Thursday, November 14, 2013

ടീം ലഞ്ച്!!!

കൂതറ ഭക്ഷണവും, എന്തരപ്പീ വിളികളും നിറഞ്ഞ തിരോന്തോരം കാണ്ഡം ജീവിതത്തിൽ കഴിഞ്ഞെന്നാശ്വസിച്ച നാളുകളിൽ വീണ്ടുമൊരു വിളി...

ബുദ്ധികൊണ്ട് സായിപ്പിനെവരെ ചുരുട്ടി സോഫ്റ്റാക്കുന്നവർക്കു ബുദ്ധിക്കു പഞ്ഞമില്ലേലും, കുരുട്ടുബുദ്ധി വേണ്ടിവന്നപ്പം  ഞങ്ങളെ വിളിച്ചതാ... തിരോന്തോരം ടെക്നോപാർക്കിൽ മറ്റൊരു കമ്പനിയിൽ ഓണ്‍സൈറ്റ്... ഞാനും, സന്ദീപ് ഭായിയും...

കമ്പനി മലയാളിയുടെതാണെങ്കിലും, ഞങ്ങളുടെ പ്രൊജക്റ്റ്‌ മാനേജ് ചെയ്യുന്നതൊരു തമിഴ്പേശും  മനിതൻ...പേര് റേഷൻ(റോഷൻ അല്ല...റേഷൻ തന്നെ)... കാണാനും ഒരു റേഷനരി ലുക്ക്! മുഴുവൻ പേര് ഇതല്ല...പക്ഷെ പേര് ലോപിച്ചാൽ ഇങ്ങനെയിരിക്കും... ചെന്നെയിൽ ഇരിക്കേണ്ട അങ്ങേരു ഇവിടെ വന്നിരിക്കുവാ, ഞങ്ങളെ പണിയെടുപ്പിക്കാൻ!!!

എന്താണു ചെയ്യേണ്ടതെന്നു പറഞ്ഞില്ലേലും, എങ്ങിനെയാണു ചെയ്യേണ്ടതെന്നു പറഞ്ഞില്ലേലും, എന്താ സംഭവമെന്നു അങ്ങേർക്കു അറിയില്ലേലും ഇടക്കിടക്കു പറഞ്ഞോണ്ടിരിക്കും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഞെട്ടിയ ഞങ്ങൾ അങ്ങേരോട്...

'സാർ... എതു ടാസ്ക്???'

ക്രൂദ്ധനായി ഞങ്ങളെ നോക്കി അങ്ങേരു വീണ്ടും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഒരുമാതിരി 'പോയി ടാസ്കി വിളിയെടാ' ലൈൻ...

ഇനിയിപ്പോ ലങ്ങേരോടു സച്ചിനെപ്പോ കളിനിറുത്തുമെന്നൊ, ചാന്ദ്രയാൻ എപ്പോ  ഭ്രമണപഥത്തിലെത്തുമെന്നൊ ചോദിച്ചാലും ലങ്ങേരു പറയും...

'എവരി ടാസ്ക് ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' !!!

ഉവ്വ! കമ്പ്ലീറ്റ്‌ ചെയ്തേക്കാം...

അങ്ങിനെ ടാസ്ക് ഒന്നുമില്ലേലും, ഞങ്ങൾ ഏൻഡ് ഓഫ് ദി ഡേ ജ്വാലികൾ പ്രൊജക്റ്റ്‌ലീഡറുടെ സഹായത്തോടെ  (സഹായമെന്നു പറഞ്ഞാൽ കേവലം 90% പുള്ളിക്കാരിയും, ബാക്കി മുഴുവനും ഞങ്ങളും) തീർത്ത് ഒരാഴ്ച കൊണ്ട് മരണവര (ഡെഡ് ലൈൻ) മീറ്റ്‌ ചെയ്തു. ഞങ്ങളുടെ ജ്വാലി 'ക്ഷ' ബോധിച്ച മാനേജർ കുറച്ചുകൂടി ഫ്രീയായി പെരുമാറാൻ തുടങ്ങി...

