Monday, January 9, 2012

കറക്കിക്കുത്ത്


ഇതിനു സമാനമായ കഥകള്‍ നിങ്ങള്‍ ചിലപ്പോള്‍ കേട്ടുകാണും... പക്ഷെ ഇതൊരു സംഭവകഥയായതു കൊണ്ട് ഇവിടെപ്പറയുന്നു... സംഭവിക്കാനുള്ള കാര്യങ്ങള്‍ മുന്നേ സംഭവിച്ചതാണെങ്കിലും സംഭവിച്ചു കൊണ്ടേയിരിക്കും... 'സംഭവാമി യുഗേ... യുഗേ....'

കണ്ണൂര്‍ S.N.  കോളേജില്‍ പ്രീഡിഗ്രി കഴിഞ്ഞുനില്‍ക്കുന്ന കാലം. വളരെ നല്ല രീതിയില്‍ പഠിച്ചു കഴിഞ്ഞതുകൊണ്ട് ഇനിയെന്ത്‌ എന്നതൊരു വല്യ ചോദ്യചിഹ്നമായി നിലനിന്നു. ഇതിനകം തന്നെ നല്ലപകുതിയെ (better half) കണ്ടെത്തിയതുകൊണ്ട് സാമാന്യം നല്ലരീതിയില്‍ പഠിക്കുന്ന അവളുമായി കിടപിടിക്കാന്‍ നല്ലയെന്തെങ്കിലും കോഴ്സ് ചെയ്യാന്‍ തീരുമാനിച്ചു. അവസാനം ചിന്തകള്‍ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്‌ എഴുതുന്നതിലെത്തി. അപേക്ഷഫോറമൊക്കെ ഒപ്പിച്ചു അപേക്ഷിച്ചു. സുഹൃത്തുക്കളെല്ലാം കോച്ചിംഗ്ക്യാമ്പ്‌, കംബൈണ്ട്സ്റ്റഡി എന്നൊക്കെപ്പറഞ്ഞു ബിസിയായി. ഒരു പരീക്ഷക്കുമത്തരം ദുശ്ശീലങ്ങളിലേര്‍പ്പെടാറില്ലാത്തതിനാല്‍ ഞാനായിട്ടോന്നും ചെയ്യാന്‍ പോയില്ല.

ഒടുവിലൊട്ടും തെറ്റിക്കാതെ പ്രതീക്ഷിച്ച ദിവസംതന്നെ പരീക്ഷ വന്നു. ടിപ്-ടോപ്‌ ആയി(ഭാവി എഞ്ചിനീയര്‍ അല്ലെ... ഇരിക്കട്ടെ...) കണ്ണൂര്‍ ടൌണിലെത്തി. ഇനി
പരീക്ഷാകേന്ദ്രമായ പള്ളിക്കുന്ന് സ്കൂളിലെത്തണം.

പള്ളിക്കുന്ന് ഭാഗത്തേക്കുള്ള ബസ്സ് കാത്തുനില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നുമൊരു വിളികേട്ടു പരിചയമുള്ള വൃത്തികെട്ട ശബ്ദം...

"ഏടുത്തെക്കാടാ കുരിപ്പേ രാവിലെത്തന്നെ.... എതെങ്കും മംഗലത്തിന് (കല്യാണത്തിന്) പോകലാ???"

തിരിഞ്ഞുനോക്കിയ ഞാന്‍ ദുശ്ശകുനം കണ്ടപോലെ അറച്ചുനിന്നു. എന്‍റെ കോളേജിലെ സുമേഷ്‌.... കത്തി സുമേഷ്‌... പെണ്‍കുട്ടികളുടെ പേടിസ്വപ്നം... ആണ്‍കുട്ടികളുടെ ദുസ്വപ്നം... ടോട്ടല്ലി വെറുപ്പിക്കലിന്‍റെ ഉസ്താദ്‌...

കത്തി പൊതുവേ ആളൊരു വായാടിയും, ബടായിക്കാരനും ആയിരുന്നു. ചിരിക്കുമ്പോള്‍ കര്‍ണങ്ങളെ എച്ചിലാക്കുന്ന വായ... 'ലീ' യുടെ ലേബല്‍ പതിപ്പിച്ച 'പുലി' ബ്രാന്‍ഡ്‌ ജീന്‍സ്‌... എവിടെചെന്നാലും അടിഇരന്നു മേടിക്കുകയെന്ന നിര്‍ബന്ധം... വെറുതെയിരിക്കുമ്പോള് ‍(മിക്കവാറും വേരുതെയിരിപ്പ് തന്നെ)  ഓമനയെ കിട്ടിയില്ലെങ്കില്‍ കിട്ടിയതിനെ ഓമനിക്കുന്ന രീതി... ഇതൊക്കെയാണ് മാന്യദ്ദേഹത്തിന്‍റെ സവിശേഷതകള്‍...

