Saturday, August 6, 2011

കിങ്ങിണിക്കഥകള്‍



കഥ തുടങ്ങുമ്പോള്‍ തന്നെ ഈ കിങ്ങിണി ആരെന്ന് നിങ്ങള്‍ക്ക് സംശയം തോന്നിയേക്കാം. അതു ഞാന്‍ ആദ്യം പറയട്ടെ ...

ഞാനും ഭാര്യയും ഞങ്ങളുടെ 'ചോരയും, നീരും' ദാനം ചെയ്ത് പാതിരാത്രി വരെ ഉറക്കമിളച്ചു അധ്വാനിച്ചു, യഥേഷ്ടം വിയര്‍പ്പൊഴുക്കി ഉരുത്തിരിയിച്ചെടുത്ത ഞങ്ങളുടെ സ്വന്തം പ്രൊഡക്ഷന്‍. ഞങ്ങളുടെ മകള്‍. പേര് 'തന്‍മയ'(പേര് അടിച്ചു മാറ്റരുത്). വിളിപ്പേര് 'കിങ്ങിണി'(അതു വേണമെങ്കില്‍ അടിച്ചു മാറ്റം. എന്തെന്നാല്‍ ഞാനും അടിച്ചു മാറ്റിയതാണ്).അപ്പോഴേക്കും ഞാന്‍ സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ വന്നത് കൊണ്ട് 'പ്രോടക്ടിവിറ്റി'യില്‍ യാതൊരു കോംപ്രമയിസിനും തയ്യാറല്ലായിരുന്നു. കല്യാണം കഴിഞ്ഞതു 2003 ഇല്‍. കിങ്ങിണി ജനിച്ചതു 2004 ല്‍. കണക്കും, കണക്കു കൂട്ടലുകളും കിറുകൃത്യം.

ഭാര്യയും അവളുടെ വീട്ടുകാരും പൊതുവേ അടങ്ങി ഒതുങ്ങിയ സ്വഭാവം ആയതിനാല്‍ കിങ്ങിണി എന്നെയും വീട്ടുകാരെയും യഥേഷ്ടം പേരുദോഷം കേള്‍പ്പിച്ചു കൊണ്ടിരുന്നു. മുട്ടില്‍ ഇഴയാന്‍ മെനക്കെടാതെ കമിഴ്ന്നു വീണതിനു ശേഷം അവള്‍ ഡയറക്റ്റ്‌ കയ്യും, കാലും കുത്തി നടക്കുക ആയിരുന്നു. കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ ആയതു കൊണ്ടു സ്റ്റെപ്പ് കട്ട്‌ ചെയ്യല്‍ എന്‍റെ ശീലം ആയിരുന്നു. അപ്പോള്‍ അവള്‍ സ്റ്റെപ്പ് കട്ട്‌ ചെയ്തതിനും കുറ്റം എനിക്ക് തന്നെ. അങ്ങിനെ അവളു കാരണം സെന്‍സര്‍ ബോര്‍ഡ്‌ കത്തിവെച്ച ഷക്കീല പടം പോലെ എന്‍റെ റേറ്റിംഗ് കുറഞ്ഞു കൊണ്ടേയിരുന്നു. 'പാരമ്പര്യം ഇങ്ങനെയും കൈ മാറപ്പെടുമോ', 'ഇതു എങ്ങിനെ സാധിച്ചെടെ', 'മത്ത കുത്തിയാല്‍ കുമ്പളം മുളക്കുമോ' മുതലായവ കിങ്ങിണിയിലൂടെ എനിക്ക് കിട്ടിയ ചില അവാര്‍ഡുകള്‍ മാത്രം. 


എനിക്ക് പനിയുണ്ടോ അമ്മേ ? (കിങ്ങിണിക്ക്  പ്രായം - 3‍)

ഒരു സാധാരണ വീക്കെന്‍ഡ്. കിങ്ങിണിയെയും, അടുക്കളയേയും പാരല്ലെലി ഹാന്‍ടില്‍ ചെയ്തു കൊണ്ടു ഭാര്യയുടെ ദിവസം എന്നത്തേയും പോലെ ബിസി. കിങ്ങിണി അമ്മയോടു പെട്ടെന്നു അടുക്കളയിലേക്കു ഒരു കാര്യം പറയാന്‍ പോയി. ആ സംഭാഷണം ചുവടെ:

കിങ്ങിണി: "അമ്മേ.. എനിക്കു പനി ഉണ്ടോ? ഒന്നു തൊട്ടു നോക്കു"..

