Thursday, October 17, 2013

യജമാനെ അനുസരിക്കാത്തവൻ

"ഡായ് ... ഇവിടെ ഞാനൊരു ചിക്കനെയൊക്കെ  സെറ്റപ്പാക്കി വെച്ചിട്ടൊണ്ട് ... നിങ്ങളു  വേഗം വാ..." വെറുതെ വെടിപറഞ്ഞു സമയം കളഞ്ഞ ഞങ്ങൾക്ക് (ഞാനും, എൻറെ രണ്ടു കസിൻസും) മൂത്ത കസിൻ ചേട്ടൻറെ ക്ഷണം !

വെറുതേ കളയാൻ സമയം തീരെയില്ലാത്തതു കൊണ്ട്  മൂവരും ഉടൻ പറഞ്ഞു... "ഞങ്ങളെത്തിയെക്കാം..."

ഭക്ഷണക്കാര്യത്തിലുള്ള ആത്മാർഥത കാരണം പറഞ്ഞതിലും നേരത്തെ ഞങ്ങൾ സ്പോട്ടിൽ എത്തി.

കയറി ചെന്നപ്പോഴേ കണ്ടതു വല്യമ്മച്ചി ഒരു പശുവുമായി മൽപ്പിടുത്തം നടത്തുന്നതാ... ഞങ്ങളെ കണ്ടതും ഒരു കമെൻറ് ...

'നീയൊക്കെ പഠിച്ചു ഉദ്യോഗസ്ഥരായിട്ടു എനിക്കു വല്ല ഗുണവും വേണ്ടേ... പശുവിനെ കറക്കാൻ ഒന്നു സഹായിക്കെടാ... '

കൂടെയുള്ള രണ്ടുപേരും എന്നെ സ്പോട്ടിൽത്തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു... മിടുക്കന്മാർ!!!

വീണ്ടും വല്യമ്മച്ചി... 'ഒന്നു  കറക്കെടാ...'

ഛെ!!! ഹൌ ഡെയർ  യു വല്യമ്മച്ചി!!! അഭ്യസ്തവിദ്യനായ ഞാൻ പശുവിനെ കറക്കണം പോലും!! എന്നാലും ഞമ്മൻറെ പഠിപ്പിനെ തൊട്ടുകളിച്ചതു കൊണ്ട് അതു  തെളിയിക്കാൻ കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല... കൊടുത്തു ഉടൻ മറുപടി...

'ബിഗ്‌ മദർ... ഇഫ്‌ യൂ മാരി ദി കൌ, ഐ വിൽ റൊട്ടേറ്റ്‌ ഇറ്റ്‌.'

എൻറെ വിദ്യാഭാസപാടവത്തിൽ അതിശയിച്ചു മിണ്ങ്ങസ്യ പരുവത്തിൽ നോക്കിയ വല്യമ്മച്ചി...

'എന്തോന്ന്???'

അടി സക്കെ.... ഒടുവിൽ എൻറെ വിദ്യാഭാസം വിജയിച്ചു.. ഇംഗ്ലീഷ് സ്പീച്ചാൻ അറിയാത്ത കണ്‍ട്രി വല്യമ്മച്ചിക്ക് നല്ല ഗ്രീൻ മലയാളത്തിൽ സംഭവം പറഞ്ഞു കൊടുത്തു.

'വല്യമ്മച്ചി പശുവിനെ കെട്ടിയാൽ, ഞാൻ കറക്കാം..'

ഇതിൽക്കൂടുതൽ നീ കറക്കെണ്ടാ.... '  പിറുപിറുത്തു കൊണ്ട് വല്യമ്മച്ചി പോയി. ഇതെന്തു കൂത്ത്‌ എന്നതിശയിച്ചു മിണ്ങ്ങസ്യപരുവത്തിൽ നോക്കിയയെൻറെ ശ്രദ്ധ മാറ്റിക്കൊണ്ടൊരു ഉൾവിളി...

'കേറി വാടാ മക്കളെ... ' വിളി കേട്ടയിടത്തേക്കു നോക്കിയപ്പോൾ കണ്ടത് ഞങ്ങളുടെ മൂത്താശാരി അടിച്ചു കിണ്ടിയായി ഇരിക്കുന്നതാ !!!

പ്യണി  പ്യാളി! അങ്ങേരു അടിച്ചാ കെട്ട്യോളുടെ തെറി ഞങ്ങൾക്കാ... ഞങ്ങളാണ് അങ്ങേരെ ചീത്തയാക്കുന്നതു  പോലും !! ഉവ്വാ... ഒരു മാന്യൻ!!

