Wednesday, February 1, 2012

വിട ജോ...


ജോ... എന്‍റെ വ്യക്തിജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ എന്‍റെ സീനിയര്‍...

കോളേജില്‍ ചേരുന്നതിനു മുന്‍പ് തന്നെ അദ്ദേഹത്തെ വീക്ഷിക്കാന്‍ തുടങ്ങി... അദേഹത്തിന്‍റെ രീതികളും, പ്രവര്‍ത്തികളും എന്നെ അത്യന്തമാകര്‍ഷിച്ചു... അന്നുമുതല്‍ അദ്ദേഹമായി എന്‍റെ 'ഗോഡ്‌ഫാദര്‍'...

വിവര സാങ്കേതിക മേഖലയിലെക്കെത്താന്‍ അങ്ങെനിക്കു പ്രേരണ തന്നു... വെറുമൊരു ജീവിതം നയിക്കേണ്ടയെനിക്ക് വ്യക്തമായ ജീവിതലക്‌ഷ്യം തന്നു... വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ തന്നു... വ്യക്തമായ ദിശാബോധം തന്നു... നന്ദി ജോ!!!

പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കാനുള്ള അങ്ങയുടെ വ്യഗ്രത എന്നെയുമൊരു അന്വേഷിയാക്കി... പുതുമയോടും, വ്യത്യസ്തതയോടുമുള്ള ആവേശമിന്നുമെന്നില്‍ നിലനിര്‍ത്തുന്നു... എന്‍റെ മേഘലയില്‍ പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു... നന്ദി ജോ!!!

അങ്ങയുടെയോരോ പരീക്ഷണങ്ങളിലുമുള്ള പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമവും, ദീര്‍ഘവീക്ഷണവും എന്നില്‍ വല്ലാത്തയൊരു സ്വാധീനം ചെലുത്തി... ഞാനെന്‍റെയോരോ പരീക്ഷണങ്ങളിലും പൂര്‍ണതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുന്നു... നന്ദി ജോ!!!

അങ്ങയുടെ ഓരോ കണ്ടുപിടുത്തവും ലോകത്തെ മാറ്റിമറിച്ചത് അങ്ങയെ ഗോഡ്‌ഫാദറായി സ്വീകരിച്ചയെന്‍റെ തീരുമാനത്തെ സാധൂകരിച്ചു... സുഹൃത്തുക്കളുടെയിടയില്‍ അങ്ങയുടെ പേരിനാല്‍ ഇന്നും ഞാന്‍ ഊറ്റംകൊള്ളുന്നു... നന്ദി ജോ!!!

ലോകത്തിന്‍റെ നെറുകയില്‍ വിരാജിക്കുമ്പോഴും സാധാരണ മനുഷ്യനായി ജീവിക്കുന്നതെങ്ങിനെയെന്നും, അതിന്‍റെ ആവശ്യകതയും അങ്ങെനിക്കു കാണിച്ചു തന്നു... അനുഭവങ്ങളില്‍ നിന്നുള്ള ഉപദേശങ്ങള്‍ പങ്കുവെക്കുവാനും, ഞങ്ങളെ പോലെയുള്ള വരും തലമുറകള്‍ക്ക് വഴികാട്ടിയാകാനും അങ്ങേന്നും ശ്രമിച്ചിരുന്നു... നന്ദി ജോ!!!

ഏതൊരു പ്രതിസന്ധിയിലും സുസ്മേരവദനനായി മാത്രമെ താങ്കളെ കാണാറുള്ളൂ... നമ്മുടെ ദുഖങ്ങളും, വിഷമങ്ങളും നമ്മുടെതു മാത്രമാണെന്നും, അതു മറ്റുള്ളവരിലേക്ക് പകരുന്നത് ഔചിത്യമില്ലായ്മയാണെന്നും ഇതെന്നെ പഠിപ്പിച്ചുതന്നു... നന്ദി ജോ!!!