ഉച്ചയോടടുത്തപ്പോൾ ചാറ്റ് വിൻഡോവിൽ മാനേജർ...

'അനൂപ്‌.. വാട്ട്‌ ഈസ്‌ ദി പ്ലാൻ ഫോർ ദി ലഞ്ച് ???'

ദൈവമേ... പ്ലാൻ പോലും... ആ വാക്കു പറഞ്ഞാൽ, തൊട്ടു പുറകെ 'ഇറ്റ്‌ ഷുഡ്‌ കമ്പ്ലീറ്റ്‌ ബൈ ദി ഏൻഡ് ഓഫ് ദി ഡേ' പറയും... അപ്പൊ ലഞ്ച് ഉച്ചക്ക് കഴിക്കാൻ പറ്റൂലെ? 

'പ്ലാൻ ഒന്നുമില്ല സാർ... ' ഞാൻ റിപ്ലെ കൊടുത്തു...

'ഗുഡ്... ദെൻ വീ വിൽ ഹാവ് ലഞ്ച് റ്റുഗെതർ... ലെറ്റ്‌ അസ്‌ ഹാവ് എ ടീം ലഞ്ച്...'

'സെറ്റ്...' ഒട്ടും അമാന്തിക്കാതെ  ആ ഓഫെറിനു കൈ കൊടുത്തു... സാധാരണ പ്രൊജക്റ്റ്‌ മുഴുവനാക്കിയാൽ മാത്രം കിട്ടാറുള്ള ടീം ലഞ്ച് ഇപ്പോഴേ തരാംപോലും... ഞങ്ങളുടെ ജ്വാലികൾ  തമ്പുരാന്  അത്രയ്ക്കങ്ങട്  ബോധിച്ചിരിക്ക്ണ്!!!

ഭഗവാൻ.. തേരി  മായാ ...

അപ്രതീക്ഷിതമായ ഓഫെറായത് കൊണ്ടു, ഉച്ചഭക്ഷണം കൊണ്ടു വന്ന പ്രൊജക്റ്റ്‌ലീഡർ തൻറെ ഭക്ഷണ കിറ്റ്‌ എടുത്തു അടുത്തുള്ള രാജേഷിനു ദാനം ചെയ്തു... 'എടുത്തു ഉള്ളേ തള്ളഡേ... ഞങ്ങൾക്ക് ടീം ലഞ്ച് ഉണ്ട്...' ഇതും പറഞ്ഞു ടീം ലഞ്ച് ഇല്ലാത്ത ഹതഭാഗ്യനു നേരെ ലേശം പുച്ഛം വാരിവിതറാനും മറന്നില്ല...

അങ്ങിനെയെല്ലാവരും ലഞ്ചാൻ വേണ്ടി ഫുഡ്‌ കോർട്ട് ലക്ഷ്യമാക്കി റേഷൻ തെളിച്ചവഴിയേ നീങ്ങി...

'എന്തിനാണു  സാർ ടീം ലഞ്ച്?' ഞാൻ കുശലം ചോദിച്ചു...

'പൊങ്കൽ വരികയല്ലേ... ' റേഷൻ കാരണം വ്യക്തമാക്കി...

പോകുന്ന വഴി റേഷൻ തൻറെ തനിനിലവാരം കാണിച്ചു തുടങ്ങി..

'അനൂപ്‌.. ഇഡ്ഡലിയും, പൊങ്കലും തമ്മിലുള്ള വ്യത്യാസം എന്താണ്'

കൈ മലർത്തിയ എനിക്ക് അദ്ദേഹം ഉത്തരം പറഞ്ഞു തന്നു...