ഭാര്യ: (പൊതുവേ കിങ്ങിണിയുടെ ആരോഗ്യം അവളുടെ സ്ഥിരം ചിന്താവിഷയം ആണു. ആകേ പരിഭ്രാന്തയായി അവള്‍ കിങ്ങിണിയുടെ നെറ്റിയിലും കഴുത്തിലും ഒക്കെ കൈ വെച്ചു നോക്കി). "ഇല്ലല്ലോ മോളേ... മോള്‍ക്ക് പനി ഒന്നും ഇല്ല".

കിങ്ങിണി: "അമ്മ ശരിക്കും ഒന്നു നോക്കിയേ".

ഭാര്യ: (വീണ്ടും പരിഭ്രാന്തയായി തെര്‍മോമീറ്റര്‍ ഒക്കെ വെച്ചു നോക്കിയ ശേഷം).. "ഇല്ല മോളേ.. കുഴപ്പം ഒന്നും ഇല്ല"

കിങ്ങിണി: "ഇപ്പോള്‍ കഭം ഉണ്ടോ അമ്മെ എനിക്കു ?"

ഭാര്യ: "ഇല്ല മോളേ"

കിങ്ങിണി: "എനിക്കു വല്ല ക്ഷീണവും ഉണ്ടോ അമ്മേ ?"

ഭാര്യ: "ഇല്ലല്ലോ മോളേ.. ഒരു കുഴപ്പവും ഇല്ല. എന്തേയ്?"

കിങ്ങിണി: "അപ്പൊ എനിക്കു പനിയും ഇല്ല, ക്ഷീണവും ഇല്ല, കഭവും ഇല്ല" .ഹും.. എനിക്കു ഐസ്ക്രീം മേടിച്ചു താ"!!!!!

ടമാര്‍!!! പഠാര്‍!! ഠിം!! ഠിം!!

പൊതുവേ വെളുത്ത ഭാര്യയുടെ മുഖം രക്ത ഓട്ടം ഒക്കെ നിലച്ചു വീണ്ടും വിളറി. കിങ്ങിണിക്കു ഐസ്ക്രീം വിലക്കിയ അവള്‍ക്കു ഒന്നും പറയാന്‍ ഇല്ലായിരുന്നു. പറയാന്‍ ഒരു പഴുതും കിങ്ങിണി ബാക്കി വെച്ചിട്ടില്ലായിരുന്നു എന്നതാണു സത്യം. TOTALLY CLOSED ATTACK !!! സമരം ചെയ്തു ആനുകൂല്യം നേടിയെടുത്ത നേതാവിനെ പോലെ കിങ്ങിണി പോയിക്കഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് നെടുവീര്‍പ്പ് ഇട്ടു കൊണ്ട് ചോദിച്ചു. "ഇവള്‍ ഇപ്പോള്‍ ഇങ്ങനെ എങ്കില്‍ വലുതാകുമ്പോള്‍ എന്തായിരിക്കും. അതെങ്ങിനെ?.. അപ്പന്‍റെ അല്ലേ മോള്". എനിക്കു വീണ്ടും ഒരു പൊന്‍തൂവല്‍.

ലവ് എന്നു വെച്ചാ എന്താ കുട്ടിമാമാ? (കിങ്ങിണിക്ക്  പ്രായം - 4‍)

കിങ്ങിണി യു.കെ.ജി യില്‍ പഠിക്കുന്ന കാലം.കാക്കനാട്‌ ഭവന്‍സ്‌ വിദ്യാമന്ദിര്‍ന്‍റെ വിശേഷങ്ങള്‍ സ്ഥിരം വീട്ടില്‍ നിറഞ്ഞു. അതിനു തൊട്ടപ്പുറത്ത് ഇന്‍ഫോപാര്‍ക്കില്‍ ഉള്ള എനിക്ക് ഇത്രയും സംഭവങ്ങള്‍ പറയാന്‍ ഇല്ല.അങ്ങിനെയുള്ള ഒരു ദിവസത്തെ വിശേഷം ചുവടെ (കഥാപാത്രങ്ങളില്‍ മാറ്റം ഇല്ല):

കിങ്ങിണി: "അമ്മേ.. ഞാന്‍ ഇന്ന് കാര്‍ത്തികിനു ഒരു ലെറ്റര്‍ എഴുതി കൊടുത്തു. അവനു സ്വന്തമായി എഴുതാന്‍ അറിയില്ല പോലും"..