ലവനെ കണികണ്ടപ്പോഴേ എന്‍റെ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സിന്‍റെ റിസള്‍ട്ട്‌ എനിക്കുകിട്ടി. ഉള്ളില്‍ തികട്ടിവന്ന ദേഷ്യം മറച്ചുവെച്ച് പറഞ്ഞു....

"എന്‍ട്രന്‍സ്‌ എക്സാമിനു പോകുന്നതാട... പള്ളിക്കുന്ന് സ്കൂളില്..."

"അടി സക്കെ... ഞാനും അങ്ങോട്ട്‌ തന്നെ..." കത്തിയുടെ പ്രതികരണം...

"എന്തിനു???" എത്ര പിടിച്ചുവെക്കാന്‍ ശ്രമിച്ചിട്ടും ആ ചോദ്യം പുറത്തുവന്നു...

"പള്ളിക്കുന്ന് സ്കൂളിലെ ഹെഡ്മിസ്ട്രെസ്സിന്‍റെ കാലില്‍ കുരു ഉണ്ടോന്നു നോക്കാന്‍.... ഹല്ലാ പിന്നെ..... എടാ ഹമുക്കെ... ഞാനും എക്സാം എഴുതുന്നുണ്ട്.. അവിടെ തന്നെയാ സെന്‍റെര്‍..."

"ഓഹോ... ഈ എഞ്ചിനീയറിങ്ങ് എന്‍ട്രന്‍സ്‌ എന്നൊക്കെപ്പറഞ്ഞാല്‍ ഇത്രക്കു സ്റ്റാന്‍ഡേര്‍ഡ് മാത്രമേയുള്ളൂവല്ലേ??..." എന്‍റെ സ്വഗതം.

"അതിനു നീ വല്ലതും പഠിച്ചിട്ടുണ്ടോ?? ..." ചോദ്യം അനാവശ്യമാണെങ്കിലും വെറുതെ ചോദിച്ചു...

"പിന്നേ... നീ എന്ത് വേണമെങ്കിലും ചോദിച്ചോ..." എന്‍ട്രന്‍സ്‌ പാസ്സായവരെക്കാളും കോണ്‍ഫിഡന്‍സുമായി കത്തി....

മുത്തപ്പാ... കുടുങ്ങി... ചോദിക്കാന്‍ എനിക്കു വല്ലതും അറിയേണ്ടേ... അവസാനമൊരു കാച്ചുകാച്ചി...

"വെള്ളത്തില്‍ അലിയുന്ന പൂവേത്???"

"ഷാമ്പൂ...." ഒട്ടും അമാന്തിക്കാതെ കത്തി പറഞ്ഞു...

തള്ളേ... ഈ പന്നി എല്ലാം പഠിച്ചിരിക്കുന്നു... വെറുതെ ചോദിക്കെണ്ടായിരുന്നു... പിന്നെയൊന്നും ചോദിക്കാന്‍ നിന്നില്ല...

അങ്ങിനെ ഈനാംപേച്ചിയും, കൂട്ടിനെത്തിയ മരപ്പട്ടിയും കൂടെ പള്ളിക്കുന്ന് സ്കൂളിലെത്തി. എത്തിയപ്പോള്‍ സമയം പത്തുമണി. ഒമ്പതരക്ക്‌ എക്സാം തുടങ്ങിയിരുന്നു. എക്സാമിനര്‍ ഒരുമാതിരി അവിഞ്ഞ നോട്ടം നോക്കുന്നതു കണ്ടു. കത്തിയെ കണ്ടിട്ട് ഒരു ലുക്ക്‌ ഇല്ലാത്തതുകൊണ്ടോ എന്തോ അദ്ദേഹം ചോദിച്ചു...

"ഹും... വാട്ട്‌ യു വാണ്ട്‌???"

ദൈവമേ.... ഇംഗ്ലീഷ്.... എക്സാം നടക്കുന്നതു ബ്രിട്ടനില്‍ അല്ല എന്നുറപ്പിച്ചശേഷം ഞാന്‍ മറുപടി പറയാന്‍ ശ്രമിച്ചു....