'പൊങ്കലിനു അവധി ഉണ്ട്...എന്നാൽ ഇഡ്ഡലിക്ക് അവധി ഇല്ല.. '

അതുംപറഞ്ഞു പാൻപരാഗ് കറനിറച്ച പല്ലും കാട്ടിയൊരു ഇളി..

നേരത്തെ കൈ മലർത്തിയതിന് പകരം ഇങ്ങേരെ എടുത്തങ്ങു മലർത്തിയാൽ മതിയാരുന്നു... പക്ഷെ ടീംലഞ്ച് ആലോചിച്ചപ്പോൾ റേഷനെ പൂശാതെ വിട്ടു...

ദേ വരുന്നൂ അടുത്ത ചോദ്യം...

അനൂപ്‌... പൊങ്കലിനു പടക്കമൊക്കെ വാങ്ങിച്ചോ... പൊട്ടിക്കാൻ ?

എന്തിനു? *നിങ്ങളുടെ അപ്ലിക്കേഷൻ ഒന്ന് ടെസ്റ്റ്‌ ചെയ്‌താൽ പോരെ? ആവശ്യത്തിനു പൊകയും , ചീറ്റലും പിന്നെ ചറപറ പൊട്ടലും കാണാലോ...

ഹല്ല പിന്നെ... അതോടെ അങ്ങേരുടെ കടി തീർന്നു...

ഈ സമയം കൊണ്ട് ഫുഡ്‌കോർട്ടിൽ എത്തിയ ഞങ്ങളോട് റേഷൻ...

'അവരവർക്ക് വേണ്ടത് ഓർഡർ ചെയ്തോളു...'

എല്ലാരും ചെയ്തു... അവിടെ കണ്ടതിൽ ഏറ്റവും വിലകൂടിയത് തന്നെ ഞാനും താങ്ങി... 'ഡ്രാഗണ്‍ സ്വിഷ് ഫ്രൈഡ്രൈസ്'...

എല്ലാവരുടെയും ബിൽ അടിച്ചുകഴിഞ്ഞ് (പ്രീ പെയ്ഡ് ആണ്) കാഷ്യർ പണത്തിനു കൈ നീട്ടി... റേഷൻ മുന്നോട്ടു നീങ്ങി കൊടുത്തു... 150 രൂഫാ!!!

എല്ലാവരും ഞെട്ടി!!! ആകെ മൊത്തം ടോട്ടൽ 2700 രൂഫാ ആയതിനു വെറും 150 രൂഫാ? ചെലപ്പോ അതു  ടിപ്സ് ആയിരിക്കും.... ബാക്കി കമ്പനി കൊടുക്കുവായിരിക്കും... ആാ.. നമ്മളെന്തിനറിയണം... എല്ലാവരും ഭക്ഷണത്തിനു  വെയിറ്റ് ചെയ്തു...

ചെറിയൊരു ഇടവേളക്കു ശേഷം ഒരു പ്ലേറ്റ് മട്ടണ്‍ ബിരിയാണി എത്തി... റേഷൻ മുന്നോട്ടാഞ്ഞു അതു കൈക്കലാക്കി  (പുള്ളി ഓർഡർ ചെയ്തത് അതായിരുന്നു)... അതുമായി ആദ്ദേഹം അടുത്ത ടേബിളിൽ പോയിരുന്നു ഞങ്ങളെ വെയിറ്റ് ചെയ്തു...

കുറെ നേരമായിട്ടും ബാക്കിയാരുടെയും ഓർഡർ വന്നില്ല... ഇത് കണ്ട റേഷൻ ഇടപെട്ടു...

'ഫുഡ്‌ റെഡി ആകലെയാ?'

ഇല്ല...' .. എല്ലാവരും പറഞ്ഞു...

നേരെ കൌണ്ടറിൽ ചെന്നുചോദിച്ച ശേഷം തിരിച്ചുവന്നിട്ട്...

'നീങ്കയാരും പേ പണ്ണലിയാ?'

