍ന്നു. സമയം നീങ്ങുന്നതേയില്ല. ഉച്ചക്കുശേഷം അവധി അനുവദിക്കപ്പെട്ടെങ്കിലും, ഉച്ചയെന്നത് യുഗങ്ങള്‍ അകലെയാണെന്ന് തോന്നി.

ഉച്ചഭക്ഷണവേളയില്‍ ശീഖ്രം പുറത്തേക്കിറങ്ങി. കുറച്ചു മധുരപലഹാരങ്ങള്‍ വാങ്ങി അതിവേഗം നടന്നു. പൊടുന്നനെ ഉരുണ്ടുകൂടിയ മഴക്കാറ്‌ എന്‍റെ മനസ്സിന്‍റെ വിങ്ങലുകളെ കൂടുതല്‍ കലുഷിതമാക്കുന്നുണ്ടെന്നു തോന്നി..

യാത്ര പെട്ടെന്നു നിന്നു. ഞാന്‍ ലക്ഷ്യാ സ്ഥാനത്തെത്തി. അകത്തേക്കു കയറുംമുന്‍പ് എന്നെ വരവേറ്റ ഫലകം ഒന്നുകൂടെ വായിച്ചു.

'കുട്ടികളുടെ മനോരോഗ കേന്ദ്രം'.

"ആരെ കാണണം ???"

ഇതികര്‍ത്തവ്യാമൂധനായി നിന്ന ഞാനൊരു ഞെട്ടലിലെന്നോണം ചോദ്യം കേട്ടയിടത്തെക്കു നോക്കി. നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ടു പറഞ്ഞു.

"അനാമിക... എന്‍റെ മകള്‍..."

അന്നു സംഭവിച്ച വിപത്തില്‍നിന്നും എന്‍റെ പൊന്നുമോള്‍ മുക്തയായില്ല. അവളുടെ മാനസിക നിലയാകെ തെറ്റി. അവളുടെ എല്ലാമെല്ലാമായ അമ്മയുടെ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ ആ കുഞ്ഞുമനസ്സിനു ഇനിയും കഴിഞ്ഞിട്ടില്ല.

അവളെ പരിചരിക്കാന്‍ സാഹചര്യം അനുവദിക്കാത്തതിനാലും, അവളുടെ ഒറ്റപ്പെട്ട ജീവിതത്തില്‍ എനിക്ക് യാതൊരു സുഖവും നല്‍കാന്‍ കഴിയത്തതിനാലും ഞാനീ കേന്ദ്രത്തെ ആശ്രയിച്ചു. ഇവിടെയവള്‍ക്ക് കളിക്കൂട്ടുകാരുണ്ട്... അമ്മമാരുണ്ട്... ചേച്ചിമാരുണ്ട്...

എല്ലാ മാസവും 15- അം തീയ്യതി. എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരേയൊരു ഘടകം. സ്വയം ജീവനൊടുക്കാന്‍ പലവട്ടം തുനിഞ്ഞപ്പോഴും മനസിനെപിടിച്ചു നിറുത്തിയ നാള്‍. എന്നാലിത്തവണത്തേത് അവസാനത്തെ വരവായി ഞാന്‍ മനസിലുറപ്പിച്ചിരുന്നു. ഈ ജീവിതം എനിക്കു വേണ്ടതന്നെ. ഒരര്‍ഥവും, ലക്ഷ്യവും ഇല്ലാത്തയീ ജീവിതം ആര്‍ക്കുവേണ്ടി?..

എന്‍റെ കുഞ്ഞിനെയൊന്നു വാരിപുണരണം. തെരുതെരെ ഉമ്മവെക്കണം. മധുരപലഹാരങ്ങള്‍ അവളെയൂട്ടണം. അധികൃതര്‍ സമ്മതിക്കുന്നതു വരെ അവളുടെയടുത്തു ഇരിക്കണം..... എന്‍റെയവസാന നാള്‍.