ഭാര്യ: "ആഹാ.. കൊള്ളാമല്ലോ..  എന്തു കത്താണ് മോള് എഴുതിയത്?".

കിങ്ങിണി: "ലവ് ലെറ്റര്‍... അവനു ദൃശ്യക്ക് കൊടുക്കാന്‍".

വീണ്ടും ടമാര്‍!!! പഠാര്‍!! ഠിം!! ഠിം!! .. 

ഭാര്യ എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടത്തിന്‍റെ അര്‍ഥം എനിക്ക് പിടികിട്ടി. "അപ്പന്‍റെ അല്ലേ മോള്"... വീണ്ടും ഒരു പൊന്‍തൂവല്‍!!!

ഭാര്യ: (അല്‍പം ശ്വാസം വീണ്ടെടുത്ത ശേഷം).. "ലവ്? അതെന്താ? നിനക്കെവിടെ നിന്നും അറിയാം അത് ?"

കിങ്ങിണി: "ഈ അമ്മക്ക് ഒരു കുന്തവും അറിയില്ല... ലവ് എന്നു പറഞ്ഞാല്‍ അറിയില്ലേ? ഈ strawberry പോലെ ഉള്ളത്"

ഭാര്യ: "strawberry പോലെയോ?"

കിങ്ങിണി: "ആ  അമ്മേ .. ടോം & ജെറി ഒന്നും കാണാറില്ലേ? അതില്‍ ടോം ആ പെണ്‍ പൂച്ചക്ക് കിസ്സ്‌ ആയിട്ട് ലവ് അയച്ചു കൊടുക്കൂലെ... അതന്നെ.."

ഭാര്യയുടെ മുഖം വീണ്ടും വിളറിക്കൊണ്ടേയിരുന്നു. എനിക്കു പൊന്‍തൂവലുകള്‍ കിട്ടിക്കോണ്ടേയിരുന്നു.

മണ്ണില്‍ കുഴച്ച ചോറ് (കിങ്ങിണിക്ക്  പ്രായം - 5)

ഫാമിലി എറണാകുളത്തു പാലാരിവട്ടത്ത്‌ ഒരു വാടക വീട്ടില്‍ താമസിക്കുന്നു. ഞാന്‍ onsite assigment നു വേണ്ടി അങ്ങു ദുഫായിലും. ഫാമിലി താമസിക്കുന്നതു ഒരു കോമ്പൌണ്ടില്‍ തന്നെ രണ്ടു വീട് ഉള്ള സ്ഥലത്ത് ആണ്. ഒന്നില്‍ ഹൌസ് ഓണര്‍ & വൈഫ്‌. രണ്ടാമത്തേതില്‍ എന്‍റെ ഫാമിലി. ഹൌസ് ഓണര്‍ പഴയ കോണ്‍ഗ്രസിന്‍റെ എന്തോ വല്യ കുണാണ്ട്രി  ആണ്. പട്ടാളക്കാരെ പോലെ സ്ഥിരം പഴയ കാല വെടികള്‍ തന്നെ. വൈഫ്‌ ഹൈ ഹൈക്കോര്‍ട്ടിലെ എന്തരോ കുണാന്ത്രച്ചി. രണ്ടും ജാഡ തെണ്ടികള്‍. മക്കള്‍ എല്ലാം പുറത്തായതിനാല്‍ കിങ്ങിണിയുമായി ഭയങ്കര കമ്പനി ആയിരുന്നു. എന്നാലും ഇടയ്ക്കിടയ്ക്ക് പറയും "ഇതിനു മുന്‍പ് ഇവിടെ ഉണ്ടായിരുന്ന കൊച്ചു കുട്ടി വളരെ അടക്കവും ഒതുക്കവും ഉള്ളതായിരുന്നു". ഉദ്ദേശിച്ചത് വ്യക്തം. എനിക്ക് ഫ്രീ ആയിട്ട് കുറച്ചു പൊന്‍തൂവലുകളും.

ഒരു ദിവസം ചാറ്റില്‍ വന്നപ്പോള്‍ ഭാര്യ ആകെപ്പാടെ മൂഡ്‌ ഓഫ്‌. കാര്യം തിരക്കിയപ്പോള്‍ സംഭവം ഇങ്ങനെ...