അടിച്ചാൽപ്പിന്നെ സാധനം ഭയങ്കര ചീവാണ് (അല്ലേലും അങ്ങിനെത്തന്നെ)... പഴം പുരാണത്തിൻറെ  കെട്ടഴിക്കും... ഷേക്കിൻറെ ഇടംകൈ ആയിരുന്ന കഥയും, അമേരിക്കൻ പട്ടാളമേധാവി കെട്ടിപ്പിടിച്ചു ഉമ്മവെച്ച കഥയുമൊക്കെ നമ്മളെത്ര തവണ കേട്ടിരിക്കുന്നു!! അമേരിക്കയുടെ മാപ്പും പെന്‍റഗന്‍റെ കോപ്പും എടുത്തുകാട്ടി ഞങ്ങളെ പലവട്ടം വിരട്ടിയിരിക്കുന്നു.

വെടികൾ അനുസ്യൂതം തുടരുന്നു...

ഇടയ്ക്കിടയ്ക്ക് 'യജമാനെ അനുസരിക്കാത്തവൻ... അഹങ്കാരി... അവനെന്നെ ശരിക്കറിയില്ല... എന്നോടാ ലവൻറെ കളി...' മുതലായ പദപ്രയോഗങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു...

സംഭവത്തിൻറെയൊരു കിടപ്പുവശം പുടികിട്ടി... ആരോടോ ഉടക്കി... പണിക്കു നിൽക്കുന്ന ബംഗാളി പൈതങ്ങളോ,  വേറെയേതോ ഹതഭാഗ്യരോ... ഒന്നുകിൽ പൊട്ടിച്ചു... അല്ലേൽ അടുത്തുതന്നെ പൊട്ടിക്കും... അതുമല്ലേൽ ഞങ്ങളെക്കൊണ്ടു പൊട്ടിപ്പിക്കും ... വീണ്ടും പ്യണി  പ്യാളി!

എന്താണു സംഭവം ചേട്ടായീ? മൂവരും ആകാംക്ഷയോടെ തിരക്കി...

'എൻറെ ചിലവിൽ കഴിയുന്നയവൻ എന്നെ അനുസരിക്കണം... ഞാൻ കൊടുക്കുന്ന ഉപ്പും, ചോറും തിന്നു അനുസരണക്കേട്‌ കാണിച്ചാൽ ആരായാലും ഞാൻ വെച്ചേക്കില്ല...' ... വീണ്ടും പ്യണികൾ പ്യാളുന്നു!!!

'എന്നിട്ടെന്തു പറ്റി?'

'എന്തു പറ്റാൻ? ഞാനൊരവസരം കൂടെയവനു കൊടുത്തു. അവൻറെ തെറ്റു തിരുത്താൻ...'

'എന്നിട്ടു തിരുത്തിയോ?'

'യെവടെ... വിനാശകാലേ വിപരീതബുദ്ധി!'

'എന്നിട്ട് ???' മൂവരും ആകാംക്ഷാഭരിതരായി...

'ഞാനവനെ കാലെവാരി അടിച്ചുകൊന്നു...'

'ദൈവമേ!!! ഒരു കൊലപാതകത്തിൻറെ അനന്തരഫലത്തിനാണോ  ഞങ്ങളെ വിളിച്ചു കൂട്ടിയെ!!!'... ഒരുത്തനെ തീർത്തിട്ടു പുട്ടും, കടലയും വിളമ്പുന്ന ലാഘവത്തിൽ അതു ഞങ്ങളുടെ മുമ്പിൽ വിളമ്പുന്നു!!! ചാക്രിയ സംക്രമണം!!! (സംഭവം ഇതുമായി ഒരു ഒരു ബന്ധവുമില്ല... വെറുതെ രംഗത്തിൻറെ കടുപ്പം കൂട്ടാൻവേണ്ടി മാത്രമൊരു വാക്ക്)...

'ലവൻ എവിടുത്തുകാരനാ?' ദൈന്യതയോടെയൊരു കസിൻ ചോദിച്ചു.

'ആാാാ ... ഇവിടുത്തെ ചന്തയിൽനിന്നും എന്നോടൊപ്പം കൂടിയതാ ...'

ദൈവമേ!!! ലോക്കൽ പയ്യൻ... അപ്പോൾ ലവൻറെ ബന്ധുക്കളും, ഗുണ്ടകളും എത്രയും വേഗമെത്തും... അടി ഉറപ്പ് ...

