Friday, July 12, 2013

അണ്ടി കിട്ടിയ മച്ചാത്തിമാര്‍


ഇതു അണ്ടി പോയ മച്ചാന്‍മാരുടെ രണ്ടാം ഭാഗം. കഥാപാത്രങ്ങളെ പരിചയപ്പെടെണ്ടവര്‍ ആദ്യഭാഗം വായിക്കുക.

എന്‍റെ റൂംമേറ്റ്‌ ഷമീലിനെ നിങ്ങള്‍ക്കിപ്പോള്‍ അറിയാം. ജനിച്ചപ്പോള്‍ തന്നെ ലവന്‍റെ സ്വഭാവം മനസ്സിലായ മാതാപിതാക്കള്‍ ലവനു 'നാണമില്ലാത്തവന്‍' എന്നു മലയാള തര്‍ജ്ജമ വരുന്ന SHAMEEL (SHAME ELlathavan) എന്നു നാമകരണം ചെയ്തു. അപ്പോഴേ അവര്‍ക്കു പ്രതീക്ഷ പോയിക്കാണും. തുടര്‍ന്നു ആ തറവാട്ടില്‍ ആണും, പെണ്ണുമായി ഇതേ സീരിസില്‍ പല വെര്‍ഷന്‍സും ഇറങ്ങി. എല്ലാവര്‍ക്കും ഷമീല്‍ എന്നു പേരിടാന്‍ പറ്റാഞ്ഞത് കാരണംമാത്രം പലപേരുകള്‍ ഇട്ടു.

മലപ്പുറത്തെ സ്വന്തം സ്ഥലത്തും, പിന്നെ തൊട്ടടുത്ത മേഖലയായ ദുബായിലും ഈ സീരീസ്‌ വിതരണം ചെയ്യപ്പെട്ടു. മലപ്പുറം ഏരിയ ഭരിച്ചിരുന്നതു ഷെയിക്ക് ഷമീലും, ദുബായ്‌ ഏരിയ ഭരിച്ചിരുന്നതു നാജി-മാജി സഹോദരിമാരും ആയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം നാക്കിനു വേറെ ജോലി ഏല്‍പ്പിക്കുന്ന പെണ്‍കുട്ടിയായ നാജിയും, ഭക്ഷണം കഴിക്കുമ്പോള്‍ മാത്രം കൈക്കു വേറെ ജോലി ഏല്‍പ്പിക്കുന്ന ആണ്‍കുട്ടിയായ (സ്വഭാവം കൊണ്ട്) മാജിയും (എന്‍റെ നിരപരാധിത്വം ഇവിടെത്തന്നെ ഞാന്‍ കുറിച്ചുകൊള്ളുന്നു. ഇതൊക്കെ നിങ്ങളുടെ ഷമീലിക്ക പറഞ്ഞു എഴുതിപ്പിക്കുന്നതാണ്)...

സ്കൂള്‍ വെക്കേഷന്‍ കാലഘട്ടങ്ങളില്‍ ഈ ഭരണകര്‍ത്താക്കളെല്ലാം കൂടിച്ചേര്‍ന്നു ഒരു സംയുക്തഭരണസമിതി രൂപീകരിക്കുന്ന പതിവ് ഉണ്ടായിരുന്നു. ഒരുമാസം നീണ്ടു നില്‍ക്കുന്നയീ കാലയളവില്‍ ഖജനാവ് മുടിക്കുക (ബാപ്പമാരുടെ പേഴ്സ് കാലിയാക്കുക), അയല്‍ രാജ്യങ്ങളുമായി യുദ്ധം ചെയ്യുക (സഹോദരങ്ങളുമായി അടികൂടുക), വെട്ടിപ്പിടിക്കുക (മറ്റുള്ളവരുടെ സ്ഥാവരജംഗമങ്ങള്‍ കൈക്കലാക്കുക), അനധികൃതമായി നികുതിപിരിക്കുക (മറ്റു മാര്‍ഗങ്ങളിലൂടെ വട്ടച്ചെലവിനുള്ളത് ഒപ്പിക്കുക... അടിച്ചു മാറ്റല്‍ തന്നെ...), പെരുന്നാള്‍ മഹോത്സവത്തിനായി വര്‍ഷാവര്‍ഷം നടത്താറുള്ള പടക്ക കുംഭകോണം (പടക്കം വാങ്ങാനെന്നു പറഞ്ഞുള്ള പിരിവ്) മുതലായ ഭരണപരിഷ്കാരങ്ങള്‍ നടത്തുന്നതില്‍ അവര്‍ അതീവശ്രദ്ധ പുലര്‍ത്തി.