കിങ്ങിണി ഓണറുടെ വീട്ടില്‍ അടുക്കളയില്‍ ആയിരുന്നു. അവിടെ കുക്കിംഗ്‌ കഴിഞ്ഞു ആന്‍റി പുറത്തു വന്നപ്പോള്‍ അവള്‍ ചോറില്‍ മണ്ണ് വാരി ഇട്ടു. അവര് ആകെ 2 പേര്‍ക്ക് ഉള്ള ചോറും കറിയും മാത്രം ആയിരുന്നു വെച്ചത്. അവരു വീണ്ടും ചോറ് വെക്കേണ്ടി വന്നു. 'രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്‍പിച്ചതും ചില്ലി ചിക്കെന്‍' എന്ന രീതിയില്‍ അവരു വന്നു ഭാര്യയോടു കംപ്ലൈന്റ്റ്‌ പറഞ്ഞു. ഭാര്യ ആകെ ഡൌണ്‍ ആയി. എന്തുക ചെയ്യണം എന്നു അറിയാത്ത അവള്‍ കിങ്ങിണിയെ വിളിച്ചു കാര്യം തിരക്കി. അപ്പോഴേക്കും സംഭവത്തില്‍ എന്തോ പന്തികേട് മണത്ത കിങ്ങിണി ഒന്നും മിണ്ടിയില്ല (അവള്‍ പൊതുവേ അങ്ങിനെ ആണ്. എന്തോ തെറ്റ് പറ്റി എന്നു തോന്നിയാല്‍ പിന്നെ ചോദിച്ചാല്‍ മിണ്ടൂല). അങ്ങിനെ ഭാര്യ ഇത് എന്റെ അടുത്തു അവതരിപ്പിച്ചു. അവളോടു ചോദിയ്ക്കാന്‍ ഉള്ള ഡ്യൂട്ടി എനിക്ക് തന്നു.

ഞാന്‍ കിങ്ങിണിയെ ചാറ്റില്‍ വിളിച്ചു. സാധാരണ ഇത്തരം സമയത്ത് അവള്‍ ചാറ്റില്‍ വരില്ല. അല്ലെങ്കില്‍ വന്നിട്ട് വേഗം പോയിക്കളയും. പക്ഷെ അന്നു അവള്‍ കുറെ സമയം നിന്നു. അവള്‍ക്കു ആരോടെങ്കിലും പറയണം എന്നു തോന്നിക്കാനും. ചോദിച്ചപ്പോള്‍ അവള് നിഷ്കളങ്കമായി എന്നോട് ചോദിച്ചു. "പപ്പാ.. അത് പിന്നെ T.V ലെ സീരിയലില്‍ ശ്രീകൃഷ്ണന്‍ ചോറില്‍ മണ്ണു വാരി ഇട്ടപ്പോള്‍ ആരും ഒന്നും പറഞ്ഞില്ലലോ.. പിന്നെ എന്തിനാ എന്നെ പറയുന്നത്?"

ഞാന്‍ ഞെട്ടി. ഭാര്യയോടു കാര്യം പറഞ്ഞു. അവളെ ഇതിന്‍റെ പേരില്‍ ചീത്ത പറയരുത് എന്നും പറഞ്ഞു. ഞാന്‍ ചിന്തിച്ചു നോക്കി. ആരെ കുറ്റം പറയണം!!! കിങ്ങിണിയെയോ? അതോ ഭാര്യയെയോ? അതോ എന്നെത്തന്നെയോ? അതോ T.V എന്ന വിഡ്ഢിപ്പെട്ടിയെയോ? അതോ അടുക്കളയില്‍ വാ പൊളിച്ചു നിന്ന ആ തള്ളയെയോ? അതിനു പകരം ഞാന്‍ എന്റെ മകളുടെ creativity യില്‍ ഊറ്റം കൊണ്ടു.


ക്ലാസ്സില്‍ നിന്നും പുറത്താക്കും (കിങ്ങിണിക്ക്  പ്രായം - 7).

കിങ്ങിണി സെകന്‍ട് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു. ഒരു ദിവസം സ്കൂള്‍ വിട്ടു വന്നവള്‍ ഭയങ്കര മൂഡ്‌ ഓഫ്‌.. കൂടാതെ അമ്മയെ കാണുമ്പോഴൊക്കെ ഒരു പേടി കൂടിയ പരുങ്ങല്‍. ഇതു കണ്ടു ഭാര്യ കിങ്ങിണിയെ വിളിച്ചു കാര്യം തിരക്കി. ആ സംഭാഷണം ചുവടെ,

ഭാര്യ: "എന്താ മോളേ നീ വല്ലാതെ ഇരിക്കുന്നത്? സ്കൂളില്‍ ആരെങ്കിലും വഴക്കു പറഞ്ഞോ?"