അവരെന്നെ മകളുടെയടുത്തെക്ക് ആനയിച്ചു. എന്‍റെ അനുമോള്‍ പുറംതിരിഞ്ഞിരുന്നു അവളുടെതായ ലോകത്തെ കളികളില്‍ മുഴുകിയിരിക്കുന്നു. അവളെ ചെന്നു വാരിപ്പുണര്‍ന്നു. ഭ്രാന്തമായ സ്നേഹത്തോടെ ഉമ്മകള്‍ വെച്ചു. എന്നാല്‍ അപരിചിതമായ ഒരു പരിഭ്രാന്തി അവളില്‍ കണ്ടത് എന്നെ തളര്‍ത്തി. എന്നില്‍ നിന്നുമവള്‍ കുതറിമാറി. ഞാന്‍ നീട്ടിയ മധുരപലഹാരങ്ങളിലൊരു താല്‍പര്യമോ, ശ്രദ്ധയോ അവള്‍ കാണിച്ചില്ല. പുറംതിരിഞ്ഞു നിന്നയവളുടെ രീതി എന്‍റെ കണ്ണുകളെ അശ്രുസാഗരമാക്കി. എന്‍റെയവസാന ദിനത്തില്‍പ്പോലും തെല്ലാശ്വാസം നല്‍കാത്തതില്‍ ഈശ്വരനെ മനസാശപിച്ചു.

പൊടുന്നനെയത് സംഭവിച്ചു. കണ്ണീര്‍ക്കയത്താല്‍ മങ്ങിയ കാഴ്ചയിലൂടെ ഞാനതു കണ്ടു. എന്‍റെ അനുക്കുട്ടി എന്നെ നോക്കി ചിരിക്കുന്നു!!!. നല്ല നാളുകളില്‍ അവള്‍ നല്‍കാറുള്ള നിഷ്കളങ്കമായ സുന്ദരസ്മിതം. എല്ലാ വിഷമങ്ങളും ശമിപ്പിക്കാറുള്ളയാ പാല്‍പുഞ്ചിരി.

ഞാന്‍ സന്തോഷത്താല്‍ മതിമറന്നു. എന്‍റെ കുഞ്ഞിന്‍റെയടുത്തെക്കു നീങ്ങി. കുറച്ചുനേരം ആ സുന്ദരമുഖം, ആ നഷ്ടപ്പെട്ട പുഞ്ചിരി, ആ നിഷ്കളങ്കത നോക്കി നിന്നു. അത്യധികം ആവേശത്തോടെ ഞാന്‍ ചോദിച്ചു.

"അച്ഛന്‍റെ പോന്നുമോള്‍ക്ക്‌ അച്ഛനെ മനസ്സിലായോ?"

ഹൃദയത്തിലേക്ക് ആണിയടിക്കുമാറൊരു വേദന ജനിപ്പിച്ചുകൊണ്ടു ചിരി അവളുടെ മുഖത്തു നിന്നും മാഞ്ഞു. വീണ്ടുമൊരു അപരിചതത്വം പടര്‍ന്നു. അവള്‍ വീണ്ടും അവളുടെ ലോകത്തേക്കു മടങ്ങിപ്പോയി. സ്ഥബ്ദനായി കുറച്ചുനേരം നിന്നതിനുശേഷം നിറമിഴികളോടെ ഞാന്‍ തിരിച്ചു നടന്നു.

മടങ്ങിവരവില്‍ എന്‍റെ ചിന്തകളും, തീരുമാനങ്ങളും പാടെമാറി. ഞാന്‍ മനസിലുറപ്പിച്ചു... ഞാന്‍ ജീവിക്കും... പറ്റാവുത്രയും എന്‍റെ കുഞ്ഞിനുവേണ്ടി ഞാന്‍ ജീവിക്കും... അവളുടെ ഒരു ചിരിക്കായി... അവളുടെ ഒരു നോട്ടത്തിനായി... ഓരോ 15-അം തീയതികള്‍ക്കുമായി....

No comments:

Post a Comment