Friday, December 13, 2013

നിമിത്തം

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: കഥാതന്തു അടിച്ചുമാറ്റിയതാണ്...

ഒരു സായാഹ്നത്തിൽ സുഹൃത്തുക്കളായ രാജേഷും, പീറ്ററും കണ്ടുമുട്ടി. ജോലിത്തിരക്കുകളും, കുടുംബ പ്രശ്നങ്ങളും ഇരുവരെയും ക്ഷീണിതരാക്കിയിരുന്നു.  

'എനിക്കിതിൽ നിന്നുമൊക്കെയൊന്നു മാറി നിൽക്കണം. കുറെക്കാലമായില്ലേ ഒരു യാത്രയൊക്കെ പോയിട്ട്. നമുക്ക് പോയാലോ?' രാജേഷിൻറെ കണ്ണുകൾ പീറ്റെറിലേക്ക്.

ക്ഷീണിതമായ രണ്ടു ജോഡി കണ്ണുകൾ പരസ്പരം നോക്കി.  പീറ്റെറിൻറെ കണ്ണുകൾ വികസിച്ചു. 'അളിയാ എങ്ങോട്ട് ? '

'മനസ്സും, ശരീരവും തണുത്തു പണ്ടാരമടങ്ങട്ടെ. മൂന്നാറിലേക്ക് വിട്ടാലോ?' രാജേഷും കണ്ണുകൾ വികസിപ്പിച്ചു തുടങ്ങി.

'എടളിയാ വണ്ടി... വിടളിയാ മൂന്നാറിലോട്ടു...'

രണ്ടു പേരേയും വഹിച്ചുകൊണ്ട് പീറ്റെറിൻറെ റോയൽ എൻഫീൽഡ് മൂന്നാറിലേക്ക്...

പ്രകൃതിഭംഗി ആവോളം രസിച്ചുകൊണ്ടുള്ള യാത്ര അവരെ ഉണ്മേഷമുള്ളവരാക്കി. 

പ്രകൃതിയെ നിദ്രയിലേക്കു ക്ഷണിച്ച് സുര്യശോണിമ മങ്ങിത്തുടങ്ങി. മേമ്പൊടിക്കു മൂടൽമഞ്ഞും.  വണ്ടി മാട്ടുപ്പെട്ടിയിൽ എത്തുമ്പോഴേക്കും മൂടൽമഞ്ഞ് അസഹ്യമായി. മുന്നോട്ടുള്ള വഴിയൊന്നും കാണുന്നില്ല. പോരാത്തതിനു ഇനിയുള്ള വഴിയിൽ രാത്രികാലങ്ങളിൽ കാട്ടാനശല്യവും ഉണ്ടത്രേ !

ഇന്നിനി ഇവിടെയെവിടേലും തങ്ങിയിട്ടു നാളെ രാവിലെയാകാം യാത്രയെന്നവർ തീരുമാനിച്ചു. 

ചുറ്റുവട്ടത്തൊന്നും താമസസൗകര്യം കണ്ടെത്താൻ പറ്റിയില്ല. റോഡ്‌സൈഡിൽ രാത്രി കഴിച്ചുകൂട്ടുക ചിന്തിക്കാൻപോലും പറ്റില്ല തന്നെ. എന്തു  ചെയ്യും?... മനസ്സും, ശരീരവും തണുത്തു പണ്ടാരമടങ്ങാൻ വന്നിട്ടു എന്നെന്നേക്കുമായി മനസ്സും, ശരീരവും തണുത്തു പണ്ടാരമങ്ങുമോ?

തണുപ്പു ശരീരത്തിലേക്കു അരിച്ചിറങ്ങാൻ തുടങ്ങി. ക്ഷീണിതമായ രണ്ടു ജോഡി കണ്ണുകളും ഒരിക്കൽകൂടെ ഒരുമിച്ചു വികസിച്ചു. കുറച്ചു ദൂരെയുള്ള വീട്ടിൽ നിന്നുമൊരു പ്രകാശം.  

രണ്ടുപേരും പ്രതീക്ഷയുടെ പ്രകാശത്തെ ലക്ഷ്യമാക്കി നീങ്ങി. അടുക്കുന്തോറും സാമാന്യം വല്ല്യൊരു വീടും, വീട് സ്ഥിതി ചെയ്യുന്ന വല്ല്യ കൊമ്പൌണ്ടും വ്യക്തമായിത്തുടങ്ങി. അടച്ചുപൂട്ടിയ ഗേറ്റ് ഒട്ടും അമാന്തിക്കാതെ ചാടിക്കടന്നു. മാർഗമല്ലല്ലോ ലക്ഷ്യമല്ലേ പ്രധാനം...

ഒരുവിധം സിറ്റൌട്ടിലെത്തി കൊള്ലിംഗ്ബെൽ അമർത്തി. നാൽപ്പതിനോടടുപ്പിച്ചു പ്രായമുള്ള കാണാൻ ചന്തമുള്ളയൊരു സ്ത്രീ പരിഭ്രാന്തിയോടെ വാതിൽതുറന്നു.