കിങ്ങിണി അപ്പോഴേക്കും കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു... അവള്‍ തിരിച്ച് ഭാര്യയോട്‌...

കിങ്ങിണി: "അമ്മ എന്നെ വഴക്കു പറയരുത്? നാളെ എന്നെ ചിലപ്പോള്‍ ടീച്ചര്‍ ക്ലാസിനു പുറത്താക്കും"

ഭാര്യ: "അതെന്തിനാ???"

കിങ്ങിണി: "എനിക്കറിയില്ലമ്മേ? ഞാനൊന്നും ചെയ്തില്ല... പക്ഷെ ഡയറിയില്‍ അങ്ങിനെ എഴുതിയിട്ടുണ്ട്"

ഭാര്യ: "ടീച്ചര്‍ ക്ലാസിനു പുറത്താക്കുമെന്നു ഡയറിയില്‍ എഴുതുകയോ??? എവിടെ നിന്‍റെ ഡയറി??? "

പേടിച്ചുകൊണ്ടു കിങ്ങിണി ഡയറി കൊണ്ടു വന്നു...

ഭാര്യ ആ പേജ് എടുത്തു വായിച്ചു ചിരിയോചിരി... അതില്‍ ഇങ്ങനെ എഴുതിയിരുന്നു...

"OUTSTANDING" :)


സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറി  (കിങ്ങിണിക്ക്  പ്രായം - 7).

എന്നത്തേയും പോലെ ഒരു സംഭാഷണം. കഥാപാത്രങ്ങള്‍ ഭാര്യയും, കിങ്ങിണിയും.

കിങ്ങിണി: "അമ്മേ... നാളെ എനിക്കു സ്കൂളില്‍ പോകേണ്ട. ലീവ് ആണ്"

ഭാര്യ: "അതെന്താ മോളേ പ്രത്യേകത???"

കിങ്ങിണി: "നാളെ സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറിയാണമ്മേ"

ഭാര്യ: "സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറിയൊ? അതെങ്ങിനെ?"

കിങ്ങിണി: "ഈ അമ്മക്കു ഒന്നുമറിയില്ലേ? നാളെയല്ലെ ഓഗസ്റ്റ്‌ 15?? എല്ലാ കൊല്ലവും ഉള്ളതല്ലേ? അമ്മ പഠിച്ചപ്പോള്‍ സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറിയില്ലായിരുന്നോ?"

എല്ലാം മനസിലായ ഭാര്യ മിണ്ടാതെ ഇരുന്നു. അന്തരീക്ഷതിലെവിടെയോ ടമാര്‍!!! പടാര്‍!!! ശബ്ദങ്ങള്‍ മുഴങ്ങി. പഠിക്കുന്ന കാലത്ത് ഒരു സ്കൂള്‍ വെഡിങ്ങ് ആനിവേര്‍സറി പോലും കിട്ടാഞ്ഞ അമ്മയേ നോക്കി കിങ്ങിണിയും മിണ്ടാതെ ഇരുന്നു.



ഇങ്ങനെയൊക്കെ ആണെങ്കിലും അവളുടെ ഓരോ വിക്രിയകളും ഞങ്ങള്‍ ആസ്വദിക്കുന്നു. അതിലേറെ അവളുടെ analysis power and creativity ല്‍ അഭിമാനം കൊള്ളുന്നു :) .
ഒരു സിനിമ ഹിറ്റ്‌ ആകുമ്പോള്‍ ഉള്ള സംവിധായകന്‍റെ സംതൃപ്തിയോടെ ഞാന്‍ സമാശ്വസിക്കുന്നു "എന്‍റെ ഏറ്റവും വല്യ വിക്രിയ ഇപ്പോഴും കിങ്ങിണി തന്നെ".



3 comments:

  1. കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ

    ഈ പോസ്റ്റിന്റെ ആദ്യ തേങ്ങ എന്റെ വക

    ReplyDelete
  2. ദാസാ.. ഇപ്പോളാണ് വായിക്കാന്‍ സമയം കിട്ടിയത്. കിങ്ങിണ്ണിയുടെ ഫോട്ടോ ആദ്യം കണ്ടപ്പോളേ അച്ഛന്റെ എല്ലാ ഗുണവുമുള്ള മകളാണെന്ന് തോന്നിയിരുന്നു .. ഇപ്പോള്‍ ഉറപ്പാക്കി..

    ReplyDelete
  3. വിത്ത് ഗുണം പത്തു ഗുണം

    ReplyDelete