പ്രൊജക്റ്റ്‌ ലീഡർ സംശയത്തോടെ...  'എന്തിനു? നിങ്ങൾ അല്ലെ കൊടുത്തത്?'

'നോ നോ... ഐ പെയ്ഡ് ഫോർ  മി ഒണ്‍ലി... എല്ലാരുമേ അവങ്ക അവങ്ക ബിൽ പേ പണ്ണുങ്കോ ...'

ഹെന്ത്!!! എല്ലാവരും പരസ്പരം ഞെട്ടലോടെ നോക്കി... അവങ്ക അവങ്ക യോ? വീട്ടിൽനിന്നും കൊണ്ടുവന്ന ലഞ്ച് ദാനംചെയ്ത പ്രൊജക്റ്റ്‌ ലീഡർ കലിപ്പോടെ വീണ്ടും...

'അപ്പൊ സാറു പറഞ്ഞതോ ടീം ലഞ്ച് ആണെന്ന്?'

'ആമാ... ടീം ലഞ്ച് താൻ... നമ്മൾ ടീം ആയി ലഞ്ച് കഴിക്കാം എന്നാ ഞാൻ പറഞ്ഞേ...'

(((((ഠേ)))))

ഇപ്പൊ കാര്യങ്ങളുടെ കിടപ്പുവശം ഏതാണ്ട് ഞങ്ങൾക്കു പുടികിട്ടി... അങ്ങേരുടെ വിദ്യാഭ്യാസക്കുറവോ അതോ ഞങ്ങളുടെ കൂടുതലോ അതോ ഈ കമ്പനിയിലെ രീതിയിങ്ങനെ ആയതു കൊണ്ടോയെന്തോ.... ആാ... ടീം ലഞ്ചാണ് പോലും ടീം ലഞ്ച്...

ഇതൊക്കെകേട്ട് പ്രൊജക്റ്റ്‌ലീഡർ തകൃതിയായി ഫോണ്‍ ചെയ്യുന്നു... 'ഹല്ലോ രാജേഷ്‌... ഞാൻ തന്ന ഭക്ഷണപ്പൊതി തീർന്നാ?'

ഒരു ചെറിയ ഗാപ്പിനുശേഷം മ്ലാനതയോടെ 'ഒന്നും ബാക്കിയില്ലേടേ ? എന്തോന്നെടേയിതു?   ... ഹും.. ടീം ലഞ്ച്... ഞാനൊന്നും പറയുന്നില്ല... '

ഇനി കാത്തിട്ടു കാര്യമില്ലെന്നു മനസ്സിലായി ബില്ലടച്ചു ഓർഡർ സ്വീകരിച്ചയെൻറെ മുൻപിൽ 'ഡ്രാഗണ്‍ സ്വിഷ് ഫ്രൈഡ്രൈസ്' എത്തി. പേരിലുള്ള ജാഡ ടേസ്റ്റ്ൽ  കണ്ടില്ല... ടെക്നോപാർക്കിലെ സ്ഥിരം പഴങ്കഞ്ഞി ഫുഡ്!

ആകെമൊത്തം  ഒരു മാതിരി ലൂഞ്ചിയ മഞ്ച് :)

വാൽക്കഷണം:
'ടീം ലഞ്ച്' പണിതന്നു കഴിഞ്ഞപ്പോൾ റേഷൻറെയടുത്ത ഓഫർ.... ഒരു ജ്യൂസ്‌ ആയാലോയെന്ന്...

.....പ്ലിങ്ങ്.....

പഹയനെ കൊന്നില്ലെന്നെയുള്ളൂ...


* ഒരു സുഹൃത്തിൻറെ ചേച്ചി സോഫ്റ്റുവെയർ മേഖലയിൽ ജോലി ചെയ്യുന്ന അവരുടെ കെട്ട്യോനിട്ടു കൊട്ടിയത്...

No comments:

Post a Comment