'എന്തു വേണം ?'

'ഞങ്ങൾ മൂന്നാറിലേക്കുള്ള വഴിയാണ്. മഞ്ഞു കാരണം ഇന്നു യാത്ര നിറുത്തേണ്ടിവന്നു. അടുത്തെങ്ങും താമസസൗകര്യം കാണുന്നില്ല'

'ഇവിടെയെങ്ങും അങ്ങിനെ സ്ഥലമില്ല. ഇനി താമസസൗകര്യം അങ്ങ് അടിവാരത്തേയുള്ളൂ...' സ്ത്രീ പറഞ്ഞു.

'മഞ്ഞു കാരണം യാത്ര ചെയ്യാൻ പറ്റുന്നില്ല. ഇന്നു രാത്രി ഇവിടെ തങ്ങാൻ സൗകര്യം തന്നിരുന്നേൽ നന്നായിരുന്നു.'

വീട്ടുടമസ്ഥയുടെ മുഖം സഹതാപം കൊണ്ടു മങ്ങിയെങ്കിലും മറുപടി രണ്ടുപേരെയും നിരാശപ്പെടുത്തി. 

'നിങ്ങളുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു... ഈ വലിയ വീട്ടിൽ ആവശ്യത്തിനു സൌകര്യവുമുണ്ട്... പക്ഷേ... (ഒരു നെടുവീർപ്പിനു ശേഷം)... എൻറെ ഭർത്താവ് ഈയിടക്ക് മരണപ്പെട്ടു.. ഇപ്പോൾ ഞാൻ മാത്രമാണിവിടെ..നിങ്ങൾ രണ്ടു പുരുഷന്മാരിവിടെ താമസിച്ചാൽ നാട്ടുകാരൊക്കെയെന്തു കരുതുമെന്നു ഞാനാശങ്കപ്പെടുന്നു...'

ഇനിയെന്ത് എന്ന ഭാവത്തിൽ പീറ്റർ രാജേഷിനെ നോക്കി. ആ നോട്ടം വീടിനു പുറത്തെ ചായ്പ്പിൽ ഉടക്കി. അതിനു ശേഷം വീട്ടുടമസ്ഥയോട്...

'നിങ്ങൾ പറയുന്നതു ശരിതന്നെ. പക്ഷെ ഞങ്ങൾക്കു വേറൊരു മാർഗ്ഗവുമില്ല. ഇന്നു രാത്രിയീ ചായ്പ്പിൽ കഴിയാൻ അനുവദിക്കാമോ? നേരം വെളുക്കുന്നതിനു മുൻപു ഞങ്ങൾ പൊയ്ക്കോളാം'

കുറച്ചു നേരത്തെ മൌനത്തിനു ശേഷം വീട്ടുടമസ്ഥ സമ്മതിച്ചു. വാതിലടക്കാൻ പോകുന്ന വീട്ടുടമസ്ഥയോടു പീറ്റർ 'ഭവതിയുടെ പേരെന്താണ്?'

ഒരു മന്ദസ്മിതത്തോടെ 'സൂസൻ'.

'വളരെ നന്ദി സൂസൻ. ശുഭരാത്രി.'

തണുത്ത രാത്രി ചായ്പ്പിൽ കഴിച്ചുകൂട്ടി നനുത്ത പ്രഭാതത്തിൽത്തന്നെ രണ്ടുപേരും മൂന്നാറിലേക്ക് പോയി. മനോഹരമായ രണ്ടു ദിവസങ്ങൾ അവിടെയുല്ലസിച്ചു മനസ്സിനെ ശാന്തമാക്കി വീണ്ടും ജീവിതത്തിൻറെ തിരക്കുകളിലേക്ക്.

കാലം കടന്നു പോയി. കൃത്യം 9 മാസം കഴിഞ്ഞപ്പോൾ പീറ്ററിനു ഒരു ലെറ്റർ. അതിൻറെ പുറത്തെഴുതിയ അഡ്രസ്‌ അയാളെ അത്ഭുതപ്പെടുത്തി!!!

'From Soosan's Advocate'

ഓർമ്മകൾ പിറകിലേക്കു പോയി. മനസ്സു കുഴഞ്ഞുമറിയുന്നു. പൊടുന്നനെ മൊബൈലിൽ രാജേഷിനോട്.

'ഡേയ്... നീയെവിടെ? വേഗമിങ്ങു വാ... ഒരു അത്യാവശ്യം കാര്യം ചോദിക്കാനുണ്ട്'

രാജേഷ്‌ ഓടിക്കിതച്ചുകൊണ്ടെത്തി. 'എന്താനിഷ്ടാ?'

'നിനക്ക് സൂസനെ ഓർമ്മയുണ്ടോ?