ജീവിതത്തില്‍ വീഴ്ചകളുണ്ടാകുമ്പോള്‍ തളരാതെ തിരിച്ചുവരാറുള്ള അങ്ങയുടെ ഇച്ഛാശക്തി എന്നെ തളര്‍ച്ചകളില്‍ നിന്നുമുണരാന്‍ സഹായിച്ചു... പരാജയങ്ങളില്‍ നിന്നും പഠിക്കുവാനും, ഭാവിജീവിതത്തെ പതറാതെ അഭിമുഖീകരിക്കാനും, അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും അവയെന്നെ സഹായിച്ചുകൊണ്ടിരുന്നു... നന്ദി ജോ!!!

നഷ്ടങ്ങളെക്കുറിച്ചു ചിന്തിച്ചു വ്യകുലപ്പെടാതെ, നേടാനുള്ളത് മാത്രം ചിന്തിക്കുവാനങ്ങു പ്രേരിപ്പിച്ചു... ജീവിതത്തിലുടനീളം അദൃശ്യസാന്നിധ്യമായ വ്യക്തിത്വമായി അങ്ങെന്നെ സ്വാധീനിച്ചുകൊണ്ടിരുന്നു... നന്ദി ജോ!!!

അങ്ങയെ ഗ്രസിച്ചിരിക്കുന്ന മാറാരോഗത്തിന്‍റെ വാര്‍ത്ത‍ എന്നിലൊരു നടുക്കമുളവാക്കിയെങ്കിലും, അതിനെ ധൈര്യസമേതം മറ്റേതൊരു പ്രതിസന്ധിയെയും പോലെ ലാഘവത്തോടെ നേരിട്ടത് എന്നില്‍ വീണ്ടും പ്രത്യാശ വളര്‍ത്തിയിരുന്നു... എല്ലാ നല്ലവരെയും പോലെ ദൈവത്തിനുമങ്ങു വേഗംതന്നെ പ്രിയങ്കരനായെങ്കിലും, പ്രിയപ്പെട്ട ജോ... അങ്ങയുടെ വേര്‍പാട്‌ എന്നെ എന്തെന്നില്ലാതെ വേദനിപ്പിക്കുന്നു... ഇന്നും താങ്കള്‍ തന്നെയെന്‍റെ പ്രചോദനമായി നിലകൊള്ളുന്നു... നന്ദി ജോ!!!

വിവര സാങ്കേതിക മേഖലയുടെ കുലപതിയേ... പൂര്‍ണതയുടെ പര്യായമേ... വ്യത്യസ്തതയുടെ അവസാന വാക്കേ...  ജീവിതാനുഭവങ്ങളുടെ മഹാനുഭാവാ... ലാളിത്യത്തിന്‍റെ രാജാവേ... വിജയങ്ങളുടെ തോഴാ... ദീര്‍ഘവീക്ഷണങ്ങളുടെ നേതാവേ... അങ്ങയെ ഞാന്‍ നമിക്കുന്നു...

എന്‍റെ സ്വന്തം വഴികാട്ടി!!! എന്‍റെ സ്വന്തം സീനിയര്‍!!! എന്‍റെ സ്വന്തം ജോ!!! ലോകത്തിന്‍റെ സ്വന്തം സ്റ്റീവ് ജോബ്സ്!!! (അടുത്തയിടക്ക് അന്തരിച്ച ബഹുമുഖപ്രതിഭ... അപ്പിള്‍ കമ്പ്യൂട്ടര്‍സിന്‍റെയും, പിക്സാര്‍ന്‍റെ യും സ്ഥാപകന്‍... ഐ ഫോണ്‍, ഐ പാഡ്, ഐ പോഡ്, മാക് സിസ്റ്റം മുതലായവയുടെ നിര്‍മാതാവ്).

അങ്ങേക്ക് താങ്കളുടെ മേഘലയിലെവിടെയുമെത്തിയിട്ടില്ലാത്ത ഒരു ജൂനിയര്‍ന്‍റെ പ്രണാമം!!!

അങ്ങയുടെ ഒരേയൊരു കാഴ്ചപ്പാട് മാത്രം ഞാനിന്നും ജീവിതത്തില്‍ തുടരുന്നു (അങ്ങു ഉദ്ദേശിച്ച രീതിയിലല്ലാതെ) ...

പട്ടിണി കിടക്കുക... വിഡ്ഢിയായിരിക്കുക... (Stay Hungry... Stay Foolish...) !!!

No comments:

Post a Comment