"സര്‍... എക്സാം... സെന്‍റെര്‍... എന്‍ട്രന്‍സ്‌... കാന്‍ഡിഡേറ്റ്... "

അങ്ങേര്‍ക്കെല്ലാം മനസിലായിക്കാണുമെന്നു കരുതിയപ്പോള്‍ ദേ കിടക്കുന്നു അടുത്ത ചോദ്യം.

"ആര്‍ യൂ ദി ഫ്യുച്ചര്‍ എഞ്ചിനീയര്‍സ്??? നോ പ്രോപെര്‍ ടൈമിംഗ്??? നോ പങ്ക്ച്ചുവാലിറ്റി???"

ഞാന്‍ ഉത്തരത്തിനുവേണ്ടി ചിന്തിക്കുന്നതിനു മുന്‍പ് തന്നെ കത്തി ഉത്തരം പറഞ്ഞു...

"അമ്മോപ്പാ... ഞമ്മളല്ലേ... ഞമ്മള് ഇപ്പൊ ബന്നിറ്റെ ഉള്ളു..."

കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം പിടികിട്ടിയ എക്സാമിനര്‍ ഉത്തരവിട്ടു...

"ഹും... ഗെറ്റ് ഇന്‍..."

അങ്ങിനെ രജിസ്റ്റര്‍നമ്പറൊക്കെ തപ്പിപ്പിടിച്ചു സീറ്റ്‌ കണ്ടുപിടിച്ചു... സീറ്റുകള്‍ സമ്മാനിച്ചത് ഒരു ഞെട്ടല്‍ മാത്രം...

ഈനാംപേച്ചിയും, മരപ്പട്ടിയും ഒരേ ബെഞ്ചില്‍!!!

അടുത്തിരിക്കുന്നവന്‍റെ കോപ്പിയടിച്ചു പാസ്സാകാമെന്ന അവസാനത്തെ പ്രതീക്ഷയും പോയി... ഇന്നു കണികണ്ടവനെ നാട്ടിലെത്തിയിട്ട് വേണം ഓടിച്ചിട്ട്‌ തല്ലാന്‍. സ്ഥിരം കോളേജില്‍കാണുന്ന ഈ സവാളമോറനെ കാണാനാണല്ലോ ദൈവമേ എന്‍റെ എന്‍ട്രന്‍സ്‌ യോഗം...

പോക്കെറ്റില്‍ നിന്നും എച്ച്.ബി പെന്‍സില്‍, ഇറേസര്‍, ഹാള്‍ടിക്കറ്റ്‌ മുതലായ പണിസാധനങ്ങള്‍ ടേബിളില്‍ നിരത്തി... ചോദ്യപ്പേപ്പര്‍,ഉത്തരപ്പേപ്പര്‍ മുതാലയവ വാങ്ങി... ചോദ്യപ്പേപറിലെ നിര്‍ദേശങ്ങളും, ചോദ്യങ്ങളും വായിച്ചു... എല്ലാം മനസിലായി... ഒരു കാര്യമൊഴികെ...

'ഇതൊക്കെ ആര് എഴുതും'??? (എഴുതുകയെന്ന് പറഞ്ഞാല്‍ വട്ടം കറുപ്പിച്ചാല്‍ മതി...)

എവിടെത്തുടങ്ങണമെന്ന ആശങ്കയില്‍ ചുറ്റിലും നോക്കി... എല്ലായിടത്തും ചുവപ്പും, പച്ചയും കളറിലുള്ള ചോദ്യപ്പേപ്പറുകള്‍... പിന്നെ കത്തിയെ നോക്കി.

"എന്തെടെ... ആകെ 150 വട്ടം കറുപ്പിച്ചാല്‍ പോരെ??? വേഗം നോക്കെടെ... എത്രയാള്‍ക്കാരോട് മുഖം കറുപ്പിച്ചിരിക്കുന്നു... പിന്നെയല്ലേയിത്...."

അതല്ലെങ്കിലും അങ്ങിനെത്തന്നെ.... എന്ത് പ്രശ്നമാണെങ്കിലും അവന്‍ തുടങ്ങിവെച്ചോളും... തീര്‍ക്കേണ്ട പണി ഞങ്ങള്‍ക്കാ... തീര്‍ക്കുമ്പോളെക്കും അവന്‍ അടുത്ത പണി മേടിച്ചിട്ടുണ്ടാകും...

അവസാനം അങ്കം തുടങ്ങി... വായിച്ചു നോക്കിയപ്പോള്‍ വല്യ കുഴപ്പമില്ല... മുഴുവന്‍ പ്രോബ്ലെംസ് (മാത്തമാറ്റിക്കല്‍ പ്രോബ്ലെംസ് ആണു ഉദ്ദേശിച്ചത്)... ഞാന്‍ പ്രീഡിഗ്രി ഫസ്റ്റ്ഗ്രൂപ്പ്‌(മാത്തമാറ്റിക്സ്‍) ആയത് കൊണ്ട് കുറച്ചു എളുപ്പമായി തോന്നി.