ഏറ്റവുമടുത്ത കൂടിക്കാഴ്ച്ചക്കായി മലപ്പുറം പാലസില്‍ എത്തിയ ദുബായ് ഭരണ കര്‍ത്താക്കള്‍ അവിശ്വസനീയമായി നോക്കിനിന്നു. അന്നന്നത്തെ പള്ളിക്കഞ്ഞിയും, പള്ളിച്ചമ്മന്തിയും ഒപ്പിക്കാന്‍പോലും പാടുപെട്ടിരുന്ന മലപ്പുറം ഷെയിക്കന്മാര്‍ ആര്‍മാദിച്ചു ജീവിക്കുന്നു. ആവശ്യത്തിനു പണം. അതിലേറെ അഹങ്കാരം!!!

"ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍ന്‍റെ ലോട്ടറി ഇവന്മാര്‍ക്ക് അടിച്ചെന്നു തോന്നുന്നു... " നാജി തന്‍റെ ലോകവിവരം പങ്കുവെച്ചു...

"അതോ ദുബായിലെ എണ്ണ കടലിലൂടെ ഒഴുകി ഇവിടെയെത്തിയാവുമോ???" ലോകവിവരം പങ്കുവെക്കുന്നതില്‍ ഒട്ടുംമോശമല്ലായെന്നു മാജിയും തെളിയിച്ചു...

അവസരമൊത്തു വന്നപ്പോള്‍ മാജി റാണി ഷമീല്‍ രാജനോട് ചോദിച്ചു...

"രാജന്‍... അങ്ങയുടെ രാജ്യത്തു പെട്ടെന്നുള്ളയീ സമൃദ്ധിയുടെ കാരണമെന്താണ്??? അടിയങ്ങള്‍ക്കും പറഞ്ഞുതന്നാലും... ഒണക്ക ഖുബ്ബൂസു തിന്നു ഞങ്ങള്‍ മടുത്തിരിക്കുന്നു..."

ഒരു വിജയീഭാവത്തോടെ പഴയകാല സിനിമാനടന്‍ സത്യന്‍ നടുവിനു കൈകൊടുത്തു നില്‍ക്കുന്ന റോളില്‍ ഷമീല്‍ മഹാരാജാവ് മൊഴിഞ്ഞു...

"കാരണം വ്യക്തം... സ്പഷ്ടം... വേഗംപോയി അണ്ടി പോയ മച്ചാന്‍മാര്‍ എന്ന ബ്ലോഗ്‌പോസ്റ്റ്‌ വായിച്ചിട്ടു വാ..."

"എന്തോന്ന് ???" കാര്യം മനസ്സിലാകാതെ മാജി റാണി കണ്ണുമിഴിച്ചു...

സ്ഥലകാലബോധം വന്ന ഷമീല്‍ രാജപ്പന്‍ തന്‍റെ സത്യന്‍സ്റ്റൈല്‍ ഒക്കെയൊഴിവാക്കി രഹസ്യംപറഞ്ഞു.

"ബാപ്പ ചക്രവര്‍ത്തി ഈ സീസണ്‍ മുതല്‍ അദ്ദേഹത്തെ രാജ്യകാര്യങ്ങളില്‍ സഹായിക്കുകയാണെങ്കില്‍ ലാഭവിഹിതത്തിന്‍റെയൊരു പങ്ക് തരാമെന്നൊരു ഓഫര്‍ വെച്ചു..."

"എന്നുവെച്ചാല്‍??? എന്തു സഹായം??? എന്തു രാജ്യകാര്യം???"