'സൂസനാ? യേത് സൂസൻ?'

'ഡേയ്... നമ്മളന്നു മൂന്നാറിൽ പോയപ്പോൾ താമസിച്ച വീട്ടിലെ സ്ത്രീ...'

'ഓഹ് യെസ്... ഓർമയുണ്ട്... അതിനെന്താ ഇപ്പൊ?'

'നീ സത്യം പറയണം. അന്നു നമ്മൾ ഉറങ്ങിക്കഴിഞ്ഞു രാത്രിയിൽ  നീയെഴുന്നേറ്റു വല്ലോടത്തും പോയാരുന്നോ?'

'എന്തോന്നെടാ പീറ്ററെ നീ പറയുന്നേ? ഞാനെവിടെ പോകാൻ?' പീറ്ററിനു മുഖം കൊടുക്കാതെ രാജേഷ്‌.

'അതല്ല... നീ പോയിരുന്നു... സൂസനെ കാണാൻ.. സത്യം പറ...'

രാജേഷിൻറെ മുഖം വിളറി.

'അത്പിന്നെ.. ഞാൻ... ഞാൻ പോയിരുന്നു... '

'എന്നിട്ട് ?'

'സൂസൻറെ ബെഡ്രൂമിലേക്ക് കയറിപ്പറ്റി.'

'എന്തിന് ??? ആ പോട്ടെ... എന്നിട്ടു ?

'എന്നിട്ടൊന്നുമില്ല... സത്യം... ഞാൻ തിരിച്ചു പോന്നു'

'ഉറപ്പ് ???'

'ഉറപ്പാണെടെ...'

'നീയെന്തോ എന്നിൽനിന്നും മറയ്ക്കുന്നുണ്ട്‌...'

'ഇല്ല പീറ്റർ...' വീണ്ടും  മുഖം കൊടുക്കാതെയുള്ള ഉത്തരം.

സന്ദേഹത്തിൻറെ കണ്ണുകളുമായി പീറ്റർ.

'ഇനി ഞാനോന്നുമൊളിക്കുന്നില്ല... ഒരു ദുർബല നിമിഷത്തിൽ... ഞാനും, അവരും.... മ്ഹും...ങും..'

'തന്നേ? ഒള്ളത് തന്നേ ? പീറ്റർ അവിശ്വസനീയതയോടെ...

'തന്നെടെ തന്നെ.... ' ഒരു കള്ളച്ചിരിയോടെ രാജേഷ്‌.

'അതിരിക്കട്ടെ.. ആ സമയത്ത് നീയെൻറെ പേരു വല്ലതും പറഞ്ഞാരുന്നോ?

രാജേഷിൻറെ മുഖം വീണ്ടും വിളറി.

'ഞാനോ? നിൻറെ പേരോ? എന്തിനു???'

'അത് തന്നെയാ എനിക്കുമറിയെണ്ടേ.. എന്തിനു?'

'അത്... ആദ്യം ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം സംസാരിച്ചിരുന്നു... എന്നെപ്പറ്റിയും, ജോലിയെപ്പറ്റിയുമൊക്കെ സൂസൻ ചോദിച്ചു.  പരിഭ്രാന്തിയിൽ നിൻറെ പേരാ പറഞ്ഞു പോയേ... ക്ഷമിക്കെടാ...' കുറ്റവാളിയെ പോലെ തല കുനിച്ചു രാജേഷ്‌ നിന്നു...

ഒരു നിശബ്ദത ഇരുവർക്കുമിടയിൽ തളംകെട്ടി.

'ഇതെന്താ നിൻറെ  കയ്യിൽ?' ലെറ്റർ ശ്രദ്ധിച്ച രാജേഷ്‌.

'സൂസൻറെ അഡ്വക്കേറ്റ് അയച്ചതാ... ' പീറ്റർ രാജേഷിനു നേരെ നീട്ടി.

ദൈവമേ ഞാൻ കാരണം പീറ്റർ കുഴപ്പത്തിലായല്ലോ...ഒന്നും വേണ്ടായിരുന്നു... തികട്ടി വന്ന കുറ്റബോധത്തോടെ രാജേഷ്‌ കത്ത് തുറന്നു വായിച്ചു.

'പ്രിയപ്പെട്ട പീറ്റർ,

            കുറച്ചു ദിവസങ്ങൾക്കു മുൻപ് സൂസൻ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സൂസൻറെ അന്ത്യാഭിലാഷപ്രകാരം അവരുടെ വീടും, വസ്തു വകകളും താങ്കളുടെ പേരിലേക്ക് മാറ്റിയതായി അറിയിക്കാൻ താല്പര്യപ്പെടുന്നു...'

എന്ന്,

സൂസൻറെ അഡ്വക്കേറ്റ്. '

---------------------------------------------------------------------------

ഡും... ഡും... ഡും... കിളിപോയി......
 

No comments:

Post a Comment