അങ്ങിനെ വട്ടം കറുപ്പിക്കല്‍ തകൃതിയായി നടക്കവേ ഒരു ശീല്‍ക്കാരം കേട്ടു.... ശ്ശ്ശ്ശ്ശ്ശ്.... ശ്ശ്ശ്ശ്ശ്ശ്....

'ദൈവമേ... പരീക്ഷാ ഹാളില്‍ പാമ്പോ???' .... ഞെട്ടലോടെ ഞാന്‍ ചുറ്റും നോക്കി...

അപ്പോഴാണ് കണ്ടത്, പാമ്പ് എന്‍റെ ബെഞ്ചില്‍ത്തന്നെ... ഒരു വട്ടം പോലും കറുപ്പിക്കാത്തയൊരു പാമ്പ്... ശീല്‍ക്കരിച്ച കത്തിപ്പാമ്പിനോട് ചോദിച്ചു...

"എന്താടാ???"

"കാണിച്ചു താടാ സുബറെ..." ... കത്തി അവശ്യമറിയിച്ചു...

പ്രീഡിഗ്രി സെക്കന്‍ഡ്‌ഗ്രൂപ്പെടുത്ത ലവനു ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന് അറിയില്ലായിരുന്നു... മാത്തമാറ്റിക്സ്‍ പഠിക്കാത്തത് കൊണ്ട് എന്‍ട്രന്‍സ്‌ന്‍റെ പ്രവര്‍ത്തനമറിയാത്ത അവനു കാണത്തക്കവിധം ഞാനെന്‍റെ ഉത്തരക്കടലാസു വെച്ചു... ഞാന്‍ കറുപ്പിച്ചയിടമൊക്കെ അവനും കറുപ്പിച്ചു....

ഈ കറുപ്പീര് ഒരു സിമ്പിള്‍പണിയായതുകൊണ്ട് പതിനൊന്ന് മണിയായപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും 150 വട്ടവും കറുപ്പിച്ചു കഴിഞ്ഞിരുന്നു... ഉത്തരക്കടലാസൊക്കെ അടുക്കിവെച്ച്, പണിസാധനങ്ങളൊക്കെ തിരിച്ചുവെച്ച് വിനയപൂര്‍വ്വം വിളിച്ചു....

"സാര്‍....."

"എന്താടോ???" സാറിന്‍റെ ചോദ്യം...

അത് ശരി.. ലവനു മലയാളം അറിയാം...

"എഴുതിക്കഴിഞ്ഞു സര്‍.... ഞങ്ങള്‍ പോയ്‌ക്കോട്ടെ???" .. പച്ചമലയാളത്തില്‍ കാര്യം അവതരിപ്പിച്ചു...

"ഓഹോ... രണ്ടുപേരും എഴുതിക്കഴിഞ്ഞോ??? നല്ല ഒരുമയാണല്ലോ..."

'ഞാന്‍ എഴുതിക്കഴിഞ്ഞു പോയാല്‍ ഇവനിവിടെ എന്തു മലമറിക്കാനാ???' എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു...

"9.30 മുതല്‍ 12.30 വരെയുള്ള എക്സാമിന് നീയൊക്കെ വന്നത് 10 മണിക്ക്... എന്നിട്ട് 11 മണിയായപ്പോള്‍ കഴിഞ്ഞെന്നോ??? 12 മണി ആയാലേ പോകാന്‍ പറ്റൂ... " അദ്ദേഹം നയം വ്യക്തമാക്കി...

ഉയര്‍ന്ന കോടതിയില്‍ ഒരപ്പീല്‍ കൊടുക്കാന്‍ സ്കോപ്പില്ലാത്തത് കൊണ്ട് ഒരു കൂട്ടമടുപ്പ് ആചരിച്ച് ഇരിക്കുമ്പോള്‍ അദ്ദേഹം മിടുക്കന്‍മാരായ ഞങ്ങളോടു വന്നു ചോദിച്ചു...

"എക്സാം നല്ല എളുപ്പമായിരുന്നു.... അല്ലെ???"

ഞാനൊട്ടും അമാന്തിക്കാതെ മറുപടി കൊടുത്തു...

"ചോദ്യങ്ങള്‍ വളരെ കുറവാണു സാര്‍... സമയം വളരെ കൂടുതലും...."