ഏതു സമയത്തും ചത്തവൻറെ ബന്ധുക്കളോ, ഗുണ്ടകളോ, പോലീസുകാരോ ഞങ്ങളെയടക്കം പൊക്കുന്നതും കാത്തിരിക്കുമ്പോൾ ചേട്ടൻറെ വക സിറ്റുവേഷനുമായി  യാതൊരു ബന്ധവുമില്ലാത്ത കമൻറ്...

'വാടേയ്... ചിക്കൻകറി  കൂട്ടി ചോറു കേറ്റാം...'

എല്ലാവരും മനസ്സിൽ ഭയവും, വായിൽ വെള്ളവുമായി ഡൈനിങ്ങ്‌ടേബിളിനു ചുറ്റുമിരുന്നു. വിഭവങ്ങൾ നിരന്നു.

പൊടുന്നനെ എല്ലാവരെയും ഭയവിഹല്വരാക്കി  ഒരു ജീപ്പ് ഗേറ്റ് കടന്നുവന്നു !!!

എല്ലാം തീർന്നു ... ഒന്നുകിൽ പോലീസ് ... അല്ലെങ്കിൽ ഗുണ്ടാസ്... വിറങ്ങലിച്ചു നിന്ന ഞങ്ങളുടെ മുൻപിലേക്ക് നാലു തടിമാടന്മാർ ഇറങ്ങി. അവരുടെ കണ്ണുകൾ  എന്തോ ശക്തമായ തീരുമാനം വിളിച്ചോതി. നാൽവരും ഞങ്ങളുടെയടുത്തേക്കു  നടന്നു തുടങ്ങി!!!

ഞങ്ങൾ നാലു  കൃശഗാത്രർ... അവരു നാലെങ്കിലും നാൽപതു കൃശഗാത്രർക്കു തുല്യം!!! ഞങ്ങളെ പഞ്ഞിക്കിടും... ഉറപ്പ്...

അവർ ചുറ്റിലുമൊന്നു വീക്ഷിച്ചു... വീണ്ടും മുന്നോട്ടുതന്നെ... ഞങ്ങളുടെ തൊട്ടുമുന്നിൽ അവരെത്തി!! ഉദ്വേഗജനഗമായ നിമിഷങ്ങൾ!! മേമ്പോടിക്ക് ടി.വി യിൽ നിന്നൊരു പാട്ടും...

'ആരാദ്യം പറയും... ആരാദ്യം പറയും...'

അതേ കണ്‍ഫ്യൂഷൻ ഞങ്ങൾക്കും... അവരാദ്യം തന്തക്കു വിളിച്ചു തുടങ്ങണോ അതോ ഞങ്ങൾ അവരുടെ കാലുപിടിച്ചു 'ലേലു അല്ലൂ... ലേലു അല്ലൂ...' പറയണോ...

വീണ്ടുമൊരു ബൂം ചിക് വാഹ് വാഹ് മൊമെന്റ് !!!

കൂട്ടത്തിലെ വല്ല്യ തടിയൻ സ്വൽപം മുമ്പോട്ടുവന്നു ചോദിച്ചു...

'എവിടെയാ ഇട്ടിരിക്കുന്നേ?'

ഞങ്ങൾ സ്വൽപം പിന്നോട്ടുവന്നു. ഡൈനിങ്ങ്‌ ടേബിളിലേക്ക് കൈ ചൂണ്ടി ഒരു സപ്പോർട്ടിനു ചേട്ടൻ പറഞ്ഞു... 'വാ... നമുക്ക്  ഭക്ഷണം കഴിച്ചിട്ടു സംസാരിക്കാം...'

'വേണ്ടാടാടാടാടാ.... ഞങ്ങൾ കഴിച്ചിട്ടാ വന്നേ ...'

കഴിച്ചിട്ടു പണിയാൻ വരുന്ന ഗുണ്ടകൾ!!! ഇവന്മാർക്ക് ഗുണ്ടിസത്തിൻറെ ബാലപാഠങ്ങൾ പോലുമറിയില്ലെ? കഴിച്ചാൽ എങ്ങിനെ ഓടാൻ പറ്റും? ആാാാ... ഇവിടെ അവർ ഓടേണ്ട കാര്യമില്ലല്ലോ... ഞങ്ങളാണേൽ കഴിച്ചുമില്ല... നന്നായി ഓടാം...

'ഡൈനിങ്ങ്‌ ടേബിളിൽ ഉണ്ടെണോ? പുറത്തു കൂട്ടിയിടാറല്ലേ പതിവ്?' തടിമാടൻറെ  പ്രതികരണം...

ഇത്തവണ ഞങ്ങളെല്ലാവരും വീണ്ടും ഞെട്ടി... ആഞ്ഞാഞ്ഞു ഞെട്ടി... ചേട്ടനെ നോക്കി... ഇതു  പതിവാണല്ലേ!!! എന്നാലും കൂട്ടിയിടാനും മാത്രം!!!