"ഒന്നുമില്ല പെണ്ണെ... പറമ്പില്‍ നിന്നും അണ്ടി പെറുക്കി കൊടുക്കുക.... നല്ല കാശുകിട്ടും... ഞങ്ങള്‍ ഭയങ്കര പെറുക്കികളായി..." ഒടുവില്‍ ഷമീല്‍ കാര്യം വ്യക്തമാക്കി...

'ഹും... ഇപ്പൊ ടെക്നിക്‌ പിടികിട്ടി...' മാജി മനസ്സില്‍പ്പറഞ്ഞു...

'എന്താ സംഭവം' എന്നമട്ടില്‍ നോക്കിനിന്ന നാജിയോടു അവള്‍ക്കു മനസിലാകുന്ന ഭക്ഷണത്തിന്‍റെ ഭാഷയില്‍ മാജി കാര്യം വിശദമാക്കി...

"ഒണക്ക ഖുബ്ബൂസില്‍ നിന്നും ചിക്കന്‍ ബിരിയാണിയിലേക്കുള്ള വഴികിട്ടിപ്പോയി... നമ്മള്‍ പെറുക്കികളായാല്‍ മതി..."

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും ബിരിയാണി കിട്ടുമെന്നു മാത്രം നാജിക്കു മനസ്സിലായി... നല്ല ചിക്കന്‍ ബിരിയാണിയുടെ 'ദം' പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം ലവളുടെ മുഖത്തുതെളിഞ്ഞു. "ചെലപ്പോ ബിരിയാണി കൊടുക്കുമായിരിക്കുമല്ലേ???" ഒന്നുകൂടി ഉറപ്പിക്കാന്‍ നാജിയുടെ ചോദ്യം...

"എപ്പോ കിട്ടിയെന്നു ചോദിച്ചാല്‍ മതി... " മാജി ഉറപ്പിച്ചു... (സലാഹു ഇല്ലാത്തതു ഭാഗ്യം... അല്ലെങ്കില്‍ 'എപ്പോ കിട്ടി' എന്നു പഹയന്‍ ചോദിച്ചേനെ)...

കാര്യമുറപ്പിച്ച റാണിമാര്‍ ബാപ്പ ചക്രവര്‍ത്തിയുടെ അനുവാദവും, അനുഗ്രഹവും തേടിയെത്തി...

"ബാപ്പാ... അണ്ടി പെറുക്കിയാല്‍ പൈസ തരുമെന്നു കേട്ടതു ശരിയാണോ??? ഞങ്ങളും പെറുക്കിക്കോട്ടേ???"

"ഹും...പെറുക്കിക്കോളൂ... നല്ല മുഴുത്ത അണ്ടികള്‍ നോക്കി പെറുക്കിയാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ കാശുണ്ടാക്കാം"... ബാപ്പ അനുമതിയുടെകൂടെ ഭരണതന്ത്രവും പറഞ്ഞുകൊടുത്തു.

"ശരി ബാപ്പാ..." അനുഗ്രഹം ഏറ്റുവാങ്ങി റാണിസഹോദരികള്‍ മടങ്ങി...

അങ്ങിനെ നാജി-മാജി ദ്വയം യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി.... ശത്രുക്കളെ വീക്ഷിച്ചു... ഭാഗ്യം... ലവന്മാര്‍ രാത്രിയിലാണ് പെറുക്കികളാകുന്നത്... പകല്‍മുഴുവന്‍ യുദ്ധക്കളം ബാക്കി... തങ്ങളുടെ പെറുക്കല്‍ ഷെഡ്യൂള്‍ അതിരാവിലെ മുതല്‍ സൂര്യാസ്തമയം വരെ ഉറപ്പിച്ചു...