ഇതു പറഞ്ഞപ്പോള്‍ അത്ഭുതത്തോടെ ഞങ്ങളെ നോക്കിയ മറ്റു കാന്‍ഡിഡേറ്റ്സിനെ പുച്ഛത്തോടെ നോക്കി ഞങ്ങള്‍ മനസ്സില്‍പ്പറഞ്ഞു.... 'ഒരു കോപ്പും അറിയാതെ വന്നേക്കുന്നു... എഞ്ചിനീയര്‍സ് ആകണംപോലും എഞ്ചിനീയര്‍സ്'...

എന്തായാലും 11.30 ആയപ്പോള്‍ ഞങ്ങള്‍ക്കു പരോള്‍ കിട്ടി... എക്സാം ആദ്യമെഴുതിയിറങ്ങിയ മിടുക്കന്‍മാരെ ആരാധനയോടെ നോക്കുന്നവരെ വകവെക്കാതെ ഞങ്ങള്‍ തിരിച്ചു യാത്രയായി....

ദിവസങ്ങള്‍ പോയിക്കഴിഞ്ഞു ആ ദിനവുമെത്തി... എന്‍ട്രന്‍സ്‌ റിസള്‍ട്ട് വരുന്ന ദിനം... കണ്ടകന്‍ കൊണ്ടേപോകൂയെന്നു പറഞ്ഞപോലെ തൊട്ടു മുന്നില്‍ വീണ്ടും കത്തി...

"വാടെ... നോക്കാം... ചെലപ്പോ ബിരിയാണി കൊടുത്താലോ... " കത്തിയുടെ ആഹ്വാനം...

"ഇത്ര രാവിലെ ബിരിയാണി വേണ്ടെടാ... ആദ്യം റിസള്‍ട്ട്‌ നോക്കാം" എന്നു ഞാനും...

റിസള്‍ട്ട് കണ്ട ഞാനും കത്തിയും ഞെട്ടി... ആഞ്ഞാഞ്ഞു ഞെട്ടി...

എനിക്കു റാങ്ക് 5200.... കത്തിക്ക് 2015 !!!

ഇതെന്തു മറിമായം??? എന്‍ട്രന്‍സ്‌ വാല്യൂവേഷനിലും തിരിമറിയോ???

റിസള്‍ട്ട് മാറിയതാണോയെന്നു അറിയാന്‍ ഞങ്ങള്‍ വീണ്ടും വീണ്ടും നോക്കി... നിമിഷനേരം കൊണ്ട് ഞാന്‍ അതീവദുഖിതനായി (ഈ അവസ്ഥ വര്‍ഷങ്ങള്‍ക്കു ശേഷം 3 Idiots എന്ന സിനിമയില്‍ കണ്ടിരുന്നു)...

എവിടെയാണ് പിഴച്ചതെന്നറിയാന്‍ മനസ്സിനെ എക്സാം ഹാളിലേക്ക് റീവൈന്‍ടു ചെയ്തു... പച്ചയും, ചുവപ്പും നിറങ്ങള്‍ മുന്നിലോടിക്കളിച്ചു... പിന്നെയൊരിക്കല്‍ ചോദിച്ചറിഞ്ഞയാ സത്യം ഓര്‍മ വന്നു... അന്ന് കണ്ട പച്ചയും, ചുവപ്പും ചോദ്യപ്പേപറുകള്‍ രണ്ടു വ്യത്യസ്ത സെറ്റുകള്‍ ആയിരുന്നു... എന്നുവെച്ചാല്‍ ഒരേ ബെഞ്ചില്‍ ഇരിക്കുന്നവരുടെ ചോദ്യങ്ങള്‍ വ്യത്യസ്തമായിരിക്കും... എന്‍റെ തെറ്റായ ഉത്തരങ്ങള്‍ അവന്‍റെ ശരിയായി...

ഇപ്പോള്‍ ലവന്‍ ലെവിടെയോ എഞ്ചിനീയര്‍ ആണത്രേ!!! കഴുതയ്ക്കും കസ്തൂരി !!!

അതില്‍പ്പിന്നെ 5000-ല്‍ താഴെ റാങ്ക് വാങ്ങിപ്പാസ്സായ എഞ്ചിനീയര്‍മാരെ കാണുമ്പോളോരു 'ലിത് ' ആണ്... യോഗ്യതയില്ലാത്തവര്‍!!! ഹല്ല പിന്നെ...

എന്നാലുമൊരു സ്മരണ വേണമെടാ കത്തി... സ്മരണ....

No comments:

Post a Comment