'ഇല്ലെടെ.. വല്ലപ്പോഴും ഒരു സോളോ പെർഫോർമൻസ്.... അല്ലാതെ ഗ്രൂപ്പ്‌ പെർഫോർമൻസ് ഇല്ല...'

എന്തോ പന്തികേട്‌ തോന്നിയ ചേട്ടൻ അവരോടു ചോദിച്ചു...

'കുന്ത് ഏട്ടിയിടാറു?'

ങ്ഹെ!!!

'അല്ല... എന്തു കൂട്ടിയിടാറു?'

'എന്താണു ചേട്ടാ? ഇന്നല്ലേ പറിച്ചിട്ട തേങ്ങകൾ എടുക്കാൻ വരാൻ പറഞ്ഞെ? സാധാരണ മുറ്റത്ത്‌ കൂട്ടിയിടാറാണ് പതിവെന്നാ രാജൻ ചേട്ടൻ പറഞ്ഞേ ...'

 കണ്ണുമിഴിച്ചു നിന്ന ഞങ്ങൾ പരസ്പരം പറഞ്ഞു.

'അയ്യേ! ചമ്മിപ്പോയി... ചമ്മിപ്പോയി...'

ഒപ്പം ചേട്ടൻറെ  ആജ്ഞയും... 'എടുത്തോണ്ട് പോകിനെടാ...'

അതുവരെ ഉരുണ്ടുകേറിയ ഭയം അക്രാന്തമാക്കി ഉരുട്ടിക്കേറ്റാൻ ഞങ്ങൾ വീണ്ടും തീൻമേശയിലേക്ക്‌ ...

ചിക്കനുമായുള്ള ദ്വന്ദയുദ്ധത്തിനിടയിൽ ഒരു കസിൻ കസറി... 'ചിക്കൻ ഇച്ചിരി മുറ്റാ...'

 'ആാാ... ലവനു മുറ്റു കൂടിയപ്പോഴാ ആ കോയീൻറെ മോനെ ഞാനങ്ങു തീർത്തത്...'

 'തീർത്തെന്നോ? ആരെ? അതും കഴിക്കുന്നതിനു മുമ്പ് കോഴി മുറ്റാണെന്നു എങ്ങിനെയറിഞ്ഞു?'

 'ലവനു മുറ്റു കൂടിയപ്പോഴാ ലവനെ കാലെവാരി നിലത്തടിച്ചതെന്ന്...'

'എവിടുത്തെ കോയി?'

'ഇവിടുത്തെ കോയി'

'അതെന്തിനാ ഇവിടെ പറയുന്നേ?'

ഇവിടെ കോഴിക്കാര്യം പറയുമ്പോൾ വേറെ എവിടെപ്പറയാൻ ?'
 
'ചേട്ടനെന്തൊക്കെയാ പറയുന്നേ? എന്താ ശരിക്കും സംഭവം? ഇനിയെങ്കിലും പറ...'

 'എടാ... സന്ധ്യയായപ്പോൾ ഞാൻ ഇവിടെ കോഴികളോടോക്കെ കൂട്ടിൽക്കയറാൻ ആജ്ഞാപിച്ചു... അപ്പോൾ ഒരുത്തൻ മാത്രം കയറാതെ മൊട!!!'

'നീ മോടച്ചോ... പക്ഷെ മൊടമൊടാ മൊടക്കല്ലേ... കൂട്ടിൽക്കേറടാ...  ഞാൻ വീണ്ടും ആജ്ഞാപിച്ചു. പറഞ്ഞതു  കേൾക്കാതെ ലവൻ വീണ്ടും മൊടച്ചു..'

'അതോടെ എൻറെ ചിലവിൽക്കഴിയുന്ന ആ കള്ള കോയീൻറെമോനെ ഞാൻ തറയിലടിച്ചു കൊന്നു. ലവൻറെ മുറ്റും , മൊടയും  തീർന്നു .... അവനാണീ  തീൻമേശയിൽ  കിടക്കുന്നത്... '

ഇതിനാണല്ലേ ഇത്രയും ബിൽഡ്അപ്പ് കൊടുത്തതെന്നു കരുതി വാ പൊളിച്ചു നിന്ന ഞങ്ങളുടെ മുൻപിൽ ഉടുതുണിയില്ലാതെയാ കള്ള കോയീൻറെ മോൻ മലർന്നു കിടന്നു...

'യജമാനെ അനുസരിക്കാത്തവൻ  !!!'



No comments:

Post a Comment