ദുബായ്‌ കൊട്ടാരത്തില്‍ പരിചാരകരെക്കൊണ്ടു ചെയ്യിക്കുന്ന വാരല്‍, കോരല്‍, പെറുക്കല്‍ പ്രക്രിയകള്‍ റാണിമാര്‍ സ്വയം ചെയ്യാന്‍ തുടങ്ങി. ദിവസാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ടയത്രയും ചാക്ക് അണ്ടിയാല്‍ നിറക്കാന്‍ പറ്റിയ റാണിമാര്‍ തങ്ങളുടെ വെട്ടിപ്പിടിക്കലിന്‍റെ അവലോകനം നടത്തി.

"നമുക്കു വേഗം ബാപ്പയുടെ കയ്യില്‍ കൊണ്ടുകൊടുത്തിട്ടു പൈസ വാങ്ങിയാലോ???" ബുദ്ധിയോടെ നാജി അഭിപ്രായപ്പെട്ടു...

"വേണ്ട!!! നമുക്കു 3 ദിവസം കഴിഞ്ഞു കൊടുക്കാം.. അപ്പൊ കുറെകാശ് ഒരുമിച്ചു കിട്ടുകയും, ലവന്മാര്‍ ഞെട്ടുകയും ചെയ്യും..." കുരുട്ടുബുദ്ധിയോടെ മാജി അഭിപ്രായപ്പെട്ടു...

അങ്ങിനെ 3 ദിവസത്തെ കഠിനാധ്വാനം കഴിഞ്ഞു വെട്ടിപ്പിടിച്ച 6 വലിയചാക്ക് അണ്ടിയുമായി റാണിസഹോദരിമാര്‍ ബാപ്പയുടെ സമക്ഷത്തിലേക്ക്...

ചാക്കിന്‍റെ വലിപ്പവും, എണ്ണവും കണ്ട ബാപ്പ വരെ അത്ഭുതപരതന്ത്രനായി... കൂടാതെ തത്സമയം സന്നിഹിതരായിരുന്ന 1 ചാക്ക് മാത്രം കൊണ്ടുവന്ന മലപ്പുറം രാജാക്കന്മാരെ നോക്കിയൊരു പുച്ഛവും... "കണ്ടോടാ... പെണ്‍പിള്ളേര്‍ കൊണ്ടു വന്നിരിക്കുന്നതു???"

ഇതുകേട്ടു ഡബിള്‍ പുച്ഛത്തോടെ നോക്കിയ മാജിയെ നോക്കി ഷമീലിന്‍റെ ആത്മഗതം... "പണി ഗുരുക്കളുടെ നെഞ്ചത്തോട്ടു തന്നെ തരണം കേട്ടാ..."

ഇതുകേട്ടു ലവലേശം പുച്ഛമില്ലാതെ നിന്ന ടിന്റുമോന്‍റെ... സോറി...സലാഹുവിന്‍റെ ആത്മഗതം... "ലവള്‍ കേട്ടെന്നു തോന്നുന്നു..."

"ശരി.. ശരി... എല്ലാം തൂക്കി നോക്കൂ..." സഹായിയോടു ബാപ്പയുടെ ഓര്‍ഡര്‍...

രണ്ടു രാജ്യക്കാരുടെയും തൂക്കിക്കഴിഞ്ഞപ്പോള്‍ ഷമീല്‍ മഹാരാജാവു തലയ്ക്കു കൈകൊടുത്തുപോയി...

മലബാറിന്‍റെ സാമൂതിരിമാരെ അറബ് കടന്നുകയറ്റക്കാര്‍ കീഴ്പ്പെടുത്തിയിരിക്കുന്നു!!!

മലപ്പുറത്തിന്‍റെ അണ്ടി -  40  കിലോ

ദുബായിയുടെ അണ്ടി     -  235 കിലോ

അജഗജാന്തരം!!! വീണ്ടും റാണിമാരുടെ പുച്ഛം!!!

മലപ്പുറം രാജാക്കള്‍ ശത്രു രാജ്യക്കാരുടെ മുന്നില്‍ ചൂളിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സഹായിയോടു ബാപ്പയുടെ അടുത്തയാഹ്വാനം...

"ഹും... ഗുണനിലവാരം നോക്കൂ..."

യുദ്ധത്തിനു മുന്‍പ് തന്നെ വിജയമുറപ്പിച്ച യോദ്ധാക്കളെപ്പോലെ റാണിമാര്‍ സന്തോഷം പങ്കുവെച്ചു...

"തികച്ചും അനാവശ്യമായ ടെസ്റ്റ്‌... അണ്ടിയുടെ വലുപ്പം കണ്ടാല്‍ത്തന്നെ അറിയില്ലേ..."

അടുത്ത പുച്ഛം ഏറ്റുവാങ്ങാന്‍ തയ്യാറായി മലപ്പുറം രാജാക്കള്‍!!!

ആദ്യം മലപ്പുറം അണ്ടി തൂക്കിക്കഴിഞ്ഞു റിസള്‍ട്ട്... "ഹും... കുഴപ്പമില്ല..."

ആവറേജ് സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയ മലപ്പുറത്തിനെ നോക്കി പുച്ഛതയുടെ മൂര്‍ധന്യാവസ്ഥയില്‍ റാണിമാര്‍...

അടുത്തത് അറേബ്യന്‍വസന്തം... ചാക്ക് തുറന്ന സഹായിയുടെയും, കണ്ടു നിന്ന ബാപ്പയുടെയും കണ്ണുകള്‍ തള്ളി... ഇതുകണ്ട റാണിമാര്‍ക്ക് സന്തോഷം തിരതല്ലി...

എന്നാല്‍ പൊടുന്നനെ മുഖഭാവം മാറിയ ബാപ്പ റാണിമാരോട്...

"എന്തായിത് ... "

"അണ്ടി..." അഭിമാനപൂര്‍വ്വം മാജി മറുപടിച്ചു...

"അതു മനസ്സിലായി... ഇതു എന്തു തരം അണ്ടി???" വീണ്ടും ബാപ്പ...

'ഓഹോ!!! അണ്ടിയില്‍ പല വേര്‍ഷന്‍ ഉണ്ടായിരുന്നോ??? ISO  സ്റ്റാന്‍ഡാര്‍ട്സ് ഇതിനും ബാധകം ആയിരുന്നോ??? ഇതൊന്നും പറഞ്ഞിരുന്നില്ലല്ലോ...' റാണിമാര്‍ തമ്മില്‍ കലുകുലുഷിതമായ ചര്‍ച്ചകള്‍ നടത്തി... അവസാനം ബാപ്പച്ചക്രവര്‍ത്തിയോടു......

"ഇതാണ് ബാപ്പാ ശരിക്കും അണ്ടി... മാവില്‍ നിന്നും കിട്ടിയ അണ്ടി... നമ്മുടെ പറമ്പില്‍ നിന്നും കിട്ടിയ അണ്ടി... 3 ദിവസം പകലന്തിയോളം ഞങ്ങള്‍ പെറുക്കിയ അണ്ടി..." റാണിമാരുടെ വിശദീകരണം... അവസാനമൊരു ചോദ്യവും.. "എന്തേയ്???"

'ഇനി ബാപ്പ പൈസ തരാതെയിരിക്കാന്‍ നമ്പര്‍ ഇറക്കുന്നതാണോ??? ഇതിലും പുരുഷ-സ്ത്രീ സമത്വങ്ങള്‍ പാലിക്കില്ലേ???'

റാണിമാരുടെ ചിന്തകള്‍ അനന്തതയില്‍ വിഹരിക്കുന്നതിന്‍റെയിടയില്‍ ക്ഷമ നശിച്ച ബാപ്പ പറഞ്ഞു...

"നിങ്ങളോട് ഞാന്‍ പെറുക്കാന്‍ പറഞ്ഞതു അണ്ടി!!! കശുമാവിന്‍റെ അണ്ടി!!! നിങ്ങള്‍ കൊണ്ടുവന്നത് സാധാരണ മാവിന്‍റെ കായായ മാങ്ങയുടെ ഉള്ളിലുള്ള അണ്ടി!!! മാങ്ങാണ്ടി!!! അല്ലെങ്കില്‍ മാങ്ങാക്കൊരട്ട!!!"

'പടച്ചോനേ....' റാണിമാരുടെ കണ്ണില്‍ ഇരുട്ടുകയറി... കമ്പ്ലീറ്റ്‌ ഇരുട്ടുകയറി അന്ധരാകുന്നതിന് മുന്‍പ് മാജിറാണിയുടെ അവസാനവട്ട ചോദ്യം...

"മുകളില്‍ പറഞ്ഞ മാവില്‍ 'കശു' എടുത്തുകളഞ്ഞിട്ടു ബാക്കി ഉള്ളതിന്‍റെ പൈസ തന്നൂടെ???"

ഇതൊക്കെകേട്ടു എല്ലാവരും ചിരിച്ചുചിരിച്ചു മണ്ണുകപ്പാം എന്നു വിചാരിച്ചപ്പോള്‍ അവിടെയെങ്ങും മണ്ണില്ല... ഇനി വല്ല സിമെന്‍റ് അല്ലെങ്കില്‍ പൂഴി കപ്പാം എന്നുറപ്പിച്ചു നിന്ന ഷമീല്‍ മഹാരാജാവു മാക്സിമം പുച്ഛത്തോടെ നാജിയോടു....

"വിളിച്ചോണ്ടു പോടീ ഇതിനെ... അണ്ടി വാരാന്‍ വന്നിരിക്കുന്നു... അണ്ടി!!!"

അതിനു സലാഹുവിന്‍റെ മേമ്പൊടി...

"അവിടെ നിന്നും വിളിച്ചോണ്ടു പോടീ ഇതിനെ... റാണി ആണത്രേ റാണി!!! ഹും... മെയ്ഡ് ഫോര്‍ ഈച്ച താര്‍ തന്നെ..."

"എവിടെ നിന്നും???" ഷമീലിനു കാര്യം മനസ്സിലായില്ല.... ആര്‍ക്കും !!!

"നീ പോകാന്‍ പറഞ്ഞില്ലേ ലവളുമാരോട്... ലവിടെ നിന്നും..." പഞ്ചുമായി വീണ്ടും സലാഹു...

ഇതുകേട്ടു ക്രൂദ്ധയായ മാജിറാണി...

"ഞങ്ങളെ ഈച്ചയും താറും എന്നു വിളിക്കുന്നോ??? ഹൌ ഡയര്‍ യു???"

"അതാരാ??? അങ്ങിനെയല്ല ഞാന്‍ പറഞ്ഞതു... മെയ്ഡ് ഫോര്‍ ഈച്ചദര്‍ എന്നാ... നിങ്ങളു വെറുതേയെന്നെ തെറ്റിദ്ധരിച്ചു എന്‍റെ മേത്തിട്ടു കേറിയെങ്കില്‍ വിവരമറിഞ്ഞെനെ‍"... സലാഹു നയം വ്യക്തമാക്കി...

"പിന്നേ... കക്കൂസ് പൊളിച്ചു ആരെങ്കിലും ജയിലില്‍ പോകുമോ???" മാജിയും നയം വ്യക്തമാകി...

(((((ഠേ)))))...

വാല്‍ക്കഷണം: പിന്നെയാണു അറിഞ്ഞത്... ദുബായിലൊക്കെ പഠിച്ചവരോട് വളരെ സ്പഷ്ടവും, വ്യക്തവുമായി പറയണംപോലും എന്താണ് വേണ്ടതെന്ന്... അല്ലെങ്കില്‍ പറഞ്ഞത് മാത്രമേ പ്രതീക്ഷിക്കാവൂ... അണ്ടിയെന്നു പറഞ്ഞാല്‍ അണ്ടി... അത്രത്തന്നെ!!! കശുമാവിന്‍റെ അണ്ടി വേണമെങ്കില്‍ അങ്ങിനെത്തന്നെ പറയണം... അല്ലെങ്കില്‍ അവരു കൊണ്ടുവരുന്നത് മാങ്ങാണ്ടിയായാലും, ശുപ്പാണ്ടിയായാലും, കൊയിലാണ്ടിയായാലും സഹിക്കുക...


No comments:

